24 March Friday

അനാസ്ഥയിൽ പൊലിയരുത് ഇനിയൊരു ജീവൻകൂടി

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2019


ബത്തേരി സർവജന ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ  അഞ്ചാം ക്ലാസുകാരി  ഷഹല ഷെറിൻ പാമ്പുകടിയേറ്റു മരിച്ചത്  കേരളീയരെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.  ചില അധ്യാപകർക്കും ഡോക്ടർക്കും ഇക്കാര്യത്തിൽ അനാസ്ഥയുണ്ടായെന്നതാണ് വാസ്തവം.  സഹപാഠികൾ  ആവശ്യപ്പെട്ടിട്ടും സ്കൂളിൽനിന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചില്ല.  മുക്കാൽ മണിക്കൂർ വൈകി രക്ഷിതാക്കൾ വന്നശേഷമാണ് അതിന് തയ്യാറായത്. ക്ലാസിൽ വിദ്യാർഥികളെ ചെരുപ്പിടാൻ അനുവദിച്ചിരുന്നതുമില്ല. ഷഹലയുടെ സങ്കടകരമായ മരണത്തെ അതീവ  ഗൗരവത്തോടെയാണ് കാണുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി, അനാസ്ഥയോ അലംഭാവമോ കാട്ടിയവർക്കുമേൽ നടപടി ഉറപ്പാക്കാൻ ഇടപെടുമെന്ന്  ഉറച്ചവാക്കുകളിൽ വ്യക്തമാക്കി. അതിന്റെ ഫലവും കണ്ടു.  നിരുത്തരവാദപരമായി പെരുമാറിയ അധ്യാപകനും പ്രധാന അധ്യാപകർക്കും ഡോക്ടർക്കും എതിരെ നടപടി സ്വീകരിച്ചു.  പിടിഎ പിരിച്ചുവിട്ടു.  വിദ്യാഭ്യാസമന്ത്രി സമഗ്ര റിപ്പോർട്ട് ആവശ്യപ്പെട്ടു.

സംഭവത്തിൽ ആരോപണവിധേയരായ നാലുപേരെ സസ്പെൻഡ് ചെയ്തത് സർക്കാർ പ്രശ്നത്തിൽ പുലർത്തിയ ഗൗരവമാണ് തെളിയിക്കുന്നത്.  താലൂക്ക് ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് അകാരണമായി ചികിത്സ വൈകിപ്പിച്ചതിനാണ് ഡോക്ടർക്കെതിരെ നടപടി. ആന്റിവെനം നൽകാൻ രക്ഷിതാക്കളുടെ അനുമതി ആവശ്യമില്ലാതിരുന്നിട്ടും  ഡോക്ടർ അത് ചോദിച്ച് ആശയക്കുഴപ്പമുണ്ടാക്കിയെന്ന്്  കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കുട്ടിയെ കൊണ്ടുപോകുന്നത്  ജീവന് ഭീഷണിയായിരുന്നു. ആ വിവരം രക്ഷിതാക്കളെ അറിയിക്കാത്തതും വീഴ്ചയാണ്. എന്നാൽ, "പുര കത്തുമ്പോൾ വാഴ വെട്ടുക'യെന്ന രീതിയിലാണ് ചുരുക്കം കോണുകളിൽനിന്നും ചില മാധ്യമങ്ങളിൽനിന്നും  പ്രതികരണം വന്നത്. ആ മരണം പ്രധാന വാർത്തയാക്കുന്നതിൽ തെറ്റില്ല. എന്നാൽ, കേരളത്തിന്റെ  അഭിമാനമായ, ലോകത്തെ  വിസ്മയിപ്പിച്ച പൊതുവിദ്യാലയങ്ങളുടെ സമാനതകളില്ലാത്ത നേട്ടത്തെ ഇകഴ്ത്താനാണ് ഗൂഢശ്രമം. ആ ക്ലാസ് മുറിയിലെ അടർന്നുപോയ സിമന്റ് തറയാണ് കേരളീയ വിദ്യാഭ്യാസത്തിന്റെ പ്രതീകവും മുഖമുദ്രയുമെന്നാണ് എഴുതിപ്പിടിപ്പിക്കുന്നത്.

തൊഴിൽ ഉപജീവനമാർഗം മാത്രമായി  ചുരുക്കുന്നതിനാൽ   പ്രതിബദ്ധതയ്ക്കും സാമൂഹ്യബോധത്തിനും പരിക്കേൽക്കുകയാണോ.  സ്വഭാവഗുണം അഭ്യസിച്ചില്ലെങ്കിൽ നേടിയ വിദ്യ മുഴുവൻ ദുരുപയോഗപ്പെടുമെന്ന  ഗാന്ധിജിയുടെ വാക്കുകൾ  ഓർമവരുന്നു

കേരളത്തിന്റെ സമസ്ത മേഖലയിലും ഒരു സംസ്കാരമായി വളർന്ന കൂട്ടായ്മയും സർഗാത്മകതയും പൊതുനിലപാടും തിരിച്ചറിയാൻ  ചുരുക്കം ജീവനക്കാരുടെയും  അധ്യാപകരുടെയും  ചിന്ത വളർന്നിട്ടില്ലെന്നതും കാണാതിരിക്കാനാകില്ല. സ്വന്തം ആനുകൂല്യങ്ങളും സൗകര്യങ്ങളും കുടുംബജീവിതവുംമാത്രം മുഖ്യ അജൻഡയായി കാണുന്നവരുടെ അലംഭാവത്തിലാണ്  ഒറ്റപ്പെട്ടതെങ്കിലും ഗുരുതരമായ  വീഴ്ചയുണ്ടായത്.  തൊഴിൽ ഉപജീവനമാർഗം മാത്രമായി  ചുരുക്കുന്നതിനാൽ   പ്രതിബദ്ധതയ്ക്കും സാമൂഹ്യബോധത്തിനും പരിക്കേൽക്കുകയാണോ.  സ്വഭാവഗുണം അഭ്യസിച്ചില്ലെങ്കിൽ നേടിയ വിദ്യ മുഴുവൻ ദുരുപയോഗപ്പെടുമെന്ന  ഗാന്ധിജിയുടെ വാക്കുകൾ  ഓർമവരുന്നു. എന്നാൽ, അധ്യാപകവൃത്തിയുടെ മഹത്തായ ബാധ്യത  സമർപ്പണത്തോടെ ഏറ്റെടുക്കുന്ന ബഹുഭൂരിപക്ഷമുണ്ട്.

ഔദ്യോഗിക സഹായങ്ങൾക്കും മാനേജ്മെന്റ് ഫണ്ടുകൾക്കും  കാക്കാതെ, സ്വന്തം കീശയിൽനിന്ന് പണം മുടക്കി സ്കൂളുകളിൽ ചെറു സൗകര്യങ്ങൾ ഒരുക്കുന്ന അധ്യാപകർ പൊതു വിദ്യാലയങ്ങളിൽ പലതിലും കാണാം.  പ്രളയദുരന്തത്തിലെ കാഴ്ചകളിൽ ഹൃദയംനീറിയ കുരുന്നുകൾ മുഖ്യമന്ത്രിക്ക് സമ്പാദ്യക്കുടുക്കകൾ നൽകിയതും മറക്കാറായോ? എന്നാൽ,  ഷഹലയുടെ മരണംചൂണ്ടി, കേരളത്തിന്റെ ഖ്യാതിയെത്തന്നെ താറടിക്കാനാണ് ചിലരുടെ ശ്രമം. ശക്തമായ നടപടിക്ക്  സർക്കാർ മുന്നോട്ടുവന്ന സ്ഥിതിയിൽ അധ്യാപക സമൂഹത്തെയാകെ പഴിചാരുന്നതിൽ ഒരർഥവുമില്ല.

ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ സർവജനയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ എംഎൽഎയുടെയും പിടിഎയുടെയും നിരുത്തരവാദിത്തം തടസ്സമായിരുന്നു. ഒരു ദശകത്തിലധികമായി കോൺഗ്രസ് ‐ലീഗ്  നേതാക്കളാണ് പിടിഎ ഭാരവാഹികൾ.  2011 മുതൽ  ബത്തേരി എംഎൽഎയാകട്ടെ, ഐ സി ബാലകൃഷ്ണനും.  കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് സ്കൂൾ  വികസനത്തിന് ഒന്നും ചെയ്തില്ല. എംപി ഫണ്ടും അനുവദിച്ചില്ല.  എന്നാൽ, എൽഡിഎഫ് സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി  വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം വികസനത്തിന് ഒരുകോടിരൂപ അനുവദിച്ചിരുന്നു. ഷഹലയുടെ അകാലവിയോഗത്തിന്റെ ദുഃഖം തളംകെട്ടിനിൽക്കെ ഇത്തരം വസ്തുതകളെല്ലാം മറച്ചുപിടിച്ച് നടത്തുന്ന പ്രചാരണങ്ങൾക്ക് ഹീനമായ രാഷ്ട്രീയലക്ഷ്യമാണുള്ളത്. ആരുടെയെങ്കിലും അനാസ്ഥയിൽ ഇനിയൊരു കുരുന്നു ജീവൻപോലും പൊലിയരുതെന്നാണ്  മലയാളികളുടെ ആഗ്രഹം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top