ആഘോഷങ്ങൾക്ക് കുടുംബത്തോടൊപ്പം ചേരുകയെന്നത് മലയാളികളെ സംബന്ധിച്ച് ഏറെ ആഹ്ലാദകരമാണ്. മലയാളി എവിടെയാണെങ്കിലും ഓണത്തിനും വിഷുവിനും ഈസ്റ്ററിനും പെരുന്നാളിനും കുടുംബത്തോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നു. വിദേശത്തും ഇതരസംസ്ഥാനങ്ങളിലും ജോലിചെയ്യുന്ന ഒരാളെങ്കിലും കേരളത്തിലെ എല്ലാ കുടുംബത്തിലുമുണ്ടാകും. ഭൂരിപക്ഷവും നാട്ടിലേക്കു വരുന്നത് ഉത്സവ, അവധിക്കാലങ്ങളിലാണ്. ഇന്ത്യക്ക് പുറത്തുള്ള പ്രവാസികൾ ആശ്രയിക്കുന്ന വിമാന സർവീസുകൾ ഇന്ന് തീവെട്ടിക്കൊള്ളയുടെ പ്രതീകമായി. ഉത്സവക്കാലത്ത്, പ്രത്യേകിച്ച് വേനലവധിയിൽ മലയാളികൾ അഭിമുഖീകരിക്കുന്ന യാത്രാദുരിതം അവസാനിക്കുന്നില്ല. ഓരോ വർഷവും ഇത് ഏറിവരികയാണ്. ഇതരസംസ്ഥാനങ്ങളിലെ പ്രവാസികൾ പ്രധാനമായും ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള യാത്രപോലും അതീവ ദുരിതമായി. ആവശ്യത്തിന് ട്രെയിൻ സർവീസ് ഇല്ലാത്തതിനാൽ സംസ്ഥാനത്തിനകത്തുപോലും ദീർഘദൂരയാത്ര ദുഷ്‌കരമാണ്. ജനറൽ ബോഗികളിൽ കുത്തിനിറച്ചുള്ള യാത്രയാണ് സംസ്ഥാനത്ത്. കേന്ദ്ര സർക്കാരിന്റെ അനാസ്ഥമൂലം ട്രെയിൻ യാത്ര സുരക്ഷിതവുമല്ലാതായി. വ്യോമ, ട്രെയിൻ സർവീസുകൾ നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ ഉത്സവക്കാലത്തുപോലും മലയാളികളോട് ക്രൂരത കാട്ടുകയാണ്.
മുൻകാലങ്ങളിൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ മുൻകൂട്ടി പ്രഖ്യാപിക്കുമായിരുന്നു. കഴിഞ്ഞ രണ്ട് ഉത്സവ സീസണിലും ഇത്തവണയും പ്രത്യേക ട്രെയിൻ സർവീസുകൾ പേരിനുമാത്രമാണ്. മുൻകൂട്ടിയുള്ള റിസർവേഷൻ ടിക്കറ്റുകൾ കുറച്ച് തൽക്കാൽ, പ്രീമിയം റിസർവേഷൻ ടിക്കറ്റ് ക്വോട്ട വർധിപ്പിച്ച് ട്രെയിൻ യാത്രക്കാരെ കൊള്ളയടിക്കുകയാണ് ഇന്ത്യൻ റെയിൽവേ. അവധിക്കാലത്ത് കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തിയിരുന്നെങ്കിൽ യാത്രാപ്രശ്‌നം പരിഹരിക്കാനാകുമായിരുന്നു. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഡൽഹി തുടങ്ങിയ പ്രധാന നഗരങ്ങളിൽനിന്ന് കേരളത്തിലേക്ക് ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല. ഇതിനാൽ വിവിധ നഗരങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങളും ചാർജ് കുത്തനെ വർധിപ്പിച്ചു. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്ന് 9000 മുതൽ 15,000 രൂപവരെയാണ് വിമാനക്കമ്പനികൾ ചാർജ് ഈടാക്കുന്നത്. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് കഴുത്തറുപ്പൻ നിരക്കാണ്. യാത്രക്കാരുടെ തിരക്ക് മുതലെടുത്ത് ദക്ഷിണേന്ത്യൻ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളും ചാർജ് ഇരട്ടിയാക്കി. ബംഗളൂരുവിൽനിന്ന് കൊച്ചി, തിരുവനന്തപുരം, കോട്ടയം പോലുള്ള പ്രധാന കേന്ദ്രങ്ങളിലേക്ക് 3000 മുതൽ 5000 രൂപവരെയാണ് കഴിഞ്ഞദിവസങ്ങളിൽ എസി സ്ലീപ്പർ ബസുകൾ ചാർജ് ഈടാക്കിയത്. വിഷു, പെരുന്നാൾ കഴിയുംവരെ കൂടിയ ചാർജ് ഈടാക്കാനാണ് സ്വകാര്യ ബസ് ഉടമകൾ തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യ ബസ് ഓപ്പറേറ്റർമാരെ സഹായിക്കാനാണ് റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് ആരംഭിക്കാതിരിക്കുന്നത് എന്നാണ് സംശയിക്കുന്നത്.
ഗൾഫ് മേഖലയിലുള്ള പ്രവാസികളെ സ്വകാര്യ വിമാനക്കമ്പനികൾ വലിയതോതിൽ ചൂഷണം ചെയ്യുന്നു. ഗൾഫ് രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള നിരക്ക് രണ്ടു മാസത്തിനിടെ മൂന്നിരട്ടിയിലധികം വർധിപ്പിച്ചു. മാസങ്ങളോളം ജോലി ചെയ്‌തുണ്ടാക്കുന്ന ചെറിയ സമ്പാദ്യം നാട്ടിലേക്കുള്ള ടിക്കറ്റിന് ചെലവഴിക്കേണ്ട സ്ഥിതിയാണ്. ഇന്ത്യൻ കമ്പനികളും വിദേശ വിമാനക്കമ്പനികളും കേരളത്തിൽനിന്ന് ഗൾഫ് നാടുകളിലേക്കും തിരിച്ചുമുള്ള നിരക്ക് ഇരട്ടിയിലേറെയാണ് വർധിപ്പിച്ചത്. ഖത്തറിലേക്ക് 10,000 മുതൽ 15,000 വരെ നിരക്കുണ്ടായിരുന്നത് 38,000 മുതൽ 40,000 വരെയായി ഉയർത്തി. നെടുമ്പാശേരി –- ദുബായ് നിരക്ക് 9000 –- 12,000ൽനിന്ന് 30,000 രൂപയാക്കി. കരിപ്പൂർ–- ദുബായ് നിരക്ക് 31,000 രൂപയും തിരുവനന്തപുരം, കണ്ണൂർ ദുബായ് നിരക്ക് 30,500 രൂപയുമാണ്. കുവൈത്തിലേക്ക് 25,000 മുതൽ 30,000 വരെയും സൗദി സെക്ടറിൽ 20,000 മുതൽ 26,000 വരെയായി. വേനലവധിയും വിഷു, ഈദ് ആഘോഷങ്ങൾക്കുമായി പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നതും തിരിച്ചുപോകുന്നതും മുന്നിൽക്കണ്ട് ഇനിയും നിരക്ക് ഉയർത്തിയേക്കും. ഗൾഫ് രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് ഉത്സവ സീസണുകളിലും അവധിക്കാലത്തും ന്യായമായ നിരക്കിൽ പ്രത്യേക വിമാന സർവീസുകൾ നടത്താൻ കേരള സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതിന് കേന്ദ്ര സർക്കാർ അനുമതി നൽകുന്നില്ല. പ്രവാസി മലയാളികളെ സ്വകാര്യ വിമാനക്കമ്പനികൾ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..