28 February Sunday

കരുതൽ വേണം വയോജനങ്ങൾക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Feb 15, 2021

ഏറ്റവും കൂടുതൽ കരുതൽ ലഭിക്കേണ്ട വിഭാഗങ്ങളിലൊന്ന്‌ വയോജനങ്ങളാണ്‌. ആധുനിക സമൂഹത്തിൽ ഏറ്റവും കൂടുതൽ ഒറ്റപ്പെടൽ അനുഭവിക്കുന്ന വിഭാഗവും ഇവർതന്നെ. പ്രത്യേകിച്ചും ആരോഗ്യമേഖലയും സേവനങ്ങളും ശക്തിപ്പെട്ട കേരളംപോലുള്ള സംസ്ഥാനങ്ങളിൽ. ആയുർദൈർഘ്യം വർധിക്കാൻ മെച്ചപ്പെട്ട ആരോഗ്യസംവിധാനം വയോജനങ്ങളെ സഹായിക്കുന്നു. മക്കളാകട്ടെ തൊഴിൽതേടി വിദേശത്തേക്കും അന്യ സംസ്ഥാനങ്ങളിലേക്കും പോകുന്ന സാഹചര്യത്തിൽ വൃദ്ധജനങ്ങൾ കൂടുതൽ ഒറ്റപ്പെടൽ അനുഭവിക്കുകയാണ്‌. അതുകൊണ്ടുതന്നെ ഒരു വലിയ വിഭാഗം ഇന്ന്‌ വൃദ്ധസദനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു.

കഴിഞ്ഞ അഞ്ച്‌ വർഷം കേരളം ഭരിച്ച പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ സർക്കാരിന്റെ കരുതൽ ഏറ്റവും കൂടുതൽ അനുഭവിച്ച വിഭാഗമാണ്‌ വയോജനങ്ങൾ. മറ്റു പല സർക്കാരുകളും ഈ വിഭാഗത്തിന്‌ പ്രത്യേക കരുതൽ നൽകാൻ മടിച്ചുനിന്നപ്പോൾ ആ തെറ്റ്‌ ആവർത്തിക്കാതെ പിണറായി സർക്കാർ മാതൃകയായി. കോവിഡ്‌കാലത്ത്‌ ചില പദ്ധതികൾ പഴയപടി തുടരാൻ കഴിഞ്ഞില്ലെങ്കിലും അവർക്ക്‌ സാധ്യമായ എല്ലാ സഹായവും ചെയ്യാൻ സർക്കാർ സന്നദ്ധമായി. അതിൽ ഏറ്റവും പ്രധാനം വയോജന പെൻഷൻ 600 രൂപയിൽനിന്ന്‌ 1600 രൂപയായി ഉയർത്തിയതാണ്‌. മാത്രമല്ല, ഈ പെൻഷൻ ബാങ്കിലും ട്രഷറിയിലും പോസ്‌റ്റ്‌ ഓഫീസിലും പോയിവാങ്ങുന്നതിന്‌ പകരം അവരവരുടെ വീടുകളിൽ കുടിശ്ശിക വരുത്താതെ എത്തിച്ച്‌ നൽകാനും സർക്കാർ തയ്യാറായി. ഈ തീരുമാനത്തിൽ ഏറെ സന്തോഷിക്കുന്നത്‌ വയോജനങ്ങളാണ്‌. ഭക്ഷ്യ കിറ്റുകൂടി ലഭിച്ചതോടെ അല്ലലില്ലാതെ ജീവിക്കാൻ കഴിയുന്ന സ്ഥിതിയും സംജാതമായി.

വയോജനക്ഷേമം മുൻനിത്തി നിരവധി പദ്ധതികളാണ്‌ എൽഡിഎഫ്‌ സർക്കാർ ഇതിനകം നടപ്പാക്കിയത്‌. വയോജനങ്ങൾ നൽകുന്ന പരാതികളിന്മേൽ തീർപ്പ്‌ കൽപ്പിക്കുന്നതിനായി മെയിന്റനൻസ്‌ ട്രിബ്യൂണലുകൾ രൂപീകരിച്ചു. ഇതിന്റെ ഭാഗമായി അദാലത്തുകളും മെഡിക്കൽ ക്യാമ്പുകളും ബോധവൽക്കരണപരിപാടികളും വ്യാപകമായി സംഘടിപ്പിച്ചു. ബിപിഎൽ വിഭാഗത്തിൽപ്പെട്ട പ്രമേഹ രോഗികളായ വയോജനങ്ങൾക്ക്‌ സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന വയോമധുരം പദ്ധതി, സർക്കാർ വൃദ്ധസദനങ്ങളിലെ അന്തേവാസികൾക്ക്‌ ആയുർവേദ ചികിത്സ ഉറപ്പാക്കുന്ന വയോ അമൃതം പദ്ധതി, കോവിഡ്‌ മുൻകരുതലിന്റെ ഭാഗമായി ക്വാറന്റൈനിൽ കഴിയുന്ന വയോജനങ്ങൾക്കായി സാമൂഹ്യനീതി വകുപ്പ്‌ നടപ്പാക്കുന്ന ഗ്രാന്റ്‌ കെയർ പ്രോജക്ട്‌, വൃദ്ധസദനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ദേശീയ നിലവാരത്തിലേക്ക്‌ ഉയർത്തുന്ന സെക്കൻഡ്‌ ഇന്നിങ്സ്‌ ഹോം, തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ നടത്തിവരുന്ന പകൽവീടുകളിലെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തി സായം പ്രഭാ ഹോമുകളായി ഉയർത്തുന്ന പദ്ധതി, മ്യൂസിക്ക്‌ തെറാപ്പി, യോഗ തെറാപ്പി, വയോജനപാർക്ക്‌ തുടങ്ങി വിവിധങ്ങളായ പദ്ധതികളാണ്‌ സംസ്ഥാന സർക്കാർ വയോജനങ്ങൾക്കായി നടപ്പാക്കി വരുന്നത്‌.

എന്നാൽ, ഇതിനർഥം വയോജനങ്ങൾ അനുഭവിക്കുന്ന എല്ലാ പ്രശ്‌നത്തിനും ഇതോടെ പരിഹാരമായി എന്നല്ല. കഴിഞ്ഞ ദിവസം തൃശൂരിൽ ചേർന്ന സീനിയർ സിറ്റിസൺസ്‌ ഫ്രണ്ട്‌സ്‌ വെൽഫെയർ അസോസിയേഷന്റെ അഞ്ചാം സംസ്ഥാനസമ്മേളനം മുന്നോട്ടുവച്ച വയോജനവകുപ്പും വയോജനകമീഷനും രൂപീകരിക്കണമെന്ന ആവശ്യംതന്നെ ഉദാഹരണം. ജനസംഖ്യയുടെ ഒരു വലിയ വിഭാഗം വരുന്ന വയോജനങ്ങളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെട്ട ജീവിതവും ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര–-സംസ്ഥാന സർക്കാരുകൾക്ക്‌ കീഴിൽ പ്രത്യേക വകുപ്പ്‌ വേണമെന്നതാണ്‌ ഒരു പ്രധാന ആവശ്യം. അതോടൊപ്പം വൃദ്ധജനങ്ങൾ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങൾ മനസ്സിലാക്കി, അത്‌ പരിഹരിക്കുന്നതിനുള്ള‌ നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നതിന്‌ ഒരു വയോജനകമീഷൻ‌ രൂപീകരിക്കണമെന്നതാണ്‌ മറ്റൊരാവശ്യം. ഇതിന്‌ പുറമേ ചില വികസിത രാഷ്ട്രങ്ങളിൽ ഉള്ളതുപോലെ പൊതു വാഹനങ്ങളിൽ സൗജന്യയാത്ര, പെൻഷൻ വർധിപ്പിക്കുക, കോവിഡ്‌ വാക്‌സിനുകളിൽ വയോജനങ്ങൾക്ക്‌ മുൻഗണന, വയോജനങ്ങളോട്‌ ആദരവും സ്‌നേഹവും അനുകമ്പയും വളർത്താനുള്ള പാഠ്യവിഷയങ്ങൾ സിലബസിന്റെ ഭാഗമാക്കുക, സൗജന്യ ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതി നടപ്പാക്കുക, നിർദനരായവർക്ക്‌ അങ്കണവാടി വഴി ഭക്ഷണം വിതരണം ചെയ്യുക, അനാഥരായ വയോജനങ്ങൾക്ക്‌ ആശുപത്രികളിലും മറ്റും കൂട്ടിരിക്കുന്നവർക്ക്‌ അലവൻസ്‌, പകൽവീടുകളിലേക്ക്‌ പോകുന്നതിനും വീട്ടിലേക്ക്‌ തിരിച്ചുവരുന്നതിനും വാഹനസൗകര്യം തുടങ്ങി നിരവധി ആവശ്യങ്ങൾ വയോജനരംഗത്ത്‌ പ്രവർത്തിക്കുന്ന എസ്‌സിഎഫ്‌ഡബ്ലുഎ തുടങ്ങിയ സംഘടനകൾ നിരന്തരം ഉയർത്തുന്നുണ്ട്‌. ഒറ്റയടിക്ക്‌ ഇവയെല്ലാം നടപ്പാക്കാൻ ഒരു സർക്കാരിനും കഴിയില്ലെങ്കിലും അനുഭാവപൂർവം പരിഗണിച്ച്‌ ഘട്ടംഘട്ടമായി ഈ ആവശ്യങ്ങൾ പരിഗണിക്കാൻ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. ഒരു വയോജന നയം പ്രഖ്യാപിക്കാനെങ്കിലും കേന്ദ്ര സർക്കാർ ഉടൻ തയ്യാറാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top