20 October Tuesday

ബിഗ് സല്യൂട്ട്

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2016


ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രലോകം വീണ്ടും ചരിത്രം രചിക്കുകയാണ്. ആര്‍എല്‍വി ടി ഡിയുടെ പരീക്ഷണ വിക്ഷേപണ വിജയം ഐഎസ്ആര്‍ഒയുടെ കരുത്ത് വീണ്ടും തെളിയിച്ചു. പുനരുപയോഗിക്കാന്‍ കഴിയുന്ന വിക്ഷേപണ വാഹനം വികസിപ്പിക്കുന്ന പരീക്ഷണത്തിന്റെ ആദ്യഘട്ടമാണ് വിജയിച്ചിരിക്കുന്നത്. ഭാവി ഗവേഷണങ്ങള്‍ക്ക് ഇത് ആക്കം കൂട്ടും.

തിങ്കളാഴ്ച ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍നിന്നുള്ള ബഹിരാകാശ വിമാനത്തിന്റെ പരീക്ഷണ വിക്ഷേപണ വിജയത്തെ 'ടെക്സ്റ്റ് ബുക്ക് ലോഞ്ച്' എന്നാണ് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചത്. പരീക്ഷണം പൂര്‍ണവിജയം എന്ന് അര്‍ഥം. ബൂസ്റ്റര്‍ റോക്കറ്റ് ഉപയോഗിച്ച് കുതിച്ച ആര്‍എല്‍വി ടിഡി  50 കിലോമീറ്ററിനു മുകളില്‍ എത്തിയപ്പോള്‍ വേര്‍പെട്ട് സ്വയംനിയന്ത്രിത സംവിധാനം വഴി 65 കിലോമീറ്റര്‍ ഉയരത്തിലെത്തിയശേഷം മടക്കയാത്ര തുടങ്ങി. വിക്ഷേപണത്തിന്റെ 14–ാം മിനിറ്റില്‍ ദൌത്യം പൂര്‍ത്തിയാക്കി വാഹനം ബംഗാള്‍ ഉള്‍ക്കടലിലെ നിര്‍ദിഷ്ട സ്ഥലത്തിറങ്ങി. വിക്ഷേപണം, നിയന്ത്രണം, സുരക്ഷിത ലാന്‍ഡിങ്, താപത്തെ അതിജീവിക്കുന്നതിനുള്ള ശേഷി തുടങ്ങിയവയടക്കം സങ്കീര്‍ണമായ ആയിരക്കണക്കിന് വിവരങ്ങളുടെ ശേഖരണം മാത്രമാണ് 'ബേബി വെഹിക്കിള്‍' വഴി ലക്ഷ്യമിട്ടത്. തുടര്‍ പരീക്ഷണങ്ങള്‍ക്കും ഭാവിയില്‍ യഥാര്‍ഥ ആര്‍എല്‍വി വികസിപ്പിക്കുന്നതിനും ഈ വിവരങ്ങള്‍ ഉപയോഗിക്കും. നാലു വര്‍ഷത്തിനുള്ളില്‍ ഇത് വികസിപ്പിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ശാസ്ത്രജ്ഞര്‍. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന പദ്ധതികള്‍ക്കും ഇത് സഹായകമാകും.

അരനൂറ്റാണ്ട് പിന്നിട്ട ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ ചരിത്രത്തില്‍ വീണ്ടുമൊരു വഴിത്തിരിവാണിത്. ചെലവുകുറഞ്ഞ സാങ്കേതികവിദ്യക്കാണ് ഐഎസ്ആര്‍ഒ മുന്‍ഗണന നല്‍കുന്നത്. ഉപഗ്രഹവിക്ഷേപണത്തില്‍ 80 ശതമാനവും ചെലവ് വിക്ഷേപണ വാഹന (റോക്കറ്റ്) നിര്‍മാണത്തിന്റേതാണ്. സാധാരണ,  ബഹിരാകാശ ദൌത്യത്തിനുശേഷം വിക്ഷേപണവാഹനമായ റോക്കറ്റ് കത്തിനശിക്കാറാണ് പതിവ്. എന്നാല്‍, വീണ്ടും ഉപയോഗിക്കാവുന്ന തരം ബഹിരാകാശവാഹനം അഥവാ ആര്‍എല്‍വി പൂര്‍ണസജ്ജമാകുന്നതോടെ വിക്ഷേപണച്ചെലവ് ഗണ്യമായി കുറയും. 

തിരുവനന്തപുരത്തെ തുമ്പയെന്ന മത്സ്യത്തൊഴിലാളി ഗ്രാമത്തില്‍നിന്ന് ആരംഭിച്ച കുതിപ്പാണ് ഐഎസ്ആര്‍ഒയുടെ ഇന്നത്തെ നേട്ടങ്ങളുടെ അടിത്തറ. നിക്കി അപാഷെ എന്ന സൌണ്ടിങ് റോക്കറ്റില്‍നിന്ന് ചന്ദ്രനിലേക്ക് ഉയര്‍ന്ന് മംഗള്‍യാന്‍ വഴി ചൊവ്വവരെ വളര്‍ന്നു നമ്മുടെ ബഹിരാകാശ ഗവേഷണം. വിക്ഷേപണ സാങ്കേതികവിദ്യയില്‍ അമേരിക്കയടക്കമുള്ള വന്‍കിട രാജ്യങ്ങളെ വെല്ലാന്‍ ഐഎസ്ആര്‍ഒക്ക് കഴിഞ്ഞു. ആറുമാസത്തിലൊരിക്കല്‍ ഒരു വിക്ഷേപണം എന്നതുമാറി മാസത്തിലൊരു വിക്ഷേപണം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് നാം.

അമേരിക്കന്‍ ഉപരോധത്തെ വെല്ലുവിളിച്ച് നമ്മുടെ ശാസ്ത്രജ്ഞര്‍ തദ്ദേശീയമായി ക്രയോജനിക് സാങ്കേതികവിദ്യയും വികസിപ്പിച്ചു. പിഎസ്എല്‍വി എന്ന വിശ്വസനീയമായ വിക്ഷേപണവാഹനം വഴി വിദേശ രാജ്യങ്ങളുടേതടക്കം നിരവധി ഉപഗ്രഹങ്ങളെ ലക്ഷ്യത്തില്‍ എത്തിച്ചു. ജിഎസ്എല്‍വി മാര്‍ക്ക്–മൂന്ന് എന്ന ശക്തിയേറിയ വിക്ഷേപണവാഹനവും പൂര്‍ണസജ്ജമാകുകയാണ്. അടുത്തിടെ അവസാനത്തെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് ഉപഗ്രഹം കൂടി ബഹിരാകാശത്ത് എത്തിച്ചതോടെ തദ്ദേശീയ ജിപിഎസ് സംവിധാനവും നമുക്ക് സ്വന്തമാകുകയാണ്. സൂര്യനെക്കുറിച്ച് പഠിക്കുന്നതിനുള്ള ഉപഗ്രഹ പദ്ധതിയും അണിയറയില്‍ തയ്യാറാകുന്നു. ബഹിരാകാശ ഗവേഷണം സാധാരണ ജനങ്ങളുടെ നന്മയ്ക്കെന്ന ഐഎസ്ആര്‍ഒയുടെ പ്രഖ്യാപനവും ഏറെ പ്രസക്തമാണ്. ആര്‍എല്‍വിയടക്കം ബഹിരാകാശ പദ്ധതികള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രസാങ്കേതിക പ്രവര്‍ത്തകര്‍ക്ക് ഞങ്ങളുടെ ബിഗ് സല്യൂട്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top