05 July Tuesday

പെരുംനുണ പ്രചരിപ്പിക്കുന്ന സംഘപരിവാർ

വെബ് ഡെസ്‌ക്‌Updated: Saturday Nov 3, 2018


ശബരിമലയിൽ ചോര ചിന്തിയെങ്കിലും കുഴപ്പം ഉണ്ടാക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു എന്ന് സംഘപരിവാറിനോട് ചേർന്നുനിൽക്കുന്ന രാഹുൽ ഈശ്വർ വെളിപ്പെടുത്തിയിട്ടുണ്ട്.  സുപ്രീംകോടതിവിധി നടപ്പാക്കുന്നതിനെതിരെ തെരുവിലിറങ്ങി അക്രമപ്പേക്കൂത്താടാനും ശബരിമലയെ കലാപഭൂമിയാക്കാനും ശ്രമിച്ചത് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്റെ സ്ഥാനമുറപ്പിക്കാനുള്ള സൂത്രവിദ്യയായി ചിത്രീകരിക്കുന്നവരുമുണ്ട്. എന്നാൽ, ഇന്നലെ വരെ ഉണ്ടായ നിലപാടിൽനിന്ന് കരണംമറിഞ്ഞ‌് ആർഎസ‌്എസ് ശബരിമലയിൽ ചാടി  വീണത്, അതിന്റെ തൊണ്ണൂറിലേറെ വർഷം നീളുന്ന ചരിത്രത്തിൽ ഇതുവരെ സാധിക്കാത്ത ഒരു കാര്യം നേടാം എന്ന വ്യാമോഹത്തോടെയാണ്. കേരളം എന്ന മതനിരപേക്ഷ ഭൂമിയിൽ വർഗീയതയുടെയും വിദ്വേഷത്തിന്റെയും കൃഷി നടത്തി വിളവുകൊയ്യാമെന്ന അതിമോഹമാണവരെ  നയിക്കുന്നത്. തുലാമാസപൂജയുടെ അഞ്ചുദിവസം ശബരിമല കലാപക്കളമാക്കാൻ   കഴിയാത്തതിൽ അവർ നിരാശരാണ്. പൊലീസിന്റെ  ജാഗ്രതയും സംയമനവും അക്രമികളെ കൃത്യമായ തെളിവുകളോടെ പിടികൂടുന്ന അനുഭവവും അവർക്ക‌് വല്ലാതെ അലോസരമുണ്ടാക്കുന്നു. അത് തരണംചെയ്യാനുള്ള വെപ്രാളമാണ്, വെള്ളിയാഴ്ച പത്തനംതിട്ട ജില്ലയിൽ ഹർത്താൽ നടത്തി അവർ പ്രകടിപ്പിച്ചത്.

ബിജെപി രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാർടിയാണ‌്. ഏതു രാഷ്ട്രീയ പാർടിക്കും ജനങ്ങളോട് ഉത്തരവാദിത്തമുണ്ട്. കുറഞ്ഞ അളവിൽ സത്യസന്ധതയും മര്യാദയും കാണിച്ചെങ്കിലും ബിജെപി ആ ഉത്തരവാദിത്തം നിർവഹിക്കും എന്ന് കരുതിയ ശുദ്ധാത്മാക്കളുണ്ടെങ്കിൽ അവരെയും നൈരാശ്യത്തിന്റെ പടുകുഴിയിൽ തള്ളുന്ന പ്രകടനമാണ് ആ പാർടിയിൽനിന്ന് കഴിഞ്ഞ ദിവസം ഉണ്ടായത്. യുക്തിബോധത്തിന്റെ കണികയെങ്കിലും ഉള്ളവർക്ക് ഒറ്റ നോട്ടത്തിൽ നെറ്റി ചുളിക്കാവുന്ന ഒരു കള്ളപ്രചാരണമാണ് ഹർത്താലിനാധാരമായി അവർ നടത്തിയത്.  കാണാതായ പന്തളം സ്വദേശി ശിവദാസന്റെ മൃതദേഹം ളാഹയിൽ കണ്ടെത്തിയപ്പോൾ, ശബരിമലയിൽ തീർഥാടനത്തിനെത്തിയ ശിവദാസൻ പൊലീസ്‌ നടപടിയിൽ കൊല്ലപ്പെട്ടതാണെന്ന നുണയുമായാണ് ബിജെപിയും അതുൾപ്പെടുന്ന സംഘപരിവാറും രംഗത്തുവന്നത്. 

സർക്കാർ അയ്യപ്പഭക്തരെ കൊന്നൊടുക്കുകയാണെന്നു പറയാൻപോലും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ പി എസ്‌ ശ്രീധരൻപിള്ള തയ്യാറായി.   ഒക്ടോബർ  16, 17 തീയതികളിലാണ് പൊലീസ് നടപടിയുണ്ടായത്.  18 മുതലാണ് ശിവദാസനെ കാണാതായതെന്ന‌്  ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാണ്.  19ന് അദ്ദേഹം വീട്ടിലേക്ക് വിളിച്ചതായും മകൻ  മൊഴി നൽകുന്നു.  പത്തനംതിട്ട‐നിലയ‌്ക്കൽ റോഡിൽ  നിലയ‌്ക്കലിൽനിന്ന‌് 16 കിലോമീറ്റർ അകലെ ളാഹയിൽനിന്നാണ്‌ മൃതദേഹം കണ്ടെത്തിയത്‌. അക്രമികൾക്കെതിരെ പൊലീസ് നടപടിയുണ്ടായത്   നിലയ‌്ക്കൽ–- പമ്പ റോഡിലാണ്. മരിച്ചയാളുടെ ഇരുചക്രവാഹനവും മൃതദേഹം ലഭിച്ച സ്ഥലത്തുനിന്ന്‌ കണ്ടെടുത്തു.

ഒരുതരത്തിലും ബന്ധമില്ലാത്ത ഒരു സംഭവം, അയ്യപ്പഭക്തനെ പൊലീസ് കൊന്നു എന്ന നിലയിൽ പ്രചരിപ്പിക്കുകയും അത് വച്ച് ഒരു ജില്ലയിലെ ജനങ്ങളുടെ ജീവിതം സ്തംഭിപ്പിക്കുകയും എന്ന ഹീനകുത്യമാണ്, ലജ്ജയില്ലാതെ ബിജെപി ചെയ‌്തത‌്.  ഇതൊന്നും കേരളത്തിലെ ജനങ്ങൾ വിശ്വസിക്കില്ല എന്ന് അവർക്കു നന്നായറിയാം. എന്നാൽ, മെനഞ്ഞെടുത്ത ആ കഥ സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി പ്രചരിപ്പിച്ച‌്  കേരളത്തിലെ മാർക്സിസ്റ്റ്  സർക്കാർ അയ്യപ്പഭക്തരെ കൊന്നൊടുക്കുകയാണ് എന്ന പെരുംനുണ  ലോകത്തിനു മുന്നിലേക്ക് എറിഞ്ഞുകൊടുക്കുക, അതിന്റെ അനാഥമായ ആവർത്തനത്തിലൂടെ കേരളത്തെ കുറിച്ച് വ്യാജചിത്രം സൃഷ്ടിക്കുക എന്നതാണ് പദ്ധതി. തങ്ങളുടെ നിഗൂഢ രാഷ്ട്രീയദുർമോഹങ്ങൾ സാധ്യമാക്കാനുള്ള പരിസരം അങ്ങനെ ഒരുക്കാം എന്ന ചിന്തയാണ് അവരെ നയിക്കുന്നത്. 

ഇത്തരം വ്യാജ പ്രചാരണങ്ങൾ സംഘപരിവാർ നടത്തുന്നത് ആദ്യമല്ല. ഫുടബോൾ മത്സരത്തിൽ ജയിച്ചതിന്റെ  ആഹ്ലാദപ്രകടന ദൃശ്യം ആർഎസ്എസുകാരൻ കൊല്ലപ്പെട്ടതിലുള്ള ആഹ്ലാദപ്രകടനമാണ് എന്ന് പറഞ്ഞു നാട്ടിലാകെ പ്രചരിപ്പിച്ചത് ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷനാണ്. ലോകത്തിന്റെ ഏതോ കോണിൽ ചത്തു കിടക്കുന്ന പശുക്കളുടെ ചിത്രംവച്ച് കേരളത്തിലെ ഗോഹത്യ എന്ന് പ്രചരിപ്പിച്ചത് അതേ ബിജെപിയുടെ മറ്റൊരു നേതാവാണ്. ആ നേതാവുമുണ്ട്, ഇപ്പോൾ ശബരിമലയിൽ പൊലീസ‌് ആളെ കൊന്നു എന്ന നുണയുടെ പ്രചാരണത്തിന്റെ മുൻപന്തിയിൽ.

എന്തും ചെയ്യാനും പറയാനും മടിയില്ലാത്ത സംഘമായി ആർഎസ്എസ് അഴിഞ്ഞാടുകയാണ്.  ശിവദാസന്റെ മരണം ഉപയോഗിച്ച്‌  നുണപ്രചാരണത്തിലൂടെ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിതശ്രമം   എല്ലാ തെളിവുകളോടെയും പുറത്തുവന്നിട്ടും അതിൽനിന്ന് പിന്മാറാനോ ഖേദം പ്രകടിപ്പിക്കാനോ അവർ തയ്യാറാകുന്നില്ല എന്നതിലുണ്ട്, ആ സംഘത്തിന്റെ വ്യാജമുഖം അത്രയും. അപകടകരമായ കളിയാണ് നടക്കുന്നത്. വിശ്വാസത്തെ ആയുധമാക്കി നിരപരാധികളുടെ ചോര വീഴ‌്ത്തി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ഈ കളി തിരിച്ചറിഞ്ഞ‌് ജനങ്ങളുടെ ശക്തമായ പ്രതികരണം  ഉയരേണ്ടതുണ്ട്. വിശ്വാസികളുടെ പേര് പറഞ്ഞു അഴിഞ്ഞാടുന്ന ഇവർ നാടിന്റെ ശത്രുക്കളാണ് എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. നുണപ്രചാരകരെ ജനങ്ങൾക്കിടയിൽ ഒറ്റപ്പെടുത്തുന്നതിനൊപ്പം നിയമനടപടികളും അവർക്കെതിരെ ഉണ്ടാകണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top