03 July Friday

കെഎസ് യുവിന്റെ ക്വട്ടേഷന്‍ രാഷ്ട്രീയം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2017


ഒരുകൈയില്ലാത്ത ചെറുപ്പക്കാരന്റെ മറുകൈ വെട്ടിയെടുക്കാന്‍ നോക്കുന്ന ക്രൂരത അക്രമരാഷ്ട്രീയത്തിന്റെ ഗണത്തിലല്ല, ഭീകര പ്രവര്‍ത്തനത്തിന്റെ പരിധിയിലാണ് വരുന്നത്. അഹിംസയുടെ പതാകവാഹകരെന്ന് അവകാശപ്പെടുന്നവരാണ് അത്തരമൊരക്രമം കാണിച്ചതെങ്കില്‍ കുറ്റകൃത്യത്തിന്റെ ഗൌരവം പിന്നെയും വര്‍ധിക്കുന്നു. ഒരു കൈയില്ലെന്നു കണ്ടിട്ടും "അതുകൂടി ഞങ്ങളെടുക്കുകയാണ്, ഇനി നീ പഠിക്കുന്നത് കാണട്ടെ'' എന്നു പറഞ്ഞാണ് എം ജി സര്‍വകലാശാലാ കവാടത്തില്‍ കെഎസ്യു- യുത്ത് കോണ്‍ഗ്രസ് ഗുണ്ടാസംഘം മറ്റേ കൈയില്‍ വെട്ടിയതെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥി സച്ചു പറയുന്നു. യൂണിവേഴ്സിറ്റി ക്യാമ്പസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി യാണ് സച്ചു സദാനന്ദന്‍ (22). എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്റ് കെ എം അരുണിനെ വെട്ടുന്നത് കണ്ട് ഓടിച്ചെന്ന് തടയാന്‍ ശ്രമിച്ചപ്പോഴാണ് സച്ചുവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. അരുണും ഗുരുതര പരിക്കേറ്റ് ആശുപത്രിയിലാണ്. വാടക ഗുണ്ടകളെവച്ചും ക്യാമ്പസില്‍ ചോരവീഴ്ത്താനുള്ള തീരുമാനവും ആസൂത്രണവും കെഎസ്യു- യൂത്തുകോണ്‍ഗ്രസ് നേതൃതലത്തില്‍തന്നെയാണ് എന്ന് വ്യക്തമായിട്ടുണ്ട്. ഗുണ്ടാസംഘത്തിലെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തത് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍നിന്നാണ്്. ആ നേതാവുതന്നെയാണ് കേസിലെ ഒന്നാം പ്രതി- കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിം അലക്സ്.

ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥി പ്രസ്ഥാനമെന്നായിരുന്നു കെഎസ്യു സ്വയംവിശേഷിപ്പിച്ചത്. അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും പെരുംനുണകളുടെയും അപഹാസ്യനാടകങ്ങളുടെയും ചരിത്രത്തിലൂടെ നടന്ന ആ സംഘടന അടിയന്തരാവസ്ഥയായപ്പോള്‍ കേരളത്തിലുടനീളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന വാക്കായി നിലകൊണ്ടു. സ്വയം നിയമം കൈയിലെടുക്കുന്നതിനൊപ്പം പൊലീസിനെയും ഗുണ്ടകളെയും  ഉപയോഗിച്ച് എതിരാളികളെ വേട്ടയാടി. പിന്നീട് അവരോഹണത്തിന്റെ കാലമായിരുന്നു. എന്നിട്ടും സഹജസ്വഭാവം കൈവിട്ടില്ല. മട്ടന്നൂര്‍ കോളേജില്‍ സഹപ്രവര്‍ത്തകനെത്തന്നെ തല്ലിക്കൊന്നതും ശേഷിയുള്ളിടങ്ങളില്‍ ക്യാമ്പസുകളെ കൈയൂക്കുകൊണ്ട് വരുതിയില്‍ നിര്‍ത്തിയതും അക്കാലത്തെ അനുഭവം. കെഎസ്യുവിനെ പതുക്കെ വിദ്യാര്‍ഥികള്‍ കൈവിടുകയായിരുന്നു. അതിന്റെ രാഷ്ട്രീയ പാപ്പരത്തവും നിലപാടില്ലായ്മയും കാപട്യവും തിരിച്ചറിഞ്ഞ് വിദ്യാര്‍ഥികള്‍ ഒറ്റപ്പെടുത്തുകയാണുണ്ടായത്. ഇന്ന് കേരളത്തിലെ ഒരു കലാശാലയിലും കെഎസ്യുവിന് ജയിക്കാനാകില്ല. കെഎസ്യു എന്നും മുന്‍ കെഎസ്യു എന്നും അറിയപ്പെടുന്നത് അപമാനമായിക്കാണുന്ന യുവതലമുറയ്ക്കിടയില്‍ അപഹാസ്യമായി നില്‍ക്കുകയാണ്, ഒരുകാലത്ത് എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമൊക്കെ നയിച്ച ആ സംഘടന.

ഒറ്റപ്പെടലിന്റെയും പിന്തുണയില്ലായ്മയുടെയും ദയനീയതയില്‍നിന്ന് പുറത്തുകടക്കാന്‍ അക്രമംകൊണ്ട് കഴിയുമെന്നു കരുതുന്ന സമകാലീന കോണ്‍ഗ്രസ് നേതൃത്വം  കെഎസ്യുക്കാരന്റെ കൈയില്‍ ആയുധംവച്ചുകൊടുത്ത് അജന്‍ഡ നടപ്പാക്കുകയാണ്. ആര്‍എസ്എസിന്റെ വിദ്യാര്‍ഥിവിഭാഗമായ എബിവിപിയുമായി  സംസ്ഥാനത്തുടനീളം കെഎസ്യു ബന്ധമുണ്ടാക്കിയിട്ടുണ്ട്. ഒട്ടുമിക്ക കോളേജുകളിലും അവരിരുവരുമൊന്നിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ആര്‍എസ്എസ് നരമേധത്തില്‍ കോണ്‍ഗ്രസ് മൌനംപാലിക്കാറുള്ളതുപോലെ എബിവിപി ആക്രമണങ്ങളെ കെഎസ്യു സര്‍വാത്മനാ പിന്തുണയ്ക്കാറാണുള്ളത്. അത്തരം സഹകരണത്തില്‍നിന്നും സഹവര്‍ത്തിത്വത്തില്‍നിന്നും കെഎസ്യുവിന് സമീപകാലത്ത് കൈവന്ന തിണ്ണമിടുക്കാണ് എംജി സര്‍വകലാശാലയില്‍ കണ്ടത്.

എസ്എഫ്ഐയെ ഒറ്റപ്പെടുത്താനും ഒറ്റതിരിഞ്ഞാക്രമിക്കാനും വെമ്പല്‍കൊള്ളാറുള്ള പലരുടെയും കണ്ണില്‍ കെഎസ്യുവിന്റെ ആക്രമണവും ക്രൂരതയും കൊടുംക്രിമിനലുകളെ വാടകയ്ക്കെടുത്ത് വിദ്യാര്‍ഥികളെ കൊല്ലിക്കാനുള്ള ക്വട്ടേഷന്‍ രാഷ്ട്രീയവും പതിഞ്ഞിട്ടില്ല. യൂത്ത്കോണ്‍ഗ്രസുകാരെയും കെഎസ്യുക്കാരെയും സംരക്ഷിക്കുകയാണ് കോണ്‍ഗ്രസിന്റെ ജില്ലാ, സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വങ്ങള്‍. 

കോട്ടയം ജില്ലയിലെ വലതുപക്ഷ മേധാവിത്വമുണ്ടായിരുന്ന ക്യാമ്പസുകള്‍ എസ്എഫ്ഐക്കൊപ്പമാണിന്ന്. സ്വന്തം തകര്‍ച്ചയില്‍ നൈരാശ്യംപൂണ്ട് എസ്എഫ്ഐയെ കായികമായി ആക്രമിച്ച് തളര്‍ത്തുകയാണ് കെഎസ്യുവിന്റെ ലക്ഷ്യം. വിദ്യാര്‍ഥികളെ കൊല്ലിക്കാന്‍ ക്വട്ടേഷന്‍ ഗുണ്ടകളെ അയച്ചതിന്റെ നൈതികതയും ധാര്‍മികതയും ചര്‍ച്ചചെയ്യാനും പ്രതിഷേധത്തിന്റെയും രോഷത്തിന്റെയും പരിഭവത്തിന്റെയും വാക്ശരങ്ങള്‍ തൊടുക്കാനും ഒരു നാവും ഉയരുന്നില്ല എന്നത് ശ്രദ്ധിക്കണം. ക്രിമിനലുകളെയും കഞ്ചാവുസംഘങ്ങളെയും കൂട്ടുപിടിച്ച് ആളെക്കൂട്ടാനുള്ള യൂത്ത്-കെഎസ്യു നീക്കം സംസ്ഥാനത്ത് ഇതാദ്യമല്ല. ദേവമാതാ കോളേജില്‍ ബി ബി എബ്രഹാം എന്ന വൈദികവിദ്യാര്‍ഥിയെ ആക്രമിച്ചത് യൂത്ത് കോണ്‍ഗ്രസ് ഗുണ്ടാസംഘമായിരുന്നു. ഇടക്കാലത്ത് കേരളീയര്‍ കെഎസ്യുവിനെ കണ്ടത് സമാധാനത്തിന്റെ വെള്ളിപ്പറവ കണക്കെയാണ്. അത് അഹിംസാ സിദ്ധന്തം തലയ്ക്കുപിടിച്ചതുകൊണ്ടാണെന്ന് കെഎസ്യു സ്വയം അവകാശപ്പെടുകയുംചെയ്തു. സ്വന്തമായി എഴുന്നേറ്റ് നില്‍ക്കാന്‍ ത്രാണിയില്ലാത്തുകൊണ്ടാണ് കെഎസ്യു ഊരിയകത്തി ഉറയിലിട്ടതെന്നും അനേകം വിദ്യാര്‍ഥിനേതാക്കളെ കുത്തിമലര്‍ത്തുകയും സൈമണ്‍ ബ്രിട്ടോയെപ്പോലുള്ള നേതാക്കളുടെ ജീവിതം തകര്‍ക്കുകയും ചെയ്ത തുരുമ്പിച്ച ആയുധം ഇന്നും അവരുടെ കൈയില്‍ ഉണ്ടെന്നുമാണ് എംജി യൂണിവേഴ്സിറ്റി അക്രമം നല്‍കുന്ന സൂചന. അത് വാടകഗുണ്ടകള്‍ക്ക് കൈമാറാനും മടിയില്ലെന്നാണ് അവര്‍ തെളിയിച്ചത്. തൃശൂര്‍ജില്ലയില്‍ മൂന്ന് കോണ്‍ഗ്രസുകാരെ കോണ്‍ഗ്രസുകാര്‍തന്നെ കൊന്നുതള്ളിയത്് മറച്ചുവച്ച് രമേശ് ചെന്നിത്തലയും വി എം സുധീരനുമെല്ലാം സമാധാനവക്താക്കളായി രംഗത്തുവന്നപ്പോള്‍ കൈയടിച്ച് പ്രോത്സാഹിപ്പിച്ചവരാണ് ഇവിടത്തെ ഭൂരിപക്ഷം മാധ്യമങ്ങളും. അത്തരം കാപട്യംതന്നെയാണ് ഇന്ന് കെഎസ്യു അക്രമവാര്‍ത്ത തമസ്കരിച്ചും നിസ്സാരവല്‍ക്കരിച്ചും അവര്‍ തുടരുന്നത്. ഈ കപടജന്മങ്ങള്‍ തുറന്നുകാട്ടപ്പെടണം. കെഎസ്യുവിന്റെ ക്വട്ടേഷന്‍ രാഷ്ട്രീയം വിചാരണ ചെയ്യപ്പെടണം- അതിലൂടെയേ ആ കപട വിദ്യാര്‍ഥി യൂണിയന്‍ വിദ്യാലയങ്ങളില്‍നിന്ന് ബഹിഷ്കൃതമാകൂ
 

പ്രധാന വാർത്തകൾ
 Top