28 March Tuesday

നോർവെയിൽ വലതുപക്ഷത്തിന് തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021
 
വടക്കൻ യൂറോപ്പിലെ നോർവെയിലും ഇടതുപക്ഷ സ്വഭാവമുള്ള സഖ്യസർക്കാർ അധികാരത്തിലേക്ക്‌. തിങ്കളാഴ്‌ച പാർലമെന്റിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി എർണ സോൾബർഗ്‌ നയിക്കുന്ന മൂന്നംഗ യാഥാസ്ഥിതിക കക്ഷി സഖ്യം പരാജയപ്പെട്ടു. എട്ടു വർഷമായി തുടരുന്ന വലതുപക്ഷ ഭരണത്തിനാണ്‌ അന്ത്യമായത്‌. മുൻ വിദേശ, ആരോഗ്യമന്ത്രിയും ലേബർ പാർടി നേതാവുമായ ജോനാസ്‌ ഗാർ സ്‌റ്റോയർ പ്രധാനമന്ത്രിയാകുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. മധ്യ ഇടതുപക്ഷ ലേബർ പാർടി 48 സീറ്റ്‌ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി.
 
യൂറോപ്യൻ യൂണിയനെ എതിർക്കുന്ന ഗ്രാമീണ കർഷകരിൽ വേരുള്ള സെന്റർ പാർടി, സോഷ്യലിസ്റ്റ്‌ ലെഫ്‌റ്റ്‌ പാർടി എന്നീ കക്ഷികളുമായി സഖ്യം സ്ഥാപിച്ച്‌ സർക്കാർ രൂപീകരിക്കാനാണ്‌ സ്‌റ്റോയർ ശ്രമിക്കുന്നത്‌. 169 അംഗ പാർലമെന്റിൽ ഭൂരിപക്ഷത്തിന്‌ 85 സീറ്റ്‌ മതിയെന്നിരിക്കെ ഈ സഖ്യത്തിന്‌ 89 സീറ്റ്‌ ലഭിച്ചിട്ടുണ്ട്‌. ഗ്രീൻ പാർടിക്ക്‌ മൂന്നും കമ്യൂണിസ്റ്റ്‌ റെഡ്‌ പാർടിക്ക്‌ എട്ടും സീറ്റ്‌ ലഭിച്ചിട്ടുണ്ട്‌. ഇവരും വിശാല ഇടതുപക്ഷത്ത്‌ നിലയുറപ്പിക്കുന്ന കക്ഷികളാണ്‌. അതായത്‌, പാർലമെന്റിൽ നൂറോളം സീറ്റിൽ വിജയിച്ചത്‌ ഇടതുപക്ഷമാണ്‌. എന്നാൽ, സഖ്യസർക്കാർ രൂപീകരണം അത്ര എളുപ്പമല്ല. കാലാവസ്ഥാമാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഈ കക്ഷികൾ വച്ചുപുലർത്തുന്ന കടുത്ത നിലപാടുകളാണ്‌ ഇതിനു കാരണം.
 
പരിസ്ഥിതിയും കാലാവസ്ഥാമാറ്റവും പ്രധാന വിഷയമായ തെരഞ്ഞെടുപ്പിലാണ്‌ വലതുപക്ഷത്തിന്‌ കനത്ത തോൽവിയുണ്ടായത്‌. കാലാവസ്ഥാമാറ്റം സംബന്ധിച്ച യുഎൻ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ച ഘട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ സ്വാഭാവികമായും അത്‌ പ്രധാനവിഷയമായി. പശ്ചിമ യൂറോപ്പിൽ ഏറ്റവും കൂടുതൽ പെട്രോൾ ഖനനം നടക്കുന്ന രാജ്യമാണ്‌ നോർവെ. പുതിയ എണ്ണപര്യവേക്ഷണം പാടില്ലെന്നും രണ്ടായിരത്തി മുപ്പത്തഞ്ചോടെ എണ്ണഖനനം പൂർണമായും നിർത്തണമെന്നുമാണ്‌ സോഷ്യലിസ്റ്റ്‌ ലെഫ്‌റ്റും ഗ്രീൻ പാർടിയും ആവശ്യപ്പെടുന്നത്‌. എന്നാൽ, ജിഡിപിയുടെ 14 ശതമാനവും കയറ്റുമതിയുടെ 40 ശതമാനവും വരുന്ന എണ്ണ ബിസിനസ്‌ ഉപേക്ഷിക്കണമെന്ന വാദത്തെ ലേബർപാടി അംഗീകരിക്കുന്നില്ല. രണ്ട്‌ ലക്ഷത്തോളം പേർക്ക്‌ തൊഴിൽ നൽകുന്ന ഈ മേഖലയെ അടച്ചിടാൻ മുഖ്യധാരാരാഷ്ട്രീയ കക്ഷികളൊന്നും തയ്യാറല്ല. അതുപോലെ യൂറോപ്യൻ യൂണിയനെ അനുകൂലിക്കുകയും എതിർക്കുകയും ചെയ്യുന്ന കക്ഷികൾ ലേബർ സഖ്യത്തിലുണ്ട്‌. സമൂഹത്തിലെ സാമ്പത്തിക അസമത്വം പരിഹരിക്കുന്നതിനായിരിക്കും മുൻതൂക്കം നൽകുക എന്ന്‌ ലേബർ പാർടി ആണയിടുന്നു. താഴ്‌ന്ന വരുമാനക്കാർക്കും മധ്യവർഗത്തിനും നികുതി ഇളവ്‌ നൽകി അതിസമ്പന്നരിൽനിന്ന്‌ കൂടുതൽ നികുതി പിരിച്ചെടുത്ത്‌ ഈ ലക്ഷ്യത്തിലേക്ക്‌ പ്രയാണം ചെയ്യുമെന്നാണ്‌ സ്‌റ്റോയർ തെരഞ്ഞെടുപ്പ്‌ പ്രചാരണവേളയിൽ പറഞ്ഞത്‌. മഹാമാരിക്കാലത്ത്‌ ജനങ്ങളെ ഏറ്റവും ആകർഷിച്ച മുദ്രാവാക്യവും ഇതുതന്നെയാണ്‌.
 
നോർവെ ഇടതുപക്ഷത്തേക്ക്‌ ചാഞ്ഞതോടെ അഞ്ച്‌ നോർദിക്‌ രാഷ്ട്രത്തും മധ്യ ഇടതുപക്ഷ കക്ഷികൾക്കായി ഭരണം. ഫിൻലാൻഡിൽ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർടി നേതാവായ സാൻ മരിനാണ്‌ പ്രധാനമന്ത്രി. ഐസ്‌ലൻഡിൽ ലെഫ്‌റ്റ്‌ ഗ്രീൻ പാർടി നേതാവ്‌ കാത്റിന് യാക്കോബ്ഡോട്ടിഷും ഡെന്മാർക്കിൽ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർടി നേതാവ്‌ മെറ്റേ ഫ്രഡറിക്‌സണും സ്വീഡനിൽ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർടി നേതാവ്‌ സ്‌റ്റെഫാൻ ലോഫ്‌വെനുമാണ്‌ ഭരണം നടത്തുന്നത്‌. ഏറ്റവും സന്തുഷ്ടരായ ജനങ്ങൾ ജീവിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ പത്തിൽ താഴെയുള്ള സ്ഥാനങ്ങൾ നേടിയ രാഷ്ട്രങ്ങളാണ്‌ ഇവയൊക്കെ. (ഇന്ത്യ 139–-ാം സ്ഥാനത്ത്‌) സെപ്‌തംബർ 26ന്‌ ജർമൻ പാർലമെന്റിലേക്ക്‌ നടക്കുന്ന തെരഞ്ഞെടുപ്പിലും സോഷ്യൽ ഡെമോക്രാറ്റുകൾ വിജയിക്കുമെന്നാണ്‌ അഭിപ്രായ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്‌. യൂറോപ്പിനെ വീണ്ടും ഇടതുപക്ഷഭൂതം പിടികൂടുകയാണോ എന്ന ചർച്ച ഇതോടെ തുടങ്ങിക്കഴിഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top