05 June Monday

ആരാധനാലയനിയമം പുനഃപരിശോധിക്കുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Monday Mar 15, 2021എല്ലാ ആരാധനാലയത്തിന്റെയും സ്വഭാവം സ്വാതന്ത്ര്യം ലഭിച്ച സമയത്തുള്ളതുപോലെ നിലനിർത്തണമെന്ന്‌ നിഷ്‌കർഷിക്കുന്ന 1991 ലെ നിയമം പുനഃപരിശോധിക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം ആശങ്ക ഉളവാക്കുന്നതാണ്‌. 1947 ആഗസ്‌ത്‌ 15ന്‌ ഉണ്ടായിരുന്നതുപോലെതന്നെ ആരാധനാലയങ്ങളുടെ സ്വഭാവം നിലനിർത്തണമെന്നും ഇതുസംബന്ധിച്ച്‌ കോടതികളിൽ കേസുകളോ നിയമ നടപടികളോ ഉണ്ടാകാൻ പാടില്ലെന്നുമായിരുന്നു 1991ലെ നിയമം അനുശാസിക്കുന്നത്‌. അയോധ്യ മാത്രമായിരുന്നു ഈ നിയമത്തിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കപ്പെട്ടിരുന്നത്‌. തർക്കം കോടതിയിലായതിനാലായിരുന്നു ഇത്‌.

രാജ്യത്തിന്റെ മതനിരപേക്ഷ ചട്ടക്കൂട്‌ നിലനിർത്തുന്നതും ന്യൂനപക്ഷങ്ങൾക്ക്‌ ആത്മവിശ്വാസം പകരുന്നതുമായിരുന്നു 1991ലെ നിയമം. എന്നാലിപ്പോൾ ആരാധനാലയങ്ങൾക്ക്‌ ലഭിച്ചിരുന്ന സുരക്ഷിതത്വമാണ്‌ സുപ്രീംകോടതിയുടെ തീരുമാനത്തിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്‌. വാരാണസിയിലെ ഗ്യാൻവ്യാപി പള്ളിയും മഥുരയിലെ ഷാഹി ഈദ്‌ഗാഹും ഹിന്ദുക്കൾക്ക്‌ വിട്ടുനൽകണമെന്ന സംഘപരിവാർ സംഘടനകളുടെ ആവശ്യങ്ങൾക്ക്‌ ശക്തിപകരുന്നതാണ്‌ സുപ്രീംകോടതിയുടെ തീരുമാനം. ബിജെപിയുമായി അടുത്ത്‌ ബന്ധമുള്ള അശ്വിനി ഉപാധ്യായ നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ്‌1991ലെ നിയമം പുനഃപരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്‌. മധ്യകാലഘട്ടത്തിൽ മുസ്ലിം ഭരണാധികാരികൾ ഹിന്ദു ആരാധനാലയങ്ങൾ കൈവശപ്പെടുത്തിയെന്നും അത്‌ തിരിച്ചുപിടിക്കാൻ 1991ലെ നിയമം തടസ്സമാകുന്നുവെന്നുമാണ്‌ ഹിന്ദുത്വശക്തികളുടെ വാദം. നരേന്ദ്ര മോഡി ഇന്ന്‌ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്നത്‌ ബാബ്‌റിമസ്‌ജിദ്‌ തകർത്തിടത്ത്‌ രാമക്ഷേത്രം പണിയണമെന്ന ആവശ്യം ഉയർത്തി രാജ്യമെമ്പാടും വർഗീയകലാപം അഴിച്ചുവിട്ടുണ്ടാക്കിയ വർഗീയധ്രുവീകരണത്തിലൂടെയാണ്‌ എന്ന കാര്യം പകൽപോലെ വ്യക്തമാണ്‌. ഈ അജൻഡ അനസ്യൂതം മുന്നോട്ടുകൊണ്ടുപോകാൻ സംഘപരിവാർ ശക്തികൾക്ക്‌ ഊർജം പകരാനേ സുപ്രീംകോടതിയുടെ തീരുമാനം ഉപകരിക്കൂ.

അയോധ്യയിൽ ബാബ്‌‌റി മസ്‌ജിദ്‌ തകർക്കുന്നതിനുള്ള കർസേവ നടക്കവേതന്നെ ഉയർന്ന മുദ്രാവാക്യമായിരുന്നു ‘അടുത്തത്‌ കാശിയും മഥുരയും’എന്നത്‌. മഥുരയിലെ ശ്രീകൃഷ്‌ണ ക്ഷേത്രവളപ്പിലെ ഷാഹി ഈദ്‌ഗാഹും കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിനടുത്തെ ഗ്യാൻവ്യാപി പള്ളിയും തകർത്ത്‌ ആ പ്രദേശം ക്ഷേത്രങ്ങൾക്ക്‌ വിട്ടുനൽകണമെന്ന വാദമാണ്‌ സംഘപരിവാർ ഉയർത്തുന്നത്‌. യഥാർഥത്തിൽ അയോധ്യ, കാശി, മഥുര എന്ന മുദ്രാവാക്യം ആദ്യം ഉയരുന്നത്‌ 1949ലാണ്‌. ഹിന്ദു മഹാസഭയാണ്‌ ഈ മുദ്രാവാക്യം ഉയർത്തിയത്‌. 1989ൽ അത്‌ ബിജെപി ഏറ്റെടുത്തു. ബാബ്‌റി മസ്‌ജിദ്‌ തകർക്കപ്പെട്ടതോടെതന്നെ കാശി, മഥുര അജൻഡ സംഘപരിവാർ മുന്നോട്ടുവച്ചിരുന്നു.


 

അയോധ്യയിൽ കഴിഞ്ഞ വർഷം ആഗസ്‌ത്‌ അഞ്ചിന്‌ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽത്തന്നെ ക്ഷേത്രനിർമാണത്തിനുള്ള ഭൂമി പൂജൻ നടന്നതോടെ അടുത്ത ലക്ഷ്യം മഥുരയാണെന്ന്‌ സംഘപരിവാർ പ്രഖ്യാപിച്ചു. ബിജെപി നേതാവായ വിനയ്‌ കത്യാർ അന്ന്‌ പറഞ്ഞത്‌ കാശി, മഥുര വിഷയം ഉയർത്താൻ ഇനിയും അമാന്തിക്കരുതെന്നായിരുന്നു. കഴിഞ്ഞ വർഷം മാർച്ച്‌ ആദ്യം ഹിന്ദുസന്യാസിമാരുടെ വിശാലകൂട്ടുകെട്ടായ അഖിൽ ഭാരതീയ സന്ത്‌ സമിതി വാരാണസിയിൽ യോഗം ചേർന്ന്‌ ശ്രീ കാശി ഗ്യാൻവ്യാപി മുക്ത്‌ യജ്ഞസമിതിക്ക്‌ രൂപം നൽകുകയുണ്ടായി. കാശി വിശ്വനാഥ ക്ഷേത്രത്തിന്‌ അടുത്തുള്ള പള്ളി പൊളിച്ചുനീക്കുകയാണ്‌ ലക്ഷ്യം. സുബ്രഹ്മണ്യ സ്വാമിയായിരുന്നു ഈ സമിതിയുടെ അധ്യക്ഷൻ.

എന്നാൽ, മഹാമാരിക്കാലത്തും കഴിഞ്ഞ ജൂലൈ 23ന്‌ ശ്രീകൃഷ്‌ണ ജന്മഭൂമി മുക്തി ആന്ദോളൻ ട്രസ്റ്റിന്‌‌ രൂപം നൽകുകയുണ്ടായി. തുടർന്ന്‌, അലഹബാദിൽ ചേർന്ന അഖിൽ ഭാരതീയ അഖാഡ പരിഷത്തും ഇതേ ലക്ഷ്യംവച്ചുള്ളതായിരുന്നു. ആർഎസ്‌എസ്‌ മേധാവി മോഹൻ ഭാഗവതിന്റെ അടുത്ത അനുയായികൂടിയായ നരേന്ദ്ര ഗിരിയാണ്‌ പരിഷത്തിന്റെ അധ്യക്ഷൻ. ആർഎസ്‌എസിന്റെ പിന്തുണയോടെയാണ്‌ കാശി, മഥുര മുദ്രാവാക്യം സജീവമാകുന്നത്‌. മഥുരയിലും കാശിയിലും ക്ഷേത്രങ്ങൾ മുസ്ലിങ്ങൾ തകർത്തെന്നു പറഞ്ഞ്‌ എഫ്‌ഐആർ ഫയൽ ചെയ്യാനും പരിഷത്ത്‌ തീരുമാനിക്കുകയുണ്ടായി. മഥുര, വാരാണസി കോടതികളിൽ മുസ്ലിം ആരാധനാകേന്ദ്രങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട്‌ ഹർജി ഫയൽ ചെയ്‌തിട്ടുമുണ്ട്‌.

ഇതെല്ലാം സൂചിപ്പിക്കുന്നത്‌ മുസ്ലിങ്ങളുടെയും ക്രിസ്‌ത്യാനികളുടെയും മറ്റും ആരാധനാലയങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള വലിയ ഗൂഢാലോചന അരങ്ങേറുന്നുവെന്നാണ്‌. ഇതുവഴി കുഗ്രാമങ്ങളിൽപ്പോലും വർഗീയധ്രുവീകരണം ശക്തമാക്കി സ്വാധീനം ഉറപ്പിക്കാൻ കഴിയുമെന്നാണ്‌ സംഘപരിവാർ കരുതുന്നത്‌. 1993 ജനുവരിയിൽ ‘കമ്യൂണലിസം കോമ്പാറ്റ്’ ‌എന്ന മാസിക ഹിന്ദുത്വവാദികൾ ലക്ഷ്യംവയ്‌ക്കുന്ന ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. 30,000 ആരാധനാലയമാണ്‌ ഇങ്ങനെ സംഘപരിവാർ ലക്ഷ്യമിട്ടിട്ടുള്ളത്‌. രാജ്യത്തെ വർഗീയതയാകുന്ന മഹാമാരിയിലേക്ക്‌ വീഴ്‌ത്തി പ്രധാന വിഷയങ്ങളിൽനിന്ന്‌ ജനശ്രദ്ധ തിരിച്ചുവിട്ട്‌ അധികാരം ഉറപ്പിക്കാനുള്ള സംഘപരിവാർപദ്ധതിക്ക്‌ ഊർജം പകരുന്നതിന്‌ മാത്രമേ 1991ലെ നിയമം പുനഃപരിശോധിക്കുന്നത്‌ സഹായമാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top