01 October Sunday

രാംനാഥ് കോവിന്ദ് രാഷ്ട്രപതിയാകുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Friday Jul 21, 2017

 

രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. എതിര്‍സ്ഥാനാര്‍ഥിയേക്കാള്‍ ഇരട്ടിവോട്ട് നേടിയാണ് ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍കാരനായ രാംനാഥ് കോവിന്ദ് റെയ്സീന ഹില്‍സിലെ 320 ഏക്കറില്‍ പരന്നുകിടക്കുന്ന 340 മുറികളുള്ള, ലോകത്തിലെതന്നെ ഏറ്റവും വലിയ വസതികളിലൊന്നായ രാഷ്ട്രപതിഭവനിലേക്ക് നടന്നുകയറുന്നത്. സ്വാതന്ത്യ്രാനന്തരകാലത്ത് ഇന്ത്യന്‍ ദളിത്മുഖമായി അറിയപ്പെടുന്ന ജഗ്ജീവന്‍ റാമിന്റെ മകളും മുന്‍ സ്പീക്കറുമായ മീരാകുമാറിനെയാണ് നേരിട്ടുള്ള മത്സരത്തില്‍ കോവിന്ദ് തോല്‍പ്പിച്ചത്. രാഷ്ട്രപതിയാകുന്ന ആദ്യ ദളിതനൊന്നുമല്ല കോവിന്ദ്. 20 വര്‍ഷം മുമ്പ് രാഷ്ട്രപതിഭവനിലെത്തിയ മലയാളിയായ കെ ആര്‍ നാരായണനായിരുന്നു ആദ്യ ദളിത് രാഷ്ട്രപതി.  ജൂലൈ 25ന് കോവിന്ദ് സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും. അതോടെ പതിമൂന്നാമത് രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാഷ്ട്രപതിഭവന്റെ പടിയിറങ്ങും.

എഴുപത് ശതമാനത്തോളം വോട്ട് കോവിന്ദിന് ലഭിക്കുമെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചതെങ്കിലും 65.6 ശതമാനം വോട്ടാണ് ലഭിച്ചത്. ഗുജറാത്ത്. ഗോവ, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്ന് പ്രതിപക്ഷസ്ഥാനാര്‍ഥിക്ക് വോട്ട് കുറഞ്ഞത് കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ടി തുടങ്ങിയ കക്ഷികളില്‍നിന്ന് കൂറുമാറി വോട്ട് ചെയ്തുവെന്ന് തെളിയിക്കുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തലയെടുപ്പുള്ള പല നേതാക്കളും ഇരുന്ന രാഷ്ട്രപതിസ്ഥാനത്തേക്കാണ് അത്രയൊന്നും അറിയപ്പെടാത്ത കോവിന്ദ് ഉയര്‍ത്തപ്പെട്ടിട്ടുള്ളത്. ബിജെപിയിലും എന്‍ഡിഎയിലും കോവിന്ദിനെക്കാളും പ്രശസ്തരായ ദളിത് മുഖങ്ങളുണ്ടായിരുന്നു. എന്നിട്ടും കോവിന്ദിനെത്തന്നെ സംഘപരിവാര്‍ തെരഞ്ഞെടുത്തതിനുപിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ടെന്നര്‍ഥം. ദളിത് വോട്ട് ബാങ്കിലെ ധ്രുവീകരണം ഒരു ലക്ഷ്യമാണെങ്കിലും സംഘപരിവാറിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങുന്ന വ്യക്തിയായിരിക്കും കോവിന്ദ് എന്നതുതന്നെയാണ് ഈ തെരഞ്ഞെടുപ്പിന് പ്രധാന കാരണം. ബിജെപി നേതാവെന്ന നിലയിലും രാജ്യസഭാംഗം, പാര്‍ടി വക്താവ്, അഭിഭാഷകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച ഓരോ ഘട്ടത്തിലും കോവിന്ദ് അത് തെളിയിച്ചിട്ടുണ്ട്. 

ബിജെപി അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണ്‍ 2001 ല്‍ പ്രതിരോധ ഇടപാടില്‍ കൈക്കൂലി വാങ്ങി പിടിയിലായ വേളയില്‍പോലും അദ്ദേഹത്തിന് വേണ്ടി പ്രതിഭാഗം സാക്ഷിയായി നിന്നുകൊടുത്ത രണ്ട് വ്യക്തികളില്‍ ഒരാളായിരുന്നു രാംനാഥ് കോവിന്ദ്. ബംഗാരു ലക്ഷ്മണ്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യം മാലോകര്‍ മുഴുവന്‍ കണ്ടപ്പോഴും അദ്ദേഹം സത്യസന്ധനാണെന്ന് അന്ന് കേസന്വേഷിക്കുന്ന സിബിഐക്ക് മുമ്പാകെ പറയാന്‍ തയ്യാറായ വ്യക്തി രാഷ്ട്രപതിക്കസേരയിലെത്തുമ്പോള്‍ ആശങ്ക ഉയരുന്നത് സ്വാഭാവികം.  ഉനമുതല്‍ സഹാരന്‍പുര്‍വരെ ദളിതര്‍ക്കെതിരെ സംഘപരിവാര്‍ ആക്രമണം നടന്നപ്പോഴും ബിജെപി ദളിത്മോര്‍ച്ചയുടെ നേതാവായ കോവിന്ദിന്റെ ശബ്ദം ഒരിക്കല്‍പോലും ഉയര്‍ന്നിരുന്നില്ല.  ഗ്രാമീണമേഖലകളിലും മറ്റും ദളിതര്‍ക്കെതിരെ വന്‍ വിവേചനമാണ് നടക്കുന്നതെന്ന് എസ് കെ തൊറാട്ടിനെപോലുള്ളവര്‍ വാദിച്ചപ്പോള്‍ അതിനെ ഖണ്ഡിക്കാനും സ്ഥിതിയില്‍ ഏറെ മാറ്റമുണ്ടായി എന്ന് വാദിക്കാനും തയ്യാറായ കോവിന്ദിനെയും എളുപ്പം മറക്കാനാകില്ല.  അഴിമതിയോടും ദളിത്-ന്യൂനപക്ഷ പീഡനങ്ങളോടും വര്‍ഗീയതയോടും  പുതിയ രാഷ്ട്രപതി എന്ത് സമീപനമാണ് സ്വീകരിക്കുകയെന്ന ചോദ്യം പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. ഒരു ദളിതന്‍ രാഷ്ട്രപതിയാകുന്നത് സ്വാഗതാര്‍ഹമാണെങ്കിലും അദ്ദേഹം അവരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുമോ എന്ന സംശയമുയരുന്നത് ഒട്ടും ഭൂഷണമല്ല. എങ്കിലും, രാഷ്ട്രപതിസ്ഥാനത്തെത്തുന്ന കോവിന്ദ് ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കാനും മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കും ജനാധിപത്യ അവകാശങ്ങള്‍ക്കുമായി നിലകൊള്ളുമെന്നും പ്രതീക്ഷിക്കാം.   

രാംനാഥ് കോവിന്ദ് രാഷ്ട്രപതിയാകുന്നതോടെ ഭരണത്തിന്റെ സമസ്ത മേഖലയിലും സംഘപരിവാറിന്റെ ആധിപത്യം വരികയാണ്. സ്പീക്കര്‍സ്ഥാനത്തുള്ളതും മറ്റാരുമല്ല. ഇനി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വെങ്കയ്യ നായിഡുകൂടി ജയിച്ചാല്‍ പാര്‍ലമെന്റിന്റെയും എക്സിക്യുട്ടീവിന്റെയും നിയന്ത്രണം സംഘപരിവാറിന് ലഭിക്കും. കേന്ദ്രഭരണം മൊത്തം കാവിയണിയുകയാണെന്നര്‍ഥം. ബിജെപി തനിച്ച് ഭൂരിപക്ഷം നേടി മോഡി സര്‍ക്കാര്‍ മൂന്ന് വര്‍ഷം മുമ്പ് അധികാരത്തില്‍ വന്നതുമുതല്‍തന്നെ ഇന്ത്യന്‍ റിപ്പബ്ളിക്കിന്റെ പല അടിസ്ഥാനശിലകളും ഇളകാന്‍ ആരംഭിച്ചിരുന്നു. സമസ്ത മേഖലയിലും ഹിന്ദുത്വരാഷ്ട്രീയവും വീക്ഷണവും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് ദൃശ്യമായത്. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ കോവിന്ദ് പറഞ്ഞത് രാഷ്ട്രപതിയെ സംബന്ധിച്ച് ഭരണഘടനയാണ് പ്രധാനമെന്നാണ്. അത് ഗീതയും രാമായണവും ഖുര്‍ ആനും ബൈബിളുമാണ്.  ഭരണഘടനയെ മതഗ്രന്ഥങ്ങള്‍ക്കൊപ്പം പ്രതിഷ്ഠിക്കാനുള്ള കോവിന്ദിന്റെ ഈ താല്‍പ്പര്യംതന്നെയാണ് പ്രശ്നം. മതഗ്രന്ഥമല്ല ഭരണഘടന. റിപ്പബ്ളിക്കന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലാണത്. ബിജെപിയുടെ അമതാധികാര പ്രവണതയെയും ജനാധിപത്യവിരുദ്ധ സമീപനങ്ങളെയും ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് തടയാന്‍ പുതിയ രാഷ്ട്രപതി കരുത്ത് കാട്ടുമോ എന്നാണ് രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. എന്നാല്‍, രാംനാഥ് കോവിന്ദിന്റെ ഇതുവരെയുള്ള നടപടികള്‍ അത്തരമൊരു പ്രതീക്ഷ നല്‍കുന്നില്ല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top