02 July Saturday

പുഴയൊഴുകും വഴികളില്‍ നന്മകള്‍ പൂക്കട്ടെ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 17, 2017

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കണ്ണൂരില്‍ തിരിതെളിഞ്ഞപ്പോള്‍ മുമ്പില്ലാത്ത ഒരു വിശ്വാസം കലയെ സ്നേഹിക്കുന്നവരുടെയെല്ലാം മുഖങ്ങളില്‍ തെളിഞ്ഞുകാണാം. പണക്കൊഴുപ്പും സ്വാധീനവും അരങ്ങുവാണിരുന്ന കലോത്സവവേദിയില്‍, ഇക്കുറി ചിലതെല്ലാം ശരിയാക്കിയെടുക്കുമെന്ന പ്രതീക്ഷയാണ് പൊതുവില്‍ പങ്കുവയ്ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടുനാള്‍ മുമ്പ് നടത്തിയ ഇടപെടലാണ് കലയുടെ പക്ഷത്തുനില്‍ക്കുന്നവരുടെ മനസ്സ് നിറയ്ക്കുന്നത്.

അരുതായ്മകള്‍ക്കെതിരായ നല്ല ജാഗ്രത എല്ലാതലങ്ങളിലും വേണമെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ എടുത്തുപറഞ്ഞപ്പോള്‍, ഹര്‍ഷാരവത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. കലോത്സവനടത്തിപ്പും വിധിനിര്‍ണയവും കുറ്റമറ്റതാക്കാന്‍ വിജിലന്‍സിന്റെ തുടര്‍ച്ചയായ നിരീക്ഷണമുണ്ടാകുമെന്ന തീരുമാനം തല്‍പ്പരകക്ഷികള്‍ക്ക് അലോസരമുണ്ടാക്കിയിട്ടുണ്ട്. വിധിനിര്‍ണയം കുറ്റമറ്റതാക്കാനുള്ള ചില മുന്‍കരുതലുകള്‍ ഇത്തവണ സബ്ജില്ലാതലം മുതല്‍തന്നെയുണ്ടായി. ഒരേ ആളുകള്‍ തുടര്‍ച്ചയായി വിധികര്‍ത്താക്കളാകുന്നത് ഒഴിവാക്കാനുള്ള തീരുമാനങ്ങളും ഉണ്ടായി. എന്നാല്‍, ഇതെല്ലാം എത്രമാത്രം ഫലവത്തായി എന്ന പരിശോധന തുടരേണ്ടതുണ്ട്. അപ്പീലിന്റെ ദുരുപയോഗം തടയാന്‍ ഇനിയൊട്ടും വൈകിക്കൂടാ. ഇത്തരത്തില്‍ ഏറെക്കാലം തുടര്‍ന്ന ദുഷ്പ്രവണതകള്‍ക്ക് അറുതിവരുത്താന്‍ ചില കടുത്ത തീരുമാനങ്ങള്‍തന്നെ വേണ്ടിവരുമെന്ന ശരിയായ ചിന്തയാണ് മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ വ്യക്തമാകുന്നത്.

   തിരുവനന്തപുരം നാലാഞ്ചിറയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനി അനര്‍ഘ കേരളനടനം ഉപജില്ലാ മത്സരത്തില്‍ എ ഗ്രേഡും ഒന്നാംസ്ഥാനവും നേടിയ മിടുക്കിയാണ്. ജില്ലാമത്സരത്തില്‍ തഴയപ്പെട്ട ഈ കുട്ടി മുഖ്യമന്ത്രിക്കെഴുതിയ കത്താണ് ചില സുപ്രധാന തീരുമാനങ്ങള്‍ക്ക് വഴിവച്ചത്. മുഖ്യമന്ത്രി ആവശ്യപ്പെട്ടതുപ്രകാരം നേരില്‍ കാണാനെത്തിയ അനര്‍ഘയും രക്ഷിതാക്കളും കലോത്സവവേദിയിലെ മാഫിയവല്‍ക്കരണത്തിന്റെ ഞെട്ടിക്കുന്ന തെളിവുകളാണ് നിരത്തിയത്. പണമെറിഞ്ഞ് നേടുന്നവരും നിസ്സഹായരായി പിന്തിരിയുന്ന അനര്‍ഘമാരും കലോത്സവത്തിന്റെ രണ്ടു മുഖങ്ങളാണ്. ഇയൊരവസ്ഥ ഇനിയും തുടര്‍ന്നുകൂടെന്ന കര്‍ശനനിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. മത്സരങ്ങളല്ല ഉത്സവങ്ങളാണ് നമുക്ക് വേണ്ടതെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞതും തിരുത്തലുകളുടെ അനിവാര്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

   കുട്ടികളുടെ കലാമാമാങ്കത്തിലെ അനാരോഗ്യ പ്രവണതകളെക്കുറിച്ചുള്ള ആകുലതകള്‍ എല്ലാ മേളകളിലും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. നടത്തിപ്പിലും വിധിനിര്‍ണയത്തിലും നടമാടുന്ന ക്രമക്കേടുകളും കോഴ ഇടപാടുകളും തടയാന്‍ വ്യവസ്ഥാപിത സംവിധാനങ്ങളുമുണ്ട്. എന്നാല്‍, ഇവയെല്ലാം ഏട്ടിലെ പശുവാണെന്നുമാത്രം. സ്വജനപക്ഷപാതവും പണംകൊടുത്ത് വാങ്ങുന്ന ഒന്നാംസ്ഥാനവും എ ഗ്രേഡുമെല്ലാം മലയാണ്‍മയുടെ ഈ സര്‍ഗോത്സവങ്ങളെ കുട്ടികളുടേതല്ലാതാക്കുന്നു. പുറത്തുനിന്നുള്ള ഇടപെടലിന് ധാരാളം സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ അരങ്ങിലെ കുട്ടികള്‍അവരുടെ സര്‍ഗശേഷിയത്രയും കെട്ടഴിച്ചുവിടാനാകാതെ, ആരുടെയൊക്കെയോ താളത്തിന് ആടിത്തീര്‍ക്കുന്നു. അണിയറയിലാകട്ടെ അച്ഛനമ്മമാരും ഗുരുക്കന്മാരും ചേരിതിരിഞ്ഞ് പൊരിഞ്ഞ പോരാട്ടത്തിലാണ്. കുട്ടികളുടെ കഴിവല്ല, മുടക്കിയ പണമാണ് പലയിടത്തും മാനദണ്ഡമാകുന്നത്.

   കര്‍ക്കശമായ പരിശോധനാ സംവിധാനങ്ങള്‍, ക്രമക്കേടുകള്‍ക്ക് കര്‍ശന നടപടി, അടിമുടി  മാന്വല്‍ പരിഷ്കരണം തുടങ്ങിയ മാര്‍ഗങ്ങളിലൂടെയേ കലോത്സവത്തെ കുട്ടികള്‍ക്ക് തിരിച്ചുനല്‍കാന്‍ കഴിയുകയുള്ളൂ. ഇതെല്ലാം ഉറപ്പാക്കിയാണ് 57-ാം സംസ്ഥാന സ്കൂള്‍ കലോത്സവം മുന്നോട്ടുപോകുന്നത്. 2005ലാണ് ഒടുവില്‍ മാന്വല്‍ പരിഷ്കരിച്ചത്. എല്ലാ കലോത്സവക്കാലത്തും മാന്വല്‍ പരിഷ്കരിക്കുമെന്ന് ചുമതലപ്പെട്ടവര്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും 12 വര്‍ഷത്തെ മാറ്റങ്ങളൊന്നും ഉള്‍ക്കൊള്ളാത്ത മാന്വലാണ് ഇപ്പോഴും തുടരുന്നത്. എന്നാല്‍, അടുത്തമാസംതന്നെ പരിഷ്കരണനടപടികള്‍ ആരംഭിക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനം വെറുംവാക്കാകില്ല എന്ന തോന്നല്‍ ബന്ധപ്പെട്ടവരില്‍ ഉളവായിട്ടുണ്ട്. കണ്ണൂരിലും തിരുവനന്തപുരത്തുമായി ഇതിനായി രണ്ടു പ്രധാന യോഗങ്ങളും നിശ്ചയിച്ചുകഴിഞ്ഞു.

  കലോത്സവനടത്തിപ്പിന് കുട്ടികളില്‍നിന്നുള്ള പണപ്പിരിവ് അവസാനിപ്പിച്ചുവെന്നത് ചെറിയ നേട്ടമല്ല. ഇത്തവണ മുഴുവന്‍ ചെലവും സര്‍ക്കാരാണ് വഹിക്കുന്നത്. വിധികര്‍ത്താക്കളെ നിശ്ചയിക്കുന്നതിന് മൂന്ന് സുപ്രധാന മാനദണ്ഡങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്. അക്കാദമികള്‍ നല്‍കുന്ന പട്ടികയില്‍നിന്നാകണം പരമാവധി വിധികര്‍ത്താക്കള്‍, ജില്ലയില്‍ വിധികര്‍ത്താവായ ഒരാള്‍പോലും സംസ്ഥാന കലോത്സവത്തില്‍ ഉണ്ടായിക്കൂടാ, മൂന്നുവര്‍ഷം തുടര്‍ച്ചയായി വിധി നിര്‍ണയിച്ചവരെ മാറ്റിനിര്‍ത്തണം. ഗ്രേസ് മാര്‍ക്ക് സംബന്ധിച്ച ഗൌരവമായ ചര്‍ച്ചകളും നടന്നുവരികയാണ്. പ്ളാസ്റ്റിക് രഹിത കലോത്സവം, ഗ്രീന്‍ പ്രോട്ടോകോള്‍ എന്നീ പ്രത്യേകതകള്‍ ഈ കണ്ണൂര്‍ കലോത്സവത്തിന് ചരിത്രത്തില്‍ ഇടംനേടിക്കൊടുക്കും. 12,000 മത്സരാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, നടത്തിപ്പുചുമതലയുള്ളവര്‍, ലക്ഷക്കണക്കിന് കലാസ്വാദകര്‍ ഇവര്‍ ഒത്തുചേരുന്ന ഈ അപൂര്‍വസംഗമം ഈ ചരിത്രനഗരത്തിന് മാലിന്യംപേറാനുള്ള അവസരമായിക്കൂടെന്ന തിരിച്ചറിവ് അഭിനന്ദനാര്‍ഹംതന്നെ. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ചുവടുപിടിച്ച് ആവിഷ്കരിച്ച ഗ്രീന്‍ പ്രോട്ടോകോള്‍ പുതിയൊരു മാതൃകതന്നെ സൃഷ്ടിക്കും. ഇരുനൂറ്റമ്പതോളം ഇനങ്ങളിലായുള്ള ഈ കലോത്സവം കലയുടെ വൈവിധ്യംകൊണ്ടും പങ്കാളിത്തംകൊണ്ടും

പകരംവയ്ക്കാനില്ലാത്തതാണ്. ഇന്നലെ പകലറുതിയില്‍ തെളിഞ്ഞ കളിവിളക്ക് ഇനി ആറുനാള്‍ കണ്ണൂരിന്റെ സര്‍ഗമനസ്സില്‍ പ്രകാശം ചൊരിയും. ഈ ശുഭവേളയെ ആശീര്‍വദിക്കാനെത്തിയ മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര തന്റെ കലോത്സവഗാനത്തിന്റെ പല്ലവി പാടി മഹാമേളയുടെ സമാരംഭത്തെ സാര്‍ഥകമാക്കി. ഇവിടെ ഇനി പ്രതിഭയുടെ പുതുനാമ്പുകള്‍ പൊട്ടിവിരിയും; താരോദയങ്ങള്‍ ഏറെയുണ്ടാകും. അതിലുപരി തിന്മകള്‍ കുടഞ്ഞെറിഞ്ഞ കലോത്സവം എന്നതാകട്ടെ കണ്ണൂര്‍ 2017ന്റെ അടയാളം. കലയുടെ ഉപാസകരെയും ആസ്വാദകരെയും കണ്ണൂരിനൊപ്പം നിന്ന് ഞങ്ങളും നെഞ്ചോട് ചേര്‍ക്കുന്നു *
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top