09 June Friday

ജനവികാരത്തെ പിഴുതെറിയാനാകില്ല

വെബ് ഡെസ്‌ക്‌Updated: Thursday Jan 6, 2022


കേരളത്തിന്റെ സമഗ്രമാറ്റത്തിന്‌ വഴിയൊരുക്കുന്ന സിൽവർ ലൈൻ അർധ അതിവേഗ പദ്ധതിക്ക്‌ ഭൂമി വിട്ടുകൊടുക്കുന്നവർക്കുള്ള നഷ്‌ടപരിഹാര പാക്കേജ്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്‌ തിരുവനന്തപുരത്ത്‌ ജിമ്മി ജോർജ്‌ സ്റ്റേഡിയത്തിൽ വിളിച്ചുചേർത്ത ‘ജനസമക്ഷം സിൽവർ ലൈൻ’ പരിപാടിയിലാണ്‌. ഇന്ത്യയിൽ ഒരിടത്തും പശ്ചാത്തലവികസന പദ്ധതിയുടെ ഭാഗമായി ഇത്രയും മെച്ചപ്പെട്ട പാക്കേജ്‌ പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെന്ന്‌ ഈ മേഖലയിലെ വിദഗ്‌ധർ ഇതിനകം പ്രതികരിച്ചിട്ടുണ്ട്‌. പദ്ധതിമൂലം ഭൂമി നഷ്‌ടപ്പെടാൻ പോകുന്ന ഒരാൾപോലും ഈ പാക്കേജിനെതിരെ രംഗത്തുവന്നിട്ടുമില്ല.

തികച്ചും സുതാര്യമായും ജനാധിപത്യപരവുമായാണ്‌ സിൽവർ ലൈനിന്റെ ഓരോ നടപടിക്രമവും മുന്നോട്ടുപോകുന്നത്‌.  ഒരു പൊതുവേദിയിൽ വച്ചുള്ള പാക്കേജ്‌ പ്രഖ്യാപനവും അങ്ങനെതന്നെ. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന നേതൃസ്ഥാനീയർ  ഈ പാക്കേജിനെ ആ യോഗത്തിൽ പ്രകീർത്തിച്ചിരുന്നു. തുടർന്ന്‌, വിവിധ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളും പ്രതികരണങ്ങളും പൊതുവിൽ ഈ പാക്കേജിനെ അഭിനന്ദിക്കുന്ന തരത്തിലാണ്‌.  ഭൂവുടമകളുടെ പൂർണ സഹകരണത്തോടെയാകും ഭൂമി ഏറ്റെടുക്കുക, പുനരധിവാസത്തിന്‌ 1730 കോടി രൂപയും വീടുകളുടെ നഷ്‌ടപരിഹാരത്തിന്‌ 4460 കോടി രൂപയും നീക്കിവച്ചിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തീർച്ചയായും ഭൂമി വിട്ടുകൊടുക്കുന്നവരുടെ ആശങ്ക ദൂരീകരിക്കുന്നതാണെന്നതിൽ തർക്കമില്ല. പദ്ധതി പാളംതെറ്റരുതെന്ന്‌ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന്‌  മനുഷ്യരിൽ ആത്മവിശ്വാസം വളർത്തിയിരിക്കുന്നു ഈ പ്രഖ്യാപനം.

‌അതേസമയം, പ്രതിപക്ഷത്തിന്‌ വിശിഷ്യ കോൺഗ്രസിനും ആ പാർടിക്ക്‌ എക്കാലവും ആശയപരമായ പിന്തുണ നൽകുന്ന മുഖ്യധാരാ മാധ്യമങ്ങൾക്കും ഈ പദ്ധതിയെ അട്ടിമറിക്കാനാണ്‌ വ്യഗ്രത.  സിപിഐ എം വിരുദ്ധരായ അരാഷ്‌ട്രീയ ബുദ്ധിജീവികളും ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും ബിജെപിയുമെല്ലാം  സർക്കാർവിരുദ്ധ മഴവിൽ സഖ്യത്തിന്റെ ഭാഗം. പദ്ധതിയെ എതിർക്കുന്നത്‌ വികസനവിരുദ്ധർ എന്ന മുദ്രചാർത്തപ്പെടാൻ ഇടയാക്കുമെന്ന ആശങ്ക മുസ്ലിംലീഗ്‌ അടക്കമുള്ള  യുഡിഎഫിലെ ചില ഘടകകക്ഷികൾക്കെങ്കിലുമുണ്ട്‌ എന്നതാണ്‌ യാഥാർഥ്യം. കേരളത്തിനാകെയും പ്രത്യേകിച്ച്‌ വടക്കൻ കേരളത്തിനും  പ്രയോജനപ്പെടുന്ന പദ്ധതിക്ക്‌ തുരങ്കംവയ്‌ക്കുന്നത്‌ ജനങ്ങളിൽനിന്ന്‌ ഒറ്റപ്പെടാൻ ഇടയാക്കുമെന്ന ഭയമുണ്ട്‌ ഇക്കൂട്ടർക്ക്‌. എന്നാൽ,  കെപിസിസി പ്രസിഡന്റ്‌ ഈ പദ്ധതിയോട്‌ പ്രതികരിച്ചത് ഇങ്ങനെയാണ്‌:  ‘കെ–-റെയിലിൽ സർക്കാർ വാശി കാണിച്ചാൽ യുദ്ധസന്നാഹത്തോടെ എതിർക്കും. സിൽവർ ലൈനിനായി സ്ഥാപിച്ച കല്ലുകൾ പിഴുതെറിയും. മുഖ്യമന്ത്രിക്കു വേണമെങ്കിൽ ക്രമസമാധാനത്തകർച്ച ക്ഷണിച്ചുവരുത്താം.’

രാജ്യവും സംസ്ഥാനവും ദീർഘകാലം ഭരിച്ച ഒരു പാർടിയുടെ സംസ്ഥാന അധ്യക്ഷനിൽനിന്നാണ്‌ ഇത്രയും നിരുത്തരവാദപരമായ ജൽപ്പനം. നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പേ പരാജയപ്പെട്ടതിന്റെ ആഘാതത്തിൽനിന്ന്‌ കോൺഗ്രസ്‌ നേതാക്കൾ ഇനിയും മുക്തരായിട്ടില്ലെന്നാണ്‌ ധിക്കാരപരമായ ഈ പ്രസ്‌താവന കാണിക്കുന്നത്‌. നേതാക്കളുടെ തമ്മിലടിമൂലം വലഞ്ഞ കോൺഗ്രസിന്‌  ഇനിയൊരു തിരിച്ചുവരവിന്‌ സാധ്യതയില്ലെന്ന തിരിച്ചറിവും അസഹിഷ്‌ണുത നിറഞ്ഞ ഈ പ്രസ്‌താവനയിൽ പ്രതിഫലിക്കുന്നുണ്ട്‌.  പാർലമെന്റെിലും കെ–- റെയിലിന്‌ എതിരെ കെ സുധാകരൻ പ്രസംഗിച്ചു. കോൺഗ്രസിന്‌ ജനങ്ങളുടെ വികാരം മനസ്സിലാക്കാൻ കഴിയുന്നില്ലെന്നാണ്‌ ‘കല്ലുകൾ പിഴുതെറിയു’മെന്ന ഭീഷണിയിൽനിന്ന്‌ ഓരോ മലയാളിക്കും മനസ്സിലാക്കാൻ സാധിക്കുന്നത്‌.  വികസനകാംക്ഷികളോടുള്ള  യുദ്ധപ്രഖ്യാപനമായി വേണം ഇതിനെ കാണാൻ. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച്‌ ക്രിയാത്മകമായ ഒരു വിമർശമെങ്കിലും  ഉന്നയിക്കുന്നതിൽ കോൺഗ്രസ്‌ പരാജയപ്പെട്ടു. അതിൽ നിന്നുളവായ നിരാശയുടെ ഉൽപ്പന്നമാണിത്‌. ഇതുവഴി കോൺഗ്രസിന്റെ കല്ലുകളാണ് യഥാർഥത്തിൽ ഇളകാൻ പോകുന്നത്‌.

കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഈ പദ്ധതി സാക്ഷാൽക്കരിച്ചു കാണണമെന്ന്‌ ആഗ്രഹിക്കുന്നു. സിൽവർ ലൈൻ ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച പശ്ചാത്തല സൗകര്യമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന്‌ എൽഡിഎഫ്‌ പ്രഖ്യാപിച്ചതാണ്‌.  അതുകൊണ്ടുതന്നെയാണ്‌ ഇതെല്ലാമുൾപ്പെടുത്തിയ പ്രകടനപത്രികയുമായി വോട്ടർമാരെ സമീപിച്ച എൽഡിഎഫിനെ 99 സീറ്റിൽ കേരളജനത വിജയിപ്പിച്ചത്‌. കാലത്തിന്റെ  ചുവരെഴുത്ത്‌ വായിക്കാൻ ഇനിയെങ്കിലും കോൺഗ്രസ്‌ നേതൃത്വം തയാറാവണം. അല്ലാത്തപക്ഷം പക്ഷം അവർ ജനങ്ങളിൽ നിന്ന്‌ കൂടുതൽ ഒറ്റപ്പെടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top