19 September Thursday

റെയിൽ ഭൂമിയും കാണിക്കയോ ?

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023


രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിച്ചും നിലവിലെ തൊഴിലുകൾ പതുക്കെ ഇല്ലാതാക്കിയും ജനങ്ങളെ, പ്രത്യേകിച്ച്‌ യുവാക്കളെ തെരുവിലേക്കെറിഞ്ഞ്‌ വെല്ലുവിളിക്കുകയാണ് മോദി സർക്കാർ. വ്യോമയാന‐തുറമുഖ ‐ബാങ്കിങ്‌‐ ടെലിഫോൺ‐ ഇൻഷുറൻസ്‌ രംഗത്തും റെയിൽവേയിലും  ടെക്‌സ്‌റ്റൈൽ മേഖലയിലും ഈ പ്രവണത അപകടകരമായ നിലയിലായിരിക്കുകയാണെന്ന്‌ കാണാം. ഇന്ത്യൻ റെയിൽവേ ചരിത്ര പ്രാധാന്യമുള്ളതും അതിവിപുലവുമായ ശൃംഖലകളിലൊന്നാണ്. 16 ലക്ഷത്തിലധികം തൊഴിൽ നൽകുന്ന ആ സ്ഥാപനത്തെ പരിപൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. പൊന്നുംവിലയുള്ള റെയിൽ ഭൂമി സ്വകാര്യ ഗ്രൂപ്പുകൾക്ക്‌ തുച്ഛവിലയ്‌ക്ക്‌ കൈമാറുന്നത്‌ അതിലേക്കുള്ള പ്രധാന ചുവടാണ്‌. മന്ത്രാലയ നയങ്ങൾ, ഉന്നതമേധാവികളുടെ അഴിമതി, ഉദ്യോഗസ്ഥ കെടുകാര്യസ്ഥത, അനുബന്ധ സംവിധാനങ്ങളുടെ പോരായ്‌മ തുടങ്ങിയവ റെയിൽ‌വേ നേരിടുന്ന പ്രതിസന്ധികളാണ്‌. സുരക്ഷ ഉറപ്പാക്കുന്നതിലടക്കം പതിനായിരക്കണക്കിന്‌ ജീവനക്കാരുടെ ഒഴിവുകൾ നികത്താതെയുണ്ട്‌. സേവനങ്ങൾ അനാകർഷകമാക്കി സ്വകാര്യവൽക്കരണത്തിന്‌ അനുകൂലമായും പൊതുമേഖലയ്‌ക്കെതിരായും മുറവിളി ശക്തമാക്കാൻ അവസരമൊരുക്കുകയാണ്‌ മോദി ഭരണം. ആളില്ലാ ഗേറ്റുകളിലെ കാവൽ ഉൾപ്പെടെ സുരക്ഷാ ജോലികളിലും ക്ലീനിങ്‌ രംഗത്തും ട്രെയിൻ ഓപ്പറേഷനിലും ജീവനക്കാരുടെ കുറവ്  പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

കേരളത്തിൽനിന്ന്‌ കണ്ണൂർ ഉൾപ്പെടെ രാജ്യത്തെ 48- പ്രധാന റെയിൽവേ സ്റ്റേഷന്റെ ഭൂമിയാണ്‌ സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്‌. 45 മുതൽ 99 വർഷത്തേക്കാണ് കരാർ. ബംഗളൂരുവിൽ  8.6 ഏക്കർ 60 വർഷത്തേക്കും ചെന്നൈ എഗ്‌മോറിൽ 6.24 ഏക്കർ 45 വർഷത്തേക്കുമാണ്‌ നൽകുക. റെയിൽവേയിലെ അനുബന്ധ ഭൂമി സ്വകാര്യ കമ്പനികൾക്കും ഗ്രൂപ്പുകൾക്കും സംരംഭകർക്കും പാട്ടത്തിന് നൽകാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ  തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്‌. യുവജനസംഘടനകളും ട്രേഡ്‌ യൂണിയനുകളും തുടർച്ചയായി സമരമുഖത്ത്‌ നിലകൊണ്ടു. ഇടതുപക്ഷ എംപിമാർ റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന്‌ ശക്തമായ ഭാഷയിൽ കത്തെഴുതി. കണ്ണൂർ സ്‌റ്റേഷൻ പരിസരത്തെ 48 ഏക്കർ ഭൂമി 45 വർഷത്തേക്ക്‌ സ്വകാര്യ ഗ്രൂപ്പിന്‌ കൈമാറാൻ റെയിൽവേ ലാൻഡ്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റി (ആർഎൽഡിഎ)യുടേതാണ്‌ മുൻകൈ. ആദ്യഘട്ടത്തിൽ ഏഴ്‌ ഏക്കറാണ്‌ ബംഗളൂരു ആസ്ഥാനമായ ടെക്‌സ്‌വർത്‌ ഇന്റർനാഷണൽ 24.63 കോടി രൂപയ്‌ക്ക്‌ പാട്ടത്തിനെടുത്തത്‌. എ ക്ലാസ്‌ സ്‌റ്റേഷനായ കണ്ണൂർ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുമ്പോഴാണിത്‌. ഒന്നാം പ്ലാറ്റ്‌ഫോമുള്ള പടിഞ്ഞാറുഭാഗത്തെ 4.93 ഏക്കർ ഷോപ്പിങ് സമുച്ചയം ഉൾപ്പെടെയുള്ളവ വാണിജ്യ ആവശ്യങ്ങൾക്കായും കിഴക്കേ കവാടത്തെ  2.26 ഏക്കർ റെയിൽവേ കോളനി നിർമിക്കാനുമാണ്‌ കൈമാറുന്നത്‌. കോടികൾ വിലയുള്ള ഭൂമി സ്വകാര്യ കമ്പനിക്ക്‌ നൽകുന്നത്‌ ചുളുവിലയ്‌ക്ക്‌.

സെന്റിന്‌ ചുരുങ്ങിയത്‌ അരക്കോടി  മതിക്കുന്ന ഭൂമിയാണ്‌ ടെക്‌സ്‌വർത് ഇന്റർനാഷണലിന്‌ 45 വർഷത്തേക്ക്‌ നൽകുന്നതും. ആദ്യഘട്ടത്തിൽ ഏഴ്‌ ഏക്കറാണ്‌ 24.63 കോടി രൂപയ്‌ക്ക്‌ കൈമാറുക. വൻ വ്യാപാരസമുച്ചയങ്ങൾക്കായി ഭൂമി ഉപയോഗിച്ചാൽ അവ തിരിച്ചെടുക്കാനാകാത്തവിധം അന്യാധീനപ്പെടുകയും സ്‌റ്റേഷന്റെ അടിസ്ഥാനസൗകര്യം ഉൾപ്പെടെയുള്ള വികസനം പ്രതിസന്ധിയിലാകുകയും ചെയ്യും. നാല്‌, അഞ്ച്‌ പ്ലാറ്റ്‌ ഫോം, യാർഡ്‌ നിർമാണം തുടങ്ങിയവ   ഇല്ലാതാകുന്ന സ്ഥിതിയുമാകും ഫലം. നിലവിൽ സ്‌റ്റേഷന്‌ മുന്നിൽ ഗതാഗതക്കുരുക്ക്‌ രൂക്ഷമാണ്‌. റോഡ്‌ വികസനത്തിനുപോലും സ്ഥലമില്ല.  കണ്ണൂർ വിമാനത്താവളം, അഴീക്കൽ തുറമുഖം, ഏഴിമല നാവിക അക്കാദമി, ജലപാത, തലശേരി– -മൈസൂരു റെയിൽ പാത തുടങ്ങി കണ്ണൂരിന്റെ വികസന മുന്നേറ്റത്തിന്‌ ഊർജംപകരുന്ന ഒട്ടേറെ പദ്ധതികൾക്ക്‌ ഭൂമി അത്യാവശ്യമാണ്‌.  കേരളത്തിലെ  പ്രധാന റെയിൽവേ സ്റ്റേഷനായ കണ്ണൂർ ദിനംപ്രതി പതിനായിരത്തിനടുത്ത്‌ യാത്രക്കാർക്ക്‌ ആശ്രയമാണ്‌. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം അവരെ വീർപ്പുമുട്ടിക്കുന്ന അവസ്ഥയിൽ റെയിൽഭൂമി സ്വകാര്യ ഗ്രൂപ്പിന് കാണിക്ക വയ്‌ക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന്‌ എംപിമാരും ഡിവൈഎഫ്‌ഐ നേതൃത്വവും ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top