11 July Saturday

യുഡിഎഫിന്റെ തകര്‍ച്ചയും ഭാവികേരളവും

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2016


മുന്നണി വിടാനുള്ള കേരള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ ഉറഞ്ഞുതുള്ളിയ കോണ്‍ഗ്രസ് നേതൃത്വം പത്തി മടക്കിയിരിക്കുന്നു. മാറിയ രാഷ്ട്രീയസാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിന്റെ പാതയില്‍, അവശേഷിക്കുന്ന കക്ഷികള്‍കൂടി സഞ്ചരിക്കുമെന്ന ഭയമാണ് കോണ്‍ഗ്രസിനെ കടുത്ത നിലപാടുകളില്‍നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതമാക്കിയത്. മുസ്ളിംലീഗിനെ ഉപയോഗിച്ച് മാണിയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടക്കത്തിലേ പാളി. പ്രശ്നപരിഹാരത്തിന് ഉഭയകക്ഷിചര്‍ച്ച നടത്താനായി അടുത്ത ശ്രമം. ഒരു കക്ഷിയും ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്ന് മാത്രമല്ല, തുടര്‍ന്ന് ചേര്‍ന്ന മുന്നണിയോഗത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നു. തകര്‍ച്ചയ്ക്ക് കാരണം കോണ്‍ഗ്രസ് മാത്രമാണെന്നും തങ്ങളുടെ നിലനില്‍പ്പുതന്നെ ഇല്ലാതാക്കിയെന്നും ജെഡിയു, ആര്‍എസ്പി, ജോണ്‍ വിഭാഗം സിഎംപി എന്നീ കക്ഷികള്‍ തുറന്നടിച്ചു. മാണിയെ പറഞ്ഞുവിട്ടതിന്റെ ഭവിഷ്യത്ത് ചൂണ്ടിക്കാട്ടി ലീഗും നിലപാട് കടുപ്പിച്ചു. അവശിഷ്ട യുഡിഎഫും തകര്‍ച്ചയിലേക്ക് നീങ്ങിയ ഘട്ടത്തിലാണ് പറഞ്ഞതെല്ലാം വിഴുങ്ങി ചെന്നിത്തലയും സുധീരനും മാണിയെ തിരിച്ചുവിളിച്ചത്. എന്നാല്‍,വാക്കുകള്‍ മയപ്പെടുത്തി പരിഹരിക്കാവുന്നതല്ല യുഡിഎഫിന്റെ രാഷ്ട്രീയപ്രതിസന്ധി.

ജീര്‍ണതയുടെ പര്യായമായി മാറിയ യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിലും ശേഷവും നേരിട്ടത് അനിവാര്യമായ പതനമാണ്. അവസരവാദത്തിന് വഴിപ്പെട്ട് യുഡിഎഫ് ജീര്‍ണതയുടെ ഭാഗമായി മാറിയ ജെഡിയുവും ആര്‍എസ്പിയും പിഴവുകള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. മുസ്ളിംലീഗും കടുത്ത അസംതൃപ്തിയിലാണ്. സ്വന്തം സ്വാധീനത്തില്‍ മധ്യകേരളത്തില്‍ നിലനില്‍ക്കാമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് കേരള കോണ്‍ഗ്രസ് മുന്നണി ഉപേക്ഷിച്ചത്. മലബാറില്‍ ലീഗും ഇത്തരമൊരു പ്രതീക്ഷ പുലര്‍ത്തുന്നു. ഈ രണ്ടു കക്ഷികളും ഇല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രതീക്ഷകള്‍ ഇരുളിലാകുമെന്നത് നിസ്തര്‍ക്കമാണ്. ചുരുക്കത്തില്‍ മൂന്നര പതിറ്റാണ്ടായി തുടരുന്ന മാര്‍ക്സിസ്റ്റ് വിരുദ്ധ രാഷ്ട്രീയം പൂര്‍ണ തകര്‍ച്ചയില്‍ എത്തിയിരിക്കുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് യുഡിഎഫ്  കക്ഷികള്‍ ആത്മപരിശോധന നടത്തണമെന്ന സിപിഐ എമ്മിന്റെ നിലപാട് പ്രസക്തമാകുന്നത്.

സിപിഐ എം നേതൃത്വംനല്‍കുന്ന എല്‍ഡിഎഫ് വ്യക്തമായ രാഷ്ട്രീയകാഴ്ചപ്പാടോടെ മുന്നോട്ടുപോകുന്ന പ്രസ്ഥാനമാണ്. കേരളത്തെ മുച്ചൂടുംമുടിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കാനുള്ള പ്രത്യക്ഷദൌത്യമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഏറ്റെടുത്തത്. മതനിരപേക്ഷ, അഴിമതിരഹിത, വികസിതകേരളം എന്ന കേന്ദ്ര മുദ്രാവാക്യത്തിന് അത്യുജ്വലമായ ജനവിധിയാണ് ലഭിച്ചത്. ഇതില്‍നിന്ന് വ്യതിചലിക്കുന്ന ഒരു നടപടിയും എല്‍ഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുമുണ്ട്. യുഡിഎഫ് ഭരണത്തിലെ ബാര്‍ കോഴ ഉള്‍പ്പെടെയുള്ള അഴിമതികളുടെ തുടര്‍നടപടികളില്‍ വിട്ടുവീഴ്ച ചെയ്യുന്ന സമീപനം എല്‍ഡിഎഫ് സര്‍ക്കാരിന് ഒരിക്കലും സ്വീകരിക്കാനുമാകില്ല.

മുന്നണി വിട്ടുകൊണ്ട് മാണി പരസ്യപ്പെടുത്തിയത് കോണ്‍ഗ്രസിന്റെ ചതിയുടെയും മാന്യതയില്ലായ്മയുടെയും  കള്ളക്കളികളുടെയും കഥകളാണ്. തങ്ങളെ തോല്‍പ്പിക്കാന്‍ ബറ്റാലിയനുകളുണ്ടാക്കി പണമൊഴുക്കിയെന്ന് മാണി ആരോപണം ഉന്നയിച്ചത് മുന്നണിക്ക് നേതൃത്വംനല്‍കുന്ന കക്ഷിക്കെതിരെയാണ്. ഒറ്റ സീറ്റുപോലും ലഭിക്കാത്ത ആര്‍എസ്പി, ജനതാദള്‍, സിഎംപി കക്ഷികളും കുറ്റപ്പെടുത്തുന്നത് കോണ്‍ഗ്രസിനെത്തന്നെ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീരേന്ദ്രകുമാര്‍ പാലക്കാട്ട് ഒരുലക്ഷത്തിലേറെ വോട്ടിന് പരാജയപ്പെട്ടതിന്റെ പാപക്കറയും കോണ്‍ഗ്രസിന്റെ കൈകളിലുണ്ട്. മുന്‍ഭരണത്തില്‍ അഴിമതിയിലും രാഷ്ട്രീയജീര്‍ണതയിലും മുങ്ങിക്കുളിച്ചവരാണ് ഈ കക്ഷികല്ലൊം.

തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി ഈ പാര്‍ടികളില്‍ കടുത്ത ആഭ്യന്തരശൈഥില്യത്തിന് വഴിമരുന്നിട്ടു. അവയില്‍ ഉള്‍ക്കൊള്ളുന്ന സാധാരണ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നവരാണ്. ദൈനംദിന ജീവിതപ്രശ്നങ്ങളിലും കര്‍ഷകരോടുള്ള നിലപാടിലും കേന്ദ്ര എന്‍ഡിഎ സര്‍ക്കാരും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരും സ്വീകരിക്കുന്ന വ്യത്യസ്ത നിലപാടുകള്‍ അനുഭവിച്ചറിയുന്നവരുമാണ്. ഇത്തരം പ്രശ്നങ്ങളുടെ പരിഹാരത്തിന് യോജിച്ച പ്രവര്‍ത്തനവും പോരാട്ടവുമാണ് വേണ്ടത്. സെപ്തംബര്‍ രണ്ടിന്റെ ദേശീയ പണിമുടക്ക് അത്തരമൊരു അവസരമാകുമെന്ന് പ്രതീക്ഷിക്കാം. യുഡിഎഫ് വിട്ടുവരുന്നവരുമായി പ്രശ്നാധിഷ്ഠിതമായി സഹകരിക്കുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയുടെ ഉള്ളടക്കവും ഇതുതന്നെ. ജനകീയപ്രശ്നങ്ങളില്‍ വിശാലമായ ഐക്യം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസുമായും ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്ന മറ്റ് കക്ഷികളുമായും സഹകരിക്കാവുന്ന ഒട്ടേറെ മേഖലകളുണ്ട്. ഇവിടെ വര്‍ഗീയത ആരോപിച്ച് ആരെയെങ്കിലും തീണ്ടാപ്പാടകലെ നിര്‍ത്തുന്നതില്‍ ന്യായീകരണമില്ല.

എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി മുന്നണികളുമായി സമദൂരം പാലിക്കുമെന്നാണ് മാണി പറയുന്നത്. വര്‍ഗീയത കൈകാര്യംചെയ്യുന്ന ബിജെപിയും അതിനോട് മൃദുസമീപനം പുലര്‍ത്തുന്ന യുഡിഎഫും മതനിരപേക്ഷത മുറകെ പിടിക്കുന്ന എല്‍ഡിഎഫും ഒരുപോലെയാണെന്ന സമീപനത്തില്‍ അടിസ്ഥാനപരമായ പിശകുണ്ട്. ബിജെപിയുമായി അടുക്കാനാണ് മാണിയുടെ നീക്കമെങ്കില്‍, അത് സങ്കുചിത രാഷ്ട്രീയനേട്ടം മാത്രം ലക്ഷ്യമാക്കിയുള്ളതാണെന്ന് സംശയലേശമെന്യേ വിലയിരുത്തപ്പെടും.

കര്‍ഷക പാര്‍ടിയെന്ന് അഭിമാനിക്കുന്ന കേരള കോണ്‍ഗ്രസിന്റെ വിവിധ വിഭാഗങ്ങളുമായി എല്‍ഡിഎഫ് നേരത്തെയും സഹകരിക്കുകയും ഒരുമിച്ച് പ്രവര്‍ത്തിക്കുയും ചെയ്തിട്ടുണ്ട്. ആദ്യ നായനാര്‍ മന്ത്രിസഭയില്‍ കെ എം മാണിതന്നെ മന്ത്രിയായിരുന്നു. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രബലവിഭാഗം ഡെമോക്രാറ്റിക് കേരള കോണ്‍ഗ്രസ് രൂപീകരിച്ച് എല്‍ഡിഎഫിനൊപ്പം നിന്നത് നിയമസഭാ തെരഞ്ഞെടുപ്പിലെ നിര്‍ണായക രാഷ്ട്രീയ സംഭവവികാസമായിരുന്നു. നേരത്തെ എല്‍ഡിഎഫിന്റെ ഭാഗമായിരുന്ന ആര്‍എസ്പി, ജനതാദള്‍ കക്ഷികളും അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പുനര്‍ചിന്തനത്തിന് തയ്യാറാകേണ്ടിവരും. ഇത്തരത്തില്‍ യുഡിഎഫിനകത്തെ അന്തഃഛിദ്രം രൂക്ഷമായിക്കൊണ്ടിരിക്കെ,  ജനകീയ അടിത്തറ ഇടതുപക്ഷത്തിന് അനുകൂലമായി വികസിപ്പിച്ചെടുക്കുക എന്നത് ശരിയായ രാഷ്ട്രീയ കടമയാണ്. നിയമസഭയില്‍ നല്ല ഭൂരിപക്ഷമുള്ളതിനാല്‍ എല്‍ഡിഎഫ് ആ ചുമതലയില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന വാദത്തില്‍ യുക്തിയില്ല. വര്‍ഗീയതയും ജനവിരുദ്ധ നയങ്ങളും ശക്തിപ്പെടുന്ന കാലത്ത് ജനങ്ങളുടെ ഐക്യനിര സാധ്യമാകുന്നിടത്തോളം വിപുലമാക്കുകയാണ്് ജനപക്ഷ രാഷ്ട്രീയത്തിന്റെ കടമ
 

പ്രധാന വാർത്തകൾ
 Top