20 October Tuesday

ഇന്ത്യ കുതിക്കുന്നു ശാസ്ത്രത്തിലൂടെ

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2016

ഇരുപത് ഉപഗ്രഹങ്ങളെ ഒറ്റയടിക്ക് ബഹിരാകാശത്തെത്തിച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുന്നു. ആദ്യമായാണ് ഇത്രയും ഉപഗ്രഹങ്ങളെ ഒന്നിച്ച് ഇന്ത്യ വിക്ഷേപിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ രാജ്യം. മുന്നില്‍ റഷ്യയും അമേരിക്കയും മാത്രം. 

1969ല്‍ രൂപീകൃതമായ ഐഎസ്ആര്‍ഒ പിച്ചവച്ച്, നടന്ന്, ഓടി, കുതിച്ച്, കുതികുതിക്കുകയാണ്. 2008ലെ ചാന്ദ്രയാന്‍ ദൌത്യം, 2013ലെ ചൊവ്വാ ദൌത്യം (മംഗള്‍യാന്‍) തുടങ്ങിയവയാണ് പുതുതലമുറയില്‍പ്പെട്ട ശാസ്ത്രകുതുകികളെ ഐഎസ്ആര്‍ഒയിലേക്ക് അടുപ്പിച്ചത്. മംഗള്‍യാന്‍ സമയത്ത് ഉയര്‍ന്ന വിവാദം, വിക്ഷേപണത്തിലെ അനിശ്ചിതത്വം, തുടര്‍ന്നുണ്ടായ ഉജ്വല വിജയം. ഇത് കൂടിയ ആത്മവിശ്വാസത്തോടെ വലിയ ദൌത്യങ്ങള്‍ ഏറ്റെടുക്കാന്‍ സംഘടനയ്ക്ക് കരുത്തേകി. ആദ്യശ്രമത്തില്‍ത്തന്നെ ചൊവ്വാദൌത്യം വിജയിപ്പിച്ച ഏകരാജ്യം എന്ന ബഹുമതി അന്ന് ഇന്ത്യ സ്വന്തമാക്കി. 2015ലെ ആസ്ട്രോസാറ്റ്, ഈ വര്‍ഷം മെയ് 23ലെ സ്പേസ്ഷട്ടില്‍ പരീക്ഷണപ്പറക്കല്‍ വിജയം എന്നിവ തുടര്‍ന്നുണ്ടായി. സ്പേസ്ഷട്ടില്‍ പരീക്ഷണവിജയം കഴിഞ്ഞ് ഒരുമാസം തികയുംമുമ്പാണ് ഇന്നലത്തെ വിലോഭനീയ വിജയം, സ്ഥാപനത്തിന്റെ ഏറ്റവും വിശ്വസ്തതയുള്ള പിഎസ്എല്‍വി റോക്കറ്റിലൂടെ ഇന്ത്യ നേടിയിരിക്കുന്നത്.

ഇന്ത്യയുടെ ആദ്യ ഉപഗ്രഹം ആര്യഭട്ട 1975ല്‍ സോവിയറ്റ് യൂണിയനില്‍നിന്നാണ് വിക്ഷേപിച്ചത്. വിക്രം സാരാഭായിയുടെ നേതൃത്വത്തില്‍ സോവിയറ്റ് സഹായത്തോടെയാണ് ഇന്ത്യ ബഹിരാകാശ ഗവേഷണരംഗത്ത് നടന്നുതുടങ്ങിയത് എന്നത് ഓര്‍ക്കാതിരുന്നുകൂടാ. കുതിപ്പിന്റെ ഘട്ടമെത്തിയപ്പോള്‍ അതിനെ തടയിടാന്‍ ശ്രമിച്ചത് അമേരിക്കയാണെന്ന കാര്യവും മറന്നുകൂടാ. ക്രയോജനിക് സാങ്കേതിക വിദ്യ തടഞ്ഞത്, വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഉപരോധം എന്നിവയില്‍ ഐഎസ്ആര്‍ഒ കാലിടറാതെ പിടിച്ചുനിന്നു. സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞരെ കൊണ്ടെത്തിച്ചത് ഇത്തരം പ്രതികൂല സാഹചര്യങ്ങളായിരുന്നു. നിഷേധം, അവഗണന, അപവാദം എന്നിവയില്‍ പതറാതെ ക്ഷമയോടെയും കൃത്യതയോടെയും അവര്‍ ഓരോ കൌണ്ട്ഡൌണുകളും പൂര്‍ത്തിയാക്കി. പരാജയങ്ങള്‍ ചെറുശതമാനം മാത്രം.

വാണിജ്യ വിക്ഷേപണ കമ്പോളത്തില്‍ കരുത്തും വിശ്വാസ്യതയും വര്‍ധിപ്പിച്ചു എന്നതാണ് 20 ഉപഗ്രഹങ്ങളെയും കൊണ്ടുള്ള പിഎസ്എല്‍വിയുടെ വിജയം ഇന്ത്യക്ക് സമ്മാനിച്ചത്. ഇതില്‍ അമേരിക്കയില്‍നിന്നുള്ള 13 ഉപഗ്രഹങ്ങളാണുള്ളത്. ഇവ ഉള്‍പ്പെടെ 2016ല്‍ 70 വിദേശ ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചു. സാമ്പത്തിക സ്വയംപര്യാപ്തത ഒരളവോളം നേടാനും വാണിജ്യവിക്ഷേപണങ്ങള്‍ ഐഎസ്ആര്‍ഒയെ സഹായിക്കുന്നുണ്ട്.

എന്തായാലും ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യയെ അവഗണിച്ച് ഇനി ലോകത്തിന് മുന്നോട്ടുപോകാനാകില്ല. കരുത്തരെ കൂടെനിര്‍ത്താന്‍ ശത്രുക്കള്‍പോലും ശ്രമിക്കുമെന്നതും പ്രകൃതിനിയമം. സ്വാതന്ത്യ്രംനേടി ഏഴുപതിറ്റാണ്ടായിട്ടും പുരോഗതിയുടെ വെളിച്ചംകടക്കാത്ത മേഖലകള്‍ ഒട്ടേറെയുണ്ട് ഇന്ത്യയില്‍. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുകൊണ്ടുവരാനുള്ള അതിശക്തമായ ശ്രമം നടക്കുകയാണെന്ന് നിത്യജീവിതം ബോധ്യപ്പെടുത്തുന്നു. ഇതിനിടയില്‍ ഒരു തിരിനാളമോ സൂര്യതേജസ്സോ ആയി ശാസ്ത്രം എന്നും ഇന്ത്യയോടൊപ്പമുണ്ട്. സോവിയറ്റ് മാതൃകയില്‍ പടുത്തുയര്‍ത്തിയ പഞ്ചവത്സര പദ്ധതികള്‍, കാര്‍ഷിക ഗവേഷണം, ഹരിതവിപ്ളവം, കാലാവസ്ഥാപഠനം, ആരോഗ്യശാസ്ത്രം തുടങ്ങിയവയെല്ലാം യാഥാസ്ഥിതികതയുടെ എതിര്‍പ്പിലൂടെ കടന്നുവന്നാണ് ഇന്നത്തെ ഇന്ത്യയെ സൃഷ്ടിച്ചത്. ജ്യോതിശാസ്ത്രത്തെയും ജ്യോതിഷത്തെയും കൂട്ടിയിണക്കാനുള്ള നീക്കം ഇടവേളയ്ക്കുശേഷം പുനരാരംഭിച്ചിട്ടുണ്ട്. നിഷേധിക്കാനാകാത്ത ശാസ്ത്രനേട്ടങ്ങളെ ഏറ്റെടുക്കാന്‍ യാഥാസ്ഥിതികര്‍ മത– വര്‍ണ– ദേശഭേദമെന്യേ ശ്രമിച്ചുപോരാറുണ്ട്. അവര്‍ അതു തുടരട്ടെ. എന്നാല്‍, ഏതു കൂരിരുട്ടിലും വെളിച്ചംതെളിക്കാന്‍ ശാസ്ത്രത്തിനു കഴിയും; പ്രൊമിത്യൂസിനെപ്പോലെ. ശാസ്ത്രത്തെ ജനപ്രിയവും ജനോപകാരപ്രദവുമാക്കുന്ന ഐഎസ്ആര്‍ഒയ്ക്ക് അടുത്ത സൂര്യദൌത്യത്തിന് ആശംസനേരുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top