24 March Friday

ഇങ്ങനെ നാണംകെട്ട് ഈ നഗരഭരണം തുടരണോ?

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2019

കൊച്ചി നഗരസഭ രണ്ടുദിവസമായി കേരള ഹൈക്കോടതിയിൽനിന്ന് കേൾക്കുന്ന ശകാരം അസാധാരണമാണ്. ജനകീയ ഭരണസമിതികളെ കോടതികൾ വിമർശിക്കാറുണ്ട്. ചില വിമർശനങ്ങൾ കോടതിയുടെ അധികാരപരിധി കടന്നും വരാറുമുണ്ട്. ഇവിടെ കൊച്ചി നഗരസഭയ്‌ക്കുനേരെ കോടതി നടത്തിയ വിമർശനങ്ങൾ ഏറ്റവും കടുത്ത വാക്കുകളിലായിരുന്നു. എന്തുകൊണ്ട് ഈ ഭരണസമിതിയെ പിരിച്ചുവിടുന്നില്ല എന്ന ചോദ്യംപോലും കോടതി ഉയർത്തി. ബുധനാഴ്‌ച വീണ്ടും കേസ് പരിഗണിച്ചപ്പോൾ പിരിച്ചുവിടാൻ എന്താണു തടസ്സം എന്നായി കോടതി.

മുമ്പുണ്ടാകാത്തവിധത്തിൽ അങ്ങേയറ്റത്തെ ഈ ശകാരം നഗരസഭാധികാരികൾ ചോദിച്ചു വാങ്ങിയതാണ്. അത്ര നിരുത്തരവാദപരമായ രീതിയിലാണ് നഗരത്തിന്റെ ജീവൽപ്രശ്നങ്ങളെ ഈ നഗരഭരണം കൈകാര്യം ചെയ്യുന്നത്. ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുദിനത്തിൽ കൊച്ചിക്കാർ അനുഭവിച്ച ദുരിതം വിവരിക്കാൻ കഴിയില്ല. നഗരത്തിൽ വെള്ളക്കെട്ട് പതിവാണെങ്കിലും ഇത്രയും ദുസ്സഹമായ അവസ്ഥ  ഇതാദ്യം. പ്രളയത്തിൽപ്പോലും വെള്ളം കയറാത്ത പ്രദേശങ്ങളിലും വെള്ളമെത്തി. മുമ്പൊന്നും മുങ്ങിയിട്ടില്ലാത്ത ഉൾവഴികൾപോലും തോടായി. സംസ്ഥാനത്തിന്റെ മുഖ്യ വാണിജ്യമേഖലയായ കൊച്ചിയിലെ വ്യാപാരസ്ഥാപനങ്ങൾ മിക്കതിലും വെള്ളം കയറി ഉൽപ്പന്നങ്ങൾ നാശമായി... ഒരു ദിവസം മുഴുവൻ നഗരം മുങ്ങിനിന്നിട്ടും ഇടപെടാൻ ചുമതലപ്പെട്ട നഗരസഭ അനങ്ങിയില്ല. മേയർ ഫോണിൽപ്പോലും അപ്രാപ്യയായി. സ്ഥാനാർഥി കൂടിയായിരുന്ന ഡെപ്യൂട്ടി മേയർക്ക് ജനങ്ങളുടെ രോഷം നേരിടേണ്ടിവന്നു.

ഓപ്പറേഷൻ ബ്രേക്ക് ത്രൂ എന്ന പേരിട്ട് തുടങ്ങിയ നടപടിയിലൂടെ നാലുമണിക്കൂർകൊണ്ട് നഗരത്തെ വെള്ളക്കെട്ടിൽനിന്ന് മോചിപ്പിച്ചു. നഗരത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ ആയതുപോലും ഇതിനുശേഷമാണ്

നഗരസഭ സമ്പൂർണ പരാജയമെന്ന് വ്യക്തമായതോടെയാണ്  പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടത്. ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥപ്രകാരമുള്ള അധികാരം ഉപയോഗിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ  മുഖ്യമന്ത്രി കലക്ടർക്ക് നിർദേശം നൽകി. വെള്ളക്കെട്ടിൽനിന്ന്‌ നഗരത്തെ മോചിപ്പിക്കാൻ എന്തു നടപടിയും സ്വീകരിക്കാൻ മുഖ്യമന്ത്രി കലക്ടറോട് ആവശ്യപ്പെട്ടു. കലക്ടർ അടിയന്തരയോഗം വിളിച്ചു. ഓപ്പറേഷൻ ബ്രേക്ക് ത്രൂ എന്ന പേരിട്ട് തുടങ്ങിയ നടപടിയിലൂടെ നാലുമണിക്കൂർകൊണ്ട് നഗരത്തെ വെള്ളക്കെട്ടിൽനിന്ന് മോചിപ്പിച്ചു. നഗരത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ ആയതുപോലും ഇതിനുശേഷമാണ്. പലവകുപ്പുകളിൽ നിന്നായി 2800 ജീവനക്കാർ പങ്കെടുത്ത് നടത്തിയ ഈ രക്ഷാദൗത്യത്തിൽ സഹകരിക്കാതിരുന്നത് കൊച്ചി നഗരസഭമാത്രം. ജീവനക്കാർക്ക് ഇക്കാര്യത്തിൽ നിർദേശം നൽകാൻ നഗരഭരണനേതൃത്വം തയ്യാറായില്ല. അവർ അപ്പോഴും കാഴ്‌ചക്കാർ മാത്രമായി.

സ്വാഭാവികമായും ഇക്കാര്യംകൂടി ബുധനാഴ്‌ച വീണ്ടും കേസ് പരിഗണിക്കുമ്പോൾ ഹൈക്കോടതിയുടെ മുമ്പിലുണ്ടായിരുന്നു. അതുകൊണ്ട് മുഖ്യമന്ത്രി നടത്തിയ ഇടപെടലിനെ പ്രശംസിച്ച കോടതി  നഗരത്തിലെ വെള്ളക്കെട്ടും മാലിന്യപ്രശ്നവും പരിഹരിക്കുന്നതിൽ നഗരസഭ  പൂർണമായി  പരാജയപ്പെട്ടെന്നും  നിരീക്ഷിച്ചു. പ്രശ്നപരിഹാരത്തിന് സർക്കാർ പ്രത്യേക ദൗത്യസേന രൂപീകരിക്കണമെന്നും കോടതി ഉത്തരവായി. കോടതിവിധി വരുംമുമ്പുതന്നെ ഇക്കാര്യത്തിൽ കൂടുതൽ ഇടപെടലിന് ബുധനാഴ്‌ച രാവിലെ ചേർന്ന സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. കലക്ടറെയും മേയറെയും ചർച്ചയ്‌ക്കായി മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരിക്കുകയുമാണ്.

ഒരു നഗരസഭയിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്ന ഏറ്റവും കുറഞ്ഞ സേവനമാണ് മാലിന്യനിർമാർജനവും വെള്ളക്കെട്ട് ഒഴിവാക്കലും. ഈ രണ്ടു വിഷയത്തിലും കൊച്ചി നഗരഭരണം സമ്പൂർണ പരാജയമായി. കാനകളുടെ വാർഷിക അറ്റകുറ്റപ്പണികൾ നടത്താനോ ശുചീകരിക്കാനോ അവർ ഒന്നും ചെയ്‌തില്ല. കനത്ത മഴ പ്രവചിക്കപ്പെട്ട തുലാവർഷം അരികിൽ എത്തിയിട്ടും അനങ്ങിയില്ല. മാലിന്യം നിറഞ്ഞ കാനകളിൽ കുടുങ്ങിയ വെള്ളം ഒഴുകാൻ ഇടമില്ലാതെ കടകളിലും വീടുകളിലും കയറി. ആർക്കും മനസ്സിലാക്കാവുന്നത്ര ലളിതമാണ് കാര്യങ്ങൾ. മേയറും കെപിസിസി പ്രസിഡന്റും ഉന്നയിക്കാൻ ശ്രമിക്കുന്ന സാങ്കേതിക പ്രശ്നങ്ങളോ സങ്കീർണതയോ ഇതിലില്ല. അതുകൊണ്ടുതന്നെയാണ് ജനരോഷം ഇത്ര ശക്തമായത്. കോടതിയുടെ വിമർശനം ഇത്ര രൂക്ഷമായത് .


 

വിവിധ പദ്ധതികൾക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകളിൽനിന്ന് ലഭിക്കുന്ന തുകപോലും ചെലവാക്കാതെയാണ്  ഈ നഗരസഭാഭരണം നീങ്ങുന്നത്. 2076 കോടിരൂപയുടെ  സ്‌മാർട്ട്‌സിറ്റി പദ്ധതിക്കായി ലഭിച്ച  401 കോടിരൂപയിൽ 25 കോടിരൂപ മാത്രമാണ് കൊച്ചി ചെലവിട്ടത്. കൊച്ചിക്കുശേഷംമാത്രം പദ്ധതിയിൽ ഉൾപ്പെട്ട തിരുവനന്തപുരം ഏറെ മുന്നിലെത്തിക്കഴിഞ്ഞു. റോഡുൾപ്പെടെയുള്ള പശ്ചാത്തല വികസനമേഖലയിൽ കഴിഞ്ഞ മൂന്നുവർഷവും അമ്പതു ശതമാനത്തിൽ താഴെ മാത്രമേ ചെലവഴിച്ചിട്ടുള്ളു. ഈ സാമ്പത്തികവർഷം ഇതുവരെ ചെലവിട്ടത് 14.66 ശതമാനംമാത്രം. പദ്ധതിവിഹിതം ചെലവഴിക്കുന്നതിലും  ആറു കോർപറേഷനിൽ അഞ്ചാം സ്ഥാനത്തു മാത്രമാണ് കൊച്ചി. മാലിന്യസംസ്‌കരണ പ്ലാന്റിന് എല്ലാ പിന്തുണയും സംസ്ഥാന സർക്കാർ നൽകിയിട്ടും നിർമാണംപോലും നടന്നിട്ടില്ല.

കൊച്ചിയിലെ ഈ ഭരണത്തകർച്ച  ഏറെനാളായി പ്രതിപക്ഷം ഉന്നയിക്കുന്നതാണ്. ഒമ്പതുവർഷമായി യുഡിഎഫ് ഭരണത്തിലാണ് നഗരം. രണ്ടാംവട്ടം ഭരണത്തിലേറിയ നാൾമുതൽ ഭരണകക്ഷി തമ്മിലടിക്കുകയാണ്. അവസാന വർഷത്തിലേക്ക് എത്തിയതോടെ ഇത് രൂക്ഷമായി. ഇനി ഭരണം കിട്ടാനിടയില്ലെന്ന്‌ ഉറപ്പായതോടെ അവസാനത്തെ ഒരു വർഷത്തേക്കെങ്കിലും മേയറാകാൻ ഒന്നിലേറെപ്പേർ കരുനീക്കുന്നു. എങ്ങനെയും കസേര നിലനിർത്താൻ മേയർ അവർക്ക് കഴിയുന്നതൊക്കെ ചെയ്യുന്നു. ഇതുമാത്രമാണ് ഇപ്പോൾ നഗരഭരണത്തിൽ നടക്കുന്നത്. അതിന്റെ ദുരിതവും പീഡനവും മുഴുവൻ അനുഭവിക്കേണ്ടിവരികയാണ് കൊച്ചിയിലെ ജനങ്ങൾ.

നഗരസഭയെ ഒരു ഉത്തരവിലൂടെ പിരിച്ചുവിടാനൊന്നും സംസ്ഥാന സർക്കാർ ശ്രമിക്കുമെന്നു കരുതുന്നില്ല. അത്തരം രീതികൾ സ്വീകരിക്കുന്ന സർക്കാരല്ല കേരളം ഭരിക്കുന്നത്. പക്ഷേ, ജനാധിപത്യത്തിലും സാമാന്യമര്യാദ എന്നൊന്നുണ്ടല്ലോ. മേയറായാലും അൽപ്പം ആത്മാഭിമാനം ആകാമല്ലോ. ജനങ്ങളെ ആകെ വെറുപ്പിച്ച് ഹൈക്കോടതിയിൽനിന്ന് കിട്ടുന്ന ശകാരമെല്ലാം വാങ്ങിവച്ച് അധികാരത്തിൽ തുടരണമോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. പ്രതിപക്ഷം ആവശ്യപ്പെട്ടതുപോലെ മാന്യമായി രാജിവച്ചിറങ്ങിയാൽ തൽക്കാലം മുഖം രക്ഷിക്കാം. അല്ലെങ്കിൽ ഒരുവർഷം അപ്പുറം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ തൂത്തെറിയുംവരെ കടിച്ചുതൂങ്ങി നാണംകെടാം. അത് അവർ തീരുമാനിക്കട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top