04 February Saturday

നല്ല തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday May 30, 2016


കേരളത്തിന് ഇത്തരമൊരു മുന്‍കൈ അനിവാര്യമാണ്. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം പിണറായി വിജയന്‍ നടത്തിയ ആദ്യത്തെ ഡല്‍ഹി സന്ദര്‍ശനം ഏതൊരു കേരളീയന്റെയും മനസ്സില്‍ പ്രത്യാശയുടെയും വിശ്വാസത്തിന്റെയും അലകളാണുയര്‍ത്തുന്നത്. നിയുക്ത മുഖ്യമന്ത്രിയായിരിക്കെത്തന്നെ പിണറായി പറഞ്ഞിരുന്നു– കേരളത്തിലെ എല്ലാ ജനങ്ങളുടെയും സര്‍ക്കാരാണ് രൂപീകരിക്കുന്നതെന്ന്; കക്ഷി രാഷ്ട്രീയ, ജാതി– മത വേര്‍തിരിവുകളില്ലാത്ത ഭരണമാണ് വരാന്‍ പോകുന്നതെന്ന്. അവകാശങ്ങളെക്കുറിച്ച് ബോധ്യമുണ്ടാവുകയും അവ ചോദിച്ചുവാങ്ങുകയും ചെയ്യുന്ന സംസ്ഥാനവും സംസ്ഥാനത്തോട് അനുഭാവപൂര്‍വം പെരുമാറുന്ന കേന്ദ്രവുമാണ് നമുക്ക് വേണ്ടത്. കേരളത്തിന്റെ വികസനത്തിന് കേന്ദ്രസര്‍ക്കാരിന്റെ നല്ല പിന്തുണ പ്രതീക്ഷിക്കുന്നു എന്നാണ് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരെ കണ്ടശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. സംസ്ഥാനത്ത് ഭരണമേറ്റശേഷം ഔപചാരികമായി രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ എന്നിവരെ സന്ദര്‍ശിക്കാനാണ് പിണറായി എത്തിയത്. ആ കൂടിക്കാഴ്ചയില്‍ത്തന്നെ സംസ്ഥാനത്തിന്റെ സുപ്രധാന വിഷയങ്ങള്‍ അവതരിപ്പിക്കാനും അവയ്ക്ക് വലിയ അളവ് പരിഹാരം കാണുന്നതിനുള്ള ചര്‍ച്ചകള്‍ ക്രിയാത്മകമായി മുന്നോട്ടുകൊണ്ടുപോകാനും കഴിഞ്ഞു.

ഹ്രസ്വമായ ഒരു കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും പരിഗണിക്കാനാകില്ലെന്നിരിക്കെ, കൃത്യമായ മുന്‍ഗണന നിശ്ചയിച്ച്, സുപ്രധാന വിഷയങ്ങള്‍ അവതരിപ്പിക്കാനായി എന്നതാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ സവിശേഷതയായി ചൂണ്ടിക്കാട്ടാനാവുന്ന ഒരു കാര്യം. സംസ്ഥാനത്തിന്റെ ഏറ്റവും വലിയ പ്രശ്നം കാലിയായ ഖജനാവാണ്. സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ക്കുപോലും പണമില്ലാത്ത അവസ്ഥയില്‍, കേന്ദ്രത്തിന്റെ സഹായവും കേന്ദ്രവിഹിതത്തിന്റെ ന്യായമായ വിതരണവും അനിവാര്യമാണ്. അക്കാര്യത്തില്‍ കേന്ദ്രപിന്തുണ ലഭിക്കുമെന്ന പ്രത്യാശയാണ് പ്രധാനമന്ത്രിയുടെ വാക്കുകളില്‍നിന്ന് മനസ്സിലാക്കാനായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങളും പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയുമടക്കം ഒട്ടേറെ വിഷയങ്ങളില്‍ കേന്ദ്രത്തില്‍നിന്ന് അനുകൂല നടപടികളുണ്ടാകാനുള്ള നിര്‍ദേശങ്ങളാണ് കേരള മുഖ്യമന്ത്രി മുന്നോട്ടുവച്ചത്.

ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കാനുള്ള മുന്‍ഗണനയാണ് എടുത്തുപറയേണ്ട ഒന്ന്. ഗെയില്‍ പദ്ധതി പൂര്‍ത്തിയായാല്‍ ചീമേനിയില്‍ ഉദ്ദേശിക്കുന്ന വൈദ്യുതിനിലയത്തിനും മറ്റും ഇന്ധനം കണ്ടെത്താന്‍ സാധിക്കും. കൂടംകുളം വൈദ്യുതിലൈനിന്റെ പൂര്‍ത്തീകരണം, ദേശീയപാത വികസനം, പശ്ചാത്തലസൌകര്യ വികസനം എന്നിവയെല്ലാം പ്രധാനമന്ത്രിയുമായും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായും പിണറായി ചര്‍ച്ചചെയ്തു. ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിന് സ്ഥലമെടുപ്പ് തടസ്സംനില്‍ക്കുന്നു. അത്തരം വിഷയങ്ങള്‍ കണ്ടെത്തി ന്യായമായ പരിഹാരം ഉറപ്പുവരുത്താനുള്ള പ്രതിബദ്ധത ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയില്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിവേഗ റെയില്‍പ്പാത ഉള്‍പ്പെടെ റെയില്‍വികസന വിഷയങ്ങളും അവയുടെ പ്രായോഗിക പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും ചര്‍ച്ചയ്ക്ക് വിധേയമായി. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന് എങ്ങനെ ഇടപെടാനാകും എന്നാണ് ഈ കൂടിക്കാഴ്ചകളില്‍ തെളിഞ്ഞത്.

കേന്ദ്ര– കേരള ഭരണകക്ഷികള്‍ രാഷ്ട്രീയമായി രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ്. കേന്ദ്രം ഭരിക്കുന്ന കക്ഷിതന്നെ കേരളത്തില്‍ അധികാരത്തിലെത്തണമെന്നും എങ്കിലേ വികസനം വരൂ എന്നും സിദ്ധാന്തം രൂപപ്പെടുത്തി ചിലര്‍ വോട്ടുപിടിച്ച സംസ്ഥാനവുമാണിത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം സഹകരിക്കുന്നതിന് ഭരണാധികാരികളുടെ രാഷ്ട്രീയം തടസ്സമായിക്കൂടാ. എല്ലാവരുടെയും സര്‍ക്കാര്‍ എന്ന ആശയം യാഥാര്‍ഥ്യമാക്കുന്നതിലേക്കുള്ള വ്യക്തമായ ശുഭസൂചനയായി ഈ കൂടിക്കാഴ്ചകളെ ഞങ്ങള്‍ കാണുകയാണ്. ഈ തുടക്കം തുടര്‍ന്നുകൊണ്ടുപോകാനാകണം. ആര്‍എസ്എസ് ആക്രമണങ്ങള്‍ തടയണം. കേരളത്തെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളില്‍നിന്ന് സംഘപരിവാര്‍ പിന്മാറണം. കേന്ദ്ര സര്‍ക്കാരിനെ സ്വന്തം വീടായി കണ്ടുകൊള്ളാന്‍ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രദ്ധയും ഇടപെടലും അത്തരം കാര്യങ്ങളിലും ഉണ്ടാകുമെന്നാണ് പ്രത്യാശിക്കേണ്ടത്. എന്തായാലും മുഖ്യമന്ത്രി പിണറായി വിജയന്റേത് നല്ല തുടക്കമാണ്. നാടിന്റെ പുരോഗതിക്കായി ഇച്ഛാശക്തിയോടെ മുന്നേറുന്ന ഒരു സര്‍ക്കാര്‍ കേരളത്തിനുണ്ട് എന്ന് അദ്ദേഹം ആദ്യ സന്ദര്‍ഭത്തില്‍ത്തന്നെ തെളിയിച്ചിരിക്കുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top