02 October Monday

ജനാധിപത്യ ധ്വംസനത്തിന്റെ അപകട മുഖം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 25, 2017

ഒരു രാഷ്ട്രീയപാര്‍ടിയുടെ ദേശീയ അധ്യക്ഷന്‍ കൈക്കൂലിക്കേസില്‍ നേരിട്ട് പിടിക്കപ്പെട്ടതിന്റെ റെക്കോഡ് ബിജെപിക്കുമാത്രം അവകാശപ്പെട്ടതാണ്. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ബിജെപി അധ്യക്ഷനായിരുന്നു ബംഗാരു ലക്ഷ്മണ്‍. ആയുധവ്യാപാരികളെന്ന വ്യാജേന സമീപിച്ച മാധ്യമപ്രവര്‍ത്തകരില്‍നിന്ന് ഒരുലക്ഷം രൂപ പാര്‍ടി ആസ്ഥാനത്തുവച്ച് കൈപ്പറ്റി അദ്ദേഹം മേശവലിപ്പില്‍ വയ്ക്കുന്ന ദൃശ്യങ്ങള്‍ 2001 മാര്‍ച്ച് 13നാണ് പുറത്തുവന്നത്.

ആ കേസില്‍ നാലുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയുമാണ് ബംഗാരുവിന് സിബിഐ കോടതി ശിക്ഷ വിധിച്ചത്. ബിജെപിയുടെ 'അഴിമതിവിരോധ'ത്തിന്റെയും 'സദാചാരപ്രസംഗ'ത്തിന്റെയും കരണക്കുറ്റിക്ക് കിട്ടിയ അടിയായിരുന്നു ആ സംഭവം. ആ ലജ്ജാകരമായ അവസ്ഥയില്‍നിന്ന് രക്ഷപ്പെടാന്‍ ബിജെപി പലതരം അഭ്യാസങ്ങള്‍ കാണിക്കുന്നത് പിന്നീട് രാജ്യം കണ്ടു. 2008ല്‍ ലോക്സഭയില്‍ വിശ്വാസപ്രമേയ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുന്നതിന് സമാജ്വാദി പാര്‍ടി നല്‍കിയെന്ന് അവകാശപ്പെട്ട് നോട്ടുകെട്ടുകളുമായി ബിജെപി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതായിരുന്നു അത്തരം ഒരനുഭവം. അധികാരത്തിലെത്തിയ ഘട്ടങ്ങളിലെല്ലാം അഴിമതിയുടെ പുതിയ സാധ്യതകള്‍ തെരയുന്ന ബിജെപി ജനാധിപത്യത്തെ വിലയ്ക്കെടുക്കുന്നതിലും കോണ്‍ഗ്രസിനോട് മത്സരിക്കുകയോ മുന്നിലെത്തുകയോ ചെയ്ത അനുഭവങ്ങള്‍  അനേകമാണ്. 

കേന്ദ്രഭരണം കൈയാളുന്ന ദേശീയ പാര്‍ടി  രാഷ്ട്രീയധാര്‍മികത തൊട്ടുതീണ്ടാതെ എതിര്‍പക്ഷത്തുള്ള ജനപ്രതിനിധികളെ വിലയ്ക്കെടുക്കാന്‍ പണത്തിന്റെയും അധികാരത്തിന്റെയും സകല സാധ്യതകളും ഉപയോഗിച്ചതിന്റെ ഫലമാണ് മണിപ്പുര്‍, ഗോവ സംസ്ഥാനങ്ങളില്‍ ഇന്നുള്ള സര്‍ക്കാരുകള്‍. ഇരുസംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയല്ല വിജയിച്ചത്്. വലിയ ഒറ്റക്കക്ഷിയായത് കോണ്‍ഗ്രസാണ്. എന്നിട്ടും വഴിവിട്ട നീക്കങ്ങളിലൂടെ എംഎല്‍എമാരെ അണിനിരത്തി ഭരണം പിടിച്ചെടുക്കാന്‍ നഗ്നമായ കുതിരക്കച്ചവടത്തിനാണ് ബിജെപി തയ്യാറായത്. ഈ ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ക്കാകെ നേതൃത്വം നല്‍കുന്നത് ബിജെപി അധ്യക്ഷന്‍ അമിത് ഷാതന്നെയാണ്. ഗുജറാത്തില്‍നിന്ന് രാജ്യസഭയിലേക്ക് ഒരംഗത്തെ ജയിപ്പിച്ചയക്കാനുള്ള അംഗസംഖ്യ കോണ്‍ഗ്രസിനുണ്ടായിട്ടും എംഎല്‍എമാരെ ചാക്കിട്ടുപിടിച്ച് ആ സീറ്റ് പിടിച്ചെടുക്കാന്‍ ബിജെപി നടത്തിയ ശ്രമം ഈ ശ്രേണിയിലെ ഒടുവിലത്തെ രംഗങ്ങളിലൊന്നാണ്. ഗുജറാത്തിലെ തിരിച്ചടികളെ ബിജെപി ഭയപ്പെടുന്നു. നരേന്ദ്ര മോഡിയുടെ വ്യാജപ്രഭാവം കെട്ടിപ്പൊക്കിയത് ഗുജറാത്തില്‍നിന്നാണ്. മോഡി- അമിത് ഷാ കൂട്ടുകെട്ടിന്റെ നിലനില്‍പ്പുതന്നെ ഗുജറാത്തിലെ വര്‍ഗീയ- കുടില പരീക്ഷണങ്ങളുടെ ബലത്തിലാണ്. ആ ഗുജറാത്തില്‍ പരാജയത്തിന്റെയും തിരിച്ചടിയുടെയും പാഠം പഠിക്കേണ്ടിവരുമ്പോള്‍ സംഘപരിവാര്‍ വെപ്രാളത്തിന്റെ പിടിയിലാവുകയാണ്.

ഭരണനേട്ടമോ വികസനത്തെക്കുറിച്ചുള്ള അവകാശവാദമോ ജനങ്ങള്‍ക്കുമുന്നില്‍ വിശ്വസനീയമായി അവതരിപ്പിക്കാന്‍ അശക്തമാണ് ഗുജറാത്തിലെ ബിജെപി ഇന്ന്. വര്‍ഗീയതയുടെയും വിദ്വേഷരാഷ്ട്രീയത്തിന്റെയും പ്രയോഗം എക്കാലത്തും വിജയിക്കണമെന്നില്ല എന്ന വസ്തുതയും അവര്‍ തിരിച്ചറിയുന്നു. ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം എല്ലാറ്റിലും മേലെയാണ്. ജനങ്ങളില്‍ വളര്‍ന്ന അസ്വസ്ഥതയും രോഷവും ശമിപ്പിക്കാന്‍ മോഡിയുടെ തുടര്‍ സന്ദര്‍ശനങ്ങളും വാഗ്ദാനപ്പെരുമഴയുംകൊണ്ട് സാധ്യമല്ല എന്ന തിരിച്ചറിവും ആ പാര്‍ടിക്കുണ്ട്. ദൌര്‍ബല്യം പരിഹരിക്കാന്‍ സ്വതസിദ്ധമായ കുറുക്കുവഴികളിലേക്ക് അവര്‍ പോകുന്നത് ഈ പശ്ചാത്തലത്തിലാണ്. പട്ടേല്‍സംവരണ പ്രക്ഷോഭസമിതിയുടെ വടക്കന്‍ ഗുജറാത്ത് കണ്‍വീനര്‍ നരേന്ദ്ര പട്ടേലിന് കൂറുമാറി ബിജെപിയില്‍ ചേരാന്‍ ഒരുകോടി രൂപ വാഗ്ദാനം ചെയ്തതിന്റെ പൊരുളും മറ്റൊന്നല്ല. കൂറുമാറ്റക്കോഴയുടെ അഡ്വാന്‍സായി ബിജെപി നേതാക്കള്‍ നല്‍കിയ പത്തുലക്ഷം രൂപ വാര്‍ത്താസമ്മേളനത്തില്‍ പട്ടേല്‍ പ്രദര്‍ശിപ്പിച്ചു. 

കാല്‍ച്ചുവട്ടിലെ മണ്ണ് ചോര്‍ന്നുപോകുമ്പോള്‍ പണമൊഴുക്കി ആളെ പിടിക്കാനും അധികാരത്തിന്റെ ആയുധങ്ങളുപയോഗിച്ച് എതിരാളികളെ നിശബ്ദരാക്കാനും ശ്രമിക്കുകയാണ് ബിജെപി. ആ കള്ളക്കളിയാണ്, ബിജെപി നല്‍കിയ കോഴപ്പണം പ്രദര്‍ശിപ്പിച്ച് ആ വഞ്ചനയ്ക്ക് താനില്ല എന്നു പ്രഖ്യാപിച്ച് നരേന്ദ്ര പട്ടേല്‍ പൊളിച്ചത്. രണ്ടാഴ്ചമുമ്പ് ബിജെപിയില്‍ ചേര്‍ന്ന മറ്റൊരു പട്ടേല്‍വിഭാഗം നേതാവ് നിഖില്‍ സാവനിയും പാര്‍ടി വിട്ടിട്ടുണ്ട്. യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കെതിരായ ജനവികാരത്തിന്റെ തണലിലാണ് ബിജെപി രാജ്യത്ത് അധികാരത്തില്‍ വന്നത്്. അവര്‍ അധികാരം നിലനിര്‍ത്താന്‍ അഴിമതിയില്‍ ആടിത്തിമിര്‍ക്കുകയാണ്. നോട്ട് നിരോധനം ലോകം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണെന്ന സത്യം ഏറ്റുപറയാന്‍ ബിജെപിയുടെ സമുന്നതര്‍തന്നെ തയ്യാറായത് ഓര്‍ക്കേണ്ടതുണ്ട്. അരുതാത്ത മാര്‍ഗങ്ങളിലൂടെ സമ്പാദിച്ചുകൂട്ടിയ പണത്തിന്റെ കുത്തൊഴുക്ക് സൃഷ്ടിച്ച് ഗുജറാത്ത് നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളൂ. തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതപോലും തകര്‍ത്തുകൊണ്ടാണ് സംഘപരിവാര്‍ ഗുജറാത്തില്‍നിന്നുള്ള തിരിച്ചടിയുടെ ആഘാതം ലഘൂകരിക്കാന്‍ കഷ്ടപ്പെടുന്നത്. ബിജെപിയുടെ പരിക്ഷീണാവസ്ഥയുടെ സൂചന എന്നതിലുപരിയായി, ജനാധിപത്യധ്വംസനത്തിന്റെ അത്യന്തം അപകടകരമായ മുഖമായി ഇതിനെ കാണേണ്ടതുണ്ട് *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top