26 September Tuesday

വർഗീയതയ്‌‌ക്ക്‌ പാലമിട്ട്‌ കോൺഗ്രസും ലീഗും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 23, 2020

വർഗീയതയുമായി തരാതരം സന്ധിചെയ്യുകയും കൂട്ടുകൂടുകയും ചെയ്യുന്നതാണ്‌, മതനിരപേക്ഷ പാർടിയായി  ഊറ്റംകൊള്ളുന്ന  കോൺഗ്രസിന്റെ ചരിത്രം. രാജ്യത്തിന്റെ സ്വാതന്ത്ര്യവും വിഭജനവും തൊട്ടിങ്ങോട്ട്‌ ഒട്ടനവധി സന്ദർഭങ്ങളിൽ  ഭൂരിപക്ഷ–-ന്യൂനപക്ഷ വർഗീയതകളെ  രാഷ്ട്രീയനേട്ടങ്ങൾക്കായി ഉപയോഗിച്ചതാണ്‌ പാരമ്പര്യം. ഈ അവസരവാദ നയംമൂലം രാജ്യത്തിന്‌ മാത്രമല്ല, കോൺഗ്രസിനും വലിയ വില കൊടുക്കേണ്ടിവന്നു. തകർച്ചയുടെ കാരണങ്ങൾ ചികഞ്ഞാൽ  വർഗീയതയുമായുള്ള സമരസപ്പെടൽ പ്രധാനമായി കാണാം. മഹാത്മജിയുടെ ജീവനെടുത്ത ഹിന്ദുവർഗീയതയും ഇന്ദിര ഗാന്ധിയെ കൊലചെയ്‌ത സിഖ്‌ തീവ്രവാദവും  അവരുടെ കണ്ണിൽ മാരക വിപത്തുകളായില്ല. എണ്ണമറ്റ തീവ്രവാദി ആക്രമണങ്ങളും വർഗീയ കലാപങ്ങളും ബാബ്‌റി മസ്‌ജിദ്‌ തകർക്കപ്പെട്ടതും കോൺഗ്രസിനെ ഒരു പാഠവും പഠിപ്പിച്ചിട്ടുമില്ല.

ഇപ്പോഴും തെരഞ്ഞെടുപ്പ്‌ എന്നാൽ ആരുമായും ചേർന്ന്‌ അധികാരം പിടിക്കാനുള്ള അവസരം മാത്രമാണ്‌ കോൺഗ്രസിനും സഖ്യകക്ഷികൾക്കും.  കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന്‌ തയ്യാറെടുപ്പ്‌ തുടങ്ങുമ്പോൾത്തന്നെ വർഗീയ കക്ഷികൾക്ക്‌ പരവതാനി വിരിക്കുകയാണ്‌ യുഡിഎഫ്‌. ഇസ്ലാമിക രാഷ്ട്രവും വിശുദ്ധയുദ്ധവുമൊക്കെ ലക്ഷ്യമാക്കുന്ന രാഷ്ട്രീയ ഇസ്ലാമിസ്‌റ്റ്‌ സംഘടനകളുമായി സഖ്യമുണ്ടാക്കാനാണ്‌ യുഡിഎഫ്‌ കരുക്കൾ നീക്കുന്നത്‌. ജനകീയ വിഷയങ്ങളോ രാഷ്ട്രീയമോ പറഞ്ഞ്‌ ജനങ്ങളെ അഭിമുഖീകരിക്കാൻ ഒരു സാധ്യതയും  അവശേഷിക്കുന്നില്ലെന്ന ഉത്തമബോധ്യം യുഡിഎഫിനുണ്ട്‌. അതുകൊണ്ടുതന്നെ,  പച്ചയ്‌ക്ക്‌ വർഗീയത പറയുന്ന കക്ഷികളുമായി തെരഞ്ഞെടുപ്പ്‌ കൂട്ടുകെട്ടുണ്ടാക്കാൻ യുഡിഎഫിന്‌ മടിയില്ല. വർഗീയ കക്ഷിയല്ലെന്ന്‌ സ്വയം അവകാശപ്പെടുകയും  വർഗീയ തീവ്രവാദത്തിനെതിരെ  ചിലപ്പോഴെങ്കിലും സംസാരിക്കുകയും  ചെയ്യുന്ന മുസ്ലിംലീഗിനെയാണ്‌ ചുടുചോറുവാരിക്കാൻ യുഡിഎഫ്‌ നേതൃത്വം ഇറക്കിയിരിക്കുന്നത്‌. 

കോവിഡ്‌ സൃഷ്ടിച്ച അടിയന്തര സാഹചര്യം യുഡിഎഫിനെ ജനങ്ങളിൽനിന്ന്‌ കൂടുതൽ അകറ്റിയിരിക്കുന്നു. അതുകൊണ്ട്‌ മത–- ജാതി വിഭജനവും വിഭാഗീയ ചിന്തകളുമാണ്‌ നല്ല ആയുധമെന്ന്‌ അവർ കരുതുന്നു. മോഡി സർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമവും തുടർനടപടികളും രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളിൽ കടുത്ത അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ ശക്തമായ നിലപാടെടുക്കാനും പ്രചാരണ–- പ്രക്ഷോഭ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും മുന്നിട്ടിറങ്ങിയത്‌ ഇടതുപക്ഷ –-മതനിരപേക്ഷ പാർടികളായിരുന്നു. ഭൂരിപക്ഷ വർഗീയതയുടെ കടന്നാക്രമണങ്ങളെയും ഫാസിസ്റ്റ്‌ ഭരണതന്ത്രങ്ങളെയും പ്രതിരോധിക്കാൻ വിഭാഗീയ നിലപാടുകളല്ല വേണ്ടതെന്ന ഉറച്ച ബോധ്യം ന്യൂനപക്ഷവിഭാഗങ്ങളിലുണ്ടാക്കാൻ പൗരത്വ പ്രശ്‌നത്തിന്‌ സാധിച്ചു. കേരളത്തിൽ ഈ പോരാട്ടത്തിന്‌ നേതൃത്വം നൽകിയത്‌ എൽഡിഎഫും സംസ്ഥാന സർക്കാരുമാണ്‌. നാടിന്റെ പൊതുധാരയിൽ  അണിനിരന്ന്,‌ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ട്‌ മുന്നേറാനാണ്‌ എല്ലാവരും ആഗ്രഹിച്ചത്‌.

ലോക്‌ഡൗണിന്‌ തൊട്ടുമുമ്പുവരെ ഇതായിരുന്നു സ്ഥിതിയെങ്കിൽ  ഇപ്പോൾ ജീവനും ദൈനംദിന ജീവിതവും  അപകടത്തിലാക്കുന്ന മഹാമാരിക്ക്‌ നടുവിലാണ്‌ ജനങ്ങൾ. എല്ലാ അഭിപ്രായഭിന്നതകളും മാറ്റിവച്ച്‌ പ്രവർത്തിക്കേണ്ട  ഈ ഘട്ടത്തിൽ കേരളത്തിലെ പ്രതിപക്ഷം ശത്രുതാപരമായാണ്‌ നീങ്ങിയതെന്ന്‌ ജനങ്ങൾക്കറിയാം. ആപത്തുകാലത്ത്‌ ജനങ്ങൾക്കു തുണയായിനിന്ന എൽഡിഎഫ്‌ സർക്കാരിന്‌ രാഷ്ട്രീയ നേട്ടമുണ്ടാകുമോ എന്നതാണ്‌ യുഡിഎഫിനെ അലട്ടുന്നത്‌. സർക്കാരിന്റെ എല്ലാ നല്ല പ്രവർത്തനങ്ങളെയും തുരങ്കംവച്ച യുഡിഎഫ്‌ ജനങ്ങളിൽനിന്ന്‌ കൂടുതൽ ഒറ്റപ്പെടുകയാണുണ്ടായത്‌. ഇതിന്‌ മറുമരുന്ന്‌ തേടുന്നതിന്റെ ഭാഗമായാണ്‌ വർഗീയ കൂട്ടുകെട്ടുകൾക്ക്‌ ചരടുവലിക്കുന്നത്‌. ഇതിനൊപ്പം മറുവശത്ത്‌ സംഘപരിവാറുമായുള്ള രഹസ്യ ബാന്ധവവും വോട്ടുകച്ചവടവും മുറപോലെ  നടക്കും.

വെൽഫെയർ പാർടിയും എസ്‌ഡിപിഐയുംപോലുള്ള വർഗീയപാർടികൾ യുഡിഎഫിനൊപ്പം  ചേരുന്നത്‌ ഇത്‌ ആദ്യമല്ല.‌  മുൻകാലങ്ങളിൽ വിഷയാധിഷ്‌ഠിത പിന്തുണ എന്ന പേരിലാണ്‌ വോട്ടുകച്ചവടം അരങ്ങേറിയിരുന്നത്‌. എന്നാലിപ്പോൾ മുസ്ലിംലീഗിനെ  മുന്നിൽനിർത്തി രാഷ്ട്രീയസഖ്യം  രൂപപ്പെടുത്തുമ്പോൾ രണ്ട്‌ അപകടമാണ്‌ സംഭവിക്കുന്നത്‌. ഒന്ന്‌ ന്യൂനപക്ഷ മതവർഗീയതയ്‌ക്ക്‌ രാഷ്ട്രീയമാന്യത നൽകൽ. മറ്റൊന്ന്‌ ഭൂരിപക്ഷ ഹിന്ദുവർഗീയതയ്‌ക്ക്‌ കൂടുതൽ അവസരം ഒരുക്കിക്കൊടുക്കൽ. ഇതു രണ്ടും ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്തും.

കേവലം തദ്ദേശ തെരഞ്ഞെടുപ്പുമാത്രം ലക്ഷ്യമാക്കിയല്ല യുഡിഎഫിന്റെ നീക്കമെന്ന്‌ വ്യക്തം. അഞ്ചാം വർഷത്തിലേക്ക്‌ കടന്ന എൽഡിഎഫ്‌ സർക്കാർ വാഗ്‌ദാനങ്ങല്ലൊം നിറവേറ്റി‌ ജനമനസ്സിൽ ഇടംപിടിച്ചിരിക്കുകയാണ്‌. പ്രളയവും നിപായും ഓഖിയുമെല്ലാം തീർത്ത പ്രതിസന്ധികൾ മറികടന്നാണ്‌ ഈ മുന്നേറ്റം. ഇപ്പോൾ കോവിഡിന്റെ ദുരിതങ്ങളെ മുന്നിൽനിന്ന്‌ നേരിടുകയാണ്‌ സർക്കാർ. ചരിത്രത്തിലാദ്യമായി കേരളം തുടർഭരണത്തിലേക്ക്‌ നീങ്ങുമെന്ന്‌ ആദ്യം ഉറപ്പിച്ചത്‌ പ്രതിപക്ഷമാണ്‌. അത്‌‌ അവരുടെ അങ്കലാപ്പുകൾ കണ്ടാലറിയാം. അതുകൊണ്ടാണ്‌ എന്തുവൃത്തികേട്‌ ചെയ്‌തിട്ടായാലും എൽഡിഎഫിനെ അന്ധമായി എതിർക്കുക എന്ന  അജൻഡ‌ അവരെ നയിക്കുന്നത്‌.  ഇതുവഴി രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്നത്‌ വ്യാമോഹംമാത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top