08 February Wednesday

66 എ വകുപ്പ് പുതിയ കുപ്പിയിലാക്കുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Monday Feb 29, 2016

യുഎപിഎ രാഷ്ട്രീയലക്ഷ്യത്തോടെ അനുചിതമായി പ്രയോഗിക്കാനുള്ളതല്ല, രാഷ്ട്രസുരക്ഷയ്ക്ക് വെല്ലുവിളി നേരിടുമ്പോള്‍ ഉപയോഗിക്കാനുള്ളതാണ് എന്നാണ് 2011ല്‍ ആ നിയമം പൊടിതട്ടിയെടുത്ത് കൂട്ടിച്ചേര്‍ക്കലോടെ പ്രയോഗത്തില്‍ വരുത്തുമ്പോള്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ വിശദീകരിച്ചത്.  എന്നാല്‍, രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കോ പരമാധികാരത്തിനോ വെല്ലുവിളി ഉയര്‍ത്തിയവരായിരുന്നില്ല യുഎപിഎ പ്രകാരം എടുത്ത വലിയൊരുപങ്ക്  കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടത്. ഏറ്റവുമൊടുവില്‍, കേരളത്തിലെ അനുഭവം നോക്കുക. കതിരൂര്‍ മനോജ് വധക്കേസില്‍ രാഷ്ട്രസുരക്ഷ അപകടപ്പെടുത്തുന്ന വൈദേശികശക്തികളുടെ ഇടപെടലുണ്ടെന്ന് ഒരു അന്വേഷണഏജന്‍സിയും കണ്ടെത്തിയിട്ടില്ല.  യുഎപിഎ ഉപയോഗിച്ച്  സിപിഐ എമ്മിന്റെ പ്രധാന നേതാവിനെത്തന്നെ   വിചാരണകൂടാതെ തടവിലിട്ട് പീഡിപ്പിക്കാനുള്ള വഴിയാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍  തുറന്നിട്ടത്.  നാട്ടില്‍ സമാനമായ നിരവധി കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. യുഡിഎഫിനെ നയിക്കുന്ന കക്ഷിയുടെ മൂന്ന് പ്രധാന പ്രവര്‍ത്തകര്‍ സ്വന്തം പാര്‍ടിക്കാരാല്‍ തൃശൂര്‍ ജില്ലയില്‍ കൊല്ലപ്പെട്ടത് ഈ കാലയളവിലാണ്. അവിടെയും ബോംബും ഭീകരതയുമുണ്ട്–യുഎപിഎയും സിബിഐയുമില്ല. ഭീകരതയ്ക്കെതിരെയെന്ന ഭാവേന  കൊണ്ടുവന്ന കരിനിയമം രാഷ്ട്രീയപ്രതിയോഗികളെ തകര്‍ക്കാന്‍ ദുരുപയോഗംചെയ്യുന്നതിന് ഇതില്‍പരം തെളിവുവേണ്ടാ. ഈ പശ്ചാത്തലത്തിലാണ്, ഐടി ആക്ടിലെ സുപ്രീംകോടതി റദ്ദാക്കിയ  66–എ വകുപ്പിന് പകരം മറ്റൊന്ന് കൊണ്ടുവന്ന് സോഷ്യല്‍ മീഡിയക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കത്തെയും കാണേണ്ടത്.

സാമൂഹ്യമാധ്യമങ്ങളിലെ അഭിപ്രായസ്വാതന്ത്യ്രത്തിന് കടിഞ്ഞാണിടാന്‍ ഐടി ആക്ടില്‍ പുതിയ വകുപ്പ് ഉള്‍പ്പെടുത്താനാണ്  നീക്കം. സാമൂഹ്യമാധ്യമങ്ങളില്‍നിന്ന് വിമര്‍ശനം ഏറിയതോടെ സോഷ്യല്‍ മീഡിയകളെ ലക്ഷ്യമിട്ടുള്ള നീക്കമാണിത്. ഇതിനു ന്യായീകരണമായി പറയുന്നത്, സാമൂഹ്യമാധ്യമങ്ങളിലൂടെ ഭീകരവാദം വളര്‍ത്തുന്നതും ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും തടയുകയാണ് ലക്ഷ്യമെന്നാണ്. തീവ്ര ഹിന്ദുത്വവല്‍ക്കരണ നീക്കങ്ങള്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനവും പരിഹാസവുമാണ് ഉയരുന്നത്.  ഇത് നേരിടാനാകാതെയാണ് അഭിപ്രായസ്വാതന്ത്യ്രം എന്ന മൌലികാവകാശത്തിന്റെ കഴുത്തില്‍ കത്തിവയ്ക്കാനൊരുമ്പെടുന്നത്.

അവ്യക്തമാണെന്നും അഭിപ്രായസ്വാതന്ത്യ്രം നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഐടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയിരുന്നത്. ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയും ഐടി നിയമം പുനഃപരിശോധിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.  66 എ വകുപ്പിലെ കര്‍ശന വ്യവസ്ഥകള്‍ക്കു പകരം താരതമ്യേന മയപ്പെടുത്തിയ വ്യവസ്ഥകളായിരിക്കും നിയമഭേദഗതിയിലുണ്ടാവുകയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. പുതിയ വകുപ്പിന്റെ കീഴില്‍ ഏതെല്ലാം കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തണം എന്നതുസംബന്ധിച്ച് കൂടുതല്‍ വ്യക്തതയുണ്ടാക്കും എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നുണ്ട്. യുഎപിഎ അടക്കമുള്ള കരിനിയമങ്ങള്‍ പ്രയോഗിക്കുന്ന അനുഭവം വച്ചു നോക്കിയാല്‍, ഈ വാദഗതികള്‍ അര്‍ഥശൂന്യമാണ്.

സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പര്യാപ്തമായ വകുപ്പുകളുണ്ട്. സാമൂഹ്യമാധ്യമങ്ങളുടെ സാധ്യത പരമാവധി ഉപയോഗിച്ച് ജനങ്ങള്‍ക്കിടയില്‍  സ്വന്തം പ്രതിച്ഛായ മാറ്റിയ നേതാവാണ് മോഡി. ഗുജറാത്തിലെ വംശഹത്യയും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുമടക്കം  പ്രതിച്ഛായയില്‍ തീരാക്കളങ്കം വീഴ്ത്തിയപ്പോള്‍, അതിനു മറയിടാന്‍ സാമൂഹ്യമാധ്യമങ്ങളെ ആശ്രയിച്ച നരേന്ദ്ര മോഡിക്ക് ഇപ്പോള്‍ അതേ മാധ്യമങ്ങളെ ഭയമാണ്. വിമര്‍ശങ്ങള്‍ സംഘപരിവാര്‍ സഹിക്കുന്നില്ല. വിമര്‍ശമുന്നയിക്കുന്നവരെ കായികമായി ഉന്മൂലനംചെയ്യാന്‍ മടിക്കുന്നുമില്ല. എന്നിട്ടും തൃപ്തിവരാതെയാണ്, വിമര്‍ശം ഉയരുന്ന പ്ളാറ്റ്ഫോമിനെത്തന്നെ വരിഞ്ഞുകെട്ടാനുള്ള പുറപ്പാട്.

സാമൂഹ്യമാധ്യമങ്ങളിലൂടെ ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ നേരിടാന്‍ പുതിയ വകുപ്പ് ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നത്  വെറുതെയുള്ള ആശങ്കയല്ല. ഇന്ന്, ആര്‍എസ്എസ് സംഘടിതമായി എതിരാളികളെ തകര്‍ക്കുന്ന രീതി അതിന് സാധൂകരണം നല്‍കുന്നു. മോഡിക്കെതിരെയും ബാല്‍ താക്കറെക്കെതിരെയും  ശബ്ദിച്ചവരെ ജയിലിലിട്ട അനുഭവം നമുക്ക് മുന്നിലുണ്ട്. അത് പുതിയ നിയമഭേദഗതിയിലൂടെ ആവര്‍ത്തിക്കപ്പെട്ടുകൂടാ. ഈ വിഷയത്തില്‍ സമൂഹത്തിന്റെ എല്ലാ ഭാഗത്തുനിന്നും പ്രതികരണമുയരേണ്ടതുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top