14 September Saturday

ആന്ദ്രേയ് കാര്‍ലോവിന്റെ കൊലപാതകം

വെബ് ഡെസ്‌ക്‌Updated: Thursday Dec 22, 2016


തുര്‍ക്കിയിലെ റഷ്യന്‍ സ്ഥാനപതി ആന്ദ്രേയ് കാര്‍ലോവ്  കഴിഞ്ഞദിവസം അതിദാരുണമായി കൊല്ലപ്പെട്ടു. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ 'തുര്‍ക്കികള്‍ കാണുന്ന റഷ്യ' എന്ന പ്രദര്‍ശനം കണ്ടുനില്‍ക്കവെയാണ് സ്ഥാനപതി കൊല്ലപ്പെട്ടത്. ഇരുപത്തിരണ്ടുകാരനായ തുര്‍ക്കി പൊലീസുകാരന്‍ മെവ്ലുത് മെര്‍ട്ടാണ് കൊലയാളി. കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ ഇയാളും കൊല്ലപ്പെട്ടു.  തുര്‍ക്കിയിലെ അമേരിക്കന്‍ എംബസിക്കുമുമ്പിലും വെടിവയ്പുണ്ടായി. തീര്‍ത്തും സ്ഫോടനാത്മകമായ സ്ഥിതിവിശേഷമാണ് തുര്‍ക്കിയിലേത്.

എന്നാല്‍, ഈ സംഭവവുമായി ബന്ധപ്പെട്ട് റഷ്യ നടത്തിയ പ്രതികരണം സ്വാഗതാര്‍ഹമാണ്. അങ്കാറ സംഭവം ഉയര്‍ത്തി സിറിയന്‍ സമാധാനത്തിന് തുര്‍ക്കിയുമായിചേര്‍ന്ന് നടത്തുന്ന സമാധാനനീക്കങ്ങളില്‍നിന്ന് പിന്മാറില്ലെന്നായിരുന്നു മോസ്കോയുടെ പ്രസ്താവന.  തുര്‍ക്കിയുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകതന്നെ ചെയ്യുമെന്നും റഷ്യ വ്യക്തമാക്കി.  തുര്‍ക്കിയുടെയും ഇറാന്റെയും റഷ്യയുടെയും വിദേശമന്ത്രിമാരും പ്രതിരോധമന്ത്രിമാരും മോസ്കോവില്‍ സമ്മേളിക്കുന്ന വേളയില്‍ ത്തന്നെയാണ് റഷ്യന്‍സ്ഥാനപതിയെ വധിച്ചത്. സിറിയന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് കൂട്ടായി പരിഹരിക്കുമെന്ന  മോസ്കോ പ്രഖ്യാപനവും അവര്‍ നടത്തി. ഈ മാസം 27ന് വീണ്ടും സമ്മേളിക്കുമെന്നും മൂന്ന് രാജ്യങ്ങളും വ്യക്തമാക്കി.  ഈ ഘട്ടത്തിലാണ് റഷ്യന്‍ സ്ഥാനപതിയെ വധിച്ചത് എന്നതുകൊണ്ടുതന്നെ കൊലയാളിയുടെ ലക്ഷ്യം സിറിയന്‍ സമാധാനനീക്കത്തെ തകര്‍ക്കുക എന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. റഷ്യയുമായുള്ള തുര്‍ക്കിയുടെ ബന്ധവും ഇവര്‍ ഇഷ്ടപ്പെടുന്നില്ലെന്ന് വ്യക്തം.

എന്നാല്‍, റഷ്യന്‍ സ്ഥാനപതിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് തുര്‍ക്കിക്ക് വിട്ടുനില്‍ക്കാനാകില്ല. കാരണം സ്ഥാനപതിയെ വധിച്ചത് പ്രത്യേക കര്‍മസമിതിയില്‍പെട്ട പൊലീസ് ഓഫീസറാണ്. റസിപ് തയ്യിപ് എര്‍ദോഗന്റെ ജസ്റ്റിസ് ഡെവലപ്മെന്റ് പാര്‍ടി അധികാരമേറിയശേഷമാണ് പൊലീസും സൈന്യവും ഉള്‍പ്പെടെയുള്ള സുരക്ഷാ ഏജന്‍സികളില്‍ ഇസ്ളാമികശക്തികള്‍ പിടിമുറുക്കാന്‍ തുടങ്ങിയത്. അത് തടയാനല്ല മറിച്ച് പ്രോത്സാഹിപ്പിക്കുന്ന നയമാണ് എര്‍ദോഗന്‍ സര്‍ക്കാര്‍ കൈക്കൊണ്ടത്.  ഇതിനാലാണ് സ്ഥാനപതിയെ വധിച്ച നടപടിയെ ഫത്തേഹുള്ള ഗ്യൂലന്‍ അപലപിച്ചത്. ജൂലൈയില്‍ ഫത്തേഹുള്ള ഗ്യുലന്‍ വിഭാഗമാണ് തന്നെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ ശ്രമിച്ചതെന്ന് എര്‍ദോഗന്‍ ആരോപിച്ചിരുന്നു.

സ്ഥാനപതിയുടെ കൊലപാതകത്തിലും അവരുടെ കൈകളുണ്ടെന്ന പ്രചാരണത്തിന് തടയിടാനാണ് അമേരിക്കയില്‍ സ്ഥിരവാസമാക്കിയ  ഫത്തേഹുള്ള ഗ്യൂലന്‍ സംഭവത്തെ അപലപിക്കുന്ന പ്രസ്താവനയുമായി രംഗത്തുവന്നത്. ആഭ്യന്തരമായി തുര്‍ക്കി ഇന്ന് ബഹുമുഖ സുരക്ഷാഭീഷണിയെ നേരിടുകയാണ്.  സിറിയയില്‍ ബഷര്‍ അല്‍ അസദ് സര്‍ക്കാരിനെതിരെ നിലകൊള്ളുന്ന വിമതരും കുര്‍ദിഷ് പോരാളികളും ഒരുപോലെ തുര്‍ക്കിക്ക് തലവേദന സൃഷ്ടിക്കുന്നു. 

അലെപ്പോയുടെ പതനം തുര്‍ക്കിയിലെങ്ങും വന്‍ റഷ്യാവിരുദ്ധവികാരം സൃഷ്ടിച്ചിട്ടുണ്ട്. അലെപ്പോയില്‍ വീണത് സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെ അട്ടിമറിക്കാന്‍ ശ്രമിച്ച വിമതരാണ്. ബഷര്‍ വിരുദ്ധ അഹ്റര്‍ അല്‍ ഷാമും ജബാത്ത് ഫത്തഹ് അല്‍ ഷാമും ഒരുപോലെ തുര്‍ക്കിയില്‍നിന്ന് സഹായം ലഭിക്കുന്നവരാണ്. അലെപ്പോയില്‍ തോറ്റ ഇവര്‍ ഇപ്പോള്‍ സിറിയയിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഇദ്ലിബില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇവര്‍ക്ക് എല്ലാ സഹായവും ലഭിക്കുന്നത് തുര്‍ക്കിയില്‍നിന്നാണ്. എന്നാല്‍, അലെപ്പോ കീഴടക്കിയതോടെ സിറിയന്‍-റഷ്യന്‍-ഇറാന്‍ സൈനികനീക്കം ഇദ്ലിബിനെ ലക്ഷ്യമാക്കിയായിരിക്കും. സ്വാഭാവികമായും ഈ നീക്കത്തിനെതിരെ തുര്‍ക്കിയില്‍ വികാരം ശക്തമാകും. അത് കണ്ടില്ലെന്ന് നടിക്കാന്‍ എര്‍ദോഗന് കഴിയുകയുമില്ല. റഷ്യന്‍ ഇടപെടലോടെയാണ് തുര്‍ക്കി പിന്തുണയ്ക്കുന്ന വിമതര്‍ക്ക് തിരിച്ചടി ലഭിക്കാന്‍ കാരണം. സ്വാഭാവികമായും റഷ്യയ്ക്കെതിരെ തുര്‍ക്കിയില്‍ രോഷം ഉയര്‍ന്നു. മോസ്കോയില്‍ നടക്കുന്ന ചര്‍ച്ചയിലും തുര്‍ക്കി, സിറിയന്‍ വിമതര്‍ക്ക് നല്‍കുന്ന പിന്തുണ ചര്‍ച്ചാവിഷയമാകുകയുംചെയ്യും. റഷ്യയും തുര്‍ക്കിയും തമ്മിലുള്ള സഹകരണം ഈ തുര്‍ക്കിയിലെ ഇസ്ളാമിക തീവ്രവാദികള്‍ ഇഷ്ടപ്പെടുന്നില്ല.

സിറിയയില്‍  സമാധാനം സ്ഥാപിക്കുന്നതിനായി റഷ്യയുമായി സഹകരിക്കുന്നതും ഇവര്‍ ഇഷ്ടപ്പെടുന്നില്ല. ഇറാന്‍-റഷ്യ-തുര്‍ക്കി സഖ്യം ശക്തിപ്പെടുത്തുന്നപക്ഷം ഈ വിമതരുടെ സ്ഥിതി ശോചനീയമാകും. ഈ ആശങ്കയും വേവലാതിയുമാണ് സ്ഥാനപതിയുടെ കൊലയില്‍ നിഴലിച്ചുകാണുന്നത്. അമേരിക്കയിലെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൊലപാതകത്തെ അപലപിച്ചതും വിമതരെ അലോസരപ്പെടുത്തുന്നു. സിറിയയില്‍ ബഷര്‍ അല്‍ അസദിനെ മാറ്റുന്നതിന് അമേരിക്കയുടെ പിന്തുണ ഇനിയും ലഭിക്കുമോ എന്ന സംശയവും വിമതര്‍ക്കുണ്ട്.  വിമതരുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ എര്‍ദോഗന് കിട്ടിയ നല്ല അവസരമാണിതെന്ന് നയതന്ത്രവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  യൂറോപ്യന്‍ യൂണിയനിലേക്കുള്ള തുര്‍ക്കിയുടെ പ്രവേശം തടസ്സപ്പെട്ടിരിക്കെ റഷ്യയുമായുള്ള സൌഹൃദം ഉപേക്ഷിക്കാന്‍ തുര്‍ക്കിക്ക് കഴിയുകയുമില്ല. ചെകുത്താനും കടലിനുമിടയില്‍പ്പെട്ട അവസ്ഥയിലാണ് തുര്‍ക്കിയിപ്പോള്‍


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top