ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചാൽ അത‌് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകുമെന്നും അത്തരക്കാർക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ‌് ഓഫീസർ ടിക്കാറാം മീണ പറഞ്ഞതിനെതിരെ ബിജെപിയും കോൺഗ്രസും ഒരേ ആവേശത്തോടെയാണ് രംഗത്തിറങ്ങിയത്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശം അനുവദിച്ച‌് വിധി പ്രഖ്യാപിച്ചത‌് സുപ്രീംകോടതിയാണ്. റിവിഷൻ ഹർജിയും റിട്ട് ഹർജികളും കൂട്ടത്തോടെ വന്നിട്ടും ആ വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി തയ്യാറായിട്ടില്ല. ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് ബിജെപിയും കോൺഗ്രസും പറയുമ്പോൾ രണ്ടു തരത്തിലുള്ള ആക്രമണമാണ് രാജ്യത്തിന്റെ ഭരണഘടനയ‌്ക്കും നിയമവ്യവസ്ഥയ്ക്കുംനേരെ ഉണ്ടാകുന്നത്. ഒന്നാമത്തേത്, കോടതി വിധിക്കെതിരെ പ്രചാരണം നടത്താനും അതിലൂടെ രാഷ്ട്രീയ ലാഭമുണ്ടാക്കാനും രാജ്യത്തെ രണ്ട‌് പ്രധാന രാഷ്ട്രീയ പാർടികൾ തയ്യാറാകുന്നു എന്നതാണ്. രണ്ടാമത്തേത്, വോട്ടു നേടാൻ മതം, ജാതി, ഭാഷ എന്നിവ ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പിലെ അഴിമതിയായി കണക്കാക്കുമെന്ന സുപ്രീംകോടതി വിധിയുടെയും ജനപ്രാതിനിധ്യ നിയമത്തിലെ 123 (3) വകുപ്പിന്റെയും പരസ്യമായ ലംഘനത്തിന‌് ബിജെപിയും കോൺഗ്രസും തയ്യാറാകുന്നു എന്നത‌്.
ശബരിമല പ്രചാരണവിഷയമാക്കരുതെന്ന് പറയാൻ തെരഞ്ഞെടുപ്പ് കമീഷണർക്ക് അധികാരമില്ലെന്നാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പറയുന്നത്. തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം തെറ്റാണെന്ന് കെപിസിസി വർക്കിങ‌് പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് ഒരു മതേതര പ്രവർത്തനമാണ്, തെരഞ്ഞെടുപ്പിൽ മതത്തിന് സ്ഥാനമില്ല എന്നാണ‌് അഭിരാംസിങ‌് കേസിൽ 2017 ജനുവരി രണ്ടിന് സുപ്രീംകോടതിയുടെ ഏഴ് അംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചത്. ജനപ്രാതിനിധ്യ നിയമത്തിലെ 123 (3) വകുപ്പ് വിശദീകരിച്ചുകൊണ്ട് വോട്ടു നേടാൻ മതം, ജാതി, ഭാഷ എന്നിവ ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പിലെ അഴിമതിയായി കണക്കാക്കുമെന്നാണ് വ്യക്തമാക്കിയത്. 1990ൽ മഹാരാഷ്ട്ര നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച അഭിരാംസിങ്ങിന്റെ വിജയം, ബോംബെ ഹൈക്കോടതി ഹിന്ദുമതം വോട്ടു തേടാൻ ഉപയോഗിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി 1991ൽ റദ്ദാക്കിയിരുന്നു. അതിനെതിരെ അഭിരാംസിങ് നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി ഉണ്ടായത്. വർഗീയവും വിഘടനപരവുമായി രാജ്യത്തെ വിഘടിപ്പിക്കുന്നത് തടയുകയാണ് ജനപ്രാതിനിധ്യ നിയമത്തിലെ 123 (3) വകുപ്പിന്റെ പ്രാഥമിക ലക്ഷ്യമെന്ന് ജസ്റ്റിസ് മദൻ ബി ലോകൂർ ഭൂരിപക്ഷവിധിയോട് യോജിച്ച് എഴുതിയ പ്രത്യേക വിധിയിൽ രേഖപ്പെടുത്തുന്നു.
ശബരിമല വിധി വന്നപ്പോൾ സുവർണാവസരമെന്ന് വിശേഷിപ്പിച്ചത‌് ബിജെപി സംസ്ഥാന അധ്യക്ഷനാണ്. വിശ്വാസികളുടെ വികാരം ഉണർത്തിവിട്ടും വിശ്വാസികളെന്ന ആവരണമണിഞ്ഞ‌് കലാപത്തിനു ശ്രമിച്ചും ശബരിമലയെ രാഷ്ട്രീയ ആയുധമാക്കാൻ സംഘപരിവാർ നടത്തിയ ശ്രമം കേരളത്തിൽ കലാപസമാനമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്.
ശബരിമല വിധി വന്നപ്പോൾ സുവർണാവസരമെന്ന് വിശേഷിപ്പിച്ചത‌് ബിജെപി സംസ്ഥാന അധ്യക്ഷനാണ്. വിശ്വാസികളുടെ വികാരം ഉണർത്തിവിട്ടും വിശ്വാസികളെന്ന ആവരണമണിഞ്ഞ‌് കലാപത്തിനു ശ്രമിച്ചും ശബരിമലയെ രാഷ്ട്രീയ ആയുധമാക്കാൻ സംഘപരിവാർ നടത്തിയ ശ്രമം കേരളത്തിൽ കലാപസമാനമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്. സുപ്രീംകോടതി വിധി വന്നയുടനെ അതിനെ അനുകൂലിച്ച് രംഗത്തിറങ്ങിയ ആർഎസ്എസും കോൺഗ്രസും വളരെ പെട്ടെന്ന് മലക്കംമറിഞ്ഞു, ആ വിഷയം രാഷ്ട്രീയ നേട്ടത്തിനുള്ള കുതന്ത്രമാക്കി മാറ്റാനാണ് ശ്രമിച്ചത്. ബിജെപിക്ക് സുവർണാവസരം ആസൂത്രണം ചെയ്തതുപോലെ മുതലെടുക്കാനായില്ല. ബിജെപിയുടെ ബി ടീമാണ‌് കോൺഗ്രസ് എന്നതും താമസിയാതെ തെളിഞ്ഞു. ശബരിമല വിഷയത്തിൽ കോടതി എന്തുവിധിച്ചാലും അത് അനുസരിക്കുമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് ജനങ്ങൾ സർവാത്മനാ സ്വീകരിച്ചു. ഇപ്പോൾ, ശബരിമല വിഷയം തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിച്ചാൽ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകുമെന്നും അത്തരക്കാർക്കെതിരെ നടപടി എടുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ‌് ഓഫീസർ പറഞ്ഞപ്പോൾ അതിനെതിരെ ഇരുകൂട്ടരും കലിതുള്ളുന്നതിന്റെ കാരണം വ്യക്തമാണ്. ബിജെപി സർക്കാരിന്റെ അഞ്ചു വർഷം ചർച്ച ചെയ്യാൻ ഇരുകൂട്ടരും താൽപ്പര്യപ്പെടുന്നില്ല. ജനങ്ങളുടെ നീറുന്ന വിഷയങ്ങൾ ഇരുകൂട്ടരുടെയും അജൻഡയിൽ ഇല്ല. മറിച്ച‌് സുപ്രീംകോടതി വിധിയുടെ മറവിൽ ഉൽപ്പാദിപ്പിക്കാമെന്നു കരുതുന്ന സങ്കുചിത വികാരങ്ങളുടെ പിറകിലാണ് അവരുടെ യാത്ര. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ മത്സരിച്ച ഇടതുപക്ഷ സ്ഥാനാർഥി എം വി നികേഷ് കുമാർ അമുസ്ലിമാണെന്നും അതിനാൽ മുസ്ലിങ്ങൾ നികേഷിന് വോട്ടു ചെയ്യരുതെന്നും നോട്ടീസ് അടിച്ചു വിതരണം ചെയ‌്തത‌് പിടിക്കപ്പെട്ടപ്പോൾ, യുഡിഎഫിലെ കെ എം ഷാജിക്ക് നിയമസഭാംഗത്വം നഷ്ടമായത് കോൺഗ്രസ് നേതാക്കൾ മറന്നിട്ടുണ്ടാവില്ല.
ശബരിമലയെന്നല്ല, ലോകത്തെ ഏതു വിഷയം തെരഞ്ഞെടുപ്പു വേദിയിൽ അവതരിപ്പിച്ചാലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പ്രശ്നമില്ല. ആർജവമുള്ള നിലപാടാണ് മുന്നണിയും സർക്കാരും ഈ വിഷയത്തിൽ എടുത്തിട്ടുള്ളത്.
ശബരിമലയെന്നല്ല, ലോകത്തെ ഏതു വിഷയം തെരഞ്ഞെടുപ്പു വേദിയിൽ അവതരിപ്പിച്ചാലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പ്രശ്നമില്ല. ആർജവമുള്ള നിലപാടാണ് മുന്നണിയും സർക്കാരും ഈ വിഷയത്തിൽ എടുത്തിട്ടുള്ളത്. നിയമാനുസൃതവുമാണത്. അത് ജനങ്ങളോട് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് എൽഡിഎഫിനെ പേടിപ്പിക്കാനാണെങ്കിൽ ആ അഭ്യാസം വൃഥാവിലാണ്. എന്നാൽ, ശബരിമല വിഷയത്തിൽ സംഘപരിവാർ ഇതുവരെ ഉയർത്തിയ വിഷലിപ്തമായ പ്രചാരണം മതവികാരം ഉത്തേജിപ്പിച്ച‌് രാഷ്ട്രീയനേട്ടം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി പ്രചരിപ്പിക്കുന്ന നോട്ടീസുകളും അത്തരത്തിലുള്ളതാണ്. അത് തെരഞ്ഞെടുപ്പിൽ അനുവദിച്ചാൽ, രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവുമാണ് ആക്രമിക്കപ്പെടുക; ഭരണഘടനയ്ക്കാണ് പരിക്കേൽക്കുക. ജനങ്ങളെയും നിയമത്തെയും ജനാധിപത്യത്തെയും നിങ്ങൾ ഒരേസമയം വെല്ലുവിളിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..