07 June Wednesday

ശുചിത്വരംഗത്ത് പുതുകാൽവയ്‌പ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 9, 2021


സംസ്ഥാനത്ത് പൊതുവാഹനങ്ങളിലും സ്വകാര്യവാഹനങ്ങളിലും യാത്ര ചെയ്യുന്നവർ നേരിടുന്ന മുഖ്യപ്രശ്നങ്ങളിൽ ഒന്നാണ് ശുചിമുറികളുടെ അഭാവം. അടുത്തകാലത്ത് പെട്രോൾ പമ്പുകളിൽ സൗകര്യം ഏർപ്പെടുത്തിയെങ്കിലും കൃത്യമായ ശുചീകരണസംവിധാനം ഇല്ലാത്തതിനാൽ ഫലപ്രദമായില്ല.

ശുചിമുറി ഇല്ലായ്മ ഏറ്റവും ബുദ്ധിമുട്ടിലാക്കുന്നത് സ്ത്രീകളെയും പെൺകുട്ടികളെയുമാണ്. വൃത്തിയുള്ള സ്ഥലങ്ങൾ ലഭ്യമാകാത്തതിനാൽ എത്രദൂരം യാത്ര ചെയ്താലും വീട്ടിലെത്തുംവരെ ശുചിമുറികൾ ഉപയോഗിക്കാത്തവർ ഏറെയാണ്‌. സ്ത്രീകളിൽ മൂത്രാശയരോഗങ്ങൾ വർധിക്കാൻ ഇത് ഇടയാക്കുന്നതായി പഠനങ്ങൾ വന്നിട്ടുണ്ട്.

സ്ത്രീ സൗഹൃദപരമായ പൊതു ഇടങ്ങൾ എന്ന ആവശ്യം ഏറെ നാളായി ഉയരുന്നതാണ്. സ്ത്രീകൾക്ക് ശുചിമുറികൾ എന്നത് ഒരു വികസനപ്രശ്‌നമായി സ്ത്രീസംഘടനകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. പൊതു ഇടങ്ങളിൽ ഷീ ടോയ്‌ലെറ്റും ഈ ടോയ്‌ലെറ്റും പരീക്ഷിച്ചെങ്കിലും പ്രതീക്ഷിച്ച വിജയം ഉണ്ടായിട്ടില്ല. എന്നാൽ, ശുചിമുറി, മുലയൂട്ടൽ മുറി, കോഫി ഷോപ്‌, സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീൻ, വിശ്രമകേന്ദ്രം തുടങ്ങിയ സൗകര്യങ്ങൾ ചേർന്ന കേന്ദ്രങ്ങൾ കൂടുതൽ തുടങ്ങാനായാൽ പദ്ധതി വിജയകരമാകും എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ആ ദിശയിലുള്ള ഒരു പദ്ധതി സംസ്ഥാനത്ത് അതിവേഗത്തിൽ മുന്നേറുകയാണ്. സംസ്ഥാന സർക്കാർ അതീവ ഗൗരവത്തോടെതന്നെ ഈ വിഷയം കൈകാര്യം ചെയ്യുന്നു എന്നത് സ്വാഗതാർഹമാണ്. നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ 100 പൊതുശുചിമുറി സമുച്ചയങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും തദ്ദേശഭരണമന്ത്രി എം വി ഗോവിന്ദൻ ചൊവ്വാഴ്ച നാടിന്‌ സമർപ്പിച്ചു. സ്ഥലലഭ്യതയെയും ഉപയോഗിക്കാൻ സാധ്യതയുള്ള ആൾക്കാരുടെ എണ്ണത്തെയും അടിസ്ഥാനമാക്കി മൂന്നുതരം കേന്ദ്രങ്ങളാണ് നിർമിക്കുന്നത്. എല്ലാ തലത്തിലും സാനിറ്ററി നാപ്കിനുകൾ നശിപ്പിക്കാനും അജൈവ മാലിന്യം സംഭരിക്കാനും സംവിധാനമുണ്ട്. പ്രീമിയം തലത്തിനൊപ്പം കോഫിഷോപ്പും ഉണ്ടാകും. ആദ്യഘട്ടത്തിൽ 100 കേന്ദ്രം തുടങ്ങിയിരുന്നു. ഇപ്പോൾ നൂറെണ്ണംകൂടിയായി. 524 ശുചിമുറി സമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. ആകെ 2365 സമുച്ചയം നിർമിക്കുകയാണ് ലക്ഷ്യം. അവകൂടി പൂർത്തിയാകുമ്പോൾ ഒരു ദീർഘകാല പ്രശ്നത്തിന്‌ പരിഹാരമാകും.

ഈ കേന്ദ്രങ്ങൾ ശുചിത്വത്തോടെയും യാത്രികർക്ക് പ്രയോജനപ്പെടുന്ന വിധത്തിലും നിലനിർത്തുക എന്നതാണ് ഇനി ഉയരുന്ന വെല്ലുവിളി. ഒട്ടേറെ പദ്ധതികൾ വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്ന കുടുംബശ്രീക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല എന്നത് പ്രതീക്ഷ നൽകുന്നു. എന്നാൽ, തദ്ദേശഭരണ സ്ഥാപനങ്ങൾ ഇതിന്റെ മേൽനോട്ടച്ചുമതല ഏറ്റെടുക്കണം. ആദ്യഘട്ടത്തിൽ നിർമിച്ച അപൂർവം ചില കേന്ദ്രങ്ങളെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതായി പരാതി ഉയർന്നിരുന്നു. അങ്ങനെ ഒരു സ്ഥിതി ഉണ്ടാകരുത്. ഉപയോഗിക്കുന്നവർക്കും ജാഗ്രത വേണം. അലക്ഷ്യവും അശ്രദ്ധവുമായ ഉപയോഗത്തിലൂടെ രോഗവാഹകകേന്ദ്രങ്ങളായി ഇവ മാറാൻ ഇടയാക്കരുത്.

ഈ വിശ്രമകേന്ദ്രങ്ങൾ ഉൾപ്പെടുത്തി ഒരു മാപ്പ് ലഭ്യമാക്കേണ്ടതുണ്ട്. യാത്ര ചെയ്യുന്നവർക്ക് ഈ കേന്ദ്രങ്ങൾ എവിടെയൊക്കെ എന്ന് ഗൂഗിൾ മാപ്പിൽനിന്നും മറ്റും മനസ്സിലാക്കാൻ കഴിയണം. ഇത്തരം കേന്ദ്രങ്ങൾ അടുത്തുണ്ടെന്ന് അറിയിക്കുന്ന സൂചനയും റോഡരികിൽ ഉണ്ടാകണം. ഇതൊരു വലിയ കാൽവയ്‌പാണ്. സ്ത്രീ സൗഹാർദപരം എന്നതുപോലെ ശുചിത്വമേഖലയിൽ കേരളത്തിന്‌ വികസിത രാജ്യങ്ങൾക്കൊപ്പമെത്താൻ സഹായിക്കുന്ന പദ്ധതിയായും ഇത് മാറുമെന്ന് ഉറപ്പിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top