14 August Sunday

ചിദംബരത്തിന്റെ അറസ്റ്റ്: മുന്നറിയിപ്പും പാഠവും

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019ഇന്ത്യൻ ജനാധിപത്യം അഭിമുഖീകരിക്കുന്ന ആഴമേറിയ പ്രതിസന്ധികളെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതാണ് മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ അറസ്റ്റും അതിലേക്ക് നയിച്ച സംഭവങ്ങളും. സിബിഐയും ആദായനികുതി വകുപ്പും ഉൾപ്പെടെയുള്ള നിയമസംവിധാനങ്ങൾ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെയും വിമർശകരെയും ബിജെപി വേട്ടയാടുന്നത് ഒരുവശത്ത്. അധികാരത്തിന്റെ ബലത്തിൽ സാമ്പത്തിക അഴിമതികൾ അടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്യാൻ ഒരു മടിയുമില്ലാത്തവരാണ് എല്ലാക്കാലത്തും രാജ്യം ഭരിക്കുന്നതെന്ന സത്യം മറുവശത്ത്. അഴിമതിക്കും അധികാരദുർവിനിയോഗത്തിനും ഇടയിൽ അഥവാ ചെകുത്താനും കടലിനുമിടയിൽപ്പെട്ട അവസ്ഥയിലാണ് രാജ്യത്തെ ജനങ്ങൾ എന്ന് ആവർത്തിച്ച് തെളിയിക്കുന്നതാണ് ചിദംബരത്തിന്റെ അറസ്റ്റും അതിനു പിന്നിലെ നാടകീയ സംഭവങ്ങളും.

സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജി, പിൽക്കാലത്ത് സ്വന്തം മകളെ കൊന്ന കേസിൽ ജയിലിലായ ഭാര്യ ഇന്ദ്രാണി മുഖർജി എന്നിവർ നേതൃത്വം നൽകിയ ഐഎൻഎക്‌സ്‌ മീഡിയ എന്ന കമ്പനിക്ക് നിയമം മറികടന്ന് വിദേശനിക്ഷേപം സ്വീകരിക്കാൻ കേന്ദ്ര ധനമന്ത്രിയായിരിക്കെ ചിദംബരം സൗകര്യമൊരുക്കിയെന്നാണ് സിബിഐ കേസ്. നിയമം അനുവദിക്കുന്നതിൽ എത്രയോ ഇരട്ടി വിദേശനിക്ഷേപം ഇന്ത്യയിലെത്തിക്കാൻ ചിദംബരം സഹായിച്ചുവെന്നും ഇതിന് മകൻ കാർത്തി ചിദംബരം ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നും സിബിഐ പറയുന്നു. 2017 മെയ് 15 ന് സിബിഐ രജിസ്റ്റർ ചെയ്‌ത കേസിൽ നിയമപോരാട്ടം നടത്തിവരുന്ന ചിദംബരത്തിന്‌ ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെയാണ് സിബിഐ അറസ്റ്റ് ചെയ്‌തത്‌.

കടലാസ് കമ്പനികൾവഴി കള്ളപ്പണം വെളുപ്പിച്ച് ഇന്ത്യയിലെത്തിക്കുന്നത് കോർപറേറ്റുകളും അവരെ സഹായിക്കുന്ന ഭരണനേതൃത്വവും ഏറെക്കാലമായി ചെയ്യുന്ന കാര്യമാണെന്നത് രഹസ്യമല്ല. ഈ പണത്തിന്റെ പങ്കുപറ്റിയാണ് ഇന്ത്യയിലെ പല ബൂർഷ്വാ രാഷ്ട്രീയ പാർടികളും തടിച്ചുകൊഴുക്കുന്നത്. തെരഞ്ഞെടുപ്പ് ജയിക്കാൻ പണമൊഴുക്കുന്ന നേതാക്കളുടെ പിൻബലം ഇത്തരം വഴിവിട്ട മാർഗമാണെന്ന് എല്ലാവർക്കുമറിയാം. കേന്ദ്രത്തിൽ അധികാരത്തിലിരുന്നപ്പോൾ സമാനമായ നിയമലംഘനങ്ങൾക്ക് കൂട്ടുനിന്ന ചരിത്രമാണ് കോൺഗ്രസിനുള്ളത്. ഇത്തരം ചെയ്‌തികളാണ്‌ ഇന്ന് കോൺഗ്രസിനെയും ചിദംബരം അടക്കമുള്ള നേതാക്കളെയും വേട്ടയാടുന്നതിന് ബിജെപിക്ക് അവസരമൊരുക്കിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി ഒഴുക്കിയ കോടിക്കണക്കിന് രൂപയുടെ സ്രോതസ്സ്‌ ആരാണ് അന്വേഷിച്ചിട്ടുള്ളത്.  എംഎൽഎ മാരെയും എംപിമാരെയും കൂറുമാറ്റിക്കാൻ കോടികളുടെ കള്ളപ്പണമാണ് കുറേക്കാലമായി ചെലവിടുന്നത്. പണാധിപത്യവും അധികാര ദുർവിനിയോഗവും വഴി ജനാധിപത്യത്തെ വരുതിയിൽ നിർത്താനാണ് ബിജെപിയുടെ ശ്രമം. പണത്തിനും സ്വാധീനത്തിനും വഴങ്ങാത്തവരെ നിയമസംവിധാനങ്ങൾ ഉപയോഗിച്ച് അടക്കിനിർത്താനും നോക്കുന്നു.  എന്നിട്ടും വഴങ്ങാത്തവരെ കേസിൽ കുടുക്കി നിശ്ശബ്ദരാക്കാൻ സംഘപരിവാറിന് മടിയില്ല. ഭരണകാലത്തെ എണ്ണിയാലൊടുങ്ങാത്ത അഴിമതികളുടെ പേരിൽ മോഡിയും കൂട്ടരും കോൺഗ്രസിനെയും സഖ്യകക്ഷികളെയും കുടുക്കുമെന്നതിന് തെളിവാണ് ചിദംബരത്തിന്റെ അറസ്റ്റ്. രാഷ്ട്രീയ എതിരാളികളെ ഒതുക്കാൻ സിബിഐയെ കരുവാക്കുന്നുവെന്ന സിപിഐ എമ്മിന്റെയും ജനാധിപത്യവാദികളുടെയും വിമർശനത്തെ എന്നും തള്ളിക്കളയുന്ന കോൺഗ്രസിന് ഇക്കാര്യം ഇനിയെങ്കിലും ബോധ്യപ്പെടുമെന്ന് കരുതാം. സിബിഐയെ ഉപയോഗിച്ച് സിപിഐ എം നേതാക്കളെ കോൺഗ്രസ് വേട്ടയാടിയതും മറക്കരുത്.

കോൺഗ്രസിന്റെ പ്രമുഖ നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും ധനമന്ത്രിയുമായ ചിദംബരത്തെ രാത്രി വീട്ടുമതിൽ ചാടിക്കടന്നാണ് സിബിഐ അറസ്റ്റു ചെയ്‌തത്‌. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഹർജി തീർപ്പാകാൻ കാത്തുനിൽക്കാതെ ചിദംബരത്തെ ജയിലിലടയ്‌ക്കണമെന്ന വാശിയിലായിരുന്നു സിബിഐ. ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെ സൊഹ്‌റാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ സിബിഐ അറസ്റ്റ് ചെയ്‌ത അമിത് ഷാ ഇപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനത്തിരുന്ന് പ്രതികാരം വീട്ടുകയാണെന്ന വിമർശനവും ഇതോട് ചേർത്തുകാണണം.

ആൾക്കൂട്ടകൊലപാതകങ്ങൾ അടക്കം ബിജെപിയും സംഘപരിവാറും നടത്തുന്ന അതിക്രമങ്ങൾക്കുനേരെ കണ്ണടയ്‌ക്കുന്ന കേന്ദ്ര സർക്കാർ പ്രതിപക്ഷത്തെ വേട്ടയാടാൻ നിയമത്തെ കൂട്ടുപിടിയ്ക്കുകയാണ്. കശ്‌മീരിൽ പ്രതിപക്ഷനേതാക്കളാകെ വീട്ടുതടങ്കലിലും ജയിലിലും കഴിയുമ്പോൾ ബിജെപി നേതാക്കൾ സ്വതന്ത്രരാണ്

ആൾക്കൂട്ടകൊലപാതകങ്ങൾ അടക്കം ബിജെപിയും സംഘപരിവാറും നടത്തുന്ന അതിക്രമങ്ങൾക്കുനേരെ കണ്ണടയ്‌ക്കുന്ന കേന്ദ്ര സർക്കാർ പ്രതിപക്ഷത്തെ വേട്ടയാടാൻ നിയമത്തെ കൂട്ടുപിടിയ്ക്കുകയാണ്. കശ്‌മീരിൽ പ്രതിപക്ഷനേതാക്കളാകെ വീട്ടുതടങ്കലിലും ജയിലിലും കഴിയുമ്പോൾ ബിജെപി നേതാക്കൾ സ്വതന്ത്രരാണ്. ബിജെപിയെയോ ആർഎസ്എസിനെയോ വിമർശിക്കുന്നവരെ രാജ്യമാകെ കേസുകളിൽപ്പെടുത്തുന്നു. ഇങ്ങനെ ഭരണപക്ഷത്തിന് ദുരുപയോഗിക്കാനും പ്രതിപക്ഷത്തിന് വേട്ടയാടപ്പെടാനും ഉള്ളതായി ഇന്ത്യൻ നിയമവ്യവസ്ഥ മാറുന്നതിന്റെ അനുഭവങ്ങളാണെങ്ങും. ആ അർഥത്തിൽ ചിദംബരത്തിന്റെ അറസ്റ്റ് ഒരു മുന്നറിയിപ്പാണ്. ചിദംബരം കുറ്റം ചെയ്‌തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. അതേസമയം നിയമം അനുവദിക്കുന്ന അവകാശങ്ങൾക്ക് ചിദംബരം ഉൾപ്പെടെ എല്ലാവർക്കും അർഹതയുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ബിജെപിക്ക് ശക്തമായ മറുപടി നൽകാൻപോലും കഴിയാത്ത അവസ്ഥയിലാണ് കോൺഗ്രസ്. അഴിമതിനിറഞ്ഞ ഭൂതകാലം അവരെ വേട്ടയാടുകയാണ്.

എതിർ ശബ്ദങ്ങളെ നിശ്ശബ്ദരാക്കാൻ സിബിഐയെയും മറ്റ് നിയമസംവിധാനങ്ങളെയും കരുവാക്കുന്ന ബിജെപിയെ തിരിച്ചറിയേണ്ടതുണ്ട്. അഴിമതിക്കെതിരെ പൊരുതിക്കൊണ്ടുതന്നെ ബിജെപിയുടെ ഇത്തരം ഭീഷണികളെ ഇന്ത്യ അതിജീവിക്കുകതന്നെ ചെയ്യും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top