28 March Tuesday

രാജ്യരക്ഷാമന്ത്രിയുടെ ആര്‍എസ്എസ് ഭാഷ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 8, 2017


രാജ്യരക്ഷാമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ കേരള സന്ദര്‍ശനത്തിനും പ്രതികരണങ്ങള്‍ക്കും ഒരു സാധാരണ രാഷ്ട്രീയവിവാദത്തിനപ്പുറമുള്ള മാനം കൈവന്നിരിക്കുന്നു. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ നേതാക്കള്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നതും രാഷ്ട്രീയപ്രശ്നങ്ങളില്‍ ഇടപെടുന്നതും പുതുമയുള്ള കാര്യമല്ല. എന്നാലിപ്പോള്‍ തികച്ചും വ്യത്യസ്തമായ സാഹചര്യമാണ് രൂപപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ നിരന്തരം ആക്രമിക്കപ്പെടുന്നു, പ്രവര്‍ത്തനസ്വാതന്ത്യ്രം നിഷേധിക്കുന്നു തുടങ്ങിയ ദുരാരോപണങ്ങള്‍ അവര്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. വസ്തുതകളുമായി പുലബന്ധമില്ലാത്ത ഈ ആരോപണം പറഞ്ഞ് ഫലിപ്പിക്കാനും അതിനനുസൃതമായി മാധ്യമപ്രചാരണം സംഘടിപ്പിക്കാനും വന്‍ശൃംഖലയെയാണ് സംഘപരിവാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിന്റെ പല ഭാഗങ്ങളിലും സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ തുടരെ അക്രമങ്ങള്‍ അഴിച്ചുവിട്ടും കൊലപ്പെടുത്തിയും അശാന്തി സൃഷ്ടിക്കുകയെന്നത് ആര്‍എസ്എസിന്റെ ദീര്‍ഘകാലപദ്ധതിയാണ്. സംഘപരിവാറിന്റെ വളര്‍ച്ചയ്ക്ക് വിഘാതമായി നില്‍ക്കുന്ന ജനശക്തി എന്നതാണ് സിപിഐ എമ്മിനോടുള്ള ഈ ശത്രുതയ്ക്ക് ആധാരം. തലശേരിക്കലാപം മുതലിങ്ങോട്ട് പലഘട്ടങ്ങളിലും ഇത്തരം സംഘടിതനീക്കങ്ങള്‍ നടന്നിട്ടുണ്ട്. പതിറ്റാണ്ടുകളായി തുടരുന്ന ഈ ആക്രമണശൈലി സിപിഐ എമ്മിനെ തളര്‍ത്താനോ ആര്‍എസ്എസിനെ വളര്‍ത്താനോ ഉതകിയിട്ടില്ല. മാത്രമല്ല, സിപിഐ എം കൂടുതല്‍ കരുത്താര്‍ജിച്ച് കേരളത്തിന്റെ ഭരണസാരഥ്യം കൈയാളുകയുമാണ്. രാജ്യത്ത് വര്‍ഗീയധ്രുവീകരണവും ന്യൂനപക്ഷപീഡനവും അരങ്ങുതകര്‍ക്കുമ്പോള്‍ പ്രതിരോധം ഉയര്‍ത്താന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സിപിഐ എം, സംഘപരിവാര്‍ നേതൃത്വത്തിന്  അലോസരമാകുന്നത് സ്വാഭാവികം.

കേന്ദ്രഭരണം ഉപയോഗിച്ച് സിപിഐ എമ്മിനെ ദേശീയതലത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിതനീക്കത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജെയ്റ്റ്ലിയുടെ സന്ദര്‍ശനനാടകം. ബിജെപിയുടെ പ്രചാരണവിഭാഗമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഏതാനും മാധ്യമസ്ഥാപനങ്ങളിലെ പ്രധാനികളെയും കൂട്ടിയായിരുന്നു ജെയ്റ്റ്ലിയുടെ പുറപ്പാട്. കേരളത്തില്‍ പ്രകോപനങ്ങളുണ്ടാക്കി, അതിന്റെ പ്രത്യാഘാതമെന്ന പേരില്‍ സിപിഐ എം ആസ്ഥാനത്ത് കടന്നുകയറി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെപ്പോലും ആക്രമിക്കാന്‍ തുനിയുന്നതാണ് സംഘപരിവാര്‍ശൈലി. ഇതൊന്നും വിലപ്പോകുന്നില്ലെന്ന് മനസ്സിലായതോടെയാണ് ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ നേരിട്ട് കേരളത്തിലെത്തിക്കാനുള്ള തന്ത്രം മെനഞ്ഞത്.

തലശേരിക്കലാപം മുതലിങ്ങോട്ട് കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ ആര്‍എസ്എസ് പ്രചാരണത്തിന്റെ പൊള്ളത്തരം വ്യക്തമാകും. ആകെ നടന്ന 969 രാഷ്ട്രീയ കൊലപാതകങ്ങളില്‍ 527 പേരും സിപിഐ എം പ്രവര്‍ത്തകരായിരുന്നു.   ബിജെപി പ്രവര്‍ത്തകരാകട്ടെ 185 പേരും. അക്രമരാഷ്ട്രീയത്തിന്റെ എക്കാലത്തെയും ഇര സിപിഐ എം ആയിരുന്നുവെന്ന് തെളിയിക്കാന്‍ ഇതിലേറെ എന്തുവേണം. ബോധപൂര്‍വം അക്രമം അഴിച്ചുവിട്ട് ചെറിയ തിരിച്ചടികള്‍പോലും ദേശീയതലത്തില്‍ പ്രചാരണവിഷയമാക്കുന്നതിനുപുറമെയാണ് നട്ടാല്‍ മുളയ്ക്കാത്ത നുണകളുടെ പടച്ചുവിടല്‍. സിപിഐ എമ്മിനെതിരെ പാര്‍ലമെന്റിലടക്കം പച്ചനുണകള്‍ തട്ടിവിടാന്‍ ബിജെപിക്ക് മടിയില്ല. അധ്യാപകനായ ജോസഫിന്റെ കൈവെട്ടിയത് സിപിഐ എമ്മാണെന്നുവരെ പറയാന്‍ അവര്‍ തയ്യാറായി. ഓരോ കള്ളം തുറന്നുകാട്ടപ്പെടുമ്പോഴും തിരുത്താനല്ല, കൂടുതല്‍ കഥകള്‍ മെനയാനാണ് സംഘപരിവാര്‍ തയ്യാറാകുന്നത്. തിരുവനന്തപുരം ശ്രീകാര്യത്ത് രാജേഷ് എന്ന പ്രചാരകന്‍ കൊല്ലപ്പെട്ടത് വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണെന്നതിന് വ്യക്തമായ തെളിവുകള്‍ പുറത്തുവന്നുകഴിഞ്ഞു. ഈ സംഭവത്തിന്റെ മറപിടിച്ച് സിപിഐ എമ്മിനെതിരായ പ്രചാരണം കൊഴുപ്പിക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിച്ചത്. ഇതിനുമുമ്പുതന്നെ തിരുവനന്തപുരത്തും സംസ്ഥാനത്തിന്റെ മറ്റു ചില ഭാഗങ്ങളിലും വ്യാപകമായി സിപിഐ എം ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും ആര്‍എസ്എസ് ആക്രമിച്ചിരുന്നു. ഗുണ്ടാപ്പോരിനെതുടര്‍ന്ന് രാജേഷ് കൊല്ലപ്പെട്ടപ്പോള്‍ സിപിഐ എമ്മിന്റെ തലയില്‍ വച്ചുകെട്ടാനാണ് ബിജെപി കേന്ദ്രനേതൃത്വം ഉള്‍പ്പെടെ ശ്രമിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യംകൂടി ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബെല ഉന്നയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിന്റെ ഇടപെടലുകളും ഇതേ ലക്ഷ്യംവച്ചുള്ളതായിരുന്നു. ഈ കളിയില്‍ ഗവര്‍ണറെ കരുവാക്കുകയെന്ന ലക്ഷ്യവും കേന്ദ്രത്തിനുണ്ടായിരുന്നു.

ഒന്നും വിലപ്പോകാതെ വന്നപ്പോഴാണ് രാജ്യരക്ഷാമന്ത്രിയെത്തന്നെ സംഘനേതൃത്വം കേരളത്തിലേക്ക് നിയോഗിച്ചത്. ഗുണ്ടാപ്പോരില്‍ കൊല്ലപ്പെട്ട രാജേഷിന്റെ വസതി സന്ദര്‍ശിച്ചശേഷം  ജെയ്റ്റ്ലി നടത്തിയ പരാമര്‍ശങ്ങള്‍ കേവലമൊരു ആര്‍എസ്എസ് നേതാവിന്റെ നിലവാരത്തിലുള്ളതായിരുന്നു. തിരുവനന്തപുരം ജില്ലയില്‍മാത്രം ആര്‍എസ്എസ് കൊലപ്പെടുത്തിയ 21 സിപിഐ എം പ്രവര്‍ത്തകരുടെ ബന്ധുക്കള്‍ കൂട്ടമായെത്തി രാജ്ഭവനുമുന്നില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ ജെയ്റ്റ്ലിയുടെ ഉത്തരംമുട്ടിച്ചു. ആര്‍എസ്എസ് വെട്ടി ജീവച്ഛവമാക്കിയ ശ്രീജന്റെ ഭാര്യ രമ്യയുടെ ചോദ്യങ്ങളും സമൂഹമനസ്സാക്ഷിക്കുമുന്നില്‍ ഉയര്‍ന്നുനില്‍ക്കുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ഒറ്റ ഉത്തരമേ ഉള്ളൂ. ആര്‍എസ്എസ് കൊലക്കത്തി താഴെവച്ചാല്‍ നാട്ടില്‍ സമാധാനം ഉറപ്പാകും  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top