21 September Saturday

മധ്യ–-പൗരസ‌്ത്യദേശം കലുഷിതം

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019


മധ്യ–-പൗരസ‌്ത്യദേശത്തെ കലുഷിതമാക്കി അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കം നാൾക്കുനാൾ രൂക്ഷമാകുകയാണ്. 2015 ൽ ഒപ്പിട്ട ആണവകരാറിൽനിന്ന‌് അമേരിക്ക ഏകപക്ഷീയമായി കഴിഞ്ഞവർഷം പിൻവാങ്ങുകയും ഇറാനെതിരെ ഉപരോധം വീണ്ടും ഏർപ്പെടുത്തുകയും ചെയ‌്തതോടെ ആരംഭിച്ച തർക്കമാണ് ഇപ്പോൾ ഒരു യുദ്ധത്തിലേക്ക് നയിക്കുമോ എന്ന സംശയം ബലപ്പെടുത്തിയിരിക്കുന്നത്.  ഹോർമുസ് കടലിടുക്കിൽ  കപ്പലുകൾക്കുനേരെ ആവർത്തിക്കുന്ന ആക്രമണങ്ങളും അമേരിക്കൻ ഡ്രോൺ വിമാനം ഇറാൻ വെടിവച്ചിട്ടതും മറ്റുമാണ് യുദ്ധഭീതി പരക്കാൻ കാരണമാകുന്നത്.  ഇറാന്റെ ആയുധസംവിധാനത്തിനെതിരെ അമേരിക്ക സൈബർ ആക്രമണം ആരംഭിച്ചുവെന്നതാണ് ഏറ്റവും അവസാനത്തെ വാർത്ത. ഇറാന്റെ റോക്കറ്റ്, മിസൈൽ സംവിധാനത്തെ നിയന്ത്രിക്കുന്ന കംപ്യൂട്ടർ സംവിധാനത്തെ ഹാക്ക് ചെയ‌്തുകൊണ്ടാണ് അമേരിക്ക സൈബർ ആക്രമണം ആരംഭിച്ചതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ‌്തത‌്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുമതിയോടെയാണ് സൈബർ ആക്രമണം നടന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. 

അമേരിക്കയുടെ ചാര ഡ്രോൺവിമാനം കഴിഞ്ഞ ദിവസം ഇറാൻ റവലൂഷനറി ഗാർഡ്സ് വെടിവച്ചിട്ടിരുന്നു. ഇറാന്റെ അതിർത്തികടന്ന് എത്തിയതിനാലാണ് ഡ്രോൺ വെടിവച്ചിട്ടതെന്നാണ് ഇറാന്റെ വിശദീകരണം. എന്നാൽ, അന്താരാഷ്ട്ര അതിർത്തിയിൽവച്ചാണ് ഡ്രോൺ വെടിവച്ചിട്ടതെന്നാണ് അമേരിക്കയുടെ വാദം.  ഏതായാലും ഇതിന്റെ പേരിൽ ഇറാനെതിരെ യുദ്ധത്തിന് അമേരിക്കൻ ഭരണകൂടം നീക്കം നടത്തിയെങ്കിലും പിന്നീട് പ്രസിഡന്റ് ട്രംപ് ഇടപെട്ട് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടണും സിഐഎ ഡയറക്ടർ ഗിന ഹസ്പലും യുദ്ധത്തിന് അനുകൂലമായ നിലപാട് എടുത്തപ്പോൾ പെന്റഗണും ട്രംപുമാണ് അതിൽനിന്ന‌്  സമർഥമായി പിന്മാറിയത‌്.

ഇറാനെതിരെയുള്ള യുദ്ധത്തിന് വലിയ വില നൽകേണ്ടിവരുമെന്നതിനാലാണ് അമേരിക്ക പിന്മാറിയതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.  മാത്രമല്ല, യൂറോപ്യൻ സഖ്യശക്തികളാരുംതന്നെ ഇറാനുമായുള്ള ഒരു ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നുമില്ല. യുദ്ധം തുടങ്ങിയാൽ തീർത്തും ഒറ്റയ‌്ക്കുതന്നെ അത് മുന്നോട്ടുകൊണ്ടുപോകേണ്ടിവരുമെന്ന സ്ഥിതിവിശേഷമാണുള്ളത്. മാത്രമല്ല, രണ്ടാമതും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറായ ട്രംപിന് യുദ്ധത്തിലുണ്ടാകുന്ന ഏതൊരു തിരിച്ചടിയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഈ പശ്ചാത്തലത്തിലാണ് സമർഥമായി തുറന്ന യുദ്ധത്തിൽനിന്ന‌് പിന്തിരിയാൻ ട്രംപ് തയ്യാറായത്.

എന്നാൽ, ഈ പിന്മാറ്റം സ്വാഭാവികമായും ഇറാന്റെ നയതന്ത്ര വിജയമായി വിലയിരുത്തപ്പെട്ടു.  ഇറാന്റെ അതിർത്തി കടന്നതിനാണ് അമേരിക്കയുടെ ആളില്ലാവിമാനം വെടിവച്ചിട്ടതെന്ന ടെഹ്റാന്റെ വാദത്തിന് ഇത് ബലം നൽകി. ഈ പശ്ചാത്തലത്തിലാണ് മുഖം രക്ഷിക്കാനെന്നോണം ഇറാന്റെ ആയുധസംവിധാനത്തെ താറുമാറാക്കുക ലക്ഷ്യമാക്കി സൈബർ ആക്രമണത്തിന് അമേരിക്ക ഉത്തരവിട്ടത്. എന്നാൽ‌‌‌, ഇത്തരമൊരു ആക്രമണത്തെക്കുറിച്ച് ഒരു സ്ഥിരീകരണവും ഇറാന്റെ ഭാഗത്തുനിന്ന‌് ഉണ്ടായിട്ടില്ല. 

ഇറാനെതിരെയുള്ള അമേരിക്കയുടെ നീക്കം മേഖലയെ തീർത്തും അസ്വസ്ഥമാക്കുകയാണ്. 1979 ൽ അമേരിക്കൻ ശിങ്കിടിയായിരുന്ന ഷായെ അധികാരത്തിൽനിന്ന‌് നീക്കിയതുമുതൽ ഇറാനിൽ ഭരണമാറ്റത്തിനായി വാഷിങ്ടൺ കിണഞ്ഞു ശ്രമിക്കുകയാണെങ്കിലും ഇതുവരെയും വിജയിച്ചിട്ടില്ല. ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതോടെ ഈ ശ്രമങ്ങൾ ശക്തിപ്രാപിച്ചു. ഉപരോധം ശക്തമാക്കി ഇറാനെ സാമ്പത്തികമായി തകർക്കുക എന്നതായിരുന്നു ലക്ഷ്യം. അതിസമ്മർദത്തിലൂടെ ഇറാനെ വരുതിയിലാക്കാൻ കഴിയുമെന്നായിരുന്നു ട്രംപിന്റെ കണക്കൂകൂട്ടൽ. അതിന്റെ ഭാഗമായാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളോട് ഇറാനിൽനിന്ന‌് എണ്ണ ഇറക്കുമതി പൂർണമായും നിർത്തിവയ‌്ക്കാൻ അമേരിക്ക ആവശ്യപ്പെട്ടത്. ഉപരോധം ഇറാനെ സാമ്പത്തികമായി തളർത്തിയെങ്കിലും അമേരിക്കയുമായി ചർച്ച നടത്താൻ ഇറാൻ സന്നദ്ധമായില്ല. അമേരിക്ക–-ഇറാൻ തർക്കത്തിൽ മാധ്യസ്ഥതയ‌്ക്ക് തയ്യാറായി ജപ്പാൻ പ്രധാനമന്ത്രി ഷിൻ ഷോ ആബെ ടെഹ്റാനിലെത്തിയെങ്കിലും അമേരിക്കയുമായി ചർച്ചയ‌്ക്കില്ലെന്ന മറുപടിയാണ് ഇറാനിൽനിന്ന‌് ഉണ്ടായത്.

അന്താരാഷ്ട്ര കരാറുകളിൽനിന്ന‌് ഏകപക്ഷീയമായി പിന്മാറുന്ന അമേരിക്കയുമായി ചർച്ച നടത്തുന്നതുകൊണ്ട് എന്തുഫലമാണുണ്ടാകുക എന്ന ചോദ്യമാണ് ഇറാൻ ഉയർത്തിയത്. ട്രംപ് ആവശ്യപ്പെടുന്നതുപോലെ പുതുക്കിയ കരാർ ഉണ്ടാക്കിയാൽ അത് പാലിക്കപ്പെടുമെന്നതിന് എന്താണുറപ്പ് എന്ന ഇറാന്റെ ചോദ്യം ആർക്കും തള്ളിക്കളയാനാകില്ല. ചർച്ചയ‌്ക്കില്ലെന്ന ഇറാന്റെ സമീപനം അമേരിക്കയെ വല്ലാതെ ഉലച്ചിരിക്കുകയാണ്. അമേരിക്ക കണ്ണുരുട്ടിയാൽ പേടിക്കുന്ന കാലത്തിന് അന്ത്യമായെന്ന സന്ദേശമാണ് ഇറാൻ നൽകുന്നത്. കടുത്ത സമ്മർദത്തിലൂടെ കാര്യം നേടാമെന്ന ട്രംപിന്റെ തന്ത്രമാണ് ഇറാന്റെ മുമ്പിൽ തകർന്നടിയുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top