19 September Saturday

അതിവേഗത്തിന്റെ അധിപന്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 7, 2017

ഒരു അത്ലറ്റ് ജയിച്ചുകാണണമെന്ന് ലോകമൊന്നാകെ ഇത്രയേറെ ആഗ്രഹിച്ച ഓട്ടമത്സരം വേറെയുണ്ടാകില്ല. എന്നാല്‍, എല്ലാവരെയും ഞെട്ടിച്ച്, ഉസൈന്‍ ബോള്‍ട്ട് എന്ന ട്രാക്കിലെ ഇതിഹാസം മൂന്നാമത്. ആ നടുക്കം നിമിഷങ്ങള്‍മാത്രമേ നീണ്ടുള്ളൂ. ഒന്നാമനായി ഫിനിഷ് ചെയ്ത അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്ലിന്‍ ട്രാക്കില്‍ തനിച്ചായിപ്പോയി. കാണികളുടെ മുഴുവന്‍ ശ്രദ്ധയും ഉസൈന്‍ ബോള്‍ട്ടിലായിരുന്നു. ക്യാമറകള്‍ ആ ചലനങ്ങളൊന്നും വിടാതെ പകര്‍ത്താന്‍ പിന്നാലെകൂടി. ട്രാക്കിലെ ചിരവൈരിയായ ബോള്‍ട്ടിനുമുന്നില്‍ മുട്ടുകുത്തി നമിച്ച ഗാറ്റ്ലിന്‍ വിടവാങ്ങുന്ന മഹാതാരത്തിന് അര്‍ഹമായ ആദരം നല്‍കി. പ്രൊഫഷണല്‍ ജീവിതത്തിലെ അവസാന നൂറുമീറ്റര്‍ മത്സരത്തില്‍ വിജയത്തോടെ വിരമിക്കാമെന്ന മോഹം പൊലിഞ്ഞതിന്റെ നിരാശ തെല്ലുമില്ലാതെ ബോള്‍ട്ട് എന്നത്തെയുംപോലെ കാണികള്‍ക്കരികിലേക്ക് നീങ്ങി. അവരെ കെട്ടിപ്പുണര്‍ന്നു. അവര്‍ക്കൊപ്പം സെല്‍ഫിയെടുത്തു. ഭൂമുഖത്ത് പിറന്നുവീണ ഏറ്റവും വേഗമേറിയ മനുഷ്യന്‍ എത്രമേല്‍ ജനകീയനാണെന്നും അത്ലറ്റിക്സിനെ കളിക്കമ്പക്കാരുടെ പ്രിയ ഇനമാക്കുന്നതില്‍ എത്ര വലിയ പങ്കാണ് വഹിച്ചതെന്നതിന്റെയും കൃത്യം ചിത്രം ലണ്ടനിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ കണ്ടു.

ട്രാക്കിനെ തീപിടിപ്പിച്ച മിന്നല്‍ക്കുതിപ്പ് ഇനിയില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. കരീബിയന്‍ ദ്വീപ് സമൂഹത്തിലെ ജമൈക്കയില്‍നിന്നുയര്‍ന്ന വേഗക്കൊടുങ്കാറ്റ് റിലേയിലുംകൂടി ലണ്ടനിലെ ട്രാക്കില്‍ വീശിയടിച്ചശേഷം പിന്‍വാങ്ങും. ലോകത്തെ എക്കാലത്തെയും വലിയ സ്പ്രിന്റര്‍ എന്ന ബഹുമതിയുമായാണ് ബോള്‍ട്ട് സ്പൈക്ക് അഴിച്ചുവയ്ക്കുന്നത്. ക്രിക്കറ്റില്‍ ബ്രാഡ്മാന്‍, ഫുട്ബോളില്‍ പെലെ, ബോക്സിങ്ങില്‍ മുഹമ്മദ് അലി എന്നപോലെയാണ് അത്ലറ്റിക്സിന് ബോള്‍ട്ട്. അത്ലറ്റിക്സിലെ പൂര്‍ണത നേടിയ താരമെന്ന് നിസ്സംശയം വിളിക്കാം. അത്ലറ്റിക്സില്‍ വിജയങ്ങളൊന്നായി വെട്ടിപ്പിടിച്ചതിനൊപ്പം ഈ രംഗത്തിന്റെ ഏറ്റവും വലിയ പ്രചാരകനുമായിരുന്നു ബോള്‍ട്ട്. തനിക്ക് ട്രാക്ക് നല്‍കിയതിനപ്പുറം അദ്ദേഹം തിരിച്ചുകൊടുത്തു.

ഉത്തേജകമരുന്നില്‍ മയങ്ങിപ്പോകുമായിരുന്ന അത്ലറ്റിക്സ് ആവേശം തിരിച്ചുകൊണ്ടുവരുന്നതില്‍ ബോള്‍ട്ട് വഹിച്ച പങ്ക് നിര്‍ണായകമാണ്. ആ ഓട്ടം കാണാന്‍മാത്രം ഗ്യാലറികള്‍ നിറയുന്നത് നമ്മള്‍ പലതവണ കണ്ടു. ലോകം കണ്ട ഏറ്റവും പ്രതിഭാധനനായ അത്ലറ്റിന്റെ പ്രകടനമികവ് ഒരുനോക്കു കാണാന്‍ കൊതിക്കുന്നവര്‍ ലോകം മുഴുവനുമുണ്ടായിരുന്നു. ട്രാക്കില്‍ മിന്നിത്തിളങ്ങിയ കാള്‍ ലൂയിസിനോ ബെന്‍ ജോണ്‍സനോ മൈക്കല്‍ ജോണ്‍സനോ അവകാശപ്പെടാനാകുന്നതിലും ഏറെ മുകളിലാണ് ഈ കുസൃതിക്കാരന്റെ ജനപ്രീതി. ഉത്തേജകമരുന്നിന്റെ നിഴല്‍ പതിക്കാത്ത താരം അത്ലറ്റിക്സിലെ നന്മയുടെ പ്രതീകവുമായി.

ജമൈക്കയിലെ പടിഞ്ഞാറന്‍ കിങ്സ്റ്റണില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ബോള്‍ട്ട്, പ്രതിഭയുടെ ഔന്നത്യംകൊണ്ടാണ് ലോകം കീഴടക്കിയത്. ക്രിക്കറ്റ് തലയ്ക്കുപിടിച്ച ബോള്‍ട്ടിലെ അത്ലറ്റിനെ സ്കൂളിലെ കായികാധ്യാപകന്‍ ആദ്യം തിരിച്ചറിഞ്ഞു. ഉയരക്കൂടുതല്‍ കാരണം സ്പ്രിന്റ് ഇനങ്ങളായ നൂറും ഇരുനൂറും വഴങ്ങില്ലെന്നായിരുന്നു അന്ന് പരിശീലകരുടെ കണക്കുകൂട്ടല്‍. അതെല്ലാം തെറ്റിച്ചു ഈ ആറടി അഞ്ചിഞ്ചുകാരന്‍. ഉയരക്കൂടുതല്‍ കാരണം സ്റ്റാര്‍ട്ട് എന്നും പതുക്കെയായിരുന്നെങ്കിലും കാല്‍നീളം മുതലാക്കി നടത്തുന്ന നീളന്‍ ചുവടുകളില്‍ എതിരാളികള്‍ പിന്നിലായി. തല ഉയര്‍ത്തിപ്പിടിച്ച്, പലപ്പോഴും മുഖം ചെരിച്ച് എതിരാളികളെ നോക്കി ചെറുചിരിയോടെയുള്ള ആ ഓട്ടം എത്ര കണ്ടാലും മതിവരില്ല. പലപ്പോഴും ഫിനിഷിങ് ലൈനിനടുത്ത് ഒന്നാമനായി എത്തുമ്പോള്‍ വേഗം കുറയ്ക്കുന്ന ബോള്‍ട്ട്, കായികരംഗത്തെ ബയോമെക്കാനിക്സ് വിദഗ്ധര്‍ക്കുപോലും അത്ഭുതമായി.

2008 ലെ ബീജിങ് ഒളിമ്പിക്സിലാണ് ബോള്‍ട്ട് മിന്നലായി കടന്നുവന്നത്. അന്ന് 100, 200, 4-100 റിലേ ഇനങ്ങളില്‍ സ്വര്‍ണവുമായി തുടങ്ങിയ ബോള്‍ട്ട് തുടര്‍ച്ചയായ മൂന്ന് ഒളിമ്പിക്സില്‍ ഈ മൂന്നിനത്തിലും റെക്കോഡോടെ സ്വര്‍ണമെന്ന അത്യപൂര്‍വനേട്ടവും സ്വന്തമാക്കി. 2009ലായിരുന്നു കരിയറിലെ ഏറ്റവും മികച്ച ഫോം. ബോള്‍ട്ട് 100മീറ്റര്‍ 9.58 സെക്കന്‍ഡിലും 200 മീറ്റര്‍ 19.19 സെക്കന്‍ഡിലും പൂര്‍ത്തിയാക്കിയപ്പോഴാണ് ഇത്ര വേഗത്തില്‍ ഓടുക മനുഷ്യസാധ്യമെന്ന് ലോകം തിരിച്ചറിഞ്ഞത്. ഈ സമയത്തിന് അടുത്തെങ്ങുമെത്താന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. പിന്നീട് ട്രാക്കില്‍ ബോള്‍ട്ട് ഏകാധിപതിയായി. ലോകവേദിയില്‍ ബോള്‍ട്ടിന് പിഴച്ചത് ലണ്ടനില്‍ മാത്രമാണ്. അത് വിടവാങ്ങല്‍മത്സരത്തിലായത് വേദനയായി.

ലണ്ടനിലെ തോല്‍വി ഈ പ്രതിഭയുടെ തിളക്കം തരിമ്പും കുറയ്ക്കുന്നില്ല. സ്പ്രിന്റില്‍ 14 വര്‍ഷത്തോളം ഒന്നാമനായി നിന്ന ബോള്‍ട്ടിനോട് താരതമ്യം ചെയ്യാന്‍പോലും ആരുമില്ല. കായികരംഗത്തെ ഏറ്റവും വലിയ അംഗീകാരമായ ലൊറേസ് പുരസ്കാരം നാലുതവണ തേടിയെത്തി. അന്താരാഷ്ട്ര അത്ലറ്റിക്സ് ഫെഡറേഷന്‍ ആറുതവണ മികച്ച പുരുഷതാരമായും തെരഞ്ഞെടുത്തു. ലോകത്തെ ഏറ്റവും സമ്പന്നരായ നൂറു കായികതാരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍നിന്നുള്ള ഏകവ്യക്തിയാണ് ബോള്‍ട്ട്.

എന്നും കാണികളുടെ താരമായിരുന്നു ബോള്‍ട്ട്. അവര്‍ക്കുവേണ്ടിയാണ് ഓടുന്നതെന്ന തരത്തിലായിരുന്നു ട്രാക്കിലെ ഓരോ ചലനവും. വലിഞ്ഞുമുറുകിയ മുഖങ്ങളായിരുന്നു ബോള്‍ട്ടിനുമുമ്പ് സ്പ്രിന്റ് ട്രാക്കുകളില്‍ കണ്ടിരുന്നത്. ആ പരമ്പരാഗതസങ്കല്‍പ്പങ്ങള്‍ ബോള്‍ട്ട് ഉടച്ചുകളഞ്ഞു. തന്റേതുമാത്രമായ ആംഗ്യങ്ങളുമായി സ്റ്റാര്‍ട്ടിങ് ബ്ളോക്കിലേക്ക് എത്തുന്നതുമുതല്‍ ഓട്ടം പൂര്‍ത്തിയാക്കി മടങ്ങുന്നതുവരെ എല്ലാവരുടെയും ശ്രദ്ധ തന്നിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക മിടുക്കുണ്ടായിരുന്നു. ഓട്ടം പൂര്‍ത്തിയാക്കിയ ഉടന്‍ കാണികള്‍ക്കടുത്തേക്ക് നീങ്ങി, അവര്‍ക്കുവേണ്ടി കുറെ സമയം നീക്കിവച്ചശേഷമേ കളംവിടൂ. എതിരാളികളോട് എന്നും സ്നേഹവും ബഹുമാനവും കാത്തുസൂക്ഷിച്ചു. സ്റ്റാര്‍ട്ടിങ് ബ്ളോക്കിനടുത്തുവച്ച് തമാശപൊട്ടിച്ച് പിരിമുറുക്കം കുറയ്ക്കുന്ന ബോള്‍ട്ടിനെ എതിരാളികള്‍ക്കും ഇഷ്ടമാണ്.

ഈ മുപ്പതുകാരനെ കാത്ത് നേട്ടങ്ങള്‍ ഇനിയും മുന്നിലുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് ഏറെ. ബോള്‍ട്ടിന്റെ ഓട്ടം ഇനിയും കാണാനുള്ള കൊതികൊണ്ടുകൂടിയാണത്. ബോള്‍ട്ടിനെ സംബന്ധിച്ച് നല്ല സമയം പിന്നിട്ടെന്ന് സ്വയം തോന്നിയിരിക്കാം. കായികരംഗവുമായി ബന്ധമുള്ള ഏതെങ്കിലും മേഖലയില്‍ ബോള്‍ട്ടിനെ ഇനിയും കാണുമെന്ന് ആശ്വസിക്കാം *


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top