23 January Wednesday

വികസനത്തിന്റെ രാഷ്ട്രീയം മുന്നോട്ടുവച്ച ഡല്‍ഹിദൌത്യം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 19, 2016

ആരോഗ്യകരമായ ഫെഡറല്‍ ഭരണസംവിധാനം ആവശ്യപ്പെടുന്ന, കേന്ദ്ര– സംസ്ഥാന പാരസ്പര്യത്തിന് അടിവരയിടുന്ന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്നത്. അന്തര്‍ സംസ്ഥാന കൌണ്‍സില്‍ യോഗം, കേരളത്തിന്റെ അടിസ്ഥാന വികസനപ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍– ഇതായിരുന്നു മുഖ്യമന്ത്രിയുടെ ഡല്‍ഹിദൌത്യത്തിലെ പ്രധാന അജന്‍ഡകള്‍. ആറുപതിറ്റാണ്ടായി ദേശീയ വികസനപ്രക്രിയയില്‍ സുപ്രധാന പങ്കുവഹിച്ച ആസൂത്രണ കമീഷനെ ഇല്ലായ്മചെയ്ത നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് അന്തര്‍സംസ്ഥാന കൌണ്‍സിലില്‍ പ്രധാനമായും മുന്നോട്ടുവച്ചത്. ദുര്‍ബലവിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയാകുന്ന നയവ്യതിയാനങ്ങളില്‍നിന്ന് കേന്ദ്രം പിന്തിരിയണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്ര– സംസ്ഥാന ബന്ധം ശക്തമാക്കാനും സന്തുലിത വികസനം ഉറപ്പാക്കാനുമുള്ള ഫലപ്രദമായ വേദിയാക്കി കൌണ്‍സിലിനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യത്തിന് നല്ല പിന്തുണയാണ് യോഗത്തില്‍ ലഭിച്ചത്.

പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിന്റെ തലേന്ന് ഡല്‍ഹിയില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത കേരള എംപിമാരുടെ യോഗം പുതിയൊരു പ്രവര്‍ത്തനരീതിക്ക് തുടക്കമിടുന്നതായി. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ച പ്രവര്‍ത്തനത്തില്‍ എംപിമാര്‍ സുപ്രധാന കണ്ണികളാണെന്ന ബോധ്യം ബന്ധപ്പെട്ടവരില്‍ സൃഷ്ടിക്കാന്‍ യോഗത്തിനായി. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ മൂലയില്‍ കിടക്കുന്ന കേരളം എന്ന കൊച്ചുസംസ്ഥാനത്തിന് വികസനരംഗത്തും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും മുന്നേറണമെങ്കില്‍ കേന്ദ്രത്തിന്റെ നിര്‍ലോപവും നിരുപാധികവുമായ പിന്തുണ കൂടിയേ തീരൂ. ഇത് കേന്ദ്ര ഭരണാധികാരികളുടെ ഔദാര്യമല്ല; മറിച്ച് കേരളജനതയുടെ അവകാശമാണ്. ഇതിനായി സംസ്ഥാന സര്‍ക്കാരിനൊപ്പം പാര്‍ലമെന്റ് അംഗങ്ങളും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന സന്ദേശമാണ് യോഗം നല്‍കിയത്.

എംപിമാരുടെ യോഗം വഴിപാടും പരസ്പരം പഴിചാരലുമായി മാറുന്ന കാഴ്ചയാണ് മുന്‍കാലങ്ങളില്‍ കണ്ടത്. രാഷ്ട്രീയഭിന്നതയുടെ പേരില്‍ ഒരുവിഭാഗം യോഗം ബഹിഷ്കരിച്ച സന്ദര്‍ഭങ്ങളും വിരളമല്ല. സംസ്ഥാനത്തിന്റെ ജീവല്‍പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും കേന്ദ്രത്തില്‍നിന്ന് ലഭിക്കേണ്ട സഹായങ്ങളും പിന്തുണയും നേടിയെടുക്കാനുമുള്ള വേദിയാക്കി എംപിമാരുടെ യോഗത്തെ മാറ്റാനാകുമെന്ന് ഡല്‍ഹിയോഗം തെളിയിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി സ്വീകരിച്ച നിലപാട് ശ്ളാഘനീയമാണ്. വികസനകാര്യത്തില്‍ രാഷ്ട്രീയം മാറ്റിവച്ച് സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കുമെന്ന ആന്റണിയുടെ പ്രഖ്യാപനം പ്രതീക്ഷ പകരുന്നു. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍ ഉള്‍പ്പെടെ മൂന്നുമണിക്കൂര്‍ നീണ്ട യോഗത്തില്‍ പങ്കെടുത്തു.
മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളും ഇപ്പോഴത്തെ ബിജെപി സര്‍ക്കാരും സംസ്ഥാനങ്ങളുടെ ന്യായമായ അവകാശങ്ങളോട് പുറംതിരിഞ്ഞാണ് നിന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് ലഭിച്ചുവന്ന 80 ശതമാനം വിഹിതം ഇപ്പോള്‍ 60 മുതല്‍ 40വരെയായി ചുരുങ്ങി. റെയില്‍വേയില്‍ ഉള്‍പ്പെടെ കേന്ദ്രനിക്ഷേപത്തിന്റെ കാര്യത്തില്‍ കേരളം തീര്‍ത്തും അവഗണിക്കപ്പെട്ടു. റബര്‍, നാളികേരം, കുരുമുളക് തുടങ്ങിയ നാണ്യവിളകളുടെ വിലത്തകര്‍ച്ച കര്‍ഷകരെ പാപ്പരാക്കി. നാളികേര, റബര്‍ ബോര്‍ഡുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കം ഏറ്റവും ദോഷകരമായി ബാധിക്കുന്നത് കേരളത്തിലെ കര്‍ഷകരെയാണ്. ഇവിടെനിന്ന് വന്‍തോതില്‍ നിക്ഷേപം സമാഹരിക്കുന്ന പൊതുമേഖലാബാങ്കുകള്‍ വായ്പാകാര്യത്തില്‍ ചിറ്റമ്മനയം കാട്ടുന്നു. കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന് നമ്മള്‍ അഭിമാനംകൊണ്ട എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിച്ച് ഈ പകല്‍ക്കൊള്ള കൂടുതല്‍ ശക്തമാക്കാനും തീരുമാനമായിരിക്കുന്നു. തീരദേശനിയമം പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശംതന്നെയാണ് ഇല്ലാതാക്കുന്നത്. കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവിയില്‍ കരിനിഴല്‍വീഴ്ത്തുന്ന തീരുമാനമാണ് തമിഴ്നാട്ടിലെ കുളച്ചല്‍ പദ്ധതിക്ക് അനുമതി നല്‍കുകവഴി കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്. ഇത്തരത്തില്‍ അടിയന്തര പ്രാധാന്യമുള്ള ഒട്ടേറെ പ്രശ്നങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്തതിലുപരി, ഈ പ്രതിസന്ധികളെ എങ്ങനെ മറികടക്കാമെന്നതിന് കര്‍മപദ്ധതി ആവിഷ്കരിച്ചു എന്നതാണ് പ്രാധാന്യമര്‍ഹിക്കുന്ന കാര്യം. പാര്‍ലമെന്റില്‍ ഉന്നയിച്ചും മന്ത്രാലയങ്ങളിലും വകുപ്പ് ആസ്ഥാനങ്ങളിലും ബന്ധപ്പെട്ടും പ്രശ്നപരിഹാരത്തിന് കൂട്ടായ യത്നം നടത്തുമെന്ന് എംപിമാര്‍ ഉറപ്പുനല്‍കി.

എംപിമാരുടെ പ്രവര്‍ത്തനത്തിന് എല്ലാ സഹകരണവും വാഗ്ദാനംചെയ്ത മുഖ്യമന്ത്രി ഡല്‍ഹി കേരള ഹൌസില്‍ എംപി സെല്‍ ആരംഭിക്കുമെന്നും അറിയിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പും ശേഷവും ആസൂത്രണത്തിനും വിശകലനത്തിനുമായി എംപിമാരുടെ യോഗം വിളിച്ചുചേര്‍ക്കും. പാര്‍ലമെന്റില്‍ പുതുതായി വരുന്ന ബില്ലുകള്‍ സംസ്ഥാനത്തെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിച്ച് എംപിമാര്‍ക്ക് വിവരം നല്‍കാന്‍ വകുപ്പ് സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കും. ഇത്തരത്തില്‍ പ്രായോഗിക നടപടികളിലൂടെ ചുവപ്പുനാടകളും കാലതാമസവും ഒഴിവാക്കി സംസ്ഥാനത്തിന് അവകാശപ്പെട്ട പദ്ധതികളും ഫണ്ടും നേടിയെടുക്കുന്ന കര്‍മപദ്ധതിക്കാണ് ഡല്‍ഹിയോഗം രൂപംനല്‍കിയിരിക്കുന്നത്.

യുപിഎ ഭരണകാലത്ത്് കേരളത്തിലും കോണ്‍ഗ്രസ് ഭരണമായിട്ടും സംസ്ഥാന താല്‍പ്പര്യങ്ങള്‍ അവഗണിക്കപ്പെട്ടു. മുന്‍ എല്‍ഡിഎഫ് ഭരണകാലത്ത് പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട എതാനും വ്യവസായങ്ങള്‍ കേരളത്തിന് അനുവദിച്ച അന്നത്തെ പ്രതിരോധമന്ത്രി എ കെ ആന്റണി സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൈയെ മുക്തകണ്ഠം പ്രശംസിച്ചിരുന്നു. തുടര്‍ന്നുവന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അനാസ്ഥയെ തുറന്നുകാട്ടാനും അദ്ദേഹം മടിച്ചില്ല. ഈ ഭരണത്തില്‍ പ്രതിരോധവകുപ്പിന്റെ ഒരു വ്യവസായവും കേരളത്തിന് നല്‍കാന്‍ തനിക്ക് ധൈര്യമില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞത് ഉമ്മന്‍ചാണ്ടിഭരണത്തിന് ലഭിച്ച മുഖമടച്ച അടിയായിരുന്നു.

കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ നിലപാട് ഈ പശ്ചാത്തലത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. രാഷ്ട്രീയപരിഗണനകള്‍ക്കപ്പുറം കേരളത്തിന്റെ വികസനത്തിന് അര്‍ഹമായ സഹായവും പിന്തുണയും നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടനാ ബാധ്യതയാണ്. അതിന് കേരളത്തില്‍നിന്നുള്ള ബിജെപിയുടെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പ്രത്യേകമായ താല്‍പ്പര്യവും ഉണ്ടാകേണ്ടതാണ്. സുരേഷ് ഗോപിയും റിച്ചാര്‍ഡ് ഹേയും ഡല്‍ഹിയോഗത്തില്‍ സംബന്ധിച്ചില്ലെന്നത് യാദൃശ്ചികമായേ കാണേണ്ടതുള്ളൂ. എല്ലാ പാര്‍ടികളിലുംപെട്ട ജനപ്രതിനിധികളുടെ യോജിച്ച പ്രവര്‍ത്തനമാണ് കേരളത്തിന്റെ പ്രശ്നങ്ങള്‍ കേന്ദ്രത്തിന് മുന്നിലെത്തിക്കാനും പരിഹരിക്കാനുമുള്ള മാര്‍ഗം. അതിനുള്ള സുപ്രധാന ചുവടുവയ്പ് എന്ന നിലയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിതലസംഘം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നത്

പ്രധാന വാർത്തകൾ
 Top