31 January Tuesday

ട്രംപിന്റെ സ്ഥാനാര്‍ഥിത്വം

വെബ് ഡെസ്‌ക്‌Updated: Monday Jul 25, 2016


നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ടിയുടെ സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഒഹയോയിലെ ക്ളീവ്ലാന്‍ഡില്‍ വ്യാഴാഴ്ച അവസാനിച്ച നാലുദിവസത്തെ റിപ്പബ്ളിക്കന്‍ ദേശീയ കണ്‍വന്‍ഷനില്‍വച്ചാണ് റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ അധിപനും മുന്‍ ടെലിവിഷന്‍ താരവുമായ ഡൊണാള്‍ഡ് ട്രംപ് വന്ദ്യവയോധിക കക്ഷിയുടെ സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടത്. ജൂലൈ 25 മുതല്‍ 28 വരെ ഫിലാന്‍ഡല്‍ഫിയയിലെ വെല്‍സ് ഫാര്‍ഗോ സെന്ററില്‍ ചേരുന്ന ഡെമോക്രാറ്റിക് പാര്‍ടി ദേശീയ കണ്‍വന്‍ഷന്‍ ഹിലരി ക്ളിന്റണെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതോടെ ട്രംപ്– ഹിലരി തെരഞ്ഞെടുപ്പ് പോരിന് തുടക്കമാകും.

"എല്ലാ വാതിലുകളും തുറന്നിടുക'' എന്ന മുദ്രാവാക്യത്തോടെ മൂന്നുദശാബ്ദംമുമ്പ് ആരംഭിച്ച നവലിബറല്‍ ആശയങ്ങളുടെ നേര്‍വിപരീതമായ 'പ്രൊട്ടക്ഷനിസ'ത്തിന്റെ കൊടി ഉയര്‍ത്തിയാണ് ട്രംപ് മത്സരരംഗത്തിറയിങ്ങിട്ടുള്ളത്. 'ശക്തവും അഭിമാനകരവും സുരക്ഷിതവും മഹത്തായതുമായ രാഷ്ട്രമായി അമേരിക്കയെ' മാറ്റുകയെന്ന മുദ്രാവാക്യമാണ് റിപ്പബ്ളിക്കന്‍ കണ്‍വന്‍ഷനില്‍ ഉയര്‍ന്നുകേട്ടത്.

നവഉദാരവല്‍ക്കരണ നയം സൃഷ്ടിച്ച അതിഭീമമായ സാമ്പത്തിക അസമത്വം, അമേരിക്കന്‍ സമൂഹത്തില്‍ സൃഷ്ടിച്ച അസ്വാസ്ഥ്യങ്ങള്‍ക്ക് വര്‍ണത്തിന്റെയും മതത്തിന്റെയും നിറംനല്‍കി കുടിയേറ്റവിരുദ്ധ– മുസ്ളിംവിരുദ്ധ വികാരം സൃഷ്ടിച്ചുകൊണ്ടാണ് ട്രംപ് പ്രചാരണത്തിന് ഇറങ്ങിയിട്ടുള്ളത്. അമേരിക്കയിലെ വെളുത്തവര്‍ക്ക് തൊഴില്‍ ലഭിക്കാത്തത് ആഫ്രിക്കന്‍– അമേരിക്കരുടെയും മുസ്ളിങ്ങളുടെയും കുടിയേറ്റംകൊണ്ടാണെന്ന ലളിതവല്‍ക്കരണമാണ് ട്രംപ് നടത്തുന്നത്. ആഫ്രിക്കന്‍– അമേരിക്കരുടെ കുടിയേറ്റം തടയാന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ വേലികെട്ടണമെന്നാണ് ട്രംപിന്റെ നിര്‍ദേശം. 1.2 കോടി ആഫ്രിക്കന്‍ അമേരിക്കരാണ് അമേരിക്കയില്‍ അനധികൃതമായി താമസിക്കുന്നതത്രെ. അമേരിക്കയില്‍ മുസ്ളിങ്ങളുടെ കുടിയേറ്റം പൂര്‍ണമായും തടയണമെന്നും ട്രംപ് വാദിക്കുന്നു. സിറിയയിലെയും ഇറാഖിലെയും ഐഎസ് കേന്ദ്രങ്ങളില്‍ ബോംബിടല്‍ തുടരണമെന്ന് ട്രംപ് പറയുമ്പോള്‍ അമേരിക്കയുടെ ഈ നടപടിയാണ് യഥാര്‍ഥത്തില്‍ അഭയാര്‍ഥിപ്രവാഹം സൃഷ്ടിക്കുന്നതെന്ന വസ്തുത ബോധപൂര്‍വം മറച്ചുപിടിക്കുകയാണ്.

ചരക്കുകളുടെ സ്വതന്ത്രവിനിമയം ലക്ഷ്യമാക്കി നവഉദാരവല്‍ക്കരണ അജന്‍ഡയുടെ ഭാഗമായി ഒപ്പിട്ട സ്വതന്ത്ര വ്യാപാരക്കരാറുകള്‍ അമേരിക്കന്‍ താല്‍പ്പര്യത്തിന് അനുഗുണമായി പൊളിച്ചെഴുതണമെന്ന വാദവും ട്രംപ് മുന്നോട്ടുവയ്ക്കുന്നു. ഈ കരാറുകളുടെ ഭാഗമായാണ് കൂലി കുറഞ്ഞും പണിയെടുക്കാന്‍ സന്നദ്ധരായ തൊഴിലാളികളുടെ വര്‍ധിച്ച കുടിയേറ്റം പാശ്ചാത്യനാടുകളിലേക്ക് ഉണ്ടായതെന്ന കണ്ടെത്തലാണ് ഇത്തരമൊരു വാദം ഉയര്‍ത്താന്‍ ട്രംപിനെ പ്രേരിപ്പിക്കുന്നത്. അമേരിക്കന്‍ വലതുപക്ഷത്തിന്റെ തീവ്രനിലപാടുകളാണ് ട്രംപ് ഉയര്‍ത്തുന്നത്. യൂറോപ്പില്‍ ശക്തിപ്രാപിച്ചുവരുന്ന തീവ്രവലതുപക്ഷത്തിന്റെ കൊടി അമേരിക്കയിലേക്ക് ട്രംപ് വഴിയാണ് കടന്നുവരുന്നതെന്ന് സാരം. ഏകധ്രുവ ലോകനായക പദവി അമേരിക്കക്ക് നഷ്ടപ്പെടുന്നതില്‍ വലതുപക്ഷ ശക്തികള്‍ക്കുള്ള വേദനയും അമര്‍ഷവും ട്രംപിന്റെ വാക്കുകളില്‍നിന്ന് വായിച്ചെടുക്കാം. അമേരിക്കനിസമല്ല, ഗ്ളോബലിസമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കാനും ട്രംപ് തയ്യാറായി.

ട്രംപിന്റെ തലതിരിഞ്ഞ ആശയങ്ങളോട് അമേരിക്കയിലെ ജനങ്ങള്‍ക്ക് വേണ്ടത്ര പ്രതിപത്തിയില്ലെന്ന് മാധ്യമങ്ങളുടെ സര്‍വേഫലങ്ങള്‍ വ്യക്തമാക്കുന്നു. ഏറ്റവും ജനപ്രീതി കുറഞ്ഞ പ്രസിഡന്റ് സ്ഥാനാര്‍ഥികളില്‍ ഒരാളാണ് ട്രംപ് എന്ന് എമിലി തോര്‍സണെ പോലുള്ള നിരീക്ഷകര്‍ പറയുന്നു. 68 ശതമാനംപേരും ട്രംപ് പ്രസിഡന്റ് സ്ഥാനം അലങ്കരിക്കരുതെന്ന് അഭിപ്രായപ്പെടുന്നവരാണ്. സ്ത്രീകളാണ് ട്രംപിനെതിരെ പ്രധാനമായും നിലകൊള്ളുന്നത്. 70 ശതമാനം സ്ത്രീകളും ട്രംപിനെ ഇഷ്ടപ്പെടാത്തവരാണ്. ഇതിനാലായിരിക്കണം റിപ്പബ്ളിക്കന്‍ കണ്‍വന്‍ഷനില്‍ കുടുംബാംഗങ്ങളുമായി എത്തിയ ട്രംപ് അവരെക്കൊണ്ടെല്ലാം സംസാരിപ്പിച്ചത്. പ്രധാന വാര്‍ത്താമാധ്യങ്ങള്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെടാനിരിക്കുന്ന ഹിലരി ക്ളിന്റണാണ് മുന്നില്‍. ട്രംപിനേക്കാള്‍ ശരാശരി 2.7 ശതമാനം വോട്ടിന്റെ ഭൂരിപക്ഷം ഹിലരിക്ക് ലഭിക്കുമെന്നാണ് പ്രവചനം.

ട്രംപിനെതിരെ റിപ്പബ്ളിക്കന്‍ പാര്‍ടിയില്‍നിന്നുതന്നെ അപസ്വരം ഉയര്‍ന്നിട്ടുണ്ട്. ക്ളിവ്ലാന്‍ഡ് കണ്‍വന്‍ഷന്‍ത്തന്നെ ഇക്കാര്യം വ്യക്തമാക്കുന്നു. ട്രംപിന്റെ പ്രധാന എതിരാളിയായ ട്രെഡ് ക്രൂസ് കണ്‍വന്‍ഷനില്‍ ദീര്‍ഘമായി സംസാരിച്ചെങ്കിലും ട്രംപിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചില്ല. മനസ്സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാനാണ് അദ്ദേഹം ആഹ്വാനംചെയ്തത്. കണ്‍വന്‍ഷനിലുടനീളം 'ഞങ്ങള്‍ക്ക് വേണ്ടത് ട്രംപ്' എന്ന മുദ്രാവാക്യം ഉയര്‍ന്നെങ്കിലും ആ സമ്മര്‍ദത്തിന് വഴങ്ങാന്‍ ട്രെഡ് ക്രൂസ് തയ്യാറായില്ല. ഇതില്‍ ക്ഷുഭിതരായ ട്രംപ് അനുകൂലികള്‍ ട്രെഡ് ക്രൂസിന്റെ ഭാര്യ, ഹെയ്ഡി ക്രൂസിനെ അപമാനിക്കാനും തയ്യാറായി. മുന്‍ റിപ്പബ്ളിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ സഹോദരനും ഗവര്‍ണറുമായ ജെബ് ബുഷ്, റിപ്പബ്ളിക്കന്‍ പാര്‍ടിയുടെ മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികളായ മിറ്റി റോംനി, ജോണ്‍ മക്കെയ്ന്‍ എന്നിവര്‍ കണ്‍വന്‍ഷന്‍ ബഹിഷ്കരിച്ചു. ഒഹയോ ഗവര്‍ണറും പ്രൈമറികളില്‍ (തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയാകുന്നതിന്റെ ആദ്യഘട്ടം) ട്രംപിന്റെ എതിരാളിയുമായ ജോണ്‍ കാസിച്ചും കണ്‍വന്‍ഷനില്‍നിന്ന് വിട്ടുനിന്നു. ട്രംപിന്റെ സ്ഥാനാര്‍ഥിത്വം റിപ്പബ്ളിക്കന്‍ പാര്‍ടിയെത്തന്നെ രണ്ട് തട്ടിലാക്കിയിട്ടുണ്ടെന്നര്‍ഥം. ഇതുകൊണ്ടുതന്നെ വരുംദിവസങ്ങളില്‍ കൂടുതല്‍ തീവ്രമായ നിലപാടുകളിലേക്ക് ട്രംപ് പോകാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥിയാകാന്‍ മത്സരിച്ച ബെര്‍ണി സാന്‍ഡേഴ്സ് ഉയര്‍ത്തിയ ചോദ്യം പ്രസക്തമായതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നു "ഇയാള്‍ (ട്രംപ്) പ്രസിഡന്റ് സ്ഥാനത്തേക്കാണോ അതോ ഏകാധിപതിയാകാനാണോ മത്സരിക്കുന്നത്.'' നവംബറിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ ജനത ഈ ചോദ്യത്തിന് ഉത്തരം നല്‍കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top