06 October Thursday

രാജിയുടെ രാഷ്ട്രീയവും ധാര്‍മികതയും

വെബ് ഡെസ്‌ക്‌Updated: Thursday Nov 16, 2017


എന്‍സിപി പ്രതിനിധി തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചതോടെ മാസങ്ങളായി തുടരുന്ന കായല്‍കൈയേറ്റ വിവാദം വഴിത്തിരിവിലെത്തിയിരിക്കുന്നു. നിയമലംഘനംഉണ്ടായിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ നടപടികള്‍ തുടരാനും തോമസ് ചാണ്ടിക്ക് സ്വന്തംനിലയില്‍ നിയമപരമായ സംരക്ഷണം തേടാനും അവസരം ഒരുങ്ങി. മന്ത്രിക്ക് ഓഹരിപങ്കാളിത്തമുള്ള ലേക്്പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയും റോഡും കായല്‍ കൈയേറി നിര്‍മിച്ചതാണെന്ന ആരോപണമാണ് മാധ്യമങ്ങള്‍ മുഖ്യമായും ഉയര്‍ത്തിയത്. ഈ നിര്‍മാണങ്ങള്‍ പതിറ്റാണ്ടിനുംമുമ്പ് നടന്നതാണ്. മന്ത്രിയെന്നനിലയില്‍ അധികാരദുര്‍വിനിയോഗമോ അഴിമതിയോ തോമസ് ചാണ്ടി നടത്തിയതായി ആരോപണമില്ല. ഇതെല്ലാമായിട്ടും, കുറ്റാരോപിതര്‍ അധികാരത്തില്‍ തുടര്‍ന്നുകൊണ്ട് അന്വേഷണം തുടരുക എന്ന രീതി ഈ ഗവണ്‍മെന്റ് അംഗീകരിക്കുന്നില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കപ്പെട്ടു. അധികാരം ഉപയോഗിച്ച് പണസമ്പാദനവും ലൈംഗികചൂഷണവും അഴിമതിയും യഥേഷ്ടം നടത്തിയതിന് നിരവധി തെളിവുകള്‍ പുറത്തുവന്നിട്ടും നിരവധി മന്ത്രിമാര്‍ അധികാരത്തില്‍ കടിച്ചുതൂങ്ങിയതാണ് ഉമ്മന്‍ചാണ്ടി ഭരണത്തിലെ അനുഭവം. രണ്ട് മുന്നണികളുടെയും രണ്ട് സര്‍ക്കാരുകളുടെയും വ്യത്യാസമാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.

മുന്‍കാലത്ത് നടന്നതാണെങ്കിലും ഉയര്‍ന്നുവന്ന വിഷയങ്ങളില്‍ നിയമലംഘനങ്ങളുണ്ടോ എന്ന കര്‍ശനപരിശോധനയ്ക്കാണ് എല്‍ഡിഎഫ് ഗവണ്‍മെന്റ് തയ്യാറായത്.

ആരോപണവിധേയന്‍ സംസ്ഥാനത്തെ  മന്ത്രിയാണെന്നത് സര്‍ക്കാര്‍ നടപടിക്ക് തടസ്സമായില്ല. തണ്ണീര്‍ത്തടസംരക്ഷണ നിയമപ്രകാരം നിയമലംഘനം നടന്നിട്ടുണ്ടെന്ന കലക്ടറുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നിയമോപദേശംതേടി നടപടികളുമായി മുന്നോട്ടുപോകാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. തന്റെ ഭാഗം കേള്‍ക്കാതെയുള്ള റിപ്പോര്‍ട്ടില്‍ കലക്ടര്‍ പറയുന്ന നിയമലംഘനങ്ങള്‍ താനോ കമ്പനിയോ നടത്തിയിട്ടില്ലെന്ന നിലപാടാണ് തോമസ് ചാണ്ടി സ്വീകരിച്ചത്. കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും തയ്യാറായി.

ഈ വിഷയത്തെ ഇടതുജനാധിപത്യമുന്നണി ഗവണ്‍മെന്റിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരായ ആയുധമാക്കിമാറ്റാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ചില മാധ്യമങ്ങള്‍ നടത്തിയത്. തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ ഒരുതരത്തിലും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രിയും മുന്നണിനേതാക്കളും പലവട്ടം വ്യക്തമാക്കിയിട്ടും  മാധ്യമങ്ങളും പ്രതിപക്ഷവും സര്‍ക്കാര്‍വിരുദ്ധനീക്കം ശക്തമായി തുടര്‍ന്നു. പ്രശ്നം ചര്‍ച്ചചെയ്ത എല്‍ഡിഎഫ് യോഗം എല്ലാവശങ്ങളും പരിശോധിച്ച് യുക്തമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. ഹൈക്കോടതിയുടെ തീര്‍പ്പും ബന്ധപ്പെട്ട ഘടക കക്ഷിയുടെ അഭിപ്രായവുമാണ് സ്വാഭാവികമായും ഇക്കാര്യത്തില്‍ നിര്‍ണായകമായി വന്നത്.

ചൊവ്വാഴ്ച കേസ് പരിഗണിച്ച വേളയില്‍ ഹൈക്കോടതി ഉയര്‍ത്തിയ ചോദ്യങ്ങള്‍ തോമസ് ചാണ്ടിയെ പ്രതിരോധത്തിലാക്കി. മന്ത്രിയായി തുടര്‍ന്നുകൊണ്ട് സര്‍ക്കാരിന്റെ ഭാഗമായ കലക്ടര്‍ക്കെതിരെ കോടതിയെ സമീപിക്കുന്നതെങ്ങനെ എന്ന് കോടതി ആരാഞ്ഞു. ഹര്‍ജിക്കാരന്‍ വ്യക്തിമാത്രമാണെങ്കില്‍ എന്തുകൊണ്ട് കലക്ടറെ സമീപിക്കുന്നില്ലെന്ന് കോടതി ചോദിച്ചു. മന്ത്രി കമ്പനിയുടെ ഉടമയാണെങ്കില്‍ പ്രോസിക്യൂഷന്‍ നടപടി നേരിടേണ്ടിവരുമെന്നും കോടതി പറഞ്ഞു. ഹര്‍ജി പിന്‍വലിക്കാന്‍ കോടതി അവസരംനല്‍കിയെങ്കിലും അതിന് തയ്യാറാകാതെ തീര്‍പ്പ് ആവശ്യപ്പെടുകയായിരുന്നു തോമസ് ചാണ്ടി. ഹര്‍ജി തള്ളിയ കോടതി കലക്ടറുടെ പരാമര്‍ശങ്ങള്‍ വാട്ടര്‍വേള്‍ഡ് കമ്പനിക്കെതിരെയാണെന്നും തോമസ് ചാണ്ടിയുടെ പേര് പരാമര്‍ശിക്കുന്നുണ്ടെങ്കില്‍ നീക്കംചെയ്യാന്‍ 15 ദിവസത്തിനകം കലക്ടറെ സമീപിക്കാമെന്നും നിര്‍ദേശിച്ചു. മന്ത്രിയായാലും വ്യക്തിയായാലും നീതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ആരോടും വിട്ടുവീഴ്ചയ്ക്കില്ലെന്നും കൈയേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

ഹൈക്കോടതിവിധി വന്നതോടെ തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനത്ത് തുടരാന്‍സാധിക്കാത്ത നിലവന്നു. തുടര്‍ന്ന് ചേര്‍ന്ന എന്‍സിപി യോഗം കേന്ദ്രനേതൃത്വവുമായി ബന്ധപ്പെട്ട് അന്തിമതീരുമാനമെടുക്കാനാണ് നിശ്ചയിച്ചത്.  മുഖ്യമന്ത്രി ആവശ്യപ്പെട്ടപ്രകാരം ബുധനാഴ്ച രാവിലെ കാണാനെത്തിയ എന്‍സിപി നേതാക്കള്‍ ഇതിനുള്ള സാവകാശമാണ് തേടിയത്. തുടര്‍ന്ന് രാജി സമര്‍പ്പിക്കുകയുംചെയ്തു. ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും സര്‍ക്കാരിനും മുമ്പാകെ ഉയര്‍ന്നുവന്ന പ്രശ്നങ്ങളില്‍ യുക്തവും പക്വവുമായ നിലപാടുകളും തീരുമാനങ്ങളുമാണ് മുന്നണിനേതൃത്വവും മുഖ്യമന്ത്രിയും കൈക്കൊണ്ടത്. മുന്നണിസംവിധാനത്തില്‍ ഓരോ കക്ഷിക്കുമുള്ള അവകാശങ്ങള്‍ പരിഗണിക്കുകമാത്രമാണുണ്ടായതെന്ന്  മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനും അങ്ങേയറ്റം നിന്ദ്യമായി അധിക്ഷേപിക്കാനുമാണ് ചില മാധ്യമങ്ങള്‍ തയ്യാറായത്. ശരിയായ തീരുമാനം ഉണ്ടാകുമെന്ന് ദിവസങ്ങള്‍ക്കുമുമ്പ് പറഞ്ഞിട്ടും മുഖ്യമന്ത്രിയെ ബോധപൂര്‍വം വേട്ടയാടിയ അധമ മാധ്യമപ്രവര്‍ത്തനത്തിനാണ് കേരളം കഴിഞ്ഞദിവസങ്ങളില്‍ സാക്ഷ്യംവഹിച്ചത്.

അഴിമതിഭരണത്തിന്റെ അനന്തരഫലങ്ങളില്‍ ചീഞ്ഞുനാറുന്ന യുഡിഎഫ് നേതൃത്വം തോമസ് ചാണ്ടിക്കെതിരെ നടത്തുന്ന  പ്രക്ഷോഭവും പ്രതികരണവും ആത്മാര്‍ഥതയില്ലാത്തതാണെന്ന് വ്യക്തമായിരിക്കുന്നു. തങ്ങളുടെ വാദങ്ങള്‍ കേന്ദ്രനേതൃത്വത്തെപോലും ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനും കോണ്‍ഗ്രസ് രാജ്യസഭാംഗവുമായ വിവേക് തന്‍ഖ തോമസ് ചാണ്ടിക്കുവേണ്ടി ഹാജരായതോടെ വെളിവായത് പ്രതിപക്ഷത്തിന്റെ ഇരട്ടമുഖമാണ്. എല്‍ഡിഎഫിന്റെ ധാര്‍മികതയും രാഷ്ട്രീയസംശുദ്ധിയുമാണ് ഒരിക്കല്‍കൂടി ഇവിടെ വിജയംകാണുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top