30 September Saturday

വാളയാര്‍: നീതിയിലേക്ക് ഒരു ചുവടുകൂടി

വെബ് ഡെസ്‌ക്‌Updated: Thursday Jan 7, 2021


കേരളത്തിന്റെ മനസ്സാക്ഷിയെ നടുക്കുന്നതായിരുന്നു വാളയാറിൽ അട്ടപ്പള്ളത്ത് പ്രായപൂർത്തിയാകാത്ത രണ്ടു സഹോദരിമാരുടെ മരണം. കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കി മരണത്തിലേക്ക്‌ തള്ളിവിട്ടതാണെന്ന് പരാതി ഉയർന്നു. എന്നാൽ, ഇത്രയും ദാരുണമായ സംഭവത്തിൽ നിയമനടപടികളിൽ ഗുരുതരമായ വീഴ്ചയാണുണ്ടായത്. ആ വീഴ്ചകൾ തിരുത്തി കേസിൽ നീതി നടപ്പാകണം എന്ന സംസ്ഥാന സർക്കാരിന്റെ നിശ്ചയദാർഢ്യം ഒടുവിൽ വിജയം കണ്ടിരിക്കുന്നു. കേസിൽ പ്രതികളെ വെറുതെവിട്ട പോക്സോ കോടതി ഉത്തരവ് ഹൈക്കോടതി ബുധനാഴ്ച റദ്ദാക്കി. കേസില്‍ പുനര്‍ വിചാരണ നടത്തണമെന്ന അസാധാരണ ഉത്തരവും ഹൈക്കോടതിയില്‍ നിന്നുണ്ടായി. പുനരന്വേഷണം വേണം എന്ന ആവശ്യവും സംസ്ഥാന സർക്കാർ കോടതിയിൽ ഉന്നയിച്ചിരുന്നു. എന്നും  ഹൈക്കോടതി വ്യക്തമാക്കി. പെൺകുട്ടികളുടെ അമ്മ നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിൽ ഉണ്ടായിരുന്നു.

അതീവകരുതലോടെ സർക്കാർ നീക്കിയ നിയമ- ഭരണ നടപടികളാണ് കേസിൽ ഇപ്പോൾ ഇത്തരമൊരു വിധി സാധ്യമാക്കിയത്. പതിമൂന്നുവയസ്സ്‌ മാത്രമുള്ള മൂത്ത പെൺകുട്ടിയെ വീട്ടിനുള്ളിൽ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്‌ 2017 ജനുവരി പതിമൂന്നിനായിരുന്നു. അന്വേഷണത്തിൽ പൊലീസ് ജാഗ്രത കാട്ടിയില്ല. ആത്മഹത്യയായി കേസ് ലഘൂകരിച്ചു. രണ്ടുമാസത്തിനുള്ളിൽ മാർച്ച്‌ നാലിന്‌ ഒമ്പതുകാരിയായ ഇളയകുട്ടികൂടി ദുരൂഹസാഹചര്യത്തിൽ  മരിച്ചതോടെ പൊതുശ്രദ്ധയിലേക്ക് വിഷയമെത്തി. രണ്ട്‌ കുട്ടികളും മരിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ ലൈംഗികപീഡനത്തിന്‌ ഇരയായതായി പോസ്‌റ്റ്‌മോർട്ടത്തിൽ വ്യക്തമായി.

സർക്കാർ അടിയന്തരമായി ഇടപെട്ടു. ഐപിഎസ്‌ ഉദ്യോഗസ്ഥയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി  കുറ്റപത്രം സമർപ്പിച്ചു. പക്ഷേ, പോക്സോ കോടതി പ്രതികളെയെല്ലാം വെറുതെവിട്ടു. 2019 ഒക്ടോബറോടെ എല്ലാപ്രതികളും കുറ്റവിമുക്തരായി. അന്വേഷണത്തിലും പ്രോസിക്യൂഷൻ നടപടികളിലും ഗുരുതരമായ വീഴ്‌ച സംഭവിച്ചെന്ന പരാതി ഉയർന്നു. കോടതിയുടെ സമീപനത്തിനെതിരെയും വിമർശം ഉയർന്നു.


 

കേസിന്റെ എല്ലാ ഘട്ടത്തിലും സർക്കാർ കുടുംബത്തിനൊപ്പമായിരുന്നു. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര അനാസ്ഥയാണ്‌ പ്രതിചേർക്കപ്പെട്ടവർ രക്ഷപ്പെടാൻ വഴിയൊരുക്കിയത്‌. സംഭവസ്ഥലം സന്ദശിക്കുകയോ സാക്ഷികളെ നേരിൽക്കാണുകയോ കേസ്‌ പഠിക്കുകയോ ഉണ്ടായില്ല. കുട്ടികളുടെ മാതാപിതാക്കളെപ്പോലും നേരിൽക്കണ്ടില്ല. പോക്‌സോ കേസായിട്ടും പ്രോസിക്യൂട്ടർ നടത്തിയത്‌ ഗുരുതര വീഴ്‌ചയാണെന്ന്‌ കോടതിയും നിരീക്ഷിച്ചിരുന്നു.

സർക്കാർ ഉടൻതന്നെ പരിഹാര നടപടികളിലേക്ക് തിരിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടു. കുട്ടികളുടെ അമ്മ ഉന്നയിച്ച പരാതിയിൽ കഴമ്പുണ്ടെന്നും നീതിക്കായി സർക്കാർ അവർക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തിൽ വീഴ്ച വരുത്തിയ, കേസ്‌ ആദ്യം  അന്വേഷിച്ച എസ്‌ഐക്കെതിരെ നടപടിയെടുത്തു. പൊലീസിന്റെ വീഴ്‌ച കണ്ടെത്താൻ അന്വേഷണത്തിന്‌  ഉത്തരവിട്ടു. കൂടാതെ, ശിശുക്ഷേമസമിതി (സിഡബ്ല്യുസി) ജില്ലാ  ചെയർമാനെതിരെ നടപടിയെടുത്തു. കേസ്‌ അന്വേഷണത്തിലെ വീഴ്ച കണ്ടെത്താൻ ജുഡീഷ്യൽ കമീഷനെയും നിയമിച്ചു.

ഇതിനൊപ്പം പ്രതികളെ വിട്ടയച്ചതിനെതിരെ 2019ൽത്തന്നെ സർക്കാർ  അപ്പീൽ നൽകി. കുട്ടികളുടെ അമ്മയുടെ ഹർജികളും കോടതിയിലെത്തി. ഒരു അപ്പീൽ നൽകി കാത്തിരിക്കുക എന്ന സാധാരണ രീതിയല്ല സർക്കാർ സ്വീകരിച്ചത്. വിട്ടയക്കപ്പെട്ട പ്രതികളെ അറസ്റ്റ്ചെയ്യാൻ ഉത്തരവുണ്ടാകണമെന്ന് ഹൈക്കോടതിയിൽ ആവശ്യമുന്നയിച്ചു. അത്യപൂർവമായ ഉത്തരവിലൂടെ ഈ ആവശ്യം കോടതി അംഗീകരിച്ചു. പ്രതികൾ അറസ്റ്റിലായി. അടുത്തഘട്ടമായി കേസ് വിചാരണ നേരത്തെയാക്കാനുള്ള ശ്രമം തുടങ്ങി. പ്രോസിക്യൂട്ടർ ഇതിനായി പ്രത്യേക അപേക്ഷ നൽകി.

ഹൈക്കോടതിയിൽ 2014ലെ ക്രിമിനൽ കേസുകളിലാണ് 2020ൽ അന്തിമവാദം നടന്നിരുന്നത്. ആ നിലയ്ക്ക് വാളയാർ കേസ് പരിഗണിക്കാൻ വർഷങ്ങൾ എടുക്കും എന്നതായിരുന്നു സ്ഥിതി. ഇത് കണക്കിലെടുത്താണ് കേസിൽ അടിയന്തര പരിഗണന വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. സർക്കാരിന്റെ ഈ  പ്രത്യേക അപേക്ഷ പരിഗണിച്ചാണ് നവംബർ ഒമ്പതിന് കേസിൽ അന്തിമവാദം കേൾക്കാൻ ഡിവിഷൻ ബെഞ്ച് തീരുമാനിച്ചത്. തുടർന്ന്, രണ്ടുമാസം തികയുംമുമ്പ് കേസിൽ വിധിയും വന്നു. നിയമനടപടികൾക്കൊപ്പം കുടുംബത്തിന്‌ സഹായമെത്തിക്കാനും സർക്കാർ ശ്രദ്ധിച്ചു. കുടുംബത്തിന്‌ നഷ്ടപരിഹാരം നൽകി. വീട്‌ നിർമാണം പൂർത്തിയാക്കി.

ഈ കേസിൽ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചപോലെതന്നെ കോടതിയുടെ ഉദാസീനതയും വിമർശിക്കപ്പെടേണ്ടതാണ്‌. ഇത്തരം കേസുകളിൽ സാക്ഷികൾ പതറിപ്പോകുക സാധാരണമാണ്. മൊഴികളിൽ പൊരുത്തക്കേടുകൾ വരാം. അത്തരം ഘട്ടങ്ങളിൽ സാക്ഷികൾക്കൊപ്പംനിന്ന് അവരെ സഹായിക്കേണ്ട ഉത്തരവാദിത്തം പോക്സോ കോടതികൾക്ക് ഉണ്ടെന്ന്‌ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, അത്തരമൊരു സമീപനം പാലക്കാട് കോടതിയിൽ നിന്നുണ്ടായില്ല. ഇക്കാര്യം സർക്കാർ ഹൈക്കോടതിയിൽ ഉന്നയിച്ചിരുന്നു. അതുകൂടി പരിഗണിച്ചാണ് പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന ജഡ്ജിമാർക്ക് കൂടുതൽ പരിശീലനം വേണമെന്ന നിർദേശം  ഹൈക്കോടതിയിൽ നിന്നുണ്ടായത്.

സർക്കാർ കൈക്കൊണ്ട സമീപനം വാളയാറിലെ കുട്ടികളുടെ കുടുംബത്തിനൊപ്പം എന്ന ഏക അജൻഡയിൽ ആയിരുന്നെങ്കിലും ഈ കേസിലും രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങൾ ഏറെയുണ്ടായി. സർക്കാർ ചെയ്തതെല്ലാം ഇരുട്ടിലാക്കി വ്യാജ പ്രചാരണങ്ങൾ നടന്നു. ബിജെപിയും കോൺഗ്രസും ഈ തദ്ദേശഭരണ തെരഞ്ഞെടുപ്പിലും ഇത് രാഷ്ട്രീയ ആയുധമാക്കി. എന്നാൽ, നീതി നടപ്പാകണം എന്ന ഒറ്റ നിശ്ചയത്തിൽ  സർക്കാർ നീങ്ങി. അതിന് ഇപ്പോൾ ഫലമുണ്ടായി. ഹൈക്കോടതി വിധി അനുസരിച്ചുള്ള തുടർനടപടികളും സർക്കാരിൽനിന്ന് വൈകാതെ ഉണ്ടാകുമെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നും പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top