23 March Thursday

ജനാധിപത്യ മതനിരപേക്ഷ വിദ്യാഭ്യാസം ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 14, 2022


വിദ്യാഭ്യാസരംഗത്ത്‌ മറ്റ്‌ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക്‌ അനിഷേധ്യമായ മാതൃകയാണ്‌ കേരളം. പാഠ്യപദ്ധതി പരിഷ്‌കരണംമുതൽ പശ്ചാത്തലസൗകര്യ വികസനംവരെ സുതാര്യമായും ജനപങ്കാളിത്തത്തോടെയുമാണ്‌ കേരളത്തിൽ നിർവഹിക്കപ്പെടുന്നത്‌. ലോകം രണ്ടു വർഷത്തോളം വീട്ടിലിരുന്ന കോവിഡ്‌കാലത്ത്‌ പോലും ഒരുകുട്ടിയുടെയും പഠനം മുടങ്ങാതിരിക്കാൻ അതീവശ്രദ്ധ പുലർത്തിയ സർക്കാരാണ്‌ ഇവിടെയുള്ളത്‌. മഹാമാരിക്കാലത്ത്‌ ദാരിദ്ര്യവും ഡിജിറ്റൽ വിഭജനവും മറ്റു സംസ്ഥാനങ്ങളിൽ ഭൂരിപക്ഷം കുട്ടികളുടെയും പഠനം മുടക്കിയപ്പോഴാണ്‌ ഇത്‌. ദേശീയതലത്തിൽ 45 ശതമാനം കുട്ടികൾ ഹയർ സെക്കൻഡറിതലത്തിൽ എത്താതെ പുറന്തള്ളപ്പെടുമ്പോൾ കേരളത്തിൽ ഒരുശതമാനംപോലും വരുന്നില്ല ആ തലത്തിൽ പഠനം അവസാനിപ്പിക്കുന്നവർ. ഈ വസ്‌തുത ദേശീയ ഏജൻസികൾപോലും അംഗീകരിക്കുമ്പോഴാണ്‌ കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ പിന്നോട്ടടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ദുഷ്‌പ്രചാരണം ഇവിടെ ചില കേന്ദ്രങ്ങളിൽനിന്നെങ്കിലും ഉണ്ടാകുന്നത്‌. വിദ്യാഭ്യാസരംഗത്ത്‌ കച്ചവടവൽക്കരണവും കേന്ദ്രീകരണവും വർഗീയവൽക്കരണവും ലക്ഷ്യമിടുന്ന കേന്ദ്രസർക്കാരിന്റെ പുത്തൻ വിദ്യാഭ്യാസ നയത്തിന്‌ (എൻഇപി) കേരളം ബദൽ ആകുമ്പോഴാണ്‌ ഇത്‌ എന്നതാണ്‌ ദുഃഖകരം.

കോവിഡ്‌ ഒന്നാംതരംഗത്തിന്റെ മൂർധന്യത്തിലാണ്‌ പാർലമെന്റിൽ ചർച്ച പോലുമില്ലാതെ എൻഇപി കേന്ദ്ര സർക്കാർ പാസാക്കിയത്‌. വിദ്യാഭ്യാസരംഗത്ത്‌ കൂടുതൽ സ്വകാര്യവൽക്കരണവും വർഗീയവൽക്കരണവും ലക്ഷ്യമിടുന്നതാണ്‌ പുതിയ നയമെന്ന വിമർശം ശരിവയ്‌ക്കുന്നതാണ്‌ പിന്നീടുണ്ടായ നടപടികൾ. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന നയംമാറ്റത്തിന്റെ ആദ്യ ഇരകൾ ചരിത്രപരമായി വിദ്യാഭ്യാസത്തിൽ പിന്തള്ളപ്പെട്ടിരുന്ന ദളിത്‌, ആദിവാസി വിഭാഗങ്ങളും ചില ന്യൂനപക്ഷ വിഭാഗങ്ങളും ദരിദ്രരും ആയിരിക്കുമെന്ന്‌ അനുദിനം തെളിഞ്ഞുവരികയാണ്‌. രാജസ്ഥാനിൽ ആർഎസ്‌എസ്‌ നിയന്ത്രണത്തിലുള്ള സരസ്വതി വിദ്യാമന്ദിറിലെ മൂന്നാംക്ലാസ്‌ വിദ്യാർഥിയായിരുന്ന ദളിത്‌ ബാലൻ സ്‌കൂളിൽ ജാതിഹിന്ദുക്കൾക്കായി വച്ചിരുന്ന കുടത്തിൽനിന്ന്‌ വെള്ളം കുടിച്ചതിന്റെ പേരിൽ അധ്യാപകന്റെ മർദനമേറ്റ്‌ മരിച്ചത്‌ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികം ആഘോഷിച്ചതിന്റെ രണ്ടു ദിവസം മുമ്പാണ്‌.

ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ള ഗവേഷണ വിദ്യാർഥികൾക്ക്‌ 2008 മുതൽ നൽകിവന്ന മൗലാന ആസാദ്‌ ഫെലോഷിപ് നിർത്തലാക്കിയതായി കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്‌. ഇതിനെതിരെ പ്രതിഷേധിച്ച പെൺകുട്ടികളടക്കമുള്ള വിദ്യാർഥികളെ ഡൽഹിയിൽ പൊലീസ്‌ ഭീകരമായി തല്ലിച്ചതച്ചു. ബ്രിട്ടീഷുകാർക്ക്‌ പലവട്ടം മാപ്പെഴുതിക്കൊടുത്ത്‌ ജയിൽമോചിതനായശേഷം അവരെ കൂറോടെ സേവിച്ച്‌ ഇന്ത്യൻ സ്വാതന്ത്ര്യപ്രസ്ഥാനത്തെ ഭിന്നിപ്പിക്കാൻ പ്രവർത്തിച്ച സവർക്കറുടെ പേരിൽ ഡൽഹി സർവകലാശാല കോളേജുകളും പഠനകേന്ദ്രങ്ങളും തുടങ്ങുമ്പോഴാണ്‌ ഇത്‌. മധ്യപ്രദേശിലെ ഇൻഡോറിൽ എബിവിപിയുടെ വിദ്വേഷപ്രചാരണം കാരണം ഗവ. ന്യൂ ലോ കോളേജ്‌ പ്രിൻസിപ്പലിന്‌ രാജിവയ്‌ക്കേണ്ടിവന്നിരിക്കുകയാണ്‌. 2014 മുതൽ ലൈബ്രറിയിൽ ഉള്ള ഒരു പുസ്‌തകത്തിന്റെ പേരിലാണ് 2019ൽമാത്രം പ്രിൻസിപ്പലായ പ്രൊഫസർ ഇനാമുർ റഹ്‌മാനെതിരെ നീക്കമുണ്ടായത്‌.

വിദ്യാഭ്യാസരംഗത്ത്‌ കേന്ദ്രസർക്കാരിന്റെ നിഷേധാത്മകനയത്തിന്റെ മറ്റൊരു തെളിവാണ്‌ തിങ്കളാഴ്‌ച ലോക്‌സഭയിൽ മന്ത്രിയുടെ മറുപടിയിലൂടെ പുറത്തുവന്നത്‌. കേന്ദ്ര സർവകലാശാലകളും ഐഐടികളുമടക്കം രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൂന്നിലൊന്ന്‌ അധ്യാപക തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നതായാണ്‌ എ എം ആരിഫിനെ മന്ത്രി അറിയിച്ചത്‌. 45 കേന്ദ്ര സർവകലാശാലകളിലായി 6180 അധ്യാപക തസ്‌തികയാണ്‌ നികത്താതെയിട്ടിരിക്കുന്നത്‌. പ്രൊഫസർ തസ്‌തികയിൽ 60 ശതമാനമാണ്‌ ഒഴിച്ചിട്ടിരിക്കുന്നത്‌. എസ്‌സി, എസ്‌ടി വിഭാഗങ്ങളുടെ ഒഴിവ്‌ 42 ശതമാനം. ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ സ്‌കൂളുകളുടെ കാര്യം പറയാതിരിക്കുകയാണ്‌ നല്ലത്‌.

ഈ സാഹചര്യത്തിലാണ്‌ കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ സംരക്ഷിക്കാൻ എൽഡിഎഫ്‌ സർക്കാർ സ്വീകരിക്കുന്ന നടപടികളെ കാണേണ്ടത്‌. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ പേരിൽ തെറ്റിദ്ധാരണ പരത്താനാണ്‌ ചിലർ ഇവിടെ ശ്രമിക്കുന്നത്‌. പരിഷ്‌കരണം സംബന്ധിച്ച്‌ ജനകീയാഭിപ്രായത്തിന്‌ പുറത്തിറക്കിയ ചർച്ചാക്കുറിപ്പിനെ കുറിച്ച്‌ സർക്കാർ ആലോചിച്ചിട്ടില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച്‌ മുതലെടുപ്പിനാണ്‌ ചില തീവ്രവാദശക്തികൾ ശ്രമിക്കുന്നത്‌. നിക്ഷിപ്ത താൽപ്പര്യക്കാർ പ്രചരിപ്പിക്കുന്നതുപോലെ മിക്‌സഡ്‌ ഹോസ്റ്റലും ബെഞ്ചുമൊന്നും ആലോചനയിൽ ഇല്ലെന്ന്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ വ്യക്തമാക്കി കഴിഞ്ഞു. സുതാര്യവും ജനാധിപത്യപരവുമായ പരിഷ്‌കരണമേ കേരളത്തിലുണ്ടാകൂ. അതിന്‌ വിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ച 26 ഫോക്കസ്‌ ഗ്രൂപ്പുകൾ നിലപാടു രേഖ തയ്യാറാക്കുകയാണ്‌. ഇതിന്റെ ഭാഗമായി സ്‌കൂൾതലം മുതൽ വിപുലമായ ജനകീയ ചർച്ച സംഘടിപ്പിച്ചിട്ടുണ്ട്‌. അതിനുള്ള കൈപ്പുസ്‌തകമാണ്‌ എസ്‌സിഇആർടി തയ്യാറാക്കിയത്‌. വിദ്യാഭ്യാസത്തിൽ ലിംഗപരമായ വിവേചനമില്ലെന്ന്‌ ഉറപ്പാക്കുന്നതിനൊപ്പം ആരുടെയും മതസ്വാതന്ത്ര്യം നിഷേധിക്കാത്തതാണ്‌ സർക്കാർനയം. മന്ത്രി ചൂണ്ടിക്കാട്ടിയതുപോലെ മതനിരപേക്ഷതയും ജനാധിപത്യവും പാഠ്യപദ്ധതിയിൽ പുലരണമെന്ന കാര്യത്തിൽ ആർക്കും വിയോജിപ്പ്‌ ഉണ്ടാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top