23 March Thursday

സംതൃപ്തമാകട്ടെ തീർഥാടനകാലം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 13, 2022


ശബരിമലയിൽ തീർഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ദർശനം ഉറപ്പുവരുത്താനുള്ള സുപ്രധാന തീരുമാനങ്ങളാണ് സംസ്ഥാന സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും നേതൃത്വത്തിൽ കെെക്കൊണ്ടിട്ടുള്ളത്. കോവിഡ് സാഹചര്യത്തിൽ രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഭക്തരുടെ അണിമുറിയാത്ത ഒഴുക്ക് ശബരിമലയിലേക്ക്‌ ഉണ്ടാകുന്നത്. ഈ മണ്ഡലകാലത്ത് തുടക്കംമുതൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും സമീപ ദിവസങ്ങളിലാണ് പ്രതിദിന തീർഥാടകരുടെ എണ്ണം ലക്ഷം കടന്നത്. ഈ അസാധാരണ സാഹചര്യം സ്വാഭാവികമായും ചില പ്രശ്നങ്ങൾക്ക് വഴിവച്ചു. മരക്കൂട്ടത്ത് തിരക്കിൽപ്പെട്ട് ഏതാനും തീർഥാടകർക്ക് പരിക്കേറ്റു. തിരക്ക് നിയന്ത്രിക്കാനുള്ള പ്രായോഗിക നടപടികൾ അടിയന്തരമായി സ്വീകരിക്കേണ്ടത് അനിവാര്യമായിവന്നു.

ഈ പശ്ചാത്തലത്തിലാണ് ശബരിമലയുമായി ബന്ധപ്പെട്ട ഹെെക്കോടതി ഡിവിഷൻ ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തി ചില നിർദേശങ്ങൾ മുന്നോട്ടുവച്ചത്. സർക്കാരിനും ദേവസ്വം ബോർഡിനും ഇക്കാര്യത്തിലുള്ള തുറന്ന മനസ്സാണ് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിന്റെ തീരുമാനങ്ങളിൽ പ്രതിഫലിക്കുന്നത്. മുഴുവൻ ഭക്തർക്കും ദർശനം; കുട്ടികൾക്കും മുതിർന്ന സ്‌ത്രീ–- പുരുഷൻമാർക്കും സാധ്യമാകുന്ന പ്രത്യേക പരിഗണന ഇതായിരുന്നു യോഗ തീരുമാനങ്ങളുടെ കാതൽ. ദർശനസമയം ഒരു മണിക്കൂർ വർധിപ്പിക്കാനുള്ള തീരുമാനം ഉടൻ പ്രാബല്യത്തിലായി. ഇതോടെ പ്രതിദിന ദർശനസമയം 19 മണിക്കൂറായി. പുലർച്ചെ മൂന്നിന്‌ നട തുറന്നാൽ ഉച്ചയ്‌ക്ക് ഒന്നരമണിക്കൂർ ഇടവേള ഒഴികെ രാത്രി 11.30 വരെ ദർശന സൗകര്യമണ്ട്. ഓൺലെെൻ, തൽസമയ ബുക്കിങ്ങുകൾവഴി സന്നിധാനത്ത് എത്തുന്നവരുടെ എണ്ണം ദിവസം 90,000 ആയി പരിമിതപ്പെടുത്തുകയും ചെയ്തു. നേരത്തേ വെർച്വൽ ബുക്കിങ് തന്നെ ലക്ഷം കടന്ന ഘട്ടങ്ങൾ ഉണ്ടായി. തൽസമയ രജിസ്ട്രേഷൻ ഇതിനു പുറമേയാണ്. ഇതാണ് കാത്തിരിപ്പ് 12 മണിക്കൂറിലധികമാക്കിയത്.

പുതിയ ക്രമീകരണം നടപ്പാകുന്നതോടെ പമ്പയിൽനിന്ന് സന്നിധാനത്തിലെത്തി ദർശനം നടത്തി മടങ്ങാൻ പരമാവധി ഏഴു മണിക്കൂർ മതിയാകും. അഭിഷേകസമയം കുറച്ചതുൾപ്പെടെ സന്നിധാനത്ത് ഭക്തർ കൂടുതൽ സമയം തങ്ങുന്നത് ഒഴിവാക്കാനുള്ള ക്രമീകരണവും ഏർപ്പെടുത്തും. 18–-ാം പടിയിലും സോപാനത്തും നിയുക്തരായ പൊലീസുകാർക്ക് കാര്യക്ഷമമായ പ്രവർത്തനത്തിന് പുതിയ ക്രമീകരണം സഹായകമാകും. ജില്ലാ ഭരണകേന്ദ്രവും പൊലീസും ദേവസ്വം സംവിധാനങ്ങളും തമ്മിലുള്ള ഏകോപനം കൂടുതൽ ഫലപ്രദമാക്കും. പാർക്കിങ് സൗകര്യത്തിന്റെ അപര്യാപ്തതയാണ് തിരക്കിന് മറ്റൊരു കാരണം. നിലയ്ക്കലിൽ 4000 വാഹനം പാർക്ക് ചെയ്യാൻ സൗകര്യമുള്ളപ്പോൾ ഇരട്ടിയിലേറെ വാഹനങ്ങളാണ് ഇപ്പോൾ എത്തുന്നത്. പാർക്കിങ് സൗകര്യം ഗണ്യമായി വർധിപ്പിക്കാൻ ദേവസ്വം ബോർഡിനോടും ജില്ലാ ഭരണാധികാരികളോടും മുഖ്യമന്ത്രി നിർദേശിച്ചു. 17 മൈതാനത്തിലായി 6500 വാഹനത്തിന്‌ പാർക്കിങ് സൗകര്യമുണ്ടാക്കും. ദേവസ്വം മന്ത്രി പങ്കെടുത്ത് ആഴ്ചയിലൊരിക്കൽ ഉന്നതതല യോഗം ചേരാനുള്ള തീരുമാനം പ്രശ്നങ്ങൾ താമസംവിനാ പരിഹരിക്കുന്നതിന് സഹായകമാകും.


 

ശുചീകരണമാണ് ശബരിമല നേരിടുന്ന മറ്റൊരു പ്രശ്നം. വിവിധ ഏജൻസികൾ ഇക്കാര്യത്തിൽ കൂടുതൽ സഹകരണത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്. ശബരിമല, പമ്പ, നിലയ്‌ക്കൽ, വിവിധ ഇടത്താവളങ്ങൾ എന്നിവിടങ്ങൾ ശുചിയായി സൂക്ഷിക്കുന്നതിൽ തീർഥാടകരും ശ്രദ്ധിക്കണം. പ്ലാസ്റ്റിക്കും മാലിന്യങ്ങളും വലിച്ചെറിയുന്നത് ഒഴിവാക്കണം.

എല്ലാ ഭക്തർക്കും പ്രസാദം ലഭ്യമാക്കുമെന്ന് ദേവസ്വം പ്രസിഡന്റ്‌ വ്യക്തമാക്കിയിട്ടുണ്ട്. തീർഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വഴിയിൽ പൊലീസിന്റെ ബെെക്ക് പട്രോളിങ്, ഗതാഗതക്കുരുക്കിൽപ്പെടുന്നവർക്ക് ലഘുഭക്ഷണം തുടങ്ങിയ ആവശ്യങ്ങളും പരിഗണന അർഹിക്കുന്നതാണ്. താമസ സൗകര്യവും വിപുലപ്പെടുത്തേണ്ടതുണ്ട്. മുഴുവൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും ശബരിമല തീർഥാടകരുടെ എണ്ണം വർഷംപ്രതി വർധിച്ചുവരുമ്പോഴും ഗതാഗതസൗകര്യം വിപുലപ്പെടുന്നില്ല. ശബരി പാതയുടെ കാര്യത്തിൽ റെയിൽവേയും കേന്ദ്രസർക്കാരും ക്രിയാത്മകമായി പ്രതികരിക്കുന്നില്ല. കൂടുതൽ പ്രത്യേക ട്രെയിനുകൾ അനുവദിക്കാനോ നിരക്കുകുറയ്‌ക്കാനോ റെയിൽവേ തയ്യാറല്ല. ഇത്തരത്തിൽ അയ്യപ്പഭക്തരോട് കേന്ദ്ര സംവിധാനങ്ങൾ മുഖംതിരിക്കുമ്പോഴും സംസ്ഥാന സർക്കാർ അവർക്ക് പരമാവധി സൗകര്യം ചെയ്തുകൊടുക്കുകയാണ്.

കെഎസ്ആർടിസിയുടെ സേവനങ്ങൾ ഇവിടെ എടുത്തുപറയേണ്ടതാണ്. നിലയ്‌ക്കലിൽനിന്ന് പമ്പയിലേക്കും തിരിച്ചും കൂടുതൽ സർവീസുകൾ കെഎസ്ആർടിസി ആരംഭിച്ചു. ഭക്തർക്ക് സംതൃപ്തമായ ഒരു തീർഥാടനകാലം, അതാണ് സർക്കാർ ലക്ഷ്യമാക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top