06 June Tuesday

വൈദ്യുതിക്ക്‌ 50 രൂപ വിലയിട്ട്‌
 കേന്ദ്രത്തിന്റെ കോർപറേറ്റ്‌ സേവ

വെബ് ഡെസ്‌ക്‌Updated: Friday Feb 24, 2023


വൈദ്യുതിമേഖലയിലെ സ്വകാര്യവൽക്കരണവും കോർപറേറ്റ്‌വൽക്കരണവും രാജ്യത്തെ കടുത്ത ഊർജപ്രതിസന്ധിയിലേക്ക്‌ നയിക്കുകയാണ്‌. കൽക്കരിക്ഷാമത്തെ തുടർന്ന്‌ കഴിഞ്ഞ വർഷങ്ങളിലുണ്ടായ വൈദ്യുതിപ്രതിസന്ധിക്ക്‌ സമാനമായ സാഹചര്യമാണ്‌ വേനൽ കടുക്കുന്നതോടെ നേരിടാൻ പോകുന്നത്‌. വൈദ്യുതി ആവശ്യകതയും ഉൽപ്പാദനവും തമ്മിലുള്ള അന്തരം ഏറുന്നു. ഈ സാഹചര്യത്തിൽ ഉയർന്ന വിലയ്‌ക്ക്‌ വൈദ്യുതി വിൽക്കാൻ പുതിയ വിപണി ഉണ്ടാക്കിയത്‌ പ്രതിസന്ധി രൂക്ഷമാക്കും. വൈദ്യുതിക്ഷാമം മറികടക്കാൻ കേന്ദ്രസർക്കാരിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ കേന്ദ്ര ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമീഷൻ യൂണിറ്റിന്‌ പരമാവധി 50 രൂപവരെ വില ഈടാക്കാവുന്ന പുതിയ വിപണിക്ക്‌ അനുമതി നൽകിയത്‌. ഇറക്കുമതി കൽക്കരിയും പ്രകൃതിവാതകവും ഉപയോഗിച്ചുള്ള ഉൽപ്പാദന നിലയങ്ങൾക്കും ബാറ്ററിയിൽ വൈദ്യുതി ശേഖരിക്കുന്ന സ്ഥാപനങ്ങൾക്കും ഈ വിപണിയിൽ കൂടിയ വിലയ്‌ക്ക്‌ വൈദ്യുതി വിൽക്കാം. മറ്റ്‌ ഉൽപ്പാദന നിലയങ്ങളെയും ഘട്ടംഘട്ടമായി ഈ വിപണിയുടെ പരിധിയിൽ കൊണ്ടുവരാനുള്ള സാധ്യതയുണ്ട്‌.  ഇറക്കുമതി കൽക്കരി ഉപയോഗിച്ച്‌ വൈദ്യുതി  ഉൽപ്പാദിപ്പിക്കുന്നതിന്‌ വിദേശത്ത്‌ കൽക്കരി ഖനികളുള്ള  അദാനി ഉൾപ്പെടെയുള്ള വൻകിട കോർപറേറ്റ്‌ കമ്പനികളെ സഹായിക്കാനാണ്‌ മോദി സർക്കാർ ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചത്‌.

വൈദ്യുതി വിറ്റുവരവു നടക്കുന്ന പവർ എക്സ്ചേഞ്ചിൽ നാലുതരം വിപണിയായിരുന്നു ഉണ്ടായിരുന്നത്. എല്ലായിടത്തും പരമാവധി വില 12 രൂപയും. രണ്ട്‌ മാസമായി പവർഎക്‌സ്‌ചേഞ്ചിൽ 12 രൂപ നൽകിയാലും ആവശ്യത്തിന്‌ വൈദ്യുതി ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്‌. യൂണിറ്റിന് 50 രൂപയ്ക്കുവരെ വൈദ്യുതി വിൽക്കാവുന്ന അഞ്ചാമത്തെ വിപണി തുറക്കുന്നത്‌ വലിയ പ്രത്യാഘാതം സൃഷ്ടിക്കും. കൂടുതൽ വില നൽകുന്നവർക്ക്‌ സ്വകാര്യവൈദ്യുത നിലയങ്ങൾ വൈദ്യുതി വിൽക്കുന്ന സ്ഥിതിയിലേക്കാണ്‌ കാര്യങ്ങൾ എത്തുക. എത്ര വില കൊടുത്തും വാങ്ങാൻ ആളുണ്ടെന്ന്‌ വ്യക്തമായാൽ കുറഞ്ഞ വിലയ്ക്ക് ഹ്രസ്വകാല, ദീർഘകാല കരാർ ഒപ്പുവച്ച്‌ വൈദ്യുതി വിൽക്കാൻ ഉൽപ്പാദകർ മടിക്കും. മാർച്ച്‌ പകുതി മുതൽ വേനൽ കടുക്കുന്നതോടെ രാജ്യത്തെ പ്രതിദിന വൈദ്യുതി ആവശ്യം 2.29 ലക്ഷം മെഗാവാട്ടിലെത്തിയേക്കും. ഇത്രയും ഉൽപ്പാദന സാധ്യതയില്ലാത്തതിനാൽ ആവശ്യക്കാർ കൂടുതൽ വില നൽകി വാങ്ങാൻ നിർബന്ധിതനാകും. ഇത്‌ നിരക്ക്‌ കുത്തനെ ഉയർത്താൻ വിതരണ കമ്പനികൾക്ക്‌ അവസരമൊരുക്കും. കൂടുതൽ  ഉപയോഗിക്കുന്ന സമയങ്ങളിൽ അന്യസംസ്ഥാനങ്ങളിലെ ഉൽപ്പാദന നിലയങ്ങളിൽനിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുന്ന കേരളംപോലുള്ള സംസ്ഥാനങ്ങൾക്ക്‌ പുതിയ വിപണി വലിയ ഭീഷണിയാണ്‌. അടുത്ത മാസംമുതൽ മെയ് വരെ യൂണിറ്റിന് പരമാവധി ഒമ്പതു രൂപവരെ വില നൽകി വൈദ്യുതി വാങ്ങാനാണ് കെഎസ്‌ഇബി കരാർ ഒപ്പു വച്ചിരിക്കുന്നത്. പുതിയ കരാറുകൾ ഒപ്പിടേണ്ടിവരുമ്പോൾ ഇതിലും കൂടിയ വില നൽകേണ്ട സ്ഥിതി സംജാതമാകും.

താപവൈദ്യുത നിലയങ്ങൾ ഉപയോഗിക്കുന്ന കൽക്കരിയുടെ 10 ശതമാനം ഇറക്കുമതി ചെയ്തതായിരിക്കണമെന്ന കേന്ദ്രസർക്കാർ വ്യവസ്ഥ അടിച്ചേൽപ്പിച്ചതിനെത്തുടർന്ന് രാജ്യത്ത് വൈദ്യുതി വില വർധിക്കുകയാണ്. ഈ നിബന്ധന നടപ്പായതോടെ കെഎസ്ഇബിക്ക് 500 കോടിയിലേറെ രൂപയുടെ അധികബാധ്യതയുണ്ടായി. ഇതാണ് മൂന്നു മാസം കൂടുമ്പോൾ സർചാർജായി വരുന്നത്‌. വൈദ്യുതി ആവശ്യത്തിനായി ദേശീയ ഗ്രിഡിനെ ആശ്രയിക്കുന്നതിനാൽ ഇതിൽനിന്ന്‌ കേരളത്തിനും മാറിനിൽക്കാനാകില്ല. ബോധപൂർവം കൽക്കരിക്ഷാമം സൃഷ്ടിച്ച്‌ ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിക്കാൻ താപനിലയങ്ങളെ നിർബന്ധിപ്പിക്കുന്നത്‌ വൻകിട കോർപറേറ്റുകളെ സഹായിക്കാനാണ്‌. താപനിലയങ്ങളുടെ ശേഷിക്കനുസരിച്ച്‌ കൽക്കരി ഖനനം ചെയ്യുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താൻ ജാഗ്രത കാട്ടാതെ പ്രതിസന്ധി നേരിടുന്ന അദാനിയെ സഹായിക്കാനാണ്‌ മോദിസർക്കാർ തിടുക്കം കാട്ടുന്നത്‌. പശ്‌ചാത്തല വികസനമേഖലയാകെ സ്വകാര്യവൽക്കരിക്കുക എന്നതിന്റെ തുടർച്ചയായി വൈദ്യുതിമേഖല സ്വകാര്യവൽക്കരിച്ചതാണ്‌ തുടർച്ചയായ ചാർജ്‌ വർധനയ്‌ക്ക്‌ കാരണമാകുന്നത്‌. പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ളവയുടെ വിലനിർണയാധികാരം എണ്ണക്കമ്പനികൾക്ക്‌ വിട്ടുകൊടുത്തതിന്‌ സമാനമായ ദുരന്തമാണ്‌ വൈദ്യുതി ചാർജിലും ഉണ്ടാകുക. ഇതോടെ ചാർജ്‌ വർധന ഉപയോക്താക്കൾക്ക്‌ താങ്ങാനാകില്ല. രാജ്യത്തെയും ജനങ്ങളെയും ഷോക്കേൽപ്പിച്ച്‌ ഇരുട്ടിലേക്ക്‌ തള്ളിവിടുന്ന നയങ്ങൾ മോദിസർക്കാർ ഉടൻ തിരുത്തുകയാണ്‌ വേണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top