10 June Saturday

കടലമ്മയോളം കനിവുമായി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 14, 2017

മത്സ്യമേഖലയിലെ പ്രതിസന്ധികള്‍ മറികടക്കാനുള്ള പരിശ്രമത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ഉപജീവനത്തിനായി മീന്‍പിടിത്തത്തിലേര്‍പ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ കണ്ണീരൊപ്പാനും കൈത്താങ്ങാകാനും സര്‍ക്കാരിന് സാധിക്കുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍, മത്സ്യത്തൊഴിലാളികളെ പങ്കപ്പാടുകളിലേക്ക് തോണിയിറക്കാന്‍ നിര്‍ബന്ധിച്ചവരാണ്. അതില്‍നിന്ന് വ്യത്യസ്തമായി ഈ മേഖലയുടെ സ്ഥായിയായ നിലനില്‍പ്പിനുതകുന്ന കര്‍മപദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന പിണറായി സര്‍ക്കാര്‍, കടലമ്മയോളം കനിവുമായാണ് നില്‍ക്കുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു.

മത്സ്യത്തൊഴിലാളിമേഖലയില്‍ എല്ലാവര്‍ക്കും‘ഭവനമെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് സര്‍ക്കാര്‍. 3017 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാണ്. 60.34 കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്. ഇതോടൊപ്പം മുന്‍കാലങ്ങളില്‍ പണി നിലച്ചുപോയ വീടുകള്‍ പൂര്‍ത്തിയാക്കുന്നുണ്ട്. അതിനുപുറമെയാണ് വീടും ഭൂമിയുമില്ലാത്ത കുടുംബങ്ങള്‍ക്ക് മൂന്നുസെന്റ് ഭൂമി കണ്ടെത്തുന്നതിന് ആറുലക്ഷം രൂപവരെ ധനസഹായം നല്‍കുന്നത്. 48 കോടി രൂപയുടെ സഹായമാണ് ഈ ഇനത്തില്‍ നല്‍കുന്നത്. നിരവധി മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങള്‍ക്ക് കടലാക്രമണത്തില്‍ ഭൂമിയും വീടും നഷ്ടമാകുന്നുണ്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ അവരെ പുനരധിവസിപ്പിക്കാനായി 25 കോടി രൂപയുടെ പ്രത്യേക പാക്കേജിന് എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതിലൂടെ 248 കുടുംബങ്ങളുടെ ജീവിതത്തിനാണ് മേല്‍ക്കൂര ലഭ്യമാവുക. കടലോരങ്ങളില്‍ വാസയോഗ്യമായ ‘ഭൂലഭ്യത ഒരു പ്രശ്നമാണ്. ഇതിനെ മറികടക്കാന്‍വേണ്ടിയാണ് മത്സ്യത്തൊഴിലാളികുടുംബങ്ങള്‍ക്ക് ഫ്ളാറ്റുകള്‍ നിര്‍മിച്ചുനല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. തിരുവനന്തപുരത്ത് മുട്ടത്തറയില്‍ 152 മത്സ്യത്തൊഴിലാളികുടുംബങ്ങള്‍ക്ക് ഫ്ളാറ്റുകള്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കണ്ണൂരിലെ ആയിക്കരയില്‍ 27 ഫ്ളാറ്റുകളാണ് ലക്ഷ്യമിടുന്നത്. 24 കോടി രൂപയാണ് ഇതിനായി നീക്കിവച്ചത്.

ഈ അവസരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മത്സ്യമേഖലയോട് മുഖംതിരിച്ചുനില്‍ക്കുകയാണ്. ഭവനനിര്‍മാണം, സമ്പാദ്യസമാശ്വാസ പദ്ധതി, മാര്‍ക്കറ്റുകളുടെ നവീകരണം, മത്സ്യകൃഷി പ്രോത്സാഹനം എന്നീ ഇനങ്ങളില്‍ സംസ്ഥാനത്തിന് നേരത്തെ മാന്യമായ തുക നീക്കിവച്ചിരുന്നു. ഇപ്പോള്‍ ബ്ളൂ റവലൂഷന്‍’എന്ന പേരില്‍ ഇതൊക്കെ ഒറ്റക്കുടക്കീഴിലാക്കി. എന്നാല്‍, ആവശ്യമായ ഫണ്ട് നല്‍കുന്നുമില്ല. പ്രഖ്യാപനങ്ങള്‍ നടത്തി മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുകയും  ലഭ്യമായ സഹായങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന ഹൃദയരാഹിത്യമാണ് മോഡിസര്‍ക്കാരില്‍നിന്ന് ഉണ്ടാകുന്നത്. വീടുനിര്‍മാണത്തിന് നേരത്തെ നല്‍കിയിരുന്നത് 75,000 രൂപയായിരുന്നു. മോഡിസര്‍ക്കാര്‍ 1,20,000 ആയി ആ തുക ഉയര്‍ത്തി. പഴയ ധനസഹായം 800 പേര്‍ക്ക് ലഭിച്ചിരുന്ന സ്ഥാനത്ത് പുതിയ കൂട്ടിയ തുക 167 പേര്‍ക്കുമാത്രം. ഇതിലൂടെ കേരളത്തിനുള്ള കേന്ദ്രസഹായം കുറയുകയാണ് ചെയ്യുന്നത്.  സംസ്ഥാന സര്‍ക്കാര്‍ ഭവനനിര്‍മാണത്തിനുള്ള ധനസഹായമായി രണ്ടുലക്ഷമാണ് നല്‍കുന്നത്.

കടല്‍ ക്ഷോഭിക്കുന്ന പഞ്ഞമാസങ്ങളില്‍ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന മത്സ്യത്തൊഴിലാളിക്ക് സമ്പാദ്യ സമാശ്വാസ പദ്ധതിയിലൂടെ നല്‍കിവന്നത് 2700 രൂപയായിരുന്നു.  എല്‍ഡിഎഫ് സര്‍ക്കാര്‍ 4500 രൂപ സഹായമാക്കി വര്‍ധിപ്പിച്ചു. കടലിലും ഉള്‍നാടന്‍ ജലാശയങ്ങളിലും മത്സ്യബന്ധനത്തിന് പോകുന്ന 1,85,710 മത്സ്യത്തൊഴിലാളികള്‍ക്ക് ഈ സഹായം ലഭിക്കും. മത്സ്യത്തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിലും സര്‍ക്കാര്‍ ശ്രദ്ധപുലര്‍ത്തുന്നു എന്നത് ശ്ളാഘനീയമാണ്. തീരപ്രദേശങ്ങളിലെ തെരഞ്ഞെടുത്ത സര്‍ക്കാര്‍സ്കൂളുകള്‍ നവീകരിക്കുന്നതിനും അടിസ്ഥാന സൌകര്യങ്ങള്‍ വിപുലീകരിക്കുന്നതിനും 30 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. 7200 കുട്ടികള്‍ക്ക് പ്രയോജനകരമായ 73 കരിയര്‍ ഗൈഡന്‍സ് ക്യാമ്പുകളിലൂടെ ഉന്നതവിദ്യാഭ്യാസം സംബന്ധിച്ചുള്ള ദിശാബോധം നല്‍കി. ഇതിനുപുറമെയാണ് വിദ്യാതീരം പദ്ധതിയിലൂടെ 11 കുട്ടികള്‍ക്ക് എംബിബിഎസ് പ്രവേശനം സാധ്യമാക്കിയത്. മികച്ച പരിശീലനത്തിലൂടെ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് പ്രാപ്തരാക്കുന്ന ഈ പദ്ധതി കൂടുതല്‍ കുട്ടികളിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കേണ്ടതുണ്ട്.

കാലാവസ്ഥ വ്യതിയാനം നമ്മുടെ മത്സ്യസമ്പത്തിന് കടുത്ത‘ഭീഷണിയാകുന്നുണ്ട്. ചെറുമീനുകളെ വ്യാപകമായി പിടിക്കുന്നതും മത്സ്യസമ്പത്തിനെ ബാധിക്കുന്നുണ്ട്.  ഉള്‍നാടന്‍ മത്സ്യോല്‍പ്പാദനത്തില്‍ കേരളം ശ്രദ്ധിക്കേണ്ടതുണ്ട്. ആ മേഖലയില്‍ അടുത്ത പത്തുവര്‍ഷത്തേക്കുള്ള വികസന പരിപ്രേക്ഷ്യം തയ്യാറാക്കാന്‍ സര്‍ക്കാര്‍ തയ്യാറായി.  സംസ്ഥാനത്ത് ആദ്യമായി പൊതുമേഖലയില്‍ മത്സ്യത്തീറ്റ നിര്‍മാണശാല ആരംഭിക്കുന്നതിനുള്ള നടപടികള്‍, സര്‍ക്കാരിന്റെ മുന്നില്‍ കൃത്യമായ ലക്ഷ്യമുണ്ട് എന്നതിന്റെ സൂചനയാണ്. ജനങ്ങള്‍ വളരെയേറെ പ്രതീക്ഷയോടെയാണ് ഇത്തരം തുടക്കങ്ങളെ ഉറ്റുനോക്കുന്നത്.

മത്സ്യഫെഡില്‍ അഴിമതി കൊടികുത്തി വാഴുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലാഭത്തിലായിരുന്ന മത്സ്യഫെഡ്, യുഡിഎഫ് കാലത്ത് നഷ്ടത്തിലായി. ചില പുഴുക്കുത്തുകള്‍ അവിടെയുണ്ട്. ഇടനിലക്കാരുടെ വിളയാട്ടംമൂലം ആനുകൂല്യങ്ങള്‍ തൊഴിലാളിക്ക് ലഭിക്കുന്നില്ല. ഇത്തരത്തിലുള്ള കാര്യങ്ങള്‍ കാണാതെ പോകരുത്. മത്സ്യമേഖലയുടെ സുസ്ഥിരവികസനം, മത്സ്യവിഭവ സംരക്ഷണം, ജലാശയങ്ങളുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അതോടൊപ്പം വെല്ലുവിളികള്‍  തിരിച്ചറിയാനും മത്സ്യജനിതകസമ്പത്ത് വരുംതലമുറയ്ക്കുവേണ്ടി കരുതിവയ്ക്കാനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളി വിഭാഗത്തിന്റെ സാമൂഹ്യസാമ്പത്തിക പുരോഗതി ഉറപ്പുവരുത്താനും ഉതകുന്ന ഇടതുപക്ഷ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇനിയും ഊര്‍ജസ്വലമായി ഉയര്‍ന്നുവരേണ്ടതുണ്ട് *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top