27 September Wednesday

തൊഴിലെന്ന സ്വപ്‌നം തല്ലിക്കെടുത്തുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Monday Sep 7, 2020രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്‌ കടന്നുപോകുന്നത്‌. രണ്ട്‌ വർഷംമുമ്പ്‌ നോട്ട്‌ നിരോധനം എന്ന മണ്ടൻ തീരുമാനം നടപ്പാക്കിയതുമുതൽ ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിയാണ്‌ മഹാമാരിയുടെയും അടച്ചുപൂട്ടലിന്റെയും ഭാഗമായി പതിന്മടങ്ങ്‌ ഇരട്ടിച്ചത്‌. ഈ സാമ്പത്തികവർഷത്തിന്റെ കഴിഞ്ഞ പാദം ജിഡിപി നിരക്കിൽ 24 ശതമാനത്തിന്റെ ഇടിവാണ്‌ സംഭവിച്ചത്‌. ഇതേ കാലയളവിൽ അമേരിക്കയുടെ ജിഡിപി 9.5 ശതമാനവും ജപ്പാന്റേത്‌ 7.6 ശതമാനവും ഇടിവ്‌ മാത്രമാണ്‌ രേഖപ്പെടുത്തിയത്‌. ചൈനയാകട്ടെ 3.2 ശതമാനം വളർച്ച രേഖപ്പെടുത്തുകയും ചെയ്‌തു. ലോകരാജ്യങ്ങളിൽത്തന്നെ ഏറ്റവും വലിയ സാമ്പത്തിക തകർച്ച നേരിടുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. മോഡി സർക്കാരിന്റെ പിടിപ്പുകേടും നയവൈകല്യവുമാണ്‌ ഇതിനു കാരണം.

എന്നാൽ, മഹാമാരിയും സാമ്പത്തികപ്രതിസന്ധിയും അവസരമാക്കി കടുത്ത ചെലവുചുരുക്കൽ നയം നടപ്പാക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നത്‌. അതിന്റെ ഭാഗമായാണ്‌ കേന്ദ്ര സർക്കാർ പുതിയ തസ്‌തിക സൃഷ്ടിക്കുന്നതിന്‌ പൂർണ വിലക്കേർപ്പെടുത്തിയതും നിയമന നിരോധനത്തിന്‌ ഉത്തരവിട്ടതും.  റെയിൽവേയിലെ മൂന്ന്‌ ലക്ഷം ഒഴിവ്‌ ഉൾപ്പെടെ കേന്ദ്ര സർവീസിൽ എട്ട്‌ ലക്ഷം ഒഴിവ്‌ ഉണ്ടെന്നിരിക്കെയാണ്‌ നിയമന നിരോധനം ഏർപ്പെടുത്തുന്നത്‌. മന്ത്രാലയങ്ങള്‍, വകുപ്പുകള്‍,  സ്വയംഭരണ, സ്‌റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങള്‍, അനുബന്ധ ഓഫീസ് എന്നിവിടങ്ങളില്‍ തസ്‌തിക സൃഷ്‌ടി‌ക്കുന്നത് ധനമന്ത്രാലയം പൂര്‍ണമായും വിലക്കിയിരിക്കുകയാണ്‌. എക്‌സ്‌പെൻഡിച്ചർ വകുപ്പിന്റെ അംഗീകാരമില്ലാതെ ജൂലൈ ഒന്നിനുശേഷം തസ്‌തിക സൃഷ്‌ടിച്ചെങ്കില്‍ നിയമനം നടത്തരുതെന്നാണ്‌ കേന്ദ്ര സർക്കാരിന്റെ തീട്ടൂരം.

എന്നാൽ, മോഡി സർക്കാരിൽനിന്ന്‌ തീർത്തും വ്യത്യസ്‌തമായ സമീപനമാണ്‌ കേരളത്തിലെ പിണറായി വിജയൻ സർക്കാർ സ്വീകരിച്ചിട്ടുള്ളത്‌.  പരമാവധി നിയമനം നടത്തി യുവാക്കൾക്ക്‌ ആശ്വാസം പകരാനാണ്‌ സംസ്ഥാന സർക്കാർ തയ്യാറായത്‌. കഴിഞ്ഞ നാല്‌ വർഷത്തിനിടെ പിഎസ്‌സി വഴി 1.34 ലക്ഷം നിയമനമാണ്‌  നടത്തിയത്‌. തിരുവോണത്തലേന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് 1000 തസ്തിക അധികം സൃഷ്ടിക്കുമെന്നാണ്. നാല് വര്‍ഷംകൊണ്ട് 16000 തസ്തിക അധികം സൃഷ്ടിച്ചതിന് പുറമേയാണിത്.


 

കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിയമനനിരോധന ഉത്തരവിന്‌ പിന്നാലെ റെയിൽവേ റിക്രൂട്ട്‌മെന്റ്‌ ബോർഡ്(ആർആർബി)‌ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ച തസ്‌തികകളിലേക്കുള്ള നിയമനങ്ങളും അനിശ്‌ചിതത്വത്തിലായിരിക്കുകയാണ്‌. 2019 ഡിസംബര്‍ 12ന് ആർആർബി ഫലപ്രഖ്യാപനം നടത്തിയ എഎൽപി, ടെക്‌നീഷ്യൻ(64371 ഒഴിവ്‌) തസ്‌തികകളിലേക്ക് ഒമ്പതുമാസം പിന്നിട്ടിട്ടും നിയമനം നടത്തിയിട്ടില്ല. ഗ്രൂപ്പ്‌ ഡി തസ്‌തികകളിലേക്ക്‌ 2019 ഫെബ്രുവരിയിലാണ്‌ വിജ്ഞാപനമിറക്കിയത്‌.  1,03,769 ഒഴിവിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചത്‌.  ഒരു കോടി പതിനാറുലക്ഷം പേർ അപേക്ഷിച്ച ഈ തസ്‌തികയിലേക്ക്‌ 18 മാസം പിന്നിട്ടിട്ടും പരീക്ഷ നടത്തിയില്ല. ആർആർബി, എൻടിപിസികളിൽ ഒഴിവുള്ള 35,227 തസ്‌തികയിലേക്കും കഴിഞ്ഞ വർഷം ഫെബ്രുവരി 28ന്‌  വിജ്ഞാപനമിറക്കി. 1.26 കോടി പേരാണ്‌ അപേക്ഷ അയച്ചത്‌.  ഇനിയും പരീക്ഷ നടത്തിയിട്ടില്ല. ഈ രണ്ട്‌ പരീക്ഷയുടെ അപേക്ഷാ ഫീസായിമാത്രം 1000 കോടി രൂപയാണ്‌ കേന്ദ്രം പിരിച്ചെടുത്തത്‌ എന്നുകൂടി അറിയുമ്പോഴേ ഉദ്യോഗാർഥികളോടുള്ള മോഡി സർക്കാരിന്റെ ക്രൂരമായ സമീപനത്തിന്റെ ആഴം വ്യക്തമാകൂ.

നവ ഉദാരവൽക്കരണ അജൻഡയുടെ ഭാഗമായാണ്‌ ചെലവുചുരുക്കൽ നയം സ്വീകരിക്കുന്നത്‌. ജനങ്ങൾക്കുള്ള സേവനങ്ങളും ആനുകൂല്യങ്ങളും വെട്ടിക്കുറയ്‌ക്കുക എന്നതാണ്‌ ഈ നയത്തിന്റെ ആദ്യ പടി. എല്ലാമേഖലകളിലും ഗവൺമെന്റിന്റെ പങ്കാളിത്തം ഇല്ലാതാക്കുക എന്ന പ്രത്യയശാസ്‌ത്ര പദ്ധതിയാണ്‌ ചെലവുചുരുക്കൽ. സർക്കാരിന്റെ വലുപ്പം കുറയ്‌ക്കുക എന്ന ലക്ഷ്യം നേടാൻ ഉദ്യോഗസ്ഥരെ കുറയ്‌ക്കലാണ്‌ ഒരു വഴി. ഈ ഉദ്യോഗസ്ഥർ നൽകുന്ന സേവനങ്ങൾ സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറുന്നതിന്‌ വഴി ഒരുക്കുന്നതിനാണിത്‌.

റെയിൽവേയിൽ മൂന്ന്‌ ലക്ഷം ഒഴിവുണ്ട്‌. അതിൽ പകുതിയോളം തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിക്കുകയും ചെയ്‌തു. എന്നിട്ടും പരീക്ഷ നടത്താതിരിക്കാൻ കാരണം ഇന്ത്യൻ റെയിൽവേയെ മൊത്തം സ്വകാര്യവൽക്കരിക്കാൻ മോഡി സർക്കാർ തീരുമാനിച്ചതുകൊണ്ടാണ്.‌ അതുപോലെതന്നെ ബിപിസിഎൽപോലുള്ള വൻകിട പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവൽക്കരിക്കാൻ മോഡി സർക്കാർ തീരുമാനിച്ചുകഴിഞ്ഞു. സ്വാഭാവികമായും സർക്കാർ സർവീസിലേക്ക്‌ റിക്രൂട്ട്‌മെന്റ്‌ കുറയും. അതിന്റെ ഭാഗമായിത്തന്നെയാണ്‌ നിയമനനിരോധനം. മഹാമാരി കാലത്തെ താൽക്കാലിക പ്രതിഭാസമല്ല ഇതെന്നർഥം. സർക്കാർ ജോലിയെന്ന ലക്ഷക്കണക്കിന്‌ യുവാക്കളുടെ സ്വപ്‌നത്തെയാണ്‌ മോഡി തല്ലിക്കെടുത്തുന്നത്‌. തൊഴിലില്ലായ്‌മ 11 ശതമാനമായി ഉയർന്നുനിൽക്കുന്ന വേളയിൽത്തന്നെ നിയമനനിരോധനവും ഏർപ്പെടുത്തുന്നത്‌ യുവാക്കളെ വഞ്ചിക്കലാണ്‌. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതാണ്‌.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top