25 October Sunday

അമേരിക്ക വീണ്ടും വംശീയഭ്രാന്തിലേക്കോ?

വെബ് ഡെസ്‌ക്‌Updated: Saturday Aug 19, 2017

അന്തമില്ലാത്ത വംശീയഭ്രാന്തിന്റെ ആഴക്കടലിലേക്ക് നിപതിക്കുകയാണോ അമേരിക്ക എന്ന സംശയം ബലപ്പെടുത്തുന്നതാണ് കഴിഞ്ഞദിവസം വിര്‍ജീനിയയിലെ ഷാലത്സ്വില്‍ നഗരത്തിലുണ്ടായ സംഭവം. വംശീയവാദത്തിന്റെ സകല ചിഹ്നങ്ങളും ഉയര്‍ത്തിപ്പിടിച്ച് വെള്ള മേധാവിത്വത്തിന്റെ സകല മേന്മകളും എണ്ണിപ്പറഞ്ഞ് ഷാലത്സ്വില്‍ നഗരം കൈയടക്കിയ വംശീയഭ്രാന്തന്മാര്‍ ഹിറ്റ്ലേറിയന്‍ കാലത്തെ ഓര്‍മിപ്പിക്കുമാറ് 'രക്തവും മണ്ണും' തുടങ്ങിയ ആക്രോശങ്ങളാണ് ഉയര്‍ത്തിവിട്ടത്. അമേരിക്കയുടെ സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് വെള്ള മേധാവിത്വവാദികളും നവനാസികളും ഫാസിസ്റ്റുകളും കൈകോര്‍ത്തുകൊണ്ട് ദേശീയത ഉയര്‍ത്തിപ്പിടിക്കാനെന്ന പേരില്‍ ഇത്തരമൊരു റാലി നടത്തുന്നത്. അമേരിക്കന്‍ ആഭ്യന്തരയുദ്ധ കാലത്ത് അടിമത്തം സംരക്ഷിക്കാനും വെള്ള മേധാവിത്വം നിലനിര്‍ത്താനുമായി ദക്ഷിണ സംസ്ഥാനങ്ങളെ കൂട്ടിയോജിപ്പിച്ച് കോണ്‍ഫെഡറേറ്റ് സ്റ്റേറ്റ്സിന് രൂപംനല്‍കാന്‍ ഇറങ്ങിപ്പുറപ്പെട്ട വിഘടനവാദികളുടെ സൈന്യത്തിന് നേതൃത്വം നല്‍കിയവരുടെ പ്രതിമകള്‍ നീക്കം ചെയ്യുന്നതിനെതിരെയാണ് വംശീയഭ്രാന്തന്മാര്‍ ഒന്നിച്ചത്. വിര്‍ജീനിയ സര്‍വകലാശാല സ്ഥിതിചെയ്യുന്ന ഷാലത്സ്വില്ലിലെ കോണ്‍ഫെഡറേറ്റ് സൈന്യാധിപന്‍ റോബര്‍ട്ട് ഇ ലീയുടെ പ്രതിമ നീക്കംചെയ്യാന്‍ നഗര കൌണ്‍സില്‍ തീരുമാനിച്ചിരുന്നു. മാത്രമല്ല, ഈ പ്രതിമ സ്ഥിതിചെയ്യുന്ന പാര്‍ക്കിന്റെ പേര് ലീ പാര്‍ക്കിനു പകരം വിമോചന പാര്‍ക്ക് എന്നാക്കാനും തീരുമാനിച്ചു. സൌത്ത് കരോലിനയിലെ ചാള്‍സ്ടണിലെ ചരിത്രപ്രസിദ്ധമായ മദര്‍ ഇമ്മാനുവല്‍ ചര്‍ച്ചില്‍ കയറി ഡിലാന്‍ റൂഫ് എന്ന വംശീയവാദി ഒമ്പതു പേരെ വെടിവച്ച് കൊന്നതോടെയാണ് കോണ്‍ഫെഡറേറ്റ് കാലത്തെ ഓര്‍മിപ്പിക്കുന്ന പ്രതിമകളും കൊടികളും മറ്റും നീക്കംചെയ്യണമെന്ന ആവശ്യം അമേരിക്കയിലെങ്ങും ഉയര്‍ന്നത്. ആയിരത്തിലധികം വരുന്ന ഇത്തരം പ്രതീകങ്ങളില്‍ പകുതിയിലധികവും ഇപ്പോള്‍ തന്നെ നീക്കിക്കഴിഞ്ഞു. ഇതിനെതിരെയാണ് വെള്ളമേധാവിത്വത്തിന്റെ കൊടിയുയര്‍ത്തി വംശീയഭ്രാന്തന്മാര്‍ ഷാലത്സ്വില്‍ പ്രകടനം നടത്തിയതും അഴിഞ്ഞാടിയതും. 

സ്വാഭാവികമായും ഈ വംശീയഭ്രാന്തിനെതിരെ പുരോഗമന-ജനാധിപത്യവാദികളും സോഷ്യലിസ്റ്റുകളും അടുത്തദിവസം നഗരത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. അമേരിക്കയെ ആഭ്യന്തരയുദ്ധത്തിന്റെ ഇരുണ്ട നാളുകളിലേക്ക് തിരിച്ചുകൊണ്ടുപോകരുതെന്നായിരുന്നു ആവശ്യം. എന്നാല്‍, ഈ പ്രകടനത്തിലേക്ക് 20 വയസ്സുകാരനായ നവനാസി ജെയിംസ് ഫീല്‍ഡ് കാറോടിച്ച് കയറ്റുകയും മൂന്നു പേര്‍ കൊല്ലപ്പെടുകയും ചെയ്തു. നാസിവിരുദ്ധ പ്രവര്‍ത്തകയും ബെര്‍ണി സാന്‍ഡേഴ്സിന്റെ അനുയായിയുമായ ഹീഥര്‍ ഹെയര്‍ എന്ന 32കാരിയും രണ്ട് പൊലീസുകാരുമാണ് കൊല്ലപ്പെട്ടത്. അമേരിക്കയിലെങ്ങും വന്‍ പ്രതിഷേധമാണ് ഇതിനെ തുടര്‍ന്ന് ഉയര്‍ന്നുവന്നത്. അമേരിക്ക എന്ന വികാരത്തെ സംരക്ഷിക്കാനായി മാര്‍ച്ച് ചെയ്തവര്‍ക്കെതിരെ അതിക്രമം കാട്ടിയ വെള്ള മേധാവിത്വത്തെയും നവനാസികളെയും വിമര്‍ശിക്കുന്നതിനു പകരം ഇരുവിഭാഗത്തെയും കുറ്റപ്പെടുത്തി വെള്ളമേധാവിത്വത്തെ ന്യായീകരിക്കാനാണ് ട്രംപ് തയ്യാറായത്. അമേരിക്കയുടെ ഐക്യത്തെപ്പോലും വെല്ലുവിളിക്കുന്ന വെള്ളമേധാവിത്വത്തെയും നവനാസികളെയും വിമര്‍ശിക്കാത്ത അപക്വമായ പ്രതികരണം നടത്തിയ ട്രംപിനെതിരെ അമേരിക്കയിലെങ്ങും വികാരമുയര്‍ന്നപ്പോള്‍ ഇതിനെയൊക്കെ അപലപിക്കാന്‍ ട്രംപ് തയ്യാറായെങ്കിലും തൊട്ടുത്തദിവസം അള്‍ട്രാ വലതുപക്ഷത്തെയും അള്‍ട്രാ ഇടതുപക്ഷത്തെയും കുറ്റപ്പെടുത്തി മൂന്നാമത്തെ പ്രസ്താവനയിറക്കി തന്റെ കൂറ് വംശീയഭ്രാന്തന്മാര്‍ക്കൊപ്പമാണെന്ന് ട്രംപ് വ്യക്തമാക്കി.  'വെള്ളക്കാരായ അമേരിക്കക്കാരാണ് തീവ്ര ഇടതുപക്ഷക്കാരല്ല താങ്കളെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതെന്ന' നവനാസി പ്രസ്ഥാനമായ ക്ളൂ ക്ളക്സ് ക്ളാന്‍ നേതാവ് ഡേവിഡ് ഡ്യുക്ക് ട്രംപിനെ ഓര്‍മപ്പെടുത്തിയതിന്റെ തൊട്ടുപിറകെയാണ് മൂന്നാമത്തെ പ്രസ്താവന പുറത്തുവന്നത്. ഇരുഭാഗത്തും നല്ലവരും മോശക്കാരും ഉണ്ടെന്നുകൂടി ട്രംപ് പറഞ്ഞത് ഡേവിഡ് ഡ്യുക്കിനെപ്പോലുള്ള നവനാസികളെ ആവേശംകൊള്ളിച്ചു. അമേരിക്കയെ വെള്ളമേധാവിത്വത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന തെരഞ്ഞെടുപ്പു കാലത്തെ പ്രസ്താവന ട്രംപ് പൂര്‍ത്തീകരിക്കുകയാണെന്നും അമേരിക്ക വീണ്ടും മഹത്തായ രാഷ്ട്രമായി മാറുകയാണെന്നും ഡേവിഡ് ഡ്യുക്ക് ആക്രോശിച്ചു. അമേരിക്കയുടെ വിഘടനത്തിന് നിലകൊണ്ട കോണ്‍ഫെഡറേറ്റ് നേതാക്കളെ അമേരിക്കയുടെ സ്ഥാപകനേതാക്കളുമായി തുലനംചെയ്ത ട്രംപിന്റെ നടപടിയും നവനാസികള്‍ക്ക് ആവേശം പകര്‍ന്നു. ജോര്‍ജ് വാഷിങ്ടണും തോമസ് ജെഫേഴ്സണും അടിമകളെ പോറ്റിയിരുന്നുവെന്നും അതുകൊണ്ടു തന്നെ അടിമത്തത്തിനു വേണ്ടി യുദ്ധം ചെയ്ത കോണ്‍ഫെഡറേറ്റ് നേതാക്കളെ ഇവരില്‍നിന്നും വേര്‍തിരിച്ച് കാണേണ്ടതില്ലെന്നുമായിരുന്നു ട്രംപിന്റെ നവനാസിവാദം. അമേരിക്കയെ പിളര്‍ക്കാന്‍ ശ്രമിച്ച കോണ്‍ഫെഡറേറ്റ് നേതാക്കളും അമേരിക്കന്‍ യൂണിയന്‍ കെട്ടിപ്പടുക്കാന്‍ ശ്രമിച്ച നേതാക്കളും തമ്മില്‍ എങ്ങനെ തുല്യരാകുമെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. അടിമകളുടെ ഉടമയായപ്പോഴും അവര്‍ക്ക് തുല്യ അവകാശം നല്‍കണമെന്ന ബില്‍ കോണ്‍ഗ്രസില്‍ കൊണ്ടുവന്ന തോമസ് ജെഫേഴ്സണും നീഗ്രോ ഒരിക്കലും വെള്ളക്കാരന് തുല്യനാകില്ലെന്ന് കരുതിയ കോണ്‍ഫെഡറേറ്റ് നേതാവ് ജഫേഴ്സണ്‍ ഡേവീസും തുല്യരാകുന്നത്് എങ്ങനെയെന്ന ചോദ്യവും അമേരിക്കയിലെ ആന്റണി ഗോര്‍ഡന്‍ റുഡിനെപ്പോലുള്ള ചരിത്രകാരന്മാര്‍ ചോദിക്കുന്നു. തീവ്രവലതുപക്ഷക്കാരായ സ്റ്റീവ് ബാനണും സ്റ്റീഫന്‍ മില്ലറും സെബാസ്റ്റ്യന്‍ ഗോര്‍ക്കയും നിയന്ത്രിക്കുന്ന വൈറ്റ് ഹൌസ് തന്നെ വംശീയഭ്രാന്തിനെ ന്യായീകരിക്കുമ്പോള്‍ അമേരിക്കയുടെ ഇനിയുള്ള കാലം അശാന്തമായിരിക്കുമെന്ന് ഉറപ്പിച്ചു  പറയാം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top