23 September Saturday

അഴിമതിക്കാർക്ക്‌ കൽത്തുറുങ്ക്‌ ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Feb 6, 2020


 

പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണത്തിന്‌ ഗവർണർ അനുമതി നൽകിയത്‌ സുപ്രധാനമായ നടപടിയാണ്‌. കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ അരങ്ങേറിയ വൻ അഴിമതികളിലൊന്നാണ്‌ പാലാരിവട്ടം പാലം നിർമാണത്തിൽ നടന്നത്‌. അഴിമതി ഇടപാടിൽ മുൻമന്ത്രിയുടെ പങ്ക്‌ വ്യക്തമായ സാഹചര്യത്തിലാണ്‌ വിജിലൻസ്‌ അദ്ദേഹത്തിനെതിരെ അന്വേഷണത്തിന്‌ അനുമതി തേടിയത്‌. വിജിലൻസ്‌ സമർപ്പിച്ച രേഖകളുടെയും സാക്ഷിമൊഴികളുടെയും വിശദമായ പരിശോധനയ്‌ക്കും അതിന്മേൽ അഡ്വക്കറ്റ്‌ ജനറൽ നൽകിയ നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ്‌ ഗവർണറുടെ തീരുമാനം. ഈ സാഹചര്യത്തിൽ ഗവർണറുടെ നടപടി രാഷ്‌ട്രീയമായി അതീവ പ്രാധാന്യമുള്ളതാണ്‌. ഇതോടെ മുൻമന്ത്രിക്കെതിരായ തുടർനടപടിക്കുള്ള എല്ലാ തടസ്സവും നീങ്ങിയിരിക്കുകയാണ്‌.

പാലാരിവട്ടം പാലം നിർമിച്ച കരാർ കമ്പനിക്ക്‌ 8.25 കോടി രൂപ വഴിവിട്ട്‌ മുൻകൂർ നൽകിയെന്നതാണ്‌ വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ പ്രധാന ആരോപണം. മന്ത്രിസഭയുടെ അംഗീകാരം പോലുമില്ലാതെ വ്യവസ്ഥ ലംഘിച്ച്‌ കരാർ കമ്പനിക്ക്‌ കോടികൾ നൽകുന്നതിന്‌ മന്ത്രി മുൻകൈയെടുത്തുവെന്നത്‌ ആ സർക്കാരിന്റെ കാലത്ത്‌ ഭരണരംഗത്ത്‌ നടമാടിയ അഴിമതിയുടെ ഭീതിദമായ ചിത്രമാണ്‌ നൽകുന്നത്‌. മുൻസർക്കാരിന്റെ കാലയളവിൽ അരങ്ങേറിയ കോളിളക്കം സൃഷ്ടിച്ച സോളാർ, ബാർ കോഴ ഇടപാടുകൾ കേരളത്തെ ഞെട്ടിച്ചതാണ്‌. എന്നാൽ, പാലാരിവട്ടം മേൽപ്പാലം നിർമാണത്തിൽ നടന്നത്‌ ജനങ്ങളുടെ ജീവൻ പണയം വച്ചുള്ള അഴിമതി ഇടപാടാണ്‌. അതുകൊണ്ടുതന്നെ ഈ കേസിന്‌ നിയമപരമായി മാത്രമല്ല, സാമൂഹികമായും ഏറെ പ്രസക്തിയുണ്ട്‌. മുൻമന്ത്രി ഉൾപ്പെടെയുള്ള പ്രതികളെ വിചാരണ നടത്തിയതുകൊണ്ട്‌ മാത്രമായില്ല, കുറ്റക്കാർക്ക്‌ ശിക്ഷ ഉറപ്പാക്കുകയും വേണം. എങ്കിൽ മാത്രമേ നീതി നിർവഹണത്തിൽ ജനങ്ങൾക്ക്‌ കൈവന്നിട്ടുള്ള ആത്മവിശ്വാസം ഊട്ടിയുറപ്പിക്കാൻ കഴിയൂ.

അഴിമതിയെന്ന ദുഷ്‌പ്രവണതയുടെ വേര്‌ അറുത്താൽ മാത്രമേ രാജ്യത്തിന്‌ പുരോഗതി കൈവരിക്കാൻ കഴിയൂ. ആ ദിശയിലുള്ള  നടപടികളുടെ ഭാഗമായി വേണം പാലാരിവട്ടം പാലം അഴിമതിയിലെ നടപടികളെയും കണക്കിലെടുക്കേണ്ടത്‌.

അഴിമതി ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നത്‌ എൽഡിഎഫ്‌ സർക്കാരിന്റെ പ്രഖ്യാപിത നയമാണ്‌. അഴിമതിക്കാർക്ക്‌ ചുവപ്പുപരവതാനി വിരിക്കുകയല്ല, മറിച്ച്‌ എത്ര ഉന്നതനായാലും കൽത്തുറുങ്കിലടയ്‌ക്കുക തന്നെ ചെയ്യുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത ഭാഷയിൽ തന്നെ വ്യക്തമാക്കിയതാണ്‌. സർക്കാരിന്റെ ഈ നിലപാടാണ്‌ പാലാരിവട്ടം അഴിമതി അന്വേഷണത്തിലെ ഓരോ ഘട്ടത്തിലും ദൃശ്യമായത്‌. അഴിമതിയെന്ന ദുഷ്‌പ്രവണതയുടെ വേര്‌ അറുത്താൽ മാത്രമേ രാജ്യത്തിന്‌ പുരോഗതി കൈവരിക്കാൻ കഴിയൂ. ആ ദിശയിലുള്ള  നടപടികളുടെ ഭാഗമായി വേണം പാലാരിവട്ടം പാലം അഴിമതിയിലെ നടപടികളെയും കണക്കിലെടുക്കേണ്ടത്‌.

യുഡിഎഫ്‌ മന്ത്രിമാരായിരുന്നവർ അഴിമതിക്കേസിൽ പ്രതിസ്ഥാനത്ത്‌ വരുന്നത്‌ നടാടെയല്ല. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കം പലരും അന്വേഷണ നിഴലിലാണ്‌. ഉമ്മൻചാണ്ടിക്കും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്കും എതിരായ ടൈറ്റാനിയം അഴിമതിക്കേസ്‌ സിബിഐക്ക്‌ വിട്ടത്‌ മാസങ്ങൾക്കുമുമ്പാണ്‌. 2006ൽ ഉയർന്ന ടൈറ്റാനിയം കേസ്‌ സിബിഐ ഏറ്റെടുത്താൽ അത്‌ യുഡിഎഫ്‌ രാഷ്‌ട്രീയത്തിന്‌ കനത്ത ആഘാതമാകും. ടൈറ്റാനിയം കമ്പനിയിലെ മലിനീകരണ നിയന്ത്രണസംവിധാനം നടപ്പാക്കിയതിൽ 68 കോടിയുടെ അഴിമതി നടത്തിയെന്നാണ്‌ കേസ്‌. രാജ്യാന്തര തലത്തിലുള്ള കമ്പനിയുമായി ബന്ധപ്പെട്ട ഇടപാട്‌ ആയതിനാൽ ഇന്റർപോളിന്റെ സഹായംകൂടി ആവശ്യമായത്‌ കണക്കിലെടുത്താണ്‌ കേസ്‌ സിബിഐക്ക്‌ വിട്ടത്‌.

അഴിമതിക്കേസുകൾ യുഡിഎഫ്‌ സർക്കാരിന്റെ മുഖമുദ്രയാണെന്ന്‌ പറഞ്ഞാൽ ഒട്ടും അതിശയോക്തിയാകില്ല. രാഷ്‌ട്രീയഭരണ കേന്ദ്രങ്ങൾക്കും ഉദ്യോഗസ്ഥവൃന്ദത്തിനും ഈ ഇടപാടുകളിലുള്ള കൂട്ടുത്തരവാദിത്തം നിഷേധിക്കാനും കഴിയില്ല. പാലാരിവട്ടം അഴിമതിയിലും കാര്യങ്ങൾ ഈ വഴിക്കാണ്‌ നീങ്ങിയത്‌. കരാർ കമ്പനിക്ക്‌ മുൻകൂറായി കോടികൾ നൽകിയത്‌ മന്ത്രിസഭ അറിഞ്ഞാണോ അല്ലയോ എന്നത്‌ തികച്ചും സാങ്കേതികം മാത്രമാണ്‌. രാഷ്‌ട്രീയനേതൃത്വത്തിന്റെ പിൻബലമില്ലാതെ ഇത്തരമൊരു അഴിമതി ഇടപാട്‌ അരങ്ങേറുമെന്ന്‌ കരുതുന്നത്‌ മൗഢ്യമാണ്‌. ഈ പശ്ചാത്തലത്തിൽ പാലാരിവട്ടം അഴിമതിയിൽ അന്നത്തെ ഭരണനേതൃത്വത്തിനുള്ള പങ്ക്‌ പകൽപോലെ വ്യക്തമാണ്‌.  അധികാര ദുർവിനിയോഗത്തിനും അഴിമതിക്കും കൂട്ടുനിന്ന മുൻമുഖ്യമന്ത്രിയടക്കമുള്ളവർക്ക്‌ കേസിന്റെ ബാധ്യതയിൽനിന്ന്‌ ഒഴിഞ്ഞുമാറാൻ കഴിയില്ല. മുൻമന്ത്രി കേസിൽ പ്രതിയാകുമെന്ന്‌ ഉറപ്പായ സാഹചര്യത്തിൽ അദ്ദേഹം എംഎൽഎ സ്ഥാനത്തു തുടരുന്നത്‌ ഉചിതമാണോയെന്നത്‌ യുഡിഎഫ്‌ നേതൃത്വം പരിശോധിക്കണം. അതോടൊപ്പം പാലം നിർമാണത്തിലെ അഴിമതിയുടെ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുക്കാനും തയ്യാറാകണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top