03 June Saturday

ലോകകപ്പിന്‌ ഇനി 50 നാൾ

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022


ലോകം ഒറ്റപ്പന്താകാൻ ഇനി 50 നാൾ. ഫുട്‌ബോൾ ലോകകപ്പിനുള്ള ഒരുക്കം അവസാനഘട്ടത്തിലാണ്‌. സോക്കർ യുദ്ധത്തിന്റെ ഉറക്കമില്ലാത്ത രാവുകളിലേക്കാണ്‌ ഖത്തർ ലോകത്തെ നയിക്കുന്നത്‌. നവംബർ 20നാണ്‌ കിക്കോഫ്‌. ഡിസംബർ 18ന്‌ ഫൈനൽ. ഖത്തറിനെ വേദിയായി പ്രഖ്യാപിച്ചത്‌ 2010ലാണ്‌. അന്നുമുതൽ ലോകകപ്പ്‌ വിജയമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കൊച്ച്‌ അറബ്‌ രാജ്യം. ഒട്ടേറെ വിമർശങ്ങളും ആക്ഷേപങ്ങളുമുണ്ടായി. എല്ലാം മറികടന്ന്‌ ഖത്തർ ലോകത്തിനുമുമ്പിൽ നെഞ്ചുവിരിച്ച്‌ നിൽക്കുന്നു.

എല്ലാ അതിരും മായുന്ന സംഗമഭൂമിയാണ്‌ ലോകകപ്പ്‌. വൻകരകളും രാജ്യങ്ങളും കൊടികളും ഭാഷയും മതവും നിറവുമെല്ലാം അപ്രസക്തമാകുന്ന സുന്ദരകാലം. പന്തുരുണ്ടാൽ ലോകം അതിനുപിന്നാലെയാണ്‌. പിന്നെ മറ്റൊന്നുമില്ല. സമസ്‌ത വികാരങ്ങളും പന്തിനോടുമാത്രം. ഒരിക്കൽ മഹാനായ പെലെ പറഞ്ഞു: ""ജനങ്ങളെ ഒന്നിപ്പിക്കുന്ന ഒരൊറ്റ കളിയേയുള്ളൂ, അത്‌ ഫുട്‌ബോളാണ്‌. നിങ്ങൾ പണക്കാരനോ പാവപ്പെട്ടവനോ കറുത്തവനോ വെളുത്തവനോ ആകാം. എല്ലാവർക്കും ഒറ്റ മന്ത്രംമാത്രം–-ഫുട്‌ബോൾ''.

ഈ ലോകകപ്പിന്‌ ഒട്ടേറെ സവിശേഷതകളുണ്ട്‌. അറബ്‌ലോകത്തെ ആദ്യ ലോകകപ്പാണ്‌. ഏഷ്യയിൽ രണ്ടാംതവണ. ലോകകപ്പിന്‌ വേദിയാകുന്ന ഏറ്റവും ചെറിയ രാജ്യമെന്ന പ്രത്യേകതയുമുണ്ട്‌. 32 ടീം അണിനിരക്കുന്ന അവസാനത്തെ ലോകകപ്പാണിത്‌. അമേരിക്കയും മെക്‌സിക്കോയും ക്യാനഡയും ആതിഥേയരാകുന്ന 2026ലെ ലോകകപ്പ്‌ 48 ടീമിന്റേതാണ്‌. സാധാരണ ലോകകപ്പ്‌ നടക്കുന്നത്‌ ജൂൺ, ജൂലൈ മാസങ്ങളിലാണ്‌. ആ സമയത്ത്‌ ഖത്തറിൽ കടുത്ത ചൂടായതിനാലാണ്‌ തണുപ്പുള്ള നവംബർ, ഡിസംബർ തെരഞ്ഞെടുത്തത്‌. പുരുഷ ലോകകപ്പിൽ ആദ്യമായി വനിതാ റഫറിമാരെത്തുന്നതും സവിശേഷതയാണ്‌.

ഇക്കുറി യൂറോപ്പിൽനിന്ന്‌ 13 ടീമാണുള്ളത്‌. ഏഷ്യയിൽനിന്നാദ്യമായി ആറ്‌ ടീം. ഖത്തർ ആതിഥേയരായതാണ്‌ ഏഷ്യക്ക്‌ നേട്ടമായത്‌. ദക്ഷിണ അമേരിക്കയിൽനിന്ന്‌ നാല്‌ ടീമുണ്ട്‌. വടക്കൻ– -മധ്യ അമേരിക്കയിൽനിന്ന്‌  നാല്‌ ടീമിനാണ്‌ പ്രാതിനിധ്യം. ആഫ്രിക്കൻ വൻകരയിൽനിന്ന്‌ അഞ്ച്‌ ടീമിന്‌ അവസരം കിട്ടി.


 

ലോകകപ്പ്‌ എന്നും പരമ്പരാഗത ശക്തികളുടെ വിളനിലമാണ്‌. യൂറോപ്പും ലാറ്റിനമേരിക്കയും തമ്മിലാണ് ആധിപത്യത്തിനായുള്ള പോര്‌. ഇവർക്കിടയിൽ പൊലിഞ്ഞ ചരിത്രമേയുള്ളൂ ആഫ്രിക്കയ്‌ക്കും ഏഷ്യക്കും. ഒപ്പം വിവിധ കേളീശെെലികളുടെ സംഗമവുംകൂടിയാണ് ലോകകപ്പ്. ലാറ്റിനമേരിക്ക കളിയുടെ സൗന്ദര്യത്തെ ഉപാസിക്കുമ്പോൾ യൂറോപ്പിന് കരുത്താണ് പഥ്യം. എങ്കിലും പുതിയ കാലത്ത് യൂറോപ്യൻ ലീഗുകളുടെ സ്വാധീനം രാജ്യങ്ങളുടെ കേളീരീതിയെ മാറ്റിയിട്ടുണ്ട്. അതിൽ ലാറ്റിനമേരിക്കയുടെയും യൂറോപ്പിന്റെയും കളിരീതികൾ ഒരുമിച്ച് കാണാനാകും.
എട്ട്‌ രാജ്യംമാത്രമാണ്‌ ലോകകപ്പ്‌ സ്വന്തമാക്കിയിട്ടുള്ളത്‌. മുന്നിൽ ബ്രസീൽ–-അഞ്ചു തവണ. നാലു തവണ ലോകകിരീടം നേടിയ രണ്ട്‌ ടീമുണ്ട്‌. ജർമനിയും ഇറ്റലിയും. ഈ ലോകകപ്പിൽ ഇറ്റലിക്ക്‌ യോഗ്യത നേടാനായില്ല. അർജന്റീനയും ഫ്രാൻസും ഉറുഗ്വേയും രണ്ട്‌ തവണവീതം ജേതാക്കളായി. ഇംഗ്ലണ്ടിനും സ്‌പെയ്‌നിനും ഓരോ തവണ.

ലോകകപ്പ്‌ ആവേശത്തിൽ കേരളവുമുണ്ട്‌. കമാനങ്ങളും ബോർഡുകളും നിരന്നുതുടങ്ങി. ലോകകപ്പ്‌കാലം കേരളത്തിലെ തെരുവുകളിൽ ഫുട്‌ബോൾ പൂക്കും. ഇഷ്‌ടതാരങ്ങളുടെ ചിത്രങ്ങളുമായി ആരാധകർ ഒത്തുകൂടും.  ഈ തെരുവുകൾ ബ്രസീലിലോ അർജന്റീനയിലോ ജർമനിയിലോ പോർച്ചുഗലിലോയെന്ന്‌ അതിശയിച്ചുപോകും.  ലോകകപ്പ്‌ കേരളത്തിന്‌ ഇത്രയടുത്ത്‌ എത്തുന്നതും ആദ്യം. നാലരമണിക്കൂർ വിമാനത്തിൽ പറന്നാൽ ഖത്തറായി. അതിനാൽ ഏറ്റവും കൂടുതൽ മലയാളികൾ കാണുന്ന ലോകകപ്പുമാകും. രാജ്യത്തെ ജനസംഖ്യ 29.83 ലക്ഷമാണ്‌. അതിൽ ഏഴുലക്ഷം ഇന്ത്യക്കാരുണ്ട്‌. അവരിൽ മൂന്നരലക്ഷമാണ്‌ മലയാളികൾ.

നാല്‌ ടീംവീതമുള്ള എട്ട്‌ ഗ്രൂപ്പായി തിരിച്ചാണ്‌  പ്രാഥമിക റൗണ്ട്‌ മത്സരങ്ങൾ. ഓരോദിവസവും നാല്‌ കളി. 29 ദിവസത്തെ ലോകകപ്പിലാകെ 64 കളിയുണ്ടാകും. എ ഗ്രൂപ്പിലെ ഖത്തറും ഇക്വഡോറും തമ്മിലാണ്‌ ലോകകപ്പിലെ ആദ്യ കളി. ബി ഗ്രൂപ്പിലുള്ള ഇംഗ്ലണ്ട്‌ 1966നുശേഷം ലോകകപ്പ്‌ നേടിയിട്ടില്ല. വെയ്‌ൽസിന്റെ ലോകകപ്പ്‌ പ്രവേശം 64 വർഷത്തിനുശേഷമാണ്‌.

സി ഗ്രൂപ്പിലാണ്‌ ലയണൽ മെസിയുടെ അർജന്റീന. നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസാണ്‌ ഡി ഗ്രൂപ്പിലെ പ്രധാനി. കറുത്തകുതിരകളാകുമെന്ന്‌ കരുതുന്ന ഡെൻമാർക്ക്‌ പത്തിൽ ഒമ്പത്‌ കളിയും ജയിച്ചാണ്‌ യോഗ്യത നേടിയത്‌.  സ്‌പെയ്‌നും ജർമനിയും ജപ്പാനുമുള്ള ഗ്രൂപ്പ്‌ ഇ ശരിക്കും മരണഗ്രൂപ്പാണ്‌. കോസ്‌റ്ററിക്കയാണ്‌ ഗ്രൂപ്പിലെ നാലാമത്തെ ടീം.

നെയ്‌മറുടെ ബ്രസീൽ ഗ്രൂപ്പ്‌ ജിയിലാണ്‌. ഗ്രൂപ്പ്‌ എച്ചിൽ ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനൊപ്പം സുവാരസിന്റെ ഉറുഗ്വേയുമുണ്ട്‌. ഏഷ്യയിൽനിന്ന്‌ ദക്ഷിണകൊറിയയും ആഫ്രിക്കയിൽനിന്ന്‌ ഘാനയും ചേരുമ്പോൾ ഗ്രൂപ്പിലെ മത്സരങ്ങൾ തീപാറും. ആരാകും ഖത്തറിൽ ലോകം കീഴടക്കുന്നതെന്ന്‌ കാത്തിരുന്ന്‌ കാണാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top