14 August Friday

സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന് ഐക്യനിര

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2017

ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളില്‍നിന്നുള്ള കമ്യൂണിസ്റ്റ്- ഇടതുപക്ഷ പാര്‍ടികളുടെ സമ്മേളനം രണ്ടു ദിവസമായി കൊച്ചിയില്‍ നടന്നു. ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ളവത്തിന്റെ നൂറാംവാര്‍ഷികത്തോടനുബന്ധിച്ച് സിപിഐ എമ്മാണ് നാലു രാഷ്ട്രങ്ങളില്‍നിന്നുള്ള എട്ടു കമ്യൂണിസ്റ്റ്- ഇടതുപക്ഷ പാര്‍ടികളുടെ സമ്മേളനം വിളിച്ചുചേര്‍ത്തത്. കാള്‍ മാര്‍ക്സിന്റെ പ്രസിദ്ധ കൃതിയായ മൂലധനത്തിന്റെ ആദ്യവാള്യം പുറത്തിറങ്ങിയതിന്റെ 150-ാംവര്‍ഷവും ഇറ്റാലിയന്‍ മാര്‍ക്സിസ്റ്റ് ചിന്തകനായ അന്റോണിയോ ഗ്രാംഷിയുടെ 80-ാം ചരമവാര്‍ഷികവും വിപ്ളവ ഇതിഹാസം ചെ ഗുവേരയുടെ കൊലപാതകത്തിന്റെ 50-ാംവര്‍ഷവും ആചരിക്കുന്ന വേളകൂടിയാണിത്. ഇടതുപക്ഷരാഷ്ട്രീയത്തിന് വഴികാട്ടിയവരുടെ സ്മരണകള്‍ ഇരമ്പുന്ന അന്തരീക്ഷത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ടികളുടെ സമ്മേളനം സിപിഐ എം വിളിച്ചുചേര്‍ത്തത്.

ഈ സമ്മേളനത്തിന് മറ്റൊരു പ്രാധാന്യംകൂടിയുണ്ട്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഗവണ്‍മെന്റുതല സഹകരണം ഇന്ത്യ-പാക് പ്രശ്നത്തില്‍തട്ടി വഴിമുട്ടിയ സാഹചര്യത്തിലാണ് എട്ടു രാഷ്ട്രീയപാര്‍ടികളുടെ 27 നേതാക്കള്‍ കൊച്ചിയില്‍ ഒരു മേശയ്ക്കുചുറ്റും ഇരുന്ന് പൊതുവായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരസ്പരസഹകരണവും ഏകോപനവും ശക്തമാക്കാനും തീരുമാനിച്ചത്. ദക്ഷിണേഷ്യന്‍ സഹകരണത്തിനുള്ള ഔദ്യോഗികവേദിയായിരുന്നു 1985ല്‍ രൂപംകൊണ്ട സാര്‍ക്. എന്നാല്‍,2014ല്‍ കാഠ്മണ്ഡുവില്‍ ചേര്‍ന്ന 18-ാം ഉച്ചകോടിക്കുശേഷം സാര്‍ക് യോഗം ചേര്‍ന്നിട്ടില്ല. 2016ല്‍ ഇസ്ളാമാബാദില്‍ ഉച്ചകോടി നിശ്ചയിച്ചിരുന്നുവെങ്കിലും ഇന്ത്യ ബഹിഷ്കരിച്ചതോടെ നടന്നില്ല. സ്വാഭാവികമായും ദക്ഷിണേഷ്യന്‍ രാഷ്ട്രസഹകരണം വഴിമുട്ടി. ഈ ഘട്ടത്തിലാണ് സിപിഐ എം നാലു രാഷ്ട്രങ്ങളിലെ പ്രധാന രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ യോഗത്തിന് ആതിഥ്യം നല്‍കിയത്.

പ്രത്യേക രാഷ്ട്രീയസാഹചര്യം നിലനില്‍ക്കുന്ന അഫ്ഗാനിസ്ഥാന്‍, മാല ദ്വീപ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് പ്രതിനിധികളെ ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. പാകിസ്ഥാന്‍ കമ്യൂണിസ്റ്റ് പാര്‍ടിയെയും അവാമി വര്‍ക്കേഴ്സ് പാര്‍ടിയെയും ക്ഷണിച്ചെങ്കിലും അവര്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റ് വിസ നിഷേധിച്ചു. അതിനാല്‍ ഇന്ത്യ, നേപ്പാള്‍, ബംഗ്ളാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. നേപ്പാളില്‍നിന്നുള്ള സിപിഎന്നും (യുഎംഎല്‍), യുസിപിഎന്‍(എം) പലഘട്ടങ്ങളിലായി നേപ്പാള്‍ ഭരിച്ച കക്ഷികളാണ്. ഇരു കക്ഷികളും ചേര്‍ന്ന് നാലു പ്രധാനമന്ത്രിമാരെ സംഭാവന ചെയ്തു. നിലവില്‍ സിപിഎന്നാ (യുഎംഎല്‍)ണ് പ്രധാന പ്രതിപക്ഷകക്ഷി.

ബംഗ്ളാദേശിലെ വര്‍ക്കേഴ്സ് പാര്‍ടി നിലവില്‍ ഷേഖ് ഹസീന സര്‍ക്കാരില്‍ അംഗമാണ്. ബംഗ്ളാദേശ് വര്‍ക്കേഴ്സ് പാര്‍ടി പ്രതിനിധിസംഘത്തെ നയിച്ച റഷീദ്ഖാന്‍ മെനന്‍ സിവില്‍ വ്യോമയാന- ടൂറിസംമന്ത്രിയാണ്. ബംഗ്ളാദേശിലെ മതനിരപേക്ഷപാരമ്പര്യം ഒരുപരിധിവരെയെങ്കിലും നിലനിര്‍ത്തുന്നതില്‍ ബംഗ്ളാദേശ് കമ്യൂണിസ്റ്റ് പാര്‍ടിക്ക് പ്രധാന പങ്കുണ്ട്. ശ്രീലങ്കയില്‍നിന്നുള്ള രണ്ടു പാര്‍ടികളും വിവിധ ഗവണ്‍മെന്റുകളില്‍ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയും ജനത വിമുക്തി പെരുമനയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച പാര്‍ടികളാണ്. മൊറാര്‍ജി ദേശായി, വി പി സിങ്, ദേവഗൌഡ, ഐ കെ ഗുജ്റാള്‍, മന്‍മോഹന്‍സിങ് (ആദ്യ യുപിഎ) ഗവണ്‍മെന്റുകളെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്ക് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ ഗവണ്‍മെന്റുതലത്തിലുള്ള സാര്‍ക് പരാജയപ്പെട്ടിടത്ത്, ജനപക്ഷ കക്ഷികളുടെ കൂട്ടായ്മയ്ക്കാണ് കൊച്ചി വേദിയായതെന്നര്‍ഥം.

ആദ്യമായൊന്നുമല്ല സിപിഐ എം സാര്‍വദേശീയ കമ്യൂണിസ്റ്റ് പാര്‍ടികളുടെ ഐക്യത്തിനായി വേദിയൊരുക്കുന്നത്. സോവിയറ്റ് യൂണിയന്‍ തകരുകയും സോഷ്യലിസ്റ്റ് ചേരിക്ക് കനത്ത തിരിച്ചടി ലഭിക്കുകയും ചെയ്ത വേളയില്‍, ചെങ്കൊടിയും കമ്യൂണിസ്റ്റ് ഇടതുപക്ഷ പാര്‍ടി എന്ന പേരും ഉപേക്ഷിക്കാത്ത 21 പാര്‍ടികളുടെ സമ്മേളനം സിപിഐ എം കൊല്‍ക്കത്തയില്‍ വിളിച്ചുചേര്‍ത്തു. ഇതില്‍നിന്ന് ആവേശമുള്‍ക്കൊണ്ടാണ് ഗ്രീസിലെ കമ്യൂണിസ്റ്റ് പാര്‍ടി 1999 മുതല്‍ വാര്‍ഷിക കമ്യൂണിസ്റ്റ് പാര്‍ടി സമ്മേളനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. ഇതില്‍ 11-ാമത് സമ്മേളനത്തിന് സിപിഐ എമ്മും സിപിഐയും സംയുക്തമായി ആതിഥ്യമരുളി. 2009 നവംബറില്‍ ഡല്‍ഹിയിലാണ് 47 രാജ്യങ്ങളില്‍നിന്നുള്ള 55 കമ്യൂണിസ്റ്റ് ഇടതുപക്ഷ പാര്‍ടികളുടെ സമ്മേളനം ചേര്‍ന്നത്.

അതിനുശേഷം ഇന്ത്യയില്‍ നടക്കുന്ന കമ്യൂണിസ്റ്റ്- ഇടതുപക്ഷ പാര്‍ടികളുടെ കൂട്ടായ്മയാണ് കൊച്ചിയിലേത്.പ്രധാനമായും നാല് വിഷയങ്ങളെ ആസ്പദമാക്കിയാണ് ചര്‍ച്ച നടന്നത്. സാമ്രാജ്യത്വം, ദേശീയ പരമാധികാരം, വര്‍ഗീയത, മതവിഭാഗീയത എന്നീ വിഷയങ്ങളില്‍ നാല് സെഷനുകളിലായി നടന്ന ചര്‍ച്ച അര്‍ഥപൂര്‍ണമായിരുന്നു. നാല് വിഷയങ്ങളും പരസ്പരം ഖണ്ഡിതമാണെന്നും അതിനാല്‍ യോജിച്ച സമരവും പോരാട്ടവും ആവശ്യമാണെന്നും സമ്മേളനം വിലയിരുത്തി. സാമ്രാജ്യത്വം വര്‍ഗീയതയെയും മതവിഭാഗീയതയെയും ദേശീയപ്രശ്നത്തെയും തരാതരം ഉപയോഗിച്ച് ഇടപെടല്‍ ശക്തമാക്കുകയാണെന്ന് എല്ലാ പാര്‍ടികളും ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടു.

നവഉദാരവല്‍ക്കരണത്തിനെതിരായ പോരാട്ടം സാമ്രാജ്യത്വവിരുദ്ധ പോരാട്ടമാണെന്നും അതില്‍ ഇടതുപക്ഷ പാര്‍ടികള്‍ യോജിച്ച് അണിനിരക്കണമെന്നും ഉദ്ഘാടനപ്രസംഗത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭ്യര്‍ഥിച്ചു. നവഉദാരവല്‍ക്കരണത്തിനെതിരായ പോരാട്ടത്തിന്റെ നേതൃത്വം ഇടതുപക്ഷത്തിന് കൈമോശംവന്നാല്‍ വലതുപക്ഷം അതിന്റെ നേതൃത്വത്തില്‍ വരുമെന്നും അത് ആ നയം തുടരാന്‍ സാഹചര്യമൊരുക്കുമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. ഈ വീക്ഷണത്തെ പൊതുവില്‍ പിന്തുണച്ച സമ്മേളനം ദക്ഷിണേഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടികളുടെ ഈ കൂട്ടായ്മ നിലനിര്‍ത്തണമെന്നും വാര്‍ഷികസമ്മേളനം നടത്തുന്നതിന്റെ സാധ്യത ആരായണമെന്നും നിര്‍ദേശിച്ചു. നവഉദാരവല്‍ക്കരണ സാമ്രാജ്യത്വവിരുദ്ധ പോരാട്ടം ശക്തമാക്കാന്‍ ആഹ്വാനംചെയ്യുന്ന കൊച്ചി പ്രഖ്യാപനം അംഗീകരിച്ചാണ് സമ്മേളനം പിരിഞ്ഞത്. രോഹിന്‍ഗ്യന്‍ വിഷയവും സമ്മേളനത്തില്‍ സജീവ ചര്‍ച്ചാവിഷയമായി. അഭയാര്‍ഥികളെ സഹായിക്കാനും ധാരണയായി. കൂടുതല്‍ ഐക്യവും ഏകോപനവും സന്ദേശവും ഉയര്‍ത്തിയാണ് സമ്മേളനം സമാപിച്ചത് *


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top