01 June Thursday

മാലദ്വീപ്: ഇന്ത്യൻ ഇടപെടൽ അഭികാമ്യമല്ല

വെബ് ഡെസ്‌ക്‌Updated: Friday Feb 9, 2018


അയൽരാജ്യമായ മാലിയിലെ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായി   തുടരുകയാണ്. മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഉൾപ്പെടെ ഒമ്പത് പ്രതിപക്ഷനേതാക്കളെ വിട്ടയക്കാനും 12 പ്രതിപക്ഷ എംപിമാർക്കെതിരെയുള്ള അയോഗ്യത നീക്കാനും സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ് പ്രതിസന്ധിക്ക് തുടക്കം. തന്നെ അധികാരത്തിൽ പുറത്താക്കാനുള്ള അട്ടിമറിശ്രമത്തിന്റെ ഭാഗമാണ് കോടതിവിധിയെന്നു പറഞ്ഞ് 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ പ്രസിഡന്റ് അബ്ദുള്ള യാമിൻ തയ്യാറായി. സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെന്നു മാത്രമല്ല ചീഫ് ജസ്റ്റിസ് അബ്ദുള്ള സയ്യിദ് ഉൾപ്പെടെ മൂന്ന് ജഡ്ജിമാരെയും നഷീദിനെ പിന്തുണയ്ക്കുന്ന മുൻ പ്രസിഡന്റുമായ മൗമൂൺ അബ്ദുൾ ഗയൂമിനെയും തടവിലാക്കുകയും ചെയ്തു. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം തടയുന്നതിനാണ് ഈ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു. നിയമവാഴ്ചയ്ക്ക് തീർത്തും വിരുദ്ധമായ സ്വേഛാധിപത്യപരമായ നീക്കങ്ങളാണ് യാമിന്റെ ഭാഗത്തുനിന്നുണ്ടായതെന്നതിൽ തർക്കമില്ല. 

എന്നാൽ, ജനാധിപത്യവിരുദ്ധ നീക്കം തടയാൻ ഇന്ത്യ സൈനികമായിത്തന്നെ മാലദ്വീപിൽ ഇടപെടണമെന്ന വാദം പല കോണുകളിൽനിന്നും ഉയരുകയാണ് ഇപ്പോൾ. മുൻ പ്രസിഡന്റും ഇപ്പോൾ ലണ്ടനിലും കൊളംബോയിലുമായി പ്രവാസജീവിതം നയിക്കുകയും ചെയ്യുന്ന മുഹമ്മദ് നഷീദാണ് ഈ വാദം ശക്തമായി മുന്നോട്ടുവയ്ക്കുന്നയാൾ. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ജനാധിപത്യം സ്ഥാപിക്കുന്നതിന് എത്രയുംപെട്ടെന്ന് ശക്തമായിത്തന്നെ ഇന്ത്യ ഇടപെടണമെന്ന് നഷീദ് വാദിച്ചു. ഇന്ത്യയും അമേരിക്കയുമായി ചേർന്ന് യാമിനെ നീക്കം ചെയ്യാൻ കഴിയുമെന്നും നഷീദ് വിശ്വാസം പ്രകടിപ്പിച്ചു.  മേഖലയിലെ പ്രധാന ജനാധിപത്യരാഷ്ട്രത്തിന് മാലിയിലെ ജനാധിപത്യം സംരക്ഷിക്കുന്നതിൽ ഇടപെടാൻ അവകാശമുണ്ടെന്ന വാദമാണ് 2013ലെ തെരഞ്ഞെടുപ്പിൽ അധികാരം നഷ്ടമായ മുഹമ്മദ് നഷീദ് മുന്നോട്ടുവയ്ക്കുന്നത്.

മാലിയിൽ ഇന്ത്യ ഇടപെടണമെന്ന് ശക്തമായി വാദിക്കുന്ന മറ്റൊരു രാഷ്ട്രം അമേരിക്കയാണ്. അമേരിക്കൻ താൽപ്പര്യങ്ങൾ ശക്തമായി മുന്നോട്ടുവയ്ക്കുന്ന കാർണിഗി ഇന്ത്യ എന്ന ബുദ്ധികേന്ദ്രത്തിന്റെ തലവൻ കോൺസ്റ്റാന്റിനോ സേവ്യർ ഹിന്ദുസ്ഥാൻ ടൈംസിൽ എഴുതിയ ലേഖനത്തിൽ പറയുന്നത് മാലിയെ സുസ്ഥിരതയിലേക്ക് നയിക്കാൻ ഇന്ത്യ ഇടപെടണമെന്നാണ്. അമേരിക്കയെ പ്പോലെ ഇന്ത്യയും വൻ ശക്തിയായി അംഗീകരിക്കപ്പെടണമെങ്കിൽ വിദേശരാജ്യങ്ങളിൽ ഇടപെടൽ നടത്താൻ ഇന്ത്യ തയ്യാറാകണമെന്നാണ് അമേരിക്കൻ അനുകൂലമാധ്യമങ്ങളുടെ വാദം. അതായത്, തന്ത്രപരമായ വിഷയങ്ങളിൽ സ്വയം തീരുമാനമെടുക്കുന്ന രീതിയും സ്വതന്ത്ര വിദേശനയവും ഉപേക്ഷിച്ച് അമേരിക്കൻ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് മാലിയിലെ ഭരണമാറ്റത്തിന് ഇന്ത്യ തയ്യാറാകണമെന്നാണ് ഇക്കൂട്ടർ വാദിക്കുന്നത്. നഷീദ് പ്രധാനമന്ത്രിയായിരിക്കെ ഒബാമ സർക്കാർ മാലിയുമായി സൈനികത്താവളം നിർമിക്കുന്നതുൾപ്പെടെ സ്റ്റാറ്റസ് ഫോഴ്സസ് കരാർ ഒപ്പിടാൻ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. യാമിൻ വന്നതോടെ ഈ നീക്കം പൊളിഞ്ഞു. നഷീദിനെ വണ്ടും അധികാരത്തിലെത്തിച്ചാൽ അമേരിക്കൻ താൽപ്പര്യം സംരക്ഷിക്കപ്പെടുമെന്നർഥം.

മാത്രമല്ല, യാമിൻ ചൈനയുമായി അടുത്ത ബന്ധം പുലർത്തുന്നതും അവരുടെ 'ഒരു മേഖല ഒരു പാത' പദ്ധതിയിൽ ചേർന്നതും സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പുവച്ചതും മറ്റും അമേരിക്കയുടെ ചൈനയെ തളയ്ക്കുക എന്ന നയതന്ത്രത്തിന്റെ കൂടെയല്ല മാലിയെന്ന് വ്യക്തമാക്കുന്നു. ഇതിനാലാണ് 'മാലിയെ ചൈന കോളനിയാക്കുകയാണെ'ന്ന് ആരോപിച്ച്് ഇന്ത്യയുടെയും അമേരിക്കയുടെയും പിന്തുണയ്ക്കായി നഷീദ് അഭ്യർഥിക്കുന്നത്. ചൈനയ്ക്കെതിരെ അമേരിക്കയും ഇന്ത്യയും ജപ്പാനും മറ്റും ചേർന്ന് ഏഷ്യൻ അച്ചുതണ്ടിന് രൂപംനൽകുന്ന ആഗോളനയതന്ത്ര സാഹചര്യം അധികാരം തിരിച്ചുപിടിക്കാൻ ഉപയോഗിക്കുകയാണ് നഷീദ്. ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബലപ്രയോഗത്തിലൂടെയുള്ള ഭരണമാറ്റം വിപരീതഫലമാണുണ്ടാക്കുക. അതുകൊണ്ടുതന്നെ മാലിയിൽ സൈനികമായി ഇടപെടുന്നത് ഗുണകരമാകില്ല. മാത്രമല്ല, കഴിഞ്ഞവർഷം അവസാനം വിദേശമന്ത്രിയെ ഡൽഹിയിലേക്കയച്ച് ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്ന സൂചന യാമിൻ നൽകുകയും ചെയ്തിരുന്നു. 1988ൽ മാലിയിൽ ഇന്ത്യ ഇടപെട്ടത് അവിടത്തെ ഭരണാധികാരിയുടെ ആവശ്യപ്രകാരമായിരുന്നു. ആ സാഹചര്യമല്ല ഇപ്പോഴുള്ളത്. 

അയൽരാജ്യമായ മാലിയിൽ സൈനിക ഇടപെടൽ നടത്തുന്നത് ഒട്ടും അഭികാമ്യമായ നീക്കമല്ല. മാലിയിലെ രാഷ്ട്രീയപ്രതിസന്ധിക്ക് പരിഹാരം കാണേണ്ടത് അവിടത്തെ ജനങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളുമാണ്. അത്തരമൊരു പ്രശ്നപരിഹാരത്തിന് വലിയ സംഭാവന നൽകാൻ കഴിയുന്ന രാജ്യമാണ് ഇന്ത്യ. നിലവിൽ ഇന്ത്യ ഇടപെടുന്ന പക്ഷം മാലിയിലെ ഒരുവിഭാഗം ജനങ്ങൾ ഇന്ത്യക്ക് എതിരാകും. 400 കിലോമീറ്റർമാത്രം അകലെയുള്ള ദ്വീപ് രാഷ്ട്രത്തെ എതിർചേരിയിലേക്ക് നയിക്കുന്നത് ഇന്ത്യക്ക് ഒരിക്കലും ഗുണകരമാകില്ല. മാലിയിലെ അടിയന്തരാവസ്ഥാ പ്രഖ്യാപനവും മറ്റും അസ്വസ്ഥത ഉണ്ടാക്കുന്ന വാർത്തയാണെന്ന പ്രതികരണമാണ് ഇതുവരെയായും ഇന്ത്യയിൽനിന്നുണ്ടായിട്ടുള്ളത്. ഇന്ത്യക്കാർ മാലിയിലേക്ക് യാത്രചെയ്യരുതെന്ന ഉപദേശവും വിദേശമന്ത്രാലയം ഇറക്കിയിട്ടുണ്ട്. സൈനികമായി ഇടപെടുമെന്നതിന് ഒരു സൂചനയും ഇന്ത്യ നൽകിയിട്ടില്ലെന്നത്് ആശ്വാസകരംതന്നെ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top