04 October Wednesday

പരീക്ഷാഫല വിവാദം എസ്‌എഫ്‌ഐക്കെതിരായ ഗൂഢാലോചന

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023


കേരളത്തിലെ വിദ്യാർഥികൾ നെഞ്ചേറ്റിയ എസ്‌എഫ്‌ഐക്കെതിരെ ഗൂഢാലോചനയുമായി വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും വീണ്ടും രംഗത്ത്‌. എസ്‌എഫ്‌ഐ മുന്നോട്ടുവയ്‌ക്കുന്ന ജനാധിപത്യ, പുരോഗമന വിദ്യാഭ്യാസ കാഴ്‌ചപ്പാടുകളെ രാഷ്ട്രീയമായി പ്രതിരോധിക്കാനാകാതെ അപവാദങ്ങളും നുണപ്രചാരണങ്ങളും നടത്തുകയാണ്‌ ഇവർ. പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിനെതിരെ ചില കേന്ദ്രങ്ങൾ ആസൂത്രിതമായി സൃഷ്ടിക്കുന്ന വ്യാജവാർത്തകളുടെ സത്യാവസ്ഥ അറിയാതെ അപവാദപ്രചാരണം ഏറ്റെടുക്കുകയാണ്‌ ഒരു വിഭാഗം മാധ്യമങ്ങൾ.  ഇതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളും സ്ഥാപിത താൽപ്പര്യങ്ങളുമുണ്ട്‌. മനോരമയും അവരുടെ സൃഷ്ടിയായ കെഎസ്‌യുവും അരനൂറ്റാണ്ടായി നേതാക്കളെയും പ്രവർത്തകരെയും കൊലപ്പെടുത്തിയും വ്യാജവാർത്തകൾ സൃഷ്ടിച്ചും എസ്‌എഫ്‌ഐയെ ഇല്ലാതാക്കാൻ  ശ്രമിച്ചു. എന്നാൽ, എല്ലാ വെല്ലുവിളികളെയും അതിജീവിച്ചും കേരളത്തിലെ വിദ്യാർഥികളുടെ ഏക സംഘടനയായി ക്യാമ്പസുകളിൽ എസ്‌എഫ്‌ഐ മാറി.

തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ വേദികളെല്ലാം എസ്‌എഫ്‌ഐയുടെ നിയന്ത്രണത്തിലാണ്‌.  കെഎസ്‌യു, എംഎസ്‌എഫ്‌, എബിവിപി, മറ്റ്‌ പിന്തിരിപ്പൻ വർഗീയ സംഘടനകളും ഒരേ കുടക്കീഴിൽ അണിനിരന്നിട്ടും  ഈ വിപ്ലവ വിദ്യാർഥി സംഘടനയെ പരാജയപ്പെടുത്താൻ സാധിച്ചിട്ടില്ല.  
എഴുതാത്ത പരീക്ഷ പാസായെന്ന രേഖ ചമച്ചാണ്‌ എറണാകുളം മഹാരാജാസ്‌ കോളേജിലെ പിജി വിദ്യാർഥിയായ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ് ക്കെതിരെ ഇപ്പോൾ വിവാദം സൃഷ്ടിച്ചത്‌.  ഇതിനുപിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന്‌ വ്യക്തമാകുകയാണ്‌. രജിസ്റ്റർ ചെയ്യുകയോ ഫീസ്‌ അടയ്‌ക്കുകയോ ചെയ്യാത്ത പരീക്ഷ പാസായെന്നാണ്‌ ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഫലത്തിലുള്ളത്‌. മാർച്ചിൽ ഫലം വന്നപ്പോൾ മാർക്കിന്റെ സ്ഥാനത്ത്‌ പൂജ്യമെന്ന്‌ രേഖപ്പെടുത്തിയശേഷം ‘പാസ്‌ഡ്‌’ എന്ന്‌ രേഖപ്പെടുത്തിയത്‌ ബോധപൂർവമാണ്‌. ഫലം പ്രസിദ്ധീകരിച്ച എൻഐസിയുടെ സോഫ്‌റ്റ്‌വെയറിലെ പിഴവാണെന്നാണ്‌ കോളേജ്‌ അധികൃതർ വിശദീകരിച്ചത്‌. എന്നാൽ, മൂവായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന കോളേജിൽ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെമാത്രം കാര്യത്തിൽ സാങ്കേതിക പ്രശ്നം ഉണ്ടാകുക, അത് കെഎസ്‌യു പ്രവർത്തകർക്കുമാത്രം കിട്ടുക, അവർ വഴി മാധ്യമങ്ങൾക്ക്‌ നൽകി വിവാദമുണ്ടാക്കുക, ഇതെല്ലാം സ്വാഭാവികമാണെന്ന്‌ വിശ്വസിക്കുക അത്ര എളുപ്പമല്ല. കെഎസ്‌യു നേതാവായ വിദ്യാർഥിനിയെ റീവാല്യുവേഷനിലുടെ വിജയിപ്പിച്ചതിൽ  ഒരു ഡിപ്പാർട്ട്‌മെന്റ് കോ–-ഓർഡിനേറ്ററുടെ ഇടപെടലിനെപ്പറ്റി അന്വേഷിക്കാൻ കോളേജ് യൂണിയനും വിദ്യാർഥികളും നൽകിയ പരാതി പൂഴ്‌ത്തിവച്ചപ്പോഴും പരാതി കൊടുത്ത വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയപ്പോഴും അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട്‌ ആർഷോ ഒന്നിലധികം തവണ ഇടപെട്ടിരുന്നു.

അന്വേഷണത്തിനുശേഷം ഡിപ്പാർട്ട്‌മെന്റ് കോ–-ഓർഡിനേറ്ററെ സ്ഥാനത്തുനിന്ന്‌ നീക്കിയിരുന്നു. ഇതും ഇപ്പോഴത്തെ  വിവാദവും തമ്മിൽ ബന്ധമുണ്ടോയെന്ന്‌ പരിശോധിക്കേണ്ടതാണ്‌.  അതുമാത്രമല്ല,  കാഞ്ഞിരപ്പള്ളി രൂപതയ്ക്കുകീഴിലുള്ള അമൽജ്യോതി എൻജിനിയറിങ്‌ കോളേജിലെ രണ്ടാംവർഷ ഫുഡ് ടെക്‌നോളജി വിദ്യാർഥിയായിരുന്ന ശ്രദ്ധ സതീഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ കോളേജിൽ എസ്‌എഫ്‌ഐ സമരത്തിന്‌ നേതൃത്വം നൽകുന്ന ഘട്ടത്തിലാണ്‌ വിവാദം ഉയർത്തിക്കൊണ്ടുവന്നത്‌ എന്നതും ശ്രദ്ധേയമാണ്‌.

വിദ്യാർഥി സംഘടനാരാഷ്ട്രീയം നിരോധിച്ചശേഷം വിദ്യാർഥികളോട് ക്യാമ്പസിലും ഹോസ്റ്റലിലും കടുത്ത മനുഷ്യാവകാശലംഘനം നടത്തുന്ന സ്വാശ്രയ മാനേജ്‌മെന്റുകൾക്ക്‌ കുടപിടിക്കുകയാണ്‌ യുഡിഎഫും മാധ്യമങ്ങളും. ശ്രദ്ധയുടെ മരണത്തിനിടയാക്കിയ സംഭവങ്ങൾ അമൽ ജ്യോതി എൻജിനിയറിങ്‌ കോളേജിൽമാത്രം ഒതുങ്ങുന്ന പ്രശ്‌നമല്ല.​ അമൽജ്യോതി കോളേജിനെപ്പോലുള്ള നിരവധി ക്യാമ്പസുകൾ കേരളത്തിലുണ്ട്‌. ഒരു ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ എന്ന രീതിയിൽത്തന്നെയാണ് ശ്രദ്ധയുടെ മരണത്തെ കാണേണ്ടത്‌. ക്യാമ്പസുകളെ അരാഷ്ട്രീയമാക്കി ഒറ്റതിരിച്ചുനിർത്തുന്നതിന്റെ ദുരന്തംകൂടിയാണ് ശ്രദ്ധയുടെ മരണം. ഇത്തരം ക്യാമ്പസുകൾക്കെതിരെ ഉയർന്നുവരുന്ന വിദ്യാർഥി പ്രതിഷേധത്തിൽനിന്ന്‌ ശ്രദ്ധതിരിച്ചുവിടാനുള്ള ബോധപൂർവമായ ശ്രമമാണ്‌ ഇപ്പോൾ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്‌.  എല്ലാ ക്യാമ്പസുകളിലും രാഷ്ട്രീയം അനുവദിച്ചാൽ അത്‌ പഠനാന്തരീക്ഷം വിദ്യാർഥി സൗഹൃദപരമാക്കുന്നതിനെക്കുറിച്ച്​ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്ന എസ്‌എഫ്‌ഐക്ക്‌ അനുകൂലമാകുമെന്ന തിരിച്ചറിവാണ്‌ വിവാദം സൃഷ്ടിക്കാൻ യുഡിഎഫിനെ പ്രേരിപ്പിക്കുന്നത്‌.  മഹാരാജാസ്‌ കോളേജിലെ പരീക്ഷാഫലത്തിലെ പിഴവിന്റെ പേരിൽ എസ്‌എഫ്‌ഐയെയും സിപിഐ എമ്മിനെയും കരിവാരിത്തേക്കാനുള്ള നീക്കത്തിനു പിന്നിൽ രാഷ്‌ട്രീയ പകപോക്കൽ മാത്രമാണ്‌. തെറ്റായ നടപടി എത്ര ഉന്നതൻ ചെയ്താലും അതിനെ പ്രോത്സാഹിപ്പിക്കുന്ന സമീപനമല്ല എസ്‌എഫ്‌ഐക്കുള്ളത്‌. സംഘടനയുടെ പേരിൽ ആരെങ്കിലും കുറ്റം ചെയ്‌തിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി സ്വീകരിച്ച ചരിത്രമാണ്‌ സംഘടനയ്‌ക്കുള്ളത്‌. അതുകൊണ്ടുതന്നെയാണ്‌ പരീക്ഷാഫലത്തിലെ പിഴവിനെപ്പറ്റിയും ഇതിനുപിന്നിലെ ഗൂഢാലോചനയെപ്പറ്റിയും സമഗ്രമായി അന്വേഷിക്കണമെന്ന്‌ പി എം ആർഷോ ആവശ്യപ്പെട്ടതും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top