29 June Wednesday

കർഷകർക്ക‌് ആശ്വാസമേകി സർക്കാർ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 6, 2019


ഇന്ത്യൻ കാർഷികമേഖലയിലെ വരുമാന വളർച്ച 14 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന്.  2018 ഒക്ടോബർ–-ഡിസംബർ കാലത്തെ  കാർഷികോൽപ്പാദനത്തിൽ 2.7 ശതമാനത്തിന്റെ വളർച്ചയുണ്ടായെങ്കിലും വിളകളുടെ വിലയിൽ 0.61 ശതമാനം ഇടിവാണുണ്ടായത്. അത് കണക്കാക്കിയാൽ വളർച്ചയുടെ ആകെ മൂല്യവർധന 2.04 ശതമാനം മാത്രം.  ഇത‌് ൨൦൦൪ന‌ു ശേഷം ഇങ്ങനെയൊരു ദയനീയാവസ്ഥയിൽ രാജ്യം എത്തിയിട്ടില്ല.  ഉൽപ്പാദനച്ചെലവും വിലയും പരിഗണിച്ചാണ‌് കർഷകരുടെ വരുമാനം നിർണയിക്കുന്നത‌്. കാർഷിക ഉൽപ്പന്നങ്ങൾക്ക‌് ന്യായവില ഉറപ്പാക്കണമെന്ന ആവശ്യം നാടെങ്ങും ഉയരുന്നത് ഈ പശ്ചാത്തലത്തിലാണ്.  കാർഷികമേഖലയിലെ പ്രശ‌്നങ്ങളോട‌് അനുഭാവപൂർണമായ നിലപാട‌് സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറല്ല.  കർഷകർക്ക‌് നൽകിയ വാഗ‌്ദാനങ്ങൾ പാലിക്കുന്നില്ലെന്ന‌ു മാത്രമല്ല പ്രക്ഷോഭങ്ങളവസാനിപ്പിക്കാൻ സമ്മതിച്ച കരാറുകളും ലംഘിച്ചു. മഹാരാഷ്ട്രയിൽ നടന്ന ഐതിഹാസിക കിസാൻ മാർച്ചിനെത്തുടർന്ന‌് നൽകിയ വാഗ‌്ദാനങ്ങൾ കാറ്റിൽപറത്തി. നഷ്ടക്കൃഷിയിൽനിന്ന് കുറെയേറെ കർഷകർ പിന്മാറിയപ്പോൾ  ഉൽപ്പാദനത്തിലും ഗണ്യമായ കുറവുണ്ടായി. ഉൽപ്പാദനച്ചെലവ് കാണെക്കാണെ ഉയർന്നപ്പോൾ അതിനനുസരിച്ച് താങ്ങുവില വർധിപ്പിക്കുന്നില്ല. രാജ്യത്തെയാകെ ബാധിക്കുന്ന ഈ അവസ്ഥയിൽനിന്ന് കേരളത്തിനും മോചനമില്ല. അത്തരമൊരവസ്ഥ എങ്ങനെ മറികടക്കാമെന്ന വെല്ലുവിളിയാണ് സംസ്ഥാന സർക്കാരിന് മുന്നിലുള്ളത്.

കാലവർഷക്കെടുതിയും കാർഷികോൽപ്പന്ന  വിലത്തകർച്ചയും നോട്ട് നിരോധനംപോലുള്ള നടപടികൾ കമ്പോളത്തിലുണ്ടാക്കിയ പ്രതിസന്ധിയും ജിഎസ്ടി നടപ്പാക്കിയതുമെല്ലാം കേരളത്തിലെ കാർഷികമേഖലയെ പ്രതികൂലമായി ബാധിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ പരിമിതികൾക്കകത്തുനിന്നുകൊണ്ട്  എങ്ങനെ ഈ പ്രശ്നത്തെ അഭിമുഖീകരിച്ച് കർഷകർക്ക് ആശ്വാസം പകരാമെന്നത് കേരളത്തിലെ എൽഡിഎഫ് സർക്കാരിനു മുന്നിലെ സുപ്രധാന ഉത്തരവാദിത്തം തന്നെയാണ്. ആ കടമ ഏറ്റെടുത്തു ധീരമായ ചുവടുവയ‌്പുമായി സർക്കാർ മുന്നോട്ടുപോകുന്നതിന്റെ വിളംബരമാണ് ചൊവ്വാഴ്ച മന്ത്രിസഭായോഗത്തിൽ എടുത്ത തീരുമാനങ്ങൾ.  നേരത്തെ തന്നെ കർഷകരുടെ കടങ്ങൾക്ക് പലിശ ഇളവ് ഉൾപ്പെടെയുള്ള നടപടികൾ   സ്വീകരിച്ചിരുന്നു. അതിന്റെ തുടർച്ചയായി, പൊതുമേഖലാ, വാണിജ്യ, സഹകരണ ബാങ്കുകളിൽനിന്ന് കർഷകർ എടുത്തിട്ടുള്ള കാർഷിക വായ്പകളിന്മേലുള്ള ജപ്തിനടപടികൾക്കുള്ള  മൊറട്ടോറിയം ദീർഘിപ്പിക്കാൻ  സർക്കാർ തീരുമാനിച്ചിരിക്കുന്നു. ദീർഘകാല വിളകൾക്ക് പുതുതായി അനുവദിക്കുന്ന വായ്പയുടെ പലിശ ഒമ്പതു ശതമാനംവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിക്കുകയാണ്. 

കാർഷിക കടാശ്വാസത്തിന്റെ മേഖല വിപുലപ്പെടുത്തിയതിനൊപ്പം കടാശ്വാസ കമീഷന്റെ പരിധിയിൽ വാണിജ്യ ബാങ്കുകളെ ഉൾപ്പെടുത്താമോ എന്ന‌് സർക്കാർ പരിശോധിക്കുന്നു. പ്രകൃതിക്ഷോഭംമൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം നൽകാൻ 85 കോടി രൂപയാണ് ഒറ്റയടിക്ക് അനുവദിച്ചത്. രാജ്യത്താകെ നടക്കുന്നതിന‌് വ്യത്യസ്തമായ ചിത്രമാണിത്. കുത്തകകൾക്കും കോർപറേറ്റുകൾക്കും മാത്രം പ്രയോജനപ്പെടുന്ന നവഉദാരവൽക്കരണ നയങ്ങൾക്ക‌് ബദൽ അവതരിപ്പിക്കുകയാണ്‌. ഇതിലൂടെ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ.

അഞ്ചുവർഷംകൊണ്ട് ഒരു സർക്കാരിന‌് സാധാരണ ചെയ്യാൻ കഴിയുന്നതിലുമപ്പുറമാണ് 1000 ദിവസംകൊണ്ട് പിണറായി  സർക്കാർ ചെയ്തത്.  പ്രതികൂല ഘടകങ്ങളുടെ മലവെള്ളപ്പാച്ചിൽ തന്നെ ഉണ്ടായ ഘട്ടത്തിലാണ്, അവയെ മറികടന്ന് കേരളം അഭിമാനകരമായ നേട്ടങ്ങൾ രണ്ടേമുക്കാൽ വർഷക്കാലയളവിൽ കൈവരിച്ചത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതിദുരന്തം, സാമൂഹ്യക്ഷേമ മേഖലകളെ കൈയൊഴിയാൻ നിർബന്ധിക്കുന്ന കേന്ദ്ര സാമ്പത്തികനയം, സംസ്ഥാന താൽപ്പര്യങ്ങളോട് അവഗണന കാട്ടുന്ന കേന്ദ്രസമീപനങ്ങൾ, നോട്ടു നിരോധനം, പ്രകൃതിദുരന്തത്തിന് അർഹമായ സഹായം നിഷേധിക്കൽ, കേരളത്തിന്റെ ന്യായമായ അവകാശങ്ങൾ നിരാകരിക്കൽ തുടങ്ങിയ പ്രതികൂല ഘടകങ്ങൾ ഒന്നുംതന്നെ സർക്കാരിന്റെ പ്രതിബദ്ധതയ്‌ക്കോ വാഗ്ദാനപാലനത്തിനോ തടസ്സമായില്ല.

ഇതരസംസ്ഥാനങ്ങൾക്ക് മാത്രമുള്ളതല്ല ഈ മാതൃക. ആഗോളവൽക്കരണ -ഉദാരവൽക്കരണ നയങ്ങൾക്ക് ബദലില്ല എന്ന ലോക മുതലാളിത്തത്തിന്റെ വാദത്തെ പൊളിച്ചടുക്കുംവിധമുള്ള ഒരു ബദൽ മാതൃക ഉയർത്തിക്കാട്ടുക കൂടിയാണ് ഇതിലൂടെ കേരളം. കാർഷിക മേഖലയിലെ ഈ ഇടപെടൽ തന്നെയാണ് വ്യവസായരംഗത്തും ഇതര മേഖലകളിലും ഉണ്ടാകുന്നത് എന്നത്, സർക്കാരിന്റെ സമഗ്ര കാഴ്ചപ്പാടിനെ സൂചിപ്പിക്കുന്നു. തീർച്ചയായും കേരളത്തിലെ കർഷക ജനതയും കേരളീയരാകെയും അഭിമാനത്തോടെയും ആഹ്ലാദത്തോടെയുമാണ് എൽഡിഎഫ് സർക്കാരിന്റെ കർഷകാനുകൂല നടപടികളെ സ്വീകരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top