06 December Sunday

ബാങ്കിങ് രംഗത്തെ പിന്തിരിപ്പന്‍ പരിഷ്കാരങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2017


ബാങ്കിങ് മേഖലയില്‍ ബിജെപി സര്‍ക്കാര്‍ വരുത്തിക്കൊണ്ടിരിക്കുന്ന പരിഷ്കരണങ്ങള്‍ സാമ്പത്തികമായും ഈ രംഗത്ത് തൊഴിലെടുക്കുന്നവര്‍ക്കും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരുവശത്ത് വന്‍കിട കോര്‍പറേറ്റുകളോട് മൃദുസമീപനം.  മറുവശത്ത,് ഈ സമീപനം സൃഷ്ടിക്കുന്ന അമിതഭാരം ജീവനക്കാരുടെയും ഉപയോക്താക്കളുടേയും തലയില്‍കെട്ടിവയ്ക്കല്‍. ഇതാണ് പരിഷ്കരണങ്ങളുടെ മറവില്‍ രാജ്യത്തെ ബാങ്കിങ് വ്യവസായരംഗത്താകെ നടക്കുന്നത്. യുണൈറ്റഡ് ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്ര ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ദേനാ ബാങ്ക് തുടങ്ങിയ 10 പൊതുമേഖലാ ബാങ്കുകള്‍ക്ക് ജീവനക്കാരുടെ ആനുകുല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിച്ചുകഴിഞ്ഞു. മൂലധനവിഹിതം ലഭിക്കണമെങ്കില്‍ ഈ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന താക്കീതാണ് നല്‍കിയിട്ടുള്ളത്.

കിട്ടാക്കടമെന്ന ഓമനപ്പേരിലാണ് ആസ്തിയുടെ നല്ലൊരുപങ്ക് ബാങ്കുകളുടെ ബാലന്‍സ് ഷീറ്റില്‍ കിടക്കുന്നത്. ഇത് വെറും ബുക്ക് അഡ്ജസ്റ്റ്മെന്റാണെന്നും കടങ്ങള്‍ പൂര്‍ണമായും പിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കുമെന്നും ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍  വായ്പാ കുടിശ്ശിക വരുത്തിയ വന്‍കിട കോര്‍പറേറ്റുകള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സാമ്പത്തിക കുറ്റകൃത്യത്തിന് ശിക്ഷക്കപ്പെട്ട രാജ്യസഭാംഗവും വ്യവസായിയുമായ വിജയ് മല്യക്ക് വിദേശത്തേക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിക്കൊടുക്കുകയുംചെയ്തു. രാജ്യം വിട്ടതിന് ശേഷവും മല്യയുടെ വായ്പാകുടിശ്ശിക എഴുതിത്തള്ളാന്‍ ബാങ്ക് അധികൃതര്‍ക്ക് വൈമനസ്യമുണ്ടായില്ല. സാധാരണ ഉപയോഗിച്ചുവരുന്ന വായ്പ 'എഴുതിത്തള്ളല്‍' എന്ന വാക്കുമാറ്റി പകരം 'തിരിച്ചുപിടിക്കാനുള്ള അക്കൌണ്ടിലേക്കുള്ള മുന്‍കൂര്‍ വകയിരുത്തല്‍' എന്നാണ് ഇപ്പോഴത്തെ വിശേഷണം. വാക്കുകള്‍ ഉപയോഗിച്ചുള്ള മലക്കംമറിച്ചിലുകളിലൂടെ ജനവഞ്ചനയ്ക്ക് മറയിടാനാണ് ധനമന്ത്രിയും ബാങ്കുമേധാവികളും ശ്രമിക്കുന്നത്. 2016 ജൂണില്‍ നിഷ്ക്രിയ ആസ്തി 9.22 ലക്ഷം കോടിയായി വര്‍ധിച്ചു. 2002നെ അപേക്ഷിച്ച് നിഷ്ക്രിയ ആസ്തി വര്‍ധിച്ചത് പത്തിരട്ടിയാണ്. അതിവേഗം വളരുന്ന ഈ നിഷ്ക്രിയ ആസ്തി ബാങ്കിങ് മേഖലയെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിക്കും. ക്രിയാത്മകവും സമയബന്ധിതവുമായ നടപടികളിലൂടെ നിഷ്ക്രിയ ആസ്തി തിരിച്ചുപിടിക്കുന്നതിനുപകരം ബാങ്കുകള്‍തന്നെ കുത്തകകളെ ഏല്‍പ്പിക്കാനാണ് മോഡി സര്‍ക്കാരിന്റെ നീക്കം. 

നോട്ടുനിരോധനവും അതിന്റെ തുടര്‍ച്ചയായ പണരഹിത ഡിജിറ്റല്‍ വിനിമയവും ഇടപാടുകാര്‍ക്ക് ഉണ്ടാക്കിയ പ്രയാസങ്ങള്‍ ചില്ലറയല്ല. എടിഎം, എസ്എംഎസ് സന്ദേശം, ഓണ്‍ലൈന്‍ ഇടപാടുകള്‍ എന്നിവയ്ക്ക് ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകള്‍ക്ക് ഒരു നിയന്ത്രണവും ഇല്ല. പണം ഇടപാടിനുള്ള പരിധിയാകട്ടെ മൂന്ന് ലക്ഷത്തില്‍നിന്ന് രണ്ടുലക്ഷമാക്കി കുറയ്ക്കുകയും ചെയ്തു. നോട്ടുനിരോധത്തിന്റെ ഘട്ടത്തില്‍ മോഡി സര്‍ക്കാര്‍ അവകാശപ്പെട്ട ഒരു ലക്ഷ്യവും സാധ്യമായില്ലെന്നുമാത്രമല്ല ഇടപാടുകാരെ പിഴിയാനും പുത്തന്‍തലമുറ സ്വകാര്യ ബാങ്കുകള്‍ക്ക് ഇഷ്ടംപോലെ വഴിയൊരുക്കാനുമുള്ള ഒരു അവസരമായിത് മാറുകയുംചെയ്തു. സ്വകാര്യവല്‍ക്കരണവും ആഗോളവല്‍ക്കരവും നഖങ്ങളാഴ്ത്തിക്കഴിഞ്ഞ ഇന്ത്യന്‍ ബാങ്കിങ് മേഖലയില്‍നിന്ന്  സാധാരണ ജനങ്ങളും ഗ്രമീണമേഖലയും അകന്നുകൊണ്ടിരിക്കുകയാണ്. വന്‍കിട വിദേശ-സ്വകാര്യബാങ്കുകളുമായി മത്സരിക്കാനായി ആസ്തികൂട്ടണമെന്ന വാദമുയര്‍ത്തിയാണ് അനുബന്ധ ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നത്്. എന്നാല്‍, ആയിരക്കണക്കിന് ശാഖകള്‍ പൂട്ടുന്നതിലൂടെ വികേന്ദ്രീകൃത- ഗ്രാമീണ സേവനങ്ങള്‍ അവസാനിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. ജീവനക്കാരുടേയും ബന്ധപ്പെട്ട ജനവിഭാഗങ്ങളുടേയും കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് നിര്‍ബന്ധപൂര്‍വം ലയനം നടപ്പാക്കുന്നത്. ഇതിലൂടെ നിലവിലുള്ള ജീവനക്കാര്‍ക്ക് പുനര്‍വിന്യാസത്തിലൂടെ ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കപ്പെടും.  മാത്രമല്ല, പുതിയ റിക്രൂട്ട്മെന്റും ഇല്ലാതാകും. ഇതിനുംപുറമെയാണ് ജീവനക്കാരുടെ ആനുകുല്യങ്ങളുടെ മേലുള്ള കൈവയ്ക്കല്‍.

വികസനലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് കാര്‍ഷിക - വ്യാവസായികരംഗങ്ങളിലും സാമൂഹ്യമായും ചില ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുക എന്ന ദേശസാല്‍ക്കരണകാലത്തെ ലക്ഷ്യത്തില്‍നിന്നുള്ള പിന്‍നടത്തമാണ് ഇപ്പോള്‍ പൊതുമേഖലാ ബാങ്കുകളില്‍ ഇപ്പോള്‍ അരങ്ങേറുന്നത്. ലാഭംമാത്രം ലക്ഷ്യമാക്കുന്ന പുതുതലമുറ സ്വകാര്യ ബാങ്കുകളാകട്ടെ സാധാരണക്കാര്‍ക്ക് അപ്രാപ്യവും. പണരഹിത സമ്പദ്ഘടന എന്ന മോഡിയുടെ പ്രഖ്യാപനം വിദേശ ബാങ്കുകള്‍ക്കും ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കും ബാങ്കിങ് മേഖലയിലേക്കുള്ള ചുവപ്പുപരവതാനി വിരിക്കലാണ്. ഒട്ടനവധി പുതിയ സ്ഥാപനങ്ങള്‍ നോട്ടുനിരോധനത്തിന് ശേഷം രംഗത്തുവന്നിട്ടുണ്ട്. വന്‍കിട ടെലിഫോണ്‍ കമ്പനികളെല്ലാം ഡിജിറ്റല്‍ പണമിടപാട് സ്ഥാപനങ്ങള്‍ തുടങ്ങി. 

ഇന്ത്യയുടെ സ്വാശ്രയത്വത്തിനും പരമാധികാരത്തിനും ശക്തിപകരുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്കിങ് മേഖലയില്‍ ദേശസാല്‍ക്കരണം ഘട്ടംഘട്ടമായി നടപ്പാക്കിയത്. എന്നാല്‍, ബാങ്കിങ് കേവലമൊരു വാണിജ്യമേഖലയായി അധഃപതിക്കുകയാണ് മോഡിഭരണത്തില്‍. ഇതിനെതിരായ ശക്തമായ ചെറുത്തുനില്‍പ്പ് ഉയരുന്നുണ്ടെങ്കിലും അതൊന്നും ഗൌനിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ബാങ്കുകളുടെ സ്വകാര്യ- കുത്തകവല്‍ക്കരണം തടഞ്ഞുനിര്‍ത്താന്‍ കൂടുതല്‍ ശക്തവും വിശാലവുമായ പോരാട്ടത്തിന് എല്ലാവിഭാഗം ജനങ്ങളും ജീവനക്കാരും സജ്ജരാകേണ്ടിയിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top