25 March Saturday

ആര്‍എസ്എസിനെ വെള്ളപൂശുന്ന മാധ്യമങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Saturday Apr 8, 2017


ആലപ്പുഴ ജില്ലയിലെ വയലാറില്‍ പ്ളസ്ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥി അനന്തു അശോകിനെ ആര്‍എസ്എസുകാര്‍ തല്ലിക്കൊന്നത് കേരളത്തില്‍ കഴിഞ്ഞദിവസം ഉണ്ടായ വലിയ സംഭവമായിരുന്നുവെങ്കിലും വലിയ വാര്‍ത്തയായില്ല. പട്ടണക്കാട് പഞ്ചായത്ത് പത്താംവാര്‍ഡില്‍ കളപ്പുരയ്ക്കല്‍ നികര്‍ത്തില്‍ അശോകന്റെ മകന്‍ അനന്തുവിന് 18 വയസ്സേ ആയിട്ടുള്ളൂ. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് പ്രാഥമികാന്വേഷണത്തില്‍തന്നെ കണ്ടെത്തി. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് മുഖ്യശിക്ഷക് അടക്കം പത്തുപേരെ പൊലീസ് ഉടനെ പിടികൂടി. മറ്റുള്ള പ്രതികളും നേരം പുലരുന്നതിനുമുമ്പ് പിടിയിലായി. പിടിയിലായ എല്ലാവരും ആര്‍എസ്എസുകാരാണ്. അതില്‍ ഏഴുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍. പ്രതികളെല്ലാം ആര്‍എസ്എസുകാരാണെങ്കിലും കൊലപാതകം യാദൃച്ഛികമായിരുന്നുവെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് കെ സോമന്‍ വാര്‍ത്താസമ്മേളനത്തില്‍ ന്യായീകരിച്ചത്. അനന്തുവിന്റെ കുടുംബവും ബിജെപിക്കാരാണ്. അനന്തു ആര്‍എസ്എസ് ശാഖയില്‍ പോകുമായിരുന്നു. ഇപ്പോള്‍ പോകാറില്ലെന്നും ബിജെപി നേതാവ് വെളിപ്പെടുത്തി.

തങ്ങള്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തനസ്വാതന്ത്യ്രമില്ല, തങ്ങള്‍ ആക്രമിക്കപ്പെടുന്നു എന്ന് അഖിലേന്ത്യാ വ്യാപകമായി പ്രചാരണം  നടത്തുന്ന സംഘടനയാണ് ആര്‍എസ്എസ്. ആ പ്രചാരണം കേരളത്തെക്കുറിച്ചും കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെക്കുറിച്ചും വ്യാജമായ പ്രതീതിയാണ് ഇതരസംസ്ഥാനങ്ങളില്‍ സൃഷ്ടിച്ചത്. അതിന്റെ വിഷബാധയേറ്റാണ് കേരള മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കാനും വിലക്ക് പ്രഖ്യാപിക്കാനും കര്‍ണാടകത്തിലെയും മധ്യപ്രദേശിലെയും തെലങ്കാനയിലെയും ആര്‍എസ്എസ് നേതാക്കള്‍ തയ്യാറായത്. നുണപ്രചാരണം അനുസ്യൂതം ആര്‍എസ്എസ് തുടരുന്ന പശ്ചാത്തലത്തിലാണ് ഇവിടെ തങ്ങളില്‍നിന്ന് അകന്നുപോയ ചെറുപ്പക്കാരനെ പൈശാചികമായി ആര്‍എസ്എസ് വധിക്കുന്നത്. കൊന്നതും കൊല്ലപ്പെട്ടതും ഒരേ സംഘടനയില്‍പ്പെട്ടവരാണ് എന്നതിനപ്പുറം, ആക്രമിക്കപ്പെടുന്നവരല്ല യഥാര്‍ഥ അക്രമികളാണ് ആര്‍എസ്എസ് എന്ന് നിസ്സംശയം വ്യക്തമാക്കുന്ന സംഭവമാണിത്. ഏത് അളവുകോല്‍ വച്ചാലും ശ്രദ്ധേയമായ വാര്‍ത്തയുമാണ്. ദൌര്‍ഭാഗ്യവശാല്‍ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ ആ വാര്‍ത്തയെ നേരാംവണ്ണം വായനക്കാരിലെത്തിക്കാനുള്ള ഔചിത്യം കാണിച്ചില്ല; 'കടമ നിര്‍വഹിച്ചതുമില്ല'.

കൊലപാതകികള്‍ക്ക് ഇവിടെ മാധ്യമസംരക്ഷണം കിട്ടുകയാണ്. അറസ്റ്റിലായവര്‍ ആര്‍എസ്എസിന്റെ പ്രധാന പ്രവര്‍ത്തകരാണെന്ന് അറിഞ്ഞിട്ടും കേരളത്തിലെ വന്‍കിട മാധ്യമങ്ങളില്‍ പലതും, കൊന്നത് ആര്‍എസ്എസാണെന്ന സത്യം പറയാന്‍ സന്നദ്ധരായില്ല. സംഘര്‍ഷത്തിനിടെ ഒരു ആര്‍എസ്എസ് അനുഭാവിക്ക് നിസ്സാര പരിക്കേറ്റാല്‍പ്പോലും അഖിലേന്ത്യാ പ്രാധാന്യമുള്ള വാര്‍ത്തയാക്കിയും 'മാര്‍ക്സിസ്റ്റ് അക്രമ'ത്തിന് തെളിവാക്കിയും കൊണ്ടാടാന്‍ അമിതോത്സാഹം കാണിക്കുന്നവര്‍ തന്നെയാണ് ഈ തമസ്കരണം ആസൂത്രിതമായി നിര്‍വഹിച്ചത്.

എല്‍ഡിഎഫ് കേരളത്തില്‍ ഭൂരിപക്ഷം നേടിയ നിമിഷം കൈയിലെടുത്ത ആയുധം ആര്‍എസ്എസ് ഇതുവരെ താഴെവച്ചിട്ടില്ല. ഒമ്പത് സിപിഐ എം പ്രവര്‍ത്തകരെയാണ് ഈ കാലയളവില്‍ ആര്‍എസ്എസ് കൊലപ്പെടുത്തിയത്. ഇര സിപിഐ എം മാത്രമല്ല. കാസര്‍കോട്ട് മദ്രസ അധ്യാപകനെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയത് വര്‍ഗീയകലാപം ലക്ഷ്യമിട്ടായിരുന്നു. കേരളത്തെ ലക്ഷ്യംവച്ചുള്ള സുസംഘടിതവും ആസൂത്രിതവുമായ ആക്രമണമാണ് ആര്‍എസ്എസ് ഏറ്റെടുത്തിരിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ഗീയകലാപങ്ങളും അക്രമങ്ങളും സംഘടിപ്പിക്കുന്ന സംഘപരിവാര്‍, കേരളത്തിലേക്ക് അത് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്.

കോയമ്പത്തൂരില്‍ ചേര്‍ന്ന ആര്‍എസ്എസ് ദേശീയശിബിരം കേരളത്തെ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് അംഗീകരിച്ചത്. ഈ വസ്തുതകള്‍ കേരളീയര്‍ മനസ്സിലാക്കുന്നുണ്ട്. ആര്‍എസ്എസിന്റെ നൃശംസതയ്ക്കെതിരെ ശക്തമായ പ്രതികരണം സമൂഹത്തില്‍ ഉയരുന്നുമുണ്ട്. എന്നാല്‍, അതൊന്നും കാണാതെയും അങ്ങോട്ട് നോക്കാതെയും ആര്‍എസ്എസിനെ വെള്ളപൂശാനുള്ള ശ്രമങ്ങളാണ് കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ നടത്തുന്നത്. അതുകൊണ്ടാണ് വയലാറിലെ കൊലപാതകം അവര്‍ക്ക് അപ്രധാനമായി തോന്നുന്നത്. അതുകൊണ്ടുതന്നെയാണ് കണ്ണൂര്‍ ജില്ലയില്‍ മമ്പറത്തിനടുത്ത് ബിജെപി- ആര്‍എസ്എസ് സംഘം പൊലീസുകാരെ ആക്രമിച്ച് കൊലക്കേസ് പ്രതിയെ മോചിപ്പിച്ച സംഭവവും അവര്‍ക്ക് വാര്‍ത്തയല്ലാതാകുന്നത്. കുപ്രസിദ്ധമായ പുത്തങ്കണ്ടം ക്വട്ടേഷന്‍ സംഘമാണ് കണ്ണൂര്‍ ജില്ലയില്‍ രവീന്ദ്രന്‍, മോഹനന്‍ തുടങ്ങിയ സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത്. ആ സംഘത്തിലെ ക്രിമിനല്‍ പ്രനൂബിനെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് തലശേരി സിഐ യെയും സംഘത്തെയും വ്യാഴാഴ്ച വൈകിട്ട് ആര്‍എസ്എസ് ആക്രമിച്ചത്. പൊലീസ്സംഘം കൃത്യനിര്‍വഹണത്തിനിടെ ആക്രമിക്കപ്പെടുന്നത് ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട വാര്‍ത്തയാണ്. അതിന് ഗൌരവസ്വഭാവമുണ്ട്. എന്തുകൊണ്ട് ആ വാര്‍ത്തയോടും നമ്മുടെ മാധ്യമങ്ങള്‍ മുഖംതിരിഞ്ഞുനിന്നു എന്നു പരിശോധിക്കുമ്പോഴാണ് അവയില്‍ പലതിനെയും ബാധിച്ച വിചിത്രമായ അസുഖം വ്യക്തമാകുന്നത്. സിപിഐ എമ്മും ഇടതുപക്ഷവും ആക്രമിക്കപ്പെടണമെന്നതാണ് അവയുടെ താല്‍പ്പര്യം. ജിഷ്ണു പ്രണോയിയുടെ മരണത്തിലും അതിന് കാരണക്കാരായ സ്വാശ്രയ കൊള്ളക്കാരുടെ ചെയ്തികളിലും ഒരു വികാരവും തോന്നാത്തവര്‍ക്ക്, കഴിഞ്ഞദിവസം ജിഷ്ണുവിന്റെ അമ്മയുടെ വികാരം വലുതാണെന്ന് ബോധ്യംവന്നതിന്റെ രസതന്ത്രവും മറ്റൊന്നല്ല. ജിഷ്ണുവിന്റെ അമ്മയുടെ വേദനയും രോഷവും എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ആയുധമാക്കി മാറ്റാനുള്ള രാഷ്ട്രീയ കുതന്ത്രജ്ഞരുടെ പാവകളായി മാറുകയാണ് ഏതാനും മാധ്യമങ്ങള്‍. ആ കുത്സിതവൃത്തിക്കിടെയാണ് അവര്‍ അനന്തുവിന്റെ കൊലപാതകവും ആ കുടുംബത്തിന്റെ കണ്ണീരും ആര്‍എസ്എസിന്റെ പൈശാചികതയും മറച്ചുവയ്ക്കുന്നത്. അതും അവരുടെ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിയുന്നു എന്നതാണ് കേരളത്തിന്റെ സവിശേഷത. അതുകൊണ്ടാണ് സംഘപരിവാറിന്റെ എല്ലാ ഗൂഢ പദ്ധതികളും ഇവിടെ തകര്‍ന്നടിയുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top