04 June Sunday

വൈക്കം സത്യഗ്രഹസ്മരണ പുതുക്കുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023


ഇന്ത്യയിലെ നവോത്ഥാന മുന്നേറ്റത്തിന്റെ ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനമാണ് വൈക്കം സത്യഗ്രഹത്തിനുള്ളത്‌. രാജ്യത്തെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ നവോത്ഥാന ചലനങ്ങളുമായി ബന്ധിപ്പിക്കുന്ന സുപ്രധാനമായ കാൽവയ്‌പായിരുന്നു അത്. പിന്നീട് അയിത്തോച്ചാടനവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന സമരങ്ങൾക്കും രാഷ്ട്രീയ മുന്നേറ്റങ്ങൾക്കും പ്രചോദനമായി മാറിയതും ഈ സമരമായിരുന്നു.

നവോത്ഥാന ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള സമരങ്ങൾ ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കുമെന്നും അതുവഴി സാമ്രാജ്യത്വവിരുദ്ധ സമരങ്ങളെ ദുർബലപ്പെടുത്തുമെന്നുമായിരുന്നു കോൺഗ്രസിന്റെ ആദ്യഘട്ടത്തിലെ കാഴ്ചപ്പാട്. ഇതിന് മാറ്റംവരുന്നത് 1924-ലെ കാക്കിനാഡ എഐസിസി സമ്മേളനത്തിലാണ്. ഈ സമ്മേളനത്തിൽ എസ്എൻഡിപി നേതാവുകൂടിയായിരുന്ന ടി കെ മാധവൻ അയിത്തവിരുദ്ധ പ്രമേയം അവതരിപ്പിച്ചു.
1924 മാർച്ച് 30ന്‌ വൈക്കം സത്യഗ്രഹം ആരംഭിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. വൈക്കം ക്ഷേത്ര നിരത്തിനടുത്തുകൂടി അവർണർക്ക് സഞ്ചരിക്കാനുള്ള അവകാശത്തിനുവേണ്ടിയായിരുന്നു സമരം. പഞ്ചാബിലെ അകാലികളും തമിഴ്നാട്ടിലെ ഇ വി രാമസ്വാമി നായ്‌ക്കരെപ്പോലുള്ളവരും ഇതിന് പിന്തുണയുമായി എത്തി. ഗാന്ധിജി വൈക്കത്ത് വന്നതോടെ ഈ സംഭവം രാജ്യത്താകമാനം ചർച്ചയായി.

വൈക്കം സത്യഗ്രഹം കൊളുത്തിയ നവോത്ഥാന സമരധാര പുതിയ പന്ഥാവുകൾ ഈ രംഗത്ത് രൂപപ്പെടുത്തി. പിന്നീട് സോവിയറ്റ് വിപ്ലവത്തെത്തുടർന്ന് സോഷ്യലിസ്റ്റ് ആശയങ്ങൾ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെയും ഈ ഘട്ടത്തിൽ  സ്വാധീനിക്കാൻ തുടങ്ങിയിരുന്നു. അതിന്റെ ഫലമായി കോൺഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനംപോലുള്ള ഇടതുപക്ഷ ധാരകൾ ദേശീയ പ്രസ്ഥാനത്തിൽ  സജീവമായി. സഞ്ചാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണ് വൈക്കം സത്യഗ്രഹം മുന്നോട്ടുവച്ചതെങ്കിൽ ക്ഷേത്രപ്രവേശനത്തിന്റെ ആവശ്യവുമായി ഗുരുവായൂർ സത്യഗ്രഹവും തുടർന്ന് നടന്നു. കെ കേളപ്പനും പി കൃഷ്ണപിള്ളയും എ കെ ജിയും പോലുള്ളവർ ആ സമരത്തിന്റെ സജീവ നേതൃത്വമായി മാറി. ഗുരുവായൂരിന്റെ ക്ഷേത്രനടകൾ തുറക്കപ്പെട്ടില്ലെങ്കിലും ക്ഷേത്രപ്രവേശന വിളംബരത്തിലേക്കുള്ള വഴിതുറക്കൽ  കൂടിയായി ആ പ്രക്ഷോഭം.
നവോത്ഥാന ആശയങ്ങൾ എല്ലാ വിഭാഗത്തിലും സ്വാധീനം ചെലുത്തുന്ന മഹാപ്രവാഹമായി വളർന്നുവന്നു. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന് ഉദ്ഘോഷിച്ച ശ്രീനാരായണ ഗുരു കേരളീയ നവോത്ഥാനത്തിന്റെ പതാകവാഹകനായി. ചട്ടമ്പിസ്വാമികളെയും അയ്യൻകാളിയെയും പോലുള്ളവരും ഈ മുന്നേറ്റത്തിന്റെ കരുത്തായിരുന്നു.


 

എല്ലാ അതിർവരമ്പുകളെയും ഇല്ലാതാക്കി സ്നേഹധാരയെ മുന്നോട്ടുവച്ച സൂഫിസത്തിന്റെയും മിഷണറി പാരമ്പര്യത്തിന്റെയും ആശയങ്ങൾ നവോത്ഥാന മുന്നേറ്റത്തിന് കരുത്തുപകർന്നു. ന്യൂനപക്ഷ മതവിഭാഗങ്ങളിൽ രൂപപ്പെട്ട നവോത്ഥാന മുന്നേറ്റങ്ങൾ യാഥാസ്ഥിതികത്വത്തിനും ആധുനിക വിദ്യാഭ്യാസത്തിനുംവേണ്ടി ഉള്ളതായിരുന്നു. പ്രാദേശിക സംസ്കൃതികളുമായി ചേർന്നുനിന്നുകൊണ്ട് മതങ്ങളെ കണ്ണിചേർക്കാനുള്ള ശ്രമങ്ങളും ഇതിന്റെ തുടർച്ചയായി  നടന്നു.

പ്രകൃതിയുടെ വൈരുധ്യാത്മകത എന്ന പുസ്തകത്തിൽ  എംഗൽസ് നവോത്ഥാനത്തെ സംബന്ധിച്ച് ഇങ്ങനെ പറയുന്നുണ്ട്– ‘നവോത്ഥാനത്തിന് തുടർച്ചയായി അത് കലാപകാരികളായ കർഷകരെ അരങ്ങത്ത് കൊണ്ടുവരിക മാത്രമല്ല ചെയ്‌തത്‌. കൈയിൽ ചെങ്കൊടിയും ചുണ്ടിൽ ഉൽപ്പാദനം പൊതു ഉടമയിലാക്കണമെന്ന ആവശ്യവും ഉയർത്തുന്ന ആധുനിക തൊഴിലാളി വർഗത്തിന്റെ തുടക്കക്കാർകൂടി പിന്നാലെ രംഗത്തുവരുന്ന സമീപനവുമുണ്ടാക്കി.’ കേരളത്തിന്റെ നവോത്ഥാനധാര മുന്നേറിയതും എംഗൽസ് നിരീക്ഷിച്ച ഈ പാതയിലൂടെയായിരുന്നു. നവോത്ഥാന പ്രസ്ഥാനങ്ങളിൽ  സജീവമായിരുന്ന കൃഷ്ണപിള്ളയും എ കെ ജിയും ഇ എം എസുമെല്ലാം  കർഷക–- തൊഴിലാളി പ്രസ്ഥാനങ്ങളുടെ നേതാക്കളായി ഉയർന്നു. കൂലിക്കൂടുതലിനു വേണ്ടിയുള്ള പ്രക്ഷോഭത്തോടൊപ്പംതന്നെ നവോത്ഥാന മുദ്രാവാക്യങ്ങളും ഏറ്റെടുത്തുകൊണ്ടുള്ള ഇടപെടൽ ഇതിന്റെ തുടർച്ചയിൽ കമ്യൂണിസ്റ്റ് പാർടി നടത്തി. പാലിയം ക്ഷേത്രത്തിന്റെ നിരത്തുകളിൽ എല്ലാവർക്കും സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം കമ്യൂണിസ്റ്റ് പാർടിയാണ് നയിച്ചത്. ഈ സമരത്തിലാണ് എ ജി വേലായുധനെന്ന കമ്യൂണിസ്റ്റുകാരൻ രക്തസാക്ഷിയായത്. തൃശൂർ ജില്ലയിലെ കുട്ടംകുളത്തും ഇത്തരത്തിലുള്ള സമരങ്ങൾക്ക് കമ്യൂണിസ്റ്റ് പാർടി നേതൃത്വം നൽകി. ജന്മിത്തത്തിന്റെ സാംസ്കാരിക രൂപങ്ങൾക്കെതിരായുള്ള സമരത്തെ അതിന്റെ സാമ്പത്തിക അടിത്തറയ്ക്കെതിരായുള്ള സമരംകൂടിയായി വികസിപ്പിക്കാൻ  തൊഴിലാളി–-കർഷക  പ്രസ്ഥാനങ്ങൾക്ക് സാധ്യമായി എന്നതാണ് കേരളത്തിന്റെ മുന്നേറ്റത്തിന് അടിത്തറയായത്.

ലിംഗപരമായ അടിച്ചമർത്തലുകൾക്കെതിരെയും പോരാട്ടങ്ങളും വളർന്നുവന്നു. വിവിധ തലങ്ങളിലൂടെ ഒപ്പം മുന്നേറി. അടുക്കളയിൽനിന്ന് അരങ്ങത്തേക്കെത്താനും തൊഴിൽകേന്ദ്രങ്ങളിലേക്ക് മുന്നേറാനും അത് സ്‌ത്രീകളെ ആഹ്വാനംചെയ്തു. സാമ്പത്തിക സ്വാതന്ത്ര്യം വിമോചനത്തിന്റെ സുപ്രധാനമായ പടവാണെന്ന് അത് ഓർമപ്പെടുത്തി.

നവോത്ഥാന മുന്നേറ്റമെന്നത് എല്ലാ വിഭാഗങ്ങളെയും സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങളിലേക്ക്‌ എത്തിക്കാനും മനുഷ്യബന്ധത്തെ ഊഷ്മളമാക്കി മാറ്റിയെടുക്കുന്നതിനുമുള്ള കുതിപ്പായിരുന്നു. ഒരുകാലത്ത് സാമൂഹ്യ നവോത്ഥാനത്തിന്റെ മുദ്രാവാക്യം മുഴക്കിയവരിൽ പലരും അതുപേക്ഷിച്ചു കഴിഞ്ഞു. മാത്രമല്ല, സാമൂഹ്യമുന്നേറ്റത്തെ തന്നെ തടസ്സപ്പെടുത്തുന്ന നീക്കങ്ങളുമായി രംഗത്തുവന്നു. അക്കാലത്ത് ഗാന്ധിജിയുൾപ്പെടെ മുന്നോട്ടുവച്ച ആശയങ്ങളെ എതിർത്ത യാഥാസ്ഥിതിക സവർണധാരയാണ് ഇന്നത്തെ ഹിന്ദുത്വ രാഷ്ട്രവാദമായി ഉയർന്നുവന്നിരിക്കുന്നത്. അത്തരം ആശയഗതികൾക്കെതിരെ വിശാലമായ ജനാധിപത്യപ്രസ്ഥാനം അന്ന് രൂപപ്പെടുത്തിയതുപോലെ ഉയർന്നുവരേണ്ട ഘട്ടംകൂടിയാണ്‌ ഇത്. വൈക്കം സത്യഗ്രഹത്തിന്റെ 100–-ാം വാർഷികത്തിൽ ഇത്തരമൊരു മുന്നേറ്റം രൂപപ്പെടുത്തുക എന്നതാണ് ഈ കാലഘട്ടം നമ്മോട്‌ ആവശ്യപ്പെടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top