02 October Monday

ഇറാഖും ഇടയുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 8, 2020

അമേരിക്കൻ സൈന്യത്തെ ഇറാഖിൽനിന്ന്‌ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ഞായറാഴ്‌ച ഇറാഖ്‌ പാർലമെന്റ്‌ അംഗീകരിച്ചു. ഇറാൻ കമാൻഡർ സുലൈമാനിയെ ബാഗ്‌ദാദിൽവച്ച്‌ വധിച്ചതിനോടുള്ള പ്രതികരണമെന്ന നിലയിലാണ്‌ ഇത്തരമൊരു പ്രമേയം ഇറാഖ്‌ പാർലമെന്റ്‌ അംഗീകരിച്ചത്‌. പാർലമെന്റിനകത്തും പുറത്തും ഉയർന്ന കടുത്ത സമ്മർദത്തിന്റെ ഫലം കൂടിയാണ്‌ ഈ  പ്രമേയം. സുലൈമാനി വധത്തിനുശേഷം അമേരിക്കയ്‌ക്ക്‌ ലഭിക്കുന്ന ഏറ്റവും വലിയ തിരിച്ചടി കൂടിയാണിത്‌.

ആറ്‌ വർഷങ്ങൾക്കുമുമ്പാണ്‌ ഇറാഖ്‌ ഗവൺമെന്റ്‌ അമേരിക്കൻസേനയെ അവരുടെ മണ്ണിലേക്ക്‌ ക്ഷണിച്ചത്‌. ഇസ്ലാമിക്‌ സ്‌റ്റേറ്റി (ഐഎസ്‌)നെതിരെയുള്ള പോരാട്ടത്തിന്‌ കരുത്ത്‌ പകരാനായിരുന്നു ഇത്‌.  ഇതിന്റെ ഭാഗമായി 5000 അമേരിക്കൻ സൈനികരാണ്‌ വിവിധ കേന്ദ്രങ്ങളിലായി ഇറാഖിൽ നിലയുറപ്പിച്ചിട്ടുള്ളത്‌. ഇവരെ ഇറാഖിലേക്ക് ക്ഷണിച്ച നടപടി പിൻവലിക്കണമെന്നാണ്‌ പാർലമെന്റ്‌ പ്രമേയം ആവശ്യപ്പെടുന്നത്‌. ഇറാഖിന്റെ പരമാധികാരം ലംഘിച്ചുകൊണ്ടാണ്‌ തലസ്ഥാനനഗരിയിലെ വിമാനത്താവളത്തിൽവച്ച്‌ ഇറാനിയൻ കമാൻഡർ സുലൈമാനിയെ അമേരിക്ക വധിച്ചത്‌. അതിനുമുമ്പ്‌ ഇറാഖ്‌ ഗവൺമെന്റിന്റെ അനുമതിയില്ലാതെ നടത്തിയ വ്യോമാക്രമണത്തിൽ 25 പേരെ അമേരിക്ക വധിക്കുകയും ചെയ്‌തു. ഇറാഖിന്റെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന നടപടിയായി ഈ കൊലപാതകങ്ങൾ വിലയിരുത്തപ്പെട്ടത്‌ സ്വാഭാവികം. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അമേരിക്കയ്‌ക്കെതിരെയുള്ള ഇറാഖി എംപിമാരുടെ പ്രതിഷേധം ശക്തമായിരുന്നു. ‘അമേരിക്കയെ പുറത്താക്കൂ’ എന്ന മുദ്രാവാക്യമാണ്‌ അവിടെ ഉയർന്നുകേട്ടത്‌. എന്നാൽ സുന്നി, കുർദ് എംപിമാർക്ക്‌ അമേരിക്കൻ സൈന്യം തുടരുന്നതിനോട്‌ എതിർപ്പുണ്ടായിരുന്നില്ല.  അമേരിക്കൻ സൈന്യത്തെ പുറത്താക്കിയാൽ ഉണ്ടാകുന്ന സാമ്പത്തിക ഉപരോധവും ഐഎസിന്റെ തിരിച്ചുവരവുമാണ്‌ സുന്നികളെയും കുർദുകളെയും സ്വാധീനിക്കുന്നത്‌.

എന്നാൽ,  പാർലമെന്റിൽ പ്രമേയം പാസാക്കിയതുകൊണ്ടുമാത്രം അമേരിക്കൻ സൈന്യത്തെ പുറത്താക്കാനാകില്ല. പാർലമെന്റ്‌ പ്രമേയം അംഗീകരിക്കാനുള്ള ഒരു ബാധ്യതയും ഇറാഖിലെ എക്‌സിക്യൂട്ടീവിനില്ല. എന്നാൽ, ഇടക്കാല പ്രധാനമന്ത്രി അദേൽ അബ്‌ദുൾ മഹ്‌ദിതന്നെ പ്രമേയത്തെ പിന്തുണച്ച സ്ഥിതിക്ക്‌ അതിനുള്ള നീക്കം ഉടൻ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കാം. 

സേനാപിന്മാറ്റം തോൽവി സമ്മതിക്കുന്നതിന്‌ സമാനമായി വിലയിരുത്തപ്പെടുമെന്നതിനാലായിരിക്കണം അമേരിക്കൻസേന ഇറാൻ വിടുന്നതിനെക്കുറിച്ച്‌ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെന്ന്‌ മാർക്ക്‌ എസ്‌പർ അറിയിച്ചത്‌. സേനയെ പുറത്താക്കുന്നപക്ഷം ഇറാഖിനെതിരെ ഉപരോധം ഏർപ്പെടുത്തുമെന്നും അമേരിക്കൻ പ്രസിഡന്റ്‌ ട്രംപ്‌ ഭീഷണി മുഴക്കിക്കഴിഞ്ഞു

എന്നാൽ,  ഇറാഖിൽനിന്ന്‌ സൈന്യത്തെ പിൻവലിക്കില്ലെന്ന സമീപനമാണ്‌ അമേരിക്ക കൈക്കൊണ്ടിട്ടുള്ളത്‌.  ഐഎസിനെതിരെയുള്ള സൈനിക സഖ്യത്തിന്‌ നേതൃത്വം നൽകിയ ബ്രിഗേഡിയർ ജനറൽ വില്യം സീലി അമേരിക്കൻ സൈന്യം പിൻവാങ്ങുമെന്ന്‌ തുടക്കത്തിൽ സൂചന നൽകിയിരുന്നുവെങ്കിലും പ്രതിരോധ സെക്രട്ടറി മാർക്ക്‌ എസ്‌പർ പിന്നീട്‌ അത്‌ തിരുത്തുകയായിരുന്നു. സേനാപിന്മാറ്റം തോൽവി സമ്മതിക്കുന്നതിന്‌ സമാനമായി വിലയിരുത്തപ്പെടുമെന്നതിനാലായിരിക്കണം അമേരിക്കൻസേന ഇറാൻ വിടുന്നതിനെക്കുറിച്ച്‌ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെന്ന്‌ മാർക്ക്‌ എസ്‌പർ അറിയിച്ചത്‌. സേനയെ പുറത്താക്കുന്നപക്ഷം ഇറാഖിനെതിരെ ഉപരോധം ഏർപ്പെടുത്തുമെന്നും അമേരിക്കൻ പ്രസിഡന്റ്‌ ട്രംപ്‌ ഭീഷണി മുഴക്കിക്കഴിഞ്ഞു. ഇറാഖിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയായിരിക്കും ഇത്‌.  പ്രശ്‌നം വഷളാക്കാനേ ഇത്‌ സഹായിക്കൂ.

അമേരിക്ക സ്വമേധയാ സൈന്യത്തെ പിൻവലിക്കാത്ത പക്ഷം സൈനികമായ ഏറ്റുമുട്ടലിനുപോലും തയ്യാറെടുക്കുമെന്നാണ്‌ ഷിയാ രാഷ്ട്രീയനേതൃത്വം നൽകുന്ന സൂചന. അമേരിക്കൻ സൈനികരെ അവരുടെ കേന്ദ്രങ്ങളിൽ വളഞ്ഞുവയ്‌ക്കുമെന്നാണ്‌ അറിയിച്ചിട്ടുള്ളത്‌. അതായത്‌ അമേരിക്കൻസേന പിൻവാങ്ങാത്ത പക്ഷം ഇറാഖിൽ പുതിയ യുദ്ധമുഖം തുറക്കുമെന്നർഥം.സുലൈമാനിയെ വധിച്ചതിന്‌ പ്രതികാരം ചെയ്യുമെന്ന്‌ ഇറാനും വ്യക്തമാക്കിയിട്ടുണ്ട്‌. അമേരിക്കയ്‌ക്കെതിരെ ഇറാനും ഇറാഖും സംയുക്തമായി നീങ്ങാനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടാ. ഇറാഖിനെ കൂടെനിർത്തി ഇറാനെ വേട്ടയാടുക എന്ന അമേരിക്കൻ നയതന്ത്രത്തിനാണ്‌ ഇവിടെ തിരിച്ചടിയേൽക്കുന്നത്‌.

ഭീകരവാദത്തിനെതിരെ പൊരുതുന്നതിൽ അമേരിക്കയോടൊപ്പം നിലയുറപ്പിച്ച രാജ്യമായിരുന്നു ഇറാഖ്‌. എന്നാൽ,  ആ രാജ്യത്തിന്റെ പിന്തുണയാണ്‌ ഇപ്പോൾ അമേരിക്കയ്‌ക്ക്‌ നഷ്ടമായിരിക്കുന്നത്‌. അതിന്‌ മറ്റാരെയും കുറ്റം പറയാൻ അവർക്ക്‌ കഴിയില്ല. കാരണം, പ്രസിഡന്റ്‌ ട്രംപിന്റെ വീണ്ടുവിചാരം ഇല്ലാതെയുള്ള നടപടികളാണ്‌ അതിന്‌ വഴിവച്ചിട്ടുള്ളത്‌. അതുകൊണ്ടുതന്നെ പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാൻ അമേരിക്കൻസേന ഇറാഖിൽനിന്ന്‌ പിന്മാറുകയാണ്‌ വേണ്ടത്‌. എന്നാൽ,  അമേരിക്കയിൽനിന്ന്‌ അത്തരമൊരു നടപടി പ്രതീക്ഷിക്കാനാകില്ല. അഫ്‌ഗാനിസ്ഥാനിൽനിന്ന്‌ സൈന്യത്തെ പിൻവലിക്കുമെന്നുപറഞ്ഞ്‌ അധികാരമേറിയ പ്രസിഡന്റ്‌ ട്രംപ്‌ രണ്ടാം ഊഴത്തിനായി മത്സരിക്കുമ്പോഴും സേനാപിന്മാറ്റം യാഥാർഥ്യമായിട്ടില്ല എന്നതുതന്നെ കാരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top