29 September Friday

ഒറ്റക്കെട്ടായി നേരിടാം

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

അസാധാരണവും അപകടകരവുമായ സ്ഥിതിവിശേഷത്തിലുടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ജീവൻ രക്ഷിക്കണമെന്നഭ്യർഥിച്ചുള്ള വിളികളാണെങ്ങും ഉയരുന്നത്.  മാധ്യമസ്ഥാപനങ്ങളിലേക്കും പൊലീസ്, ഫയർഫോഴ്‌സ് ഓഫീസുകളിലേക്കും സാമൂഹ്യമാധ്യമങ്ങളിലും മറ്റുമായാണ് ഈ സഹായ അഭ്യർഥന ഏറെയും വരുന്നത്. വിദേശത്തുള്ളവരും ഇതരസംസ്ഥാനങ്ങളിൽ ജോലിചെയ്യുന്നവരും ഒറ്റപ്പെട്ടുപോയ ബന്ധുക്കളെയും സുഹൃത്തുക്കളെയും രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയാണ്.

ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ടുപോയവരും വീടുകളിലെ ടെറസ്സുകളിലുംമറ്റും അഭയം പ്രാപിച്ചവരും സമാനമായ സഹായാഭ്യർഥന നടത്തുന്നുണ്ട്. വെള്ളം കയറിയതോടെ വൈദ്യുതിബന്ധം നിലച്ചതും പ്രശ്‌നം രൂക്ഷമാക്കുന്നുണ്ട്. മൊബൈൽ ഫോണിന്റെ ചാർജ് തീർന്നുപോകുന്നതിനാൽ പുറത്തുള്ളവരുമായി ബന്ധം നഷ്ടപ്പെടുന്ന സ്ഥിതിയും സംജാതമായി. ഇങ്ങനെ കഴിയുന്നവർക്ക് ഭക്ഷണവും കുടിവെള്ളവുംപോലും ലഭിക്കാത്ത അവസ്ഥയുമുണ്ട്.  അര ലക്ഷത്തോളം വീടുകളാണ് തകർന്നടിഞ്ഞത്. ഒന്നരലക്ഷത്തിലധികം പേരാണ് ഇന്ന് ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുള്ളത്. ഇവർക്ക് ഭക്ഷണവും വെള്ളവും മാത്രമല്ല, വസ്ത്രവുംമറ്റും നൽകണ്ടേതുണ്ട്. കേരളം ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്തത്ര ദുരന്തമാണ് ഇപ്പോഴത്തേതെന്നർഥം.  

സർക്കാർ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ദുരന്തത്തിന്റെ വ്യാപ്തി വർധിച്ചത് രക്ഷാപ്രവർത്തകരെയും സർക്കാർ സംവിധാനങ്ങളെയും സമ്മർദത്തിലാഴ്ത്തുന്നുണ്ട്. ദുരന്തനിവാരണ സേന, സൈന്യം, നാവികസേന, വ്യോമസേന, കോസ്റ്റ്ഗാർഡ്, പൊലീസ്, ഫയർഫോഴ്‌സ് എന്നിവയെല്ലാംതന്നെ അതത് ജില്ലാ ഭരണകൂടങ്ങളുടെ മേൽ നോട്ടത്തിൽ ഏകോപിച്ച രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അതീവ ഗുരുതരമായ സ്ഥിതി പ്രധാനമന്ത്രിയെയും പ്രതിരോധമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രിയെയും ബോധ്യപ്പെടുത്തുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും കഴിഞ്ഞിട്ടുണ്ട്. 

നിലവിൽ 52 കേന്ദ്ര ടീമുകളാണ് കേരളത്തിലുള്ളത്. അത് വർധിപ്പിക്കാൻ ഈ ആശയവിനിമയങ്ങളുടെ ഫലമായി കഴിഞ്ഞിട്ടുണ്ട്.  കേന്ദ്ര ദുരന്തനിവാരണ സേനയുടെ 20 ടീമുകളെ കൂടി കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. മറ്റ‌് സേനകളുടെ 20 ടീമുകളും എത്തുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന് വേഗം വർധിപ്പിക്കാനായി മത്സ്യബന്ധന ബോട്ടുകളും ഉപയോഗപ്പെടുത്തുന്നുണ്ട്. രക്ഷാപ്രവർത്തനത്തിനാവശ്യമായ ഉപകരണങ്ങളോടുകൂടിയ പ്രത്യേക സേനയെയും കേരളത്തിലേക്ക് അയക്കാൻ കേന്ദ്രം തയ്യാറായിട്ടുണ്ട്.  രണ്ട് ഡസനിലധികം ഹെലികോപ്റ്ററുകളും  ഉപയോഗിച്ചുവരികയാണ്. പത്തനംതിട്ടയിലുംമറ്റും ഒറ്റപ്പെട്ടുപോയ വീടുകളിലെയുംമറ്റും ആളുകളെ രക്ഷിക്കാനാണ് ഹെലികോപ്റ്ററുകൾ പ്രധാനമായും ഉപയോഗിച്ചുവരുന്നത്. രക്ഷാപ്രവർത്തനത്തെ സഹായിക്കാൻ മറൈൻ കമാൻഡോകളെയും ലഭ്യമാക്കും. മുഖ്യമന്ത്രി പറഞ്ഞതുപോലെ മനുഷ്യ സാധ്യമായ എല്ലാ രക്ഷാപ്രവർത്തനങ്ങളും സർക്കാർ കൈക്കൊണ്ടുവരികയാണ്.

കാസർകോട് ഒഴിച്ചുള്ള എല്ലാ ജില്ലയിലും സ്ഥിതി വളരെ മോശമാണ്. കനത്ത മഴയെ തുടർന്ന് കെഎസ്ഇബിയുടെ 52 ഡാമുകളും ജലസേചന വുകുപ്പിന്റെ 22 ഡാമുകളും നിറഞ്ഞുകവിഞ്ഞു.  മുല്ലപ്പെരിയാർ ഉൾപ്പെടെ ഭൂരിപക്ഷം ഡാമുകളും ഷട്ടറുകൾ ഉയർത്തി.  ആയിരത്തെഴുനൂറോളം ഗ്രാമങ്ങൾ പ്രളയക്കെടുതിയിലാണ്. മെയ‌് മാസം കാലവർഷം തുടങ്ങിയതുമുതൽ 265 പേരുടെ ജീവനാണ് ആഗസ്ത് 15 വരെ നഷ്ടമായത്. വ്യാഴാഴ്ചയും നിരവധി പേരുടെ ജീവഹാനിയുണ്ടായി. തീവണ്ടി, വിമാന, റോഡ് ഗതാഗതവും താറുമാറായി. വെള്ളം കയറിയതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടു. ആലുവയിലും ചാലക്കുടിയിലുംമറ്റും വെള്ളം കയറിയതോടെ തീവണ്ടി ഗതാഗതവും താറുമാറായി. തിരുവനന്തപുരത്തുനിന്നുള്ള ദീർഘദൂര തീവണ്ടികൾ തിരുനെൽവേലിവഴി തിരിച്ചുവിടുകയാണിപ്പോൾ. 

ഒറ്റപ്പെട്ടുപോയവരെ കണ്ടെത്തി രക്ഷിക്കുക എന്നതിനാകട്ടെ ഇപ്പോഴത്തെ മുൻഗണന.  ബോട്ടുകളും ഹെലികോപ്റ്ററുംമറ്റും ഉപയോഗിച്ച് പരമാവധി ആളുകളെ രക്ഷിക്കാനുള്ള പ്രവർത്തനം ശക്തമാക്കണം. മഴ ഇനിയും ശക്തമായി തുടരുമെന്ന കാലാവസ്ഥാപ്രവചനം സ്ഥിതി ഇനിയും രൂക്ഷമാകുമെന്ന സൂചനയാണ് നൽകുന്നത്. അതിനാൽ പ്രളയബാധിതമാകാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്ന പ്രദേശങ്ങളിൽനിന്ന് ആളുകൾ സുരക്ഷിതസ്ഥലത്തേക്ക് ഒഴിഞ്ഞുപേകാൻ തയ്യാറാകണം. സ്വന്തം വീടുപേക്ഷിച്ചുപോകാൻ പ്രയാസമുണ്ടാകുന്നത് സ്വാഭാവികം. അതിനവരെ പ്രേരിപ്പിക്കാൻ രാഷ്ട്രീയ പാർടി പ്രവർത്തകരും നാട്ടുകാരും ഉദ്യോഗസ്ഥരും തയ്യാറാകണം. മറ്റെന്തിനേക്കാളും പ്രധാനം ഈ മേഖലകളിലെ ഒരോരുത്തരുടെയും ജീവൻ രക്ഷിക്കുന്നതിനാണ് എന്ന ബോധ്യത്തോടെയുള്ള പ്രവർത്തനമാണ് വേണ്ടത്.  

പെരിയാറിലും ചാലക്കുടി പുഴയിലും ഇനിയും വെള്ളം കയറാനിടയുണ്ടെന്ന് മുഖ്യമന്ത്രിതന്നെ പറഞ്ഞ സ്ഥിതിക്ക് ഈ മേഖലയിലെ ജനങ്ങൾ സർക്കാരുമായി സഹകരിക്കാൻ തയ്യാറാകണം. എങ്കിൽ മാത്രമേ ദുരന്തത്തിന്റെ ആഘാതം കുറയ‌്ക്കാൻ കഴിയൂ. അതോടൊപ്പം എല്ലാം നഷ്ടപ്പെടവരുടെ പുനരധിവാസം സർക്കാരിനുമുന്നിലുള്ള കടുത്ത വെല്ലുവിളിയാണ്.  ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ സഹായവും കേരളം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതുകൊണ്ടും മതിയാവില്ല. അതിനാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓരോരുത്തർക്കും കഴിയുന്നതിന്റെ പരമാവധി തുക നൽകാനും തയ്യാറാകണം. ഒറ്റക്കെട്ടായിനിന്ന് ഈ ദുരന്തത്തെ നേരിടാൻ ജനം മുന്നോട്ടുവരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top