മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ദിനമെന്നോണം ശക്തമാകുകയാണ്. തലസ്ഥാന നഗരി ഉൾപ്പെടെ ഒരു ഡസനോളം ഇന്ത്യൻ നഗരങ്ങൾ അക്ഷരാർഥത്തിൽ പ്രക്ഷുബ്ധമാണ്. സമാധാനപരമായി പ്രതിഷേധത്തിൽ അണിചേരുന്ന നേതാക്കളെയും ജനങ്ങളെയും അറസ്‌റ്റുചെയ്യുകയാണ്. വ്യാഴാഴ്‌ച ഇടതുപക്ഷ പാർടികൾ ആഹ്വാനം ചെയ്‌ത പ്രതിഷേധപരിപാടിക്കായി ഡൽഹിയിലെ മണ്ടിഹൗസിൽ എത്തിയവരെയും ചെങ്കോട്ടയ്‌ക്കു സമീപം എത്തിയ ജാമിയ മിലിയയിലെ വിദ്യാർഥികളെയും അറസ്‌റ്റുചെയ്‌തു നീക്കി. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്രയാദവ് എന്നിവരെ ഡൽഹിയിലും ചരിത്രകാരൻ രാമചന്ദ്രഗുഹയെ ബംഗളൂരുവിലും അറസ്‌റ്റുചെയ്യുകയുണ്ടായി.
സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശത്തെപ്പോലും കശക്കിയെറിയുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ഭരണഘടനയെത്തന്നെ പിച്ചിച്ചീന്തുന്നവർ ഇതിലപ്പുറവും ചെയ്യുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. പ്രതിഷേധക്കാർ എത്തുന്നതു തടയാൻവേണ്ടി അവർ സഞ്ചരിക്കുന്ന ബസുകൾ തടഞ്ഞും മെട്രോ സ്‌റ്റേഷനുകൾ അടച്ചിട്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചും ഇന്റർനെറ്റ് തടഞ്ഞും നേരിടാനാണ് പൊലീസ് ശ്രമിച്ചത്. കശ്‌മീരിനും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കുംശേഷം തലസ്ഥാന നഗരിയിലും സർക്കാരിന്റെ ഉത്തരവനുസരിച്ച് സ്വകാര്യ സേവനദാതാക്കൾ ഇന്റർനെറ്റ് സർവീസ് നിർത്തലാക്കിയിരിക്കുകയാണ്. അധികാരത്തിൽ വന്നതിനുശേഷം ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് സേവനം തടഞ്ഞ സർക്കാർ എന്ന ബഹുമതിയും മോഡി സർക്കാരിന് അവകാശപ്പെട്ടതാണ്. അടിയന്തരാവസ്ഥക്കാലത്തുപോലും നടക്കാത്ത സംഭവങ്ങളാണ് രാജ്യത്ത് നടക്കുന്നത്. എന്നാൽ, എല്ലാ അടിച്ചമർത്തലുകളെയും അവഗണിച്ച് ജാതി–-മത ഭേദമില്ലാതെ ആയിരങ്ങൾ പ്രക്ഷോഭത്തിൽ അണിചേരുന്ന കാഴ്‌ചയാണ് കാണുന്നത്. പ്രതിഷേധിക്കുന്നവരെ എല്ലാക്കാലവും നിശ്ശബ്ദമാക്കാനാകില്ലെന്ന പാഠവും ഇതു നൽകുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധക്കൊടുങ്കാറ്റ് ഉയർത്തുന്നതിൽ ഇടതുപക്ഷം വഹിക്കുന്ന പങ്ക് വ്യക്തമാക്കുന്നതുകൂടിയാണ് വ്യാഴാഴ്‌ചത്തെ രാജ്യവ്യാപക പ്രക്ഷോഭം.
പൗരത്വഭേദഗതി ബിൽ പാർലമെന്റ് പാസാക്കുകയും രാഷ്ട്രപതി അതിൽ ഒപ്പുവയ്‌ക്കുകയും ചെയ്‌തതോടെ തന്നെ ഈ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. ആദ്യം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണെങ്കിൽ പിന്നീട് അത് പശ്ചിമബംഗാളിലേക്കും ഡൽഹിയിലേക്കും പടർന്നു. പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യം വിളിച്ചും വിദ്യാർഥികളും യുവാക്കളുമാണ് പ്രധാനമായും പ്രതിഷേധത്തിൽ അണിനിരക്കുന്നത്. ‘ഹിന്ദുത്വ നഹി, ബന്ധുത്വ ചാഹിയേ’ (സാഹോദര്യമാണ് വേണ്ടത് ഹിന്ദുത്വമല്ല) എന്ന മുദ്രാവാക്യമാണ് പ്രധാനമായും ഉയർന്നുകേൾക്കുന്നത്. പ്രധാനമന്ത്രി മോഡിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും അവരെ നിയന്ത്രിക്കുന്ന ആർഎസ്‌എസിനുമെതിരെയാണ് പ്രധാനമായും രോഷം പുകയുന്നത്. ഐഐടികളിലും ഐഐഎമ്മുകളും ഉൾപ്പെടെ രാജ്യത്തെ 50 സർവകലാശാലകളിലെങ്കിലും ഇതിനകം പ്രതിഷേധം ഉയരുകയുണ്ടായി. ബഹുസ്വരതയിലും മതനിരപേക്ഷതയിലും ഊന്നുന്ന ഭരണഘടനയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങൾ സമരത്തിനിറങ്ങിയിട്ടുള്ളത്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലും സഖ്യകക്ഷി ഭരിക്കുന്ന ബിഹാറിലും ആയിരങ്ങളാണ് പ്രക്ഷോഭത്തിൽ അണിനിരക്കുന്നത്.
ഇത് തെളിയിക്കുന്നത് മതനിരപേക്ഷ ഭരണഘടനയെ സംരക്ഷിക്കാൻ ജനങ്ങൾ നിശ്‌ചയദാർഢ്യത്തോടെ ഇറങ്ങിയിരിക്കുന്നുവെന്നതാണ്. ഇന്ത്യയെന്ന ആശയം നിലനിൽക്കണമെങ്കിൽ അംബേദ്‌കറുടെ നേതൃത്വത്തിൽ എഴുതിയുണ്ടാക്കിയ ഭരണഘടനയെ സംരക്ഷിക്കണം. ഇവിടെ ജീവിക്കുന്ന എല്ലാവരുടെയുമാണ് ഇന്ത്യ. അതിനെ ഹിന്ദുത്വരാഷ്ട്രമാക്കി മാറ്റാൻ സംഘപരിവാർ നടത്തുന്ന ശ്രമത്തിന് എതിരാണ് ജനങ്ങളെന്ന പ്രഖ്യാപനമാണ് വർധിച്ചുവരുന്ന പ്രക്ഷോഭം തെളിയിക്കുന്നത്. ജനങ്ങളെ മതത്തിന്റെപേരിൽ ഭിന്നിപ്പിക്കാനുള്ള സംഘപരിവാർ അജൻഡയ്‌ക്കെതിരെ രാജ്യത്തെ ജനങ്ങൾ ഉണർന്നുകഴിഞ്ഞിരിക്കുന്നുവെന്നതിന്റെ പ്രഖ്യാപനമാണ് ഇത്. അത് മുന്നോട്ടുകൊണ്ടുപേകാൻ വിശാലമായ പ്രസ്ഥാനം കെട്ടിപ്പടുക്കണം. അതിനു തയ്യാറാകുമെന്ന സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാക്കുകൾ പ്രതീക്ഷ നൽകുന്നതാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..