13 September Friday

രക്തസാക്ഷികളെ അപമാനിക്കരുത്

വെബ് ഡെസ്‌ക്‌Updated: Monday Mar 22, 2021

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെയും കർഷകപ്രസ്ഥാന ചരിത്രത്തിലെയും വീരേതിഹാസമാണ്‌ പുന്നപ്ര–-വയലാർ സമരം. തെലുങ്കാന, തേഭാഗ സമരങ്ങളോടൊപ്പം എന്നും ചേർത്ത്‌ വായിക്കപ്പെടുന്ന സമരമാണ്‌ ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലും വയലാറിലും നടന്നത്‌. അതുകൊണ്ടുതന്നെ കമ്യൂണിസ്‌റ്റുകാർ ഏറെ വൈകാരികതയോടെയാണ്‌ ഈ സമരസ്‌മാരകങ്ങളെ സമീപിക്കാറുള്ളത്‌. അത്തരമൊരു സ്ഥലത്ത്‌ ചെന്നാണ്‌ ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥി അതിക്രമം കാട്ടിയത്‌. കേരളത്തിൽ കമ്യൂണിസ്‌റ്റ്‌ പാർടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പി കൃഷ്‌ണപിള്ളയും പുന്നപ്രയിലെ സമരസഖാക്കളും അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്‌ രക്തസാക്ഷി മണ്ഡപത്തിൽ ചെന്നാണ്‌ ബിജെപിയുടെ ഈ പ്രകോപനം. രക്തസാക്ഷി മണ്ഡപത്തിലേക്ക്‌ ‌പൂക്കൾ വലിച്ചെറിഞ്ഞ്‌ ‘ജയ്‌ശ്രീറാം’ വിളി മുഴക്കിയ നടപടി ചരിത്രത്തെയും രക്തസാക്ഷികളെയും അപമാനിക്കലല്ലാതെ മറ്റൊന്നുമല്ല.

സിപിഐ എം, സിപിഐ ജില്ലാ സെക്രട്ടറിമാരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തിലേക്ക്‌ ബിജെപി സ്ഥാനാർഥി അതിക്രമിച്ച്‌ കയറിയത്‌ ഗൂഢോദ്ദേശ്യത്തോടുകൂടിയാണ്‌‌ എന്ന്‌ വ്യക്തം. വലിയ ചുടുകാട്‌ സ്‌മാരകത്തെ വൈകാരികമായി കാണുന്ന കമ്യൂണിസ്‌‌റ്റുകാരെ പ്രകോപിപ്പിച്ച്‌ തെരഞ്ഞെടുപ്പ്‌കാലത്തെ സമാധാനാന്തരീക്ഷം തകർക്കുക എന്ന ഗൂഢാലോചനയുടെ ഫലമാണിത്‌. ബിജെപിയുടെ നേതൃത്വം പച്ചക്കൊടി കാണിക്കാതെ ഇത്തരമൊരു നടപടിക്ക്‌ ബിജെപി സ്ഥാനാർഥി തുനിയില്ലെന്ന കാര്യവും സുനിശ്‌ചിതമാണ്‌. സ്ഥലത്തെ കമ്യൂണിസ്‌റ്റുകാർ ആത്മസംയമനം കാട്ടിയതു കൊണ്ടുമാത്രമാണ്‌ അനിഷ്‌ടസംഭവങ്ങളൊന്നും ഉണ്ടാകാതിരുന്നത്‌. രക്തസാക്ഷികളെ അപമാനിക്കാനുള്ള ബിജെപിയുടെ ഈ നടപടിക്കെതിരെ പ്രബുദ്ധകേരളം ശക്തമായ പ്രതിഷേധം ഉയർത്തുകതന്നെ വേണം.

എന്തുകൊണ്ടാണ്‌ സംഘപരിവാർ പുന്നപ്ര–-വയലാർ സമരത്തെയും അതിൽ രക്തസാക്ഷികളായവരെയും അപമാനിക്കാൻ രംഗത്തുവന്നത്‌ എന്ന ചോദ്യം പ്രസക്തമാണ്‌. സ്വാതന്ത്ര്യസമരത്തിൽ അബദ്ധത്തിൽപ്പോലും പങ്കെടുക്കാത്ത ഒരു കൂട്ടരുണ്ടെങ്കിൽ അത്‌ സംഘപരിവാറുകാരാണ്‌. ഒരു സംഘടനയെന്ന നിലയിൽ ബ്രിട്ടീഷ്‌ കൊളോണിയൽ ഭരണത്തിനെതിരെയോ അടിച്ചമർത്തപ്പെട്ട ഇന്ത്യൻ ജനതയുടെ അവകാശങ്ങൾക്ക്‌ വേണ്ടിയോ ഒരുസമരവും ചെയ്യാത്തവരാണ്‌ ആർഎസ്‌എസും സംഘപരിവാറും. ജാതി, ജന്മി, നാടുവാഴിത്ത താൽപ്പര്യങ്ങൾക്കൊപ്പം അടിയുറച്ചുനിന്നവരാണവർ. ബ്രിട്ടീഷുകാർക്കെതിരെ പൊരുതി വിലപ്പെട്ട സമയം കളയരുതെന്നും ഹിന്ദുരാഷ്ട്രത്തിനായി പ്രവർത്തിക്കുകയാണ്‌ വേണ്ടതെന്നും ഉപദേശിച്ച സംഘടനയാണ്‌ ആർഎസ്എസ്‌. സ്വാതന്ത്ര്യസമരത്തിന്‌ നേതൃത്വം നൽകിയ രാഷ്ട്രപിതാവ്‌ ഗാന്ധിജിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക്‌ ഗോഡ്‌സെയെ ആരാധിക്കുന്ന സംഘപരിവാറിൽനിന്ന്‌ ഒരു നന്മയും പ്രതീക്ഷിക്കരുത്‌.

സ്വതന്ത്ര തിരുവിതാംകൂറിനും ദിവാൻ ഭരണത്തിനും എതിരെ ഉത്തരവാദിത്ത ഭരണത്തിനും പ്രായപൂർത്തി വോട്ടവകാശത്തിനും വേണ്ടി ജാതി–- ജന്മി–-നാടുവാഴിത്ത ശക്തികൾക്കും മുതലാളിത്ത ചൂഷണത്തിനും എതിരെ നടന്ന സമരത്തെ അംഗീകരിക്കാൻ സംഘപരിവാർ ശക്തികൾക്ക്‌ ഒരിക്കലും ആകില്ല. സർ സി പിയുടെ യന്ത്രത്തോക്കുകളെ വാരിക്കുന്തംകൊണ്ട്‌ നേരിട്ട്‌, തളരാതെ പൊരുതിനിന്ന തലമുറയെയാണ്‌ സംഘപരിവാർ അധിക്ഷേപിച്ചത്‌.

രക്തസാക്ഷികളായവരെ കമ്യൂണിസ്‌റ്റുകാർ കെണിയിൽപ്പെടുത്തുകയായിരുന്നുവെന്ന ആക്ഷേപം ഉയർത്തുന്നവർ നാടിന്റെ മോചനത്തിനുവേണ്ടി ജീവൻ ബലിയർപ്പിക്കാൻ തയ്യാറായവരെയും അവരുടെ പിൻമുറക്കാരെയുമാണ്‌ അപമാനിക്കുന്നത്‌. രക്തസാക്ഷികളെ അപമാനിക്കുക എന്നത്‌ ആർഎസ്‌എസ്‌ തത്വശാസ്‌ത്രത്തിന്റെ ഭാഗം തന്നെയാണെന്ന്‌ തിരിച്ചറിയാതെ പോകരുത്‌. തങ്ങളുടെ ആദർശം സഫലീകരിക്കുന്നതിൽ പരാജയപ്പെട്ടവരാണ്‌ രക്തസാക്ഷികളെന്നാണ്‌ രണ്ടാം സർസംഘ്‌ ചാലകായ സദാശിവ ഗോൾവാൾക്കർ പറഞ്ഞുവച്ചിട്ടുള്ളത്‌.

സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന ഏടിനെ സംഘപരിവാർ അപമാനിച്ചപ്പോൾ അതിൽ പ്രതിഷേധിച്ചില്ലെന്ന്‌ മാത്രമല്ല, അതിക്രമത്തെ നിസ്സാരവൽക്കരിച്ച്‌ അതിന്‌ പരോക്ഷമായി പിന്തുണ നൽകുകയായിരുന്നു കോൺഗ്രസ്‌ പാർടി. പുന്നപ്ര–-വയലാർ സമരത്തെ സ്വാതന്ത്ര്യസമരമായി കണക്കാക്കി രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾക്ക്‌ സ്വാതന്ത്ര്യസമര പെൻഷൻ നൽകുന്നതിനെതിരെ എന്നും നിലകൊണ്ട പ്രസ്ഥാനമാണ്‌ കോൺഗ്രസ്‌. പുന്നപ്ര–-വയലാർ സമരത്തെ എന്നും ഇകഴ്‌ത്തിക്കാണിക്കാനും രക്തസാക്ഷികളെ പുച്ഛിച്ച്‌ തള്ളാനും മുന്നിൽനിന്ന പ്രസ്ഥാനവും കോൺഗ്രസായിരുന്നു. അതിൽനിന്ന്‌ ആവേശം ഉൾക്കൊണ്ടും കോൺഗ്രസിന്റെ പിന്തുണ ഉറപ്പിച്ചുമാണ്‌ സംഘപരിവാർ തെരഞ്ഞെടുപ്പ്‌ സമയംതന്നെ തെരഞ്ഞെടുത്ത്‌ പുന്നപ്ര–-വയലാർ സമരത്തെയും രക്തസാക്ഷികളെയും അപമാനിക്കാൻ തയ്യാറായത്‌. ഈ രണ്ട്‌ ശക്തിക്കും ശക്തമായ മറുപടി കേരളത്തിലെ ജനങ്ങൾ ജനവിധിയിലൂടെ നൽകുമെന്ന കാര്യത്തിൽ സംശയമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top