30 September Saturday

ചെപ്പടിവിദ്യ മോഡിയെ രക്ഷിക്കില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Jan 9, 2019


തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ‌് നരേന്ദ്ര മോഡി നൽകിയ വലിയ വാഗ്ദാനം വിദേശ ബാങ്കുകളിലെ ഇന്ത്യൻ കള്ളപ്പണം പിടിച്ചെടുത്ത‌് നാട്ടിലെ ഓരോരുത്തർക്കും നൽകുമെന്നായിരുന്നു. ആളൊന്നിന് 15 ലക്ഷംവീതം കിട്ടുന്ന ആ പണം പ്രതീക്ഷിച്ച‌് ബിജെപിക്ക് വോട്ട‌് ചെയ‌്തവർ കുറവല്ല. മോഡി പ്രധാനമന്ത്രിയായി തുടർന്ന ഈ നാലരവർഷവും പക്ഷേ ആ വാഗ്ദാനത്തെക്കുറിച്ച് മിണ്ടിയിട്ടില്ല. വോട്ട‌് തട്ടാൻമാത്രമുള്ളതാണ് പ്രകടന പത്രിക എന്ന് കരുതുന്നവർ വാഗ്ദാനം പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതാണ് അബദ്ധം. ഇന്നിപ്പോൾ രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു.

2014ൽ കോൺഗ്രസ‌് നേതൃത്വം നൽകിയ യുപിഎ സർക്കാരിനെതിരെ ഉയർന്ന ജനരോഷത്തിന്റെ പലമടങ്ങാണ‌് മോഡി സർക്കാരിനെതിരായ വികാരം. അതാണ് ഏറ്റവുമൊടുവിൽ അഞ്ച‌് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലം  നൽകിയ സൂചന. മോഡി പ്രഭാവവുമില്ല, ബിജെപിയോട് അനുഭാവവുമില്ല,- ഭൂരിപക്ഷം ജനങ്ങളും എൻഡിഎ ഭരണത്തിനെതിരെ പ്രതികരിക്കുന്നു. ഈ അവസ്ഥ വലിയ പരാജയം വരുന്നതിന്റെ ചുവരെഴുത്താണെന്ന് മോഡി ഭരണത്തെ നിയന്ത്രിക്കുന്ന ആർഎസ‌്എസ‌് തിരിച്ചറിയുന്നുണ്ട്. അത് മറികടക്കാൻ ജനാധിപത്യപരമായ വഴികളൊന്നും  മുന്നിലില്ല. കുറുക്കുവഴികളിലാണ് നോട്ടം. വർഗീയവികാരം ഇളക്കിവിടാനുള്ള വ്യാപക ശ്രമങ്ങളും കേരളത്തിൽ ശബരിമല വിഷയം ഉയർത്തി നടത്തുന്ന അക്രമപ്പേക്കൂത്തും ആ പട്ടികയിലുണ്ട്.  അത്തരമൊരു കുറുക്കുവഴിയാണ് മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്  സർക്കാർ നിയമനങ്ങളിലും ഉന്നതവിദ്യാഭ്യാസമേഖലയിലും 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള  കേന്ദ്രമന്ത്രിസഭാ തീരുമാനം.

വിവിധ വിഭാഗങ്ങളിൽപ്പെട്ടവർക്ക‌് നിലവിലുള്ള 50 ശതമാനം സംവരണത്തിന‌ു പുറമെയായിരിക്കും സാമ്പത്തിക സംവരണമെന്നും  ഇതിനായി ഭരണഘടനയുടെ 15, 16 വകുപ്പുകൾ ഭേദഗതി ചെയ്യുമെന്നും കേന്ദ്രം  പറയുന്നു.  അതായത്, ഭരണഘടനാ ഭേദഗതിയിലൂടെമാത്രം നടപ്പാക്കാവുന്ന ഒരു തീരുമാനം, നാലരവർഷത്തെ ഭരണം പൂർത്തിയാക്കി ഇറങ്ങിപ്പോകാൻ നേരത്താണ്, ഒരു തരത്തിലുള്ള തയ്യാറെടുപ്പും ഇല്ലാതെ പ്രഖ്യാപിക്കുന്നത്. അതും പാർലമെന്റ് സമ്മേളനത്തിന്റെ അവസാന ദിവസം. ഭരണഘടനാ ഭേദഗതി ചെയ്യണമെങ്കിൽ പാർലമെന്റിൽ മൂന്നിലൊന്ന‌് അംഗങ്ങൾ അനുകൂലിക്കണം; രാജ്യത്തെ പകുതിയിലേറെ സംസ്ഥാന നിയമസഭകൾ അതംഗീകരിക്കണം. തെരഞ്ഞെടുപ്പിനുമുമ്പ‌് പാർലമെന്റ് ഇനി ഫെബ്രുവരിയിൽ ഹ്രസ്വമായിമാത്രം സമ്മേളിക്കും. അതിൽ ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിച്ച‌് പാസാക്കുന്നത് സാധാരണനിലയിൽ അസംഭവ്യം. അതിനാൽ, തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഒരു തട്ടിപ്പാണ് ഈ സംവരണപ്രഖ്യാപനം എന്നാണ്.

തെരഞ്ഞെടുപ്പു പ്രചാരണ ഘട്ടത്തിൽ വർഗീയകലാപങ്ങൾ  സൃഷ്ടിക്കുന്നത് സംഘപരിവാറിന്റെ പതിവ് തന്ത്രമാണ്. അതിനൊപ്പം ജാതി സ്പർധകൂടി തീകൊളുത്തിവിടാനുള്ള പദ്ധതിയാണ് പുതിയ തീരുമാനത്തിനു പിന്നിലെന്ന് ന്യായമായും സംശയിക്കണം. വഞ്ചനാപരമായ ഇത്തരം തീരുമാനങ്ങളല്ല, കൃത്യമായ പ്രവർത്തനപദ്ധതിയോടെയുള്ള സമീപനമാണ് ഇക്കാര്യത്തിൽ വേണ്ടത്. സംവരണവിരുദ്ധമനോഭാവം പരസ്യമാക്കിയ ആർഎസ്എസ് നിയന്ത്രിക്കുന്ന, മണ്ഡൽ  കമീഷൻ റിപ്പോർട്ടിന്റെ പേരിൽ രാജ്യത്താകെ കലാപമഴിച്ചുവിട്ട ശക്തികൾക്ക‌് ആധിപത്യമുള്ള എൻഡിഎയുടെ ശുദ്ധതട്ടിപ്പായിമാത്രമേ സംവരണ പ്രഖ്യാപനത്തെ വിലയിരുത്താനാകൂ. ഇക്കാര്യത്തിൽ കൃത്യമായ നിലപാട് പ്രഖ്യാപിച്ച പാർടി സിപിഐ എം ആണ്.  മുന്നോക്കസമുദായങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക‌് നിശ്ചിത ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന‌് 1978 മുതൽ സിപിഐ‌ എം ആവശ്യപ്പെടുന്നുണ്ട്. നിലവിൽ പിന്നോക്കസമുദായത്തിന‌് ലഭിക്കുന്ന സംവരണാനുകൂല്യത്തിൽ കുറവുവരുത്തിക്കൊണ്ടാകരുത‌് അതെന്നും സിപിഐ എം നിഷ‌്കർഷിക്കുന്നു. എസ‌്സി –- -എസ‌്ടി വിഭാഗങ്ങൾക്ക‌് സാമ്പത്തികപരിധിയില്ലാതെ സംവരണം നൽകണം എന്നതും പാർടി നിലപാടാണ്. ദേവസ്വം നിയമനത്തിൽ മുന്നോക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക‌് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി  സർക്കാർ 10 ശതമാനം സംവരണം ഏർപ്പെടുത്തിയത് ഈ നിലപാടിന്റെ വെളിച്ചത്തിലാണ്. ഇത്തരമൊരു ആർജവം കാണിക്കുന്നതിനു പകരം പ്രചാരണപരമായ തീരുമാനങ്ങളെടുത്ത‌് ജനങ്ങളെ വഞ്ചിക്കുകയും അസ്വസ്ഥത പടർത്തുകയും ചെയ്യുന്ന ബിജെപി തന്ത്രം തിരിച്ചറിയപ്പെടേണ്ടതുണ്ട്. രാജ്യത്ത‌് തൊഴിലില്ലായ്‌മ അതിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയിലേക്ക് വളരാൻ വിട്ട അതേ സർക്കാർ ഏതു മേഖലയിലാണ് സംവരണം കൊടുക്കാൻ  പോകുന്നത്? ഭരണപരാജയവും ജനരോഷവും മറികടക്കാനുള്ള ചെപ്പടിവിദ്യ ബിജെപിയെ രക്ഷിക്കില്ലെന്നുമാത്രം ഓർമിപ്പിക്കട്ടെ.

കേന്ദ്രത്തിന‌് തിരിച്ചടി
രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജൻസിയായ സിബിഐയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയും അത്തരം കുത്സിതവൃത്തിക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെ നിഷ‌്കാസനം ചെയ്യുകയും എന്നത് കോൺഗ്രസ‌് തുടങ്ങിവച്ച പതിവാണ്. അത് കൂടുതൽ ശക്തിയോടെ ബിജെപി ഏറ്റെടുത്തു.  ഭരണാധികാരികളുടെ കുടിലവൃത്തികൾ നിർവഹിക്കാനുള്ള ആയുധമായി സിബിഐയെ അധഃപതിപ്പിച്ചതിന്റെ പരിണതി, ഏജൻസിയുടെ വിശ്വാസ്യതയെത്തന്നെയാണ് ബാധിച്ചത്. കഴിഞ്ഞ ഒക്ടോബർ 23ന് അർധരാത്രി നാടകീയമായി കേന്ദ്ര സർക്കാർ അവധിയിലേക്ക‌് അയച്ച സിബിഐ ഡയറക്ടർ അലോക് വർമയെ വീണ്ടും തൽസ്ഥാനത്ത‌് അവരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ്, കേന്ദ്രത്തിന്റെ തെറ്റായ സമീപനത്തിനുള്ള ശിക്ഷയും താക്കീതുമാണ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ ഈ ഉത്തരവിലൂടെ നൽകുന്ന സന്ദേശം സിബിഐപ്പോലുള്ള ഏജൻസികളെ തെറ്റായ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കരുത് എന്നതാണ്. 

സിബിഐ സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഏജൻസിയാണ്. കേന്ദ്രത്തിന്റെ രാഷ്ട്രീയതാല്പര്യവും സങ്കുചിത ലക്ഷ്യങ്ങളുമാണ് ആ ഏജൻസിയുടെ  തലപ്പത്ത‌് ഭിന്നതയും അസ്വസ്ഥതയും അനിശ്ചിതത്വവും സൃഷ്ടിച്ചത്. അവിടെ മോഡി സർക്കാർ തെറ്റായ ഇടപെടലാണ് നടത്തിയതെന്ന് ഇപ്പോൾ പരമോന്നത നീതിപീഠം കണ്ടെത്തിയിരിക്കുന്നു. കേന്ദ്ര സർക്കാർ  നടപടിക്ക് കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്.

അലോക് വർമ എന്ന സിബിഐ മേധാവിയുടെ വ്യക്തിപരമായ വിജയമായി ഈ ഉത്തരവിനെ കാണുന്നതിനു പകരം, സിബിഐ അടക്കമുള്ള ഏജൻസികൾക്ക് അനിവാര്യമായും ലഭിക്കേണ്ട സ്വാതന്ത്ര്യത്തെയും അസ‌്തിത്വത്തെയും കേന്ദ്ര സർക്കാർ പാലിക്കേണ്ട നിയന്ത്രണത്തെയുമാണ് ഈ ഉത്തരവ് ചർച്ചയിലേക്ക‌് കൊണ്ടുവരുന്നത്. സിബിഐ രാഷ്ട്രീയ ഉപകരണമായി മാറരുത് എന്ന ജനങ്ങളുടെ ആവശ്യമാണ് അതിൽ പ്രതിഫലിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top